Showing posts with label ബാംഗ്ലൂര്‍ ഡയറി. Show all posts
Showing posts with label ബാംഗ്ലൂര്‍ ഡയറി. Show all posts

Sunday, February 10, 2013

ലാല്‍ബാഗിലെ പര്‍ദ്ദാധാരികള്‍

ബാംഗ്ലൂര്‍ ഡയറി. ഭാഗം-7
"കൊല്‍ക്കത്ത പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട നഗരമാണ് ഹൈദരാബാദ്. ചരിത്രത്തിന്റെ ഗന്ധം ഉള്ളതു കൊണ്ടായിരിക്കാം. പഴമയും പുതുമയും ചരിത്രവും വര്‍ത്തമാനവും വിവിധ മതവിശ്വാസങ്ങളും രാഷ്ട്രീയവും സിനിമയും കലര്‍ന്ന വിചിത്ര സമസ്യകളും എല്ലാം കൂടിച്ചേര്‍ന്നു കിടക്കുന്ന നഗരം. ചാര്‍മിനാറിന്റെ മുകളില്‍ കയറി നിന്നാല്‍ നഗരത്തിന്റെ മകുടങ്ങളും മിനാരങ്ങളും മാത്രമല്ല ചരിത്രത്തിന്റെ ചുവടുകളെ വലംവെച്ച് ഒഴുകി പോകുന്ന നിറഭേദങ്ങളുള്ള ജീവിതവും കാണാം. രാത്രിയിലെ ആ കാഴ്ച്ചകള്‍ അതിമനോഹരമാണ്. നാലു ഭാഗത്തും വീഥികള്‍. തൊട്ടപ്പുറത്തെ അതിപ്രശസ്തമായ വളകളുടെ തെരുവില്‍ നിറഞ്ഞൊഴുകുന്ന പര്‍ദ്ദാധാരിണികള്‍. അടുത്തു വരുമ്പോള്‍ മുഖത്തെ നേര്‍ത്ത വലയ്ക്കുളളിലൂടെ അവരുടെ കണ്ണുകള്‍ കത്തും. ഉടലിന്റെ സൗന്ദര്യം മുഴുവന്‍ ആ കണ്ണുകളില്‍ ഉരുക്കി ഒഴിച്ച് നിറച്ചിരിക്കുകയാണ് എന്നു തോന്നും. അവര്‍ കടന്നു പോകുമ്പോള്‍ പല പല പരിമളങ്ങളുടെ തെന്നല്‍ " ഇത് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ വരികളാണ്. മാത്ര്ഭൂമിയുടെ യാത്ര പംക്തിയില്‍ 2009 ജൂണ്‍ 22നു പ്രസിദ്ധീകരിച്ച 'മുഖപടം മാറ്റൂ, റെബേക്കാ..' എന്ന അനുഭവക്കുറിപ്പിലാണ്. ലാല്‍ ഇങ്ങനെ മനസ്സുതുറന്നത്. സ്ത്രീരത്നങ്ങളെയും അവരുടെ വേഷവിധാനങ്ങളെയും കണ്ടുമുട്ടുന്ന നടനാണ് ലാല്. പര്‍ദ്ദയെന്നത് അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമല്ല, എന്നിരിക്കെയാണ് അദ്ദേഹം പുറത്ത് നിന്ന് പര്‍ദ്ദയെ സൌന്ദര്യവത്കരിച്ചിരിക്കുന്നത്. ലാല്‍ പറഞ്ഞത് ഹൈദ്രാബാദിലെ വിശേഷമാണെങ്കില്‍ നമുക്ക് പറയാനുള്ളത് ബാംഗ്ളൂരിലേതാണ്.


ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും മുസ്ലിം വനിതകള്‍ അവരുടെ മുഖ്യധാരാ വസ്ത്രധാരണാ സംസ്കാരമായി കാണുന്നത് പര്‍ദ്ദയെയാണ്. ഇതില്‍ കേരളം മാത്രമാണ് ഒരപവാദം. ഇന്ത്യയുടെ ഐ.ടി. സിറ്റിയായാണ് ബാംഗ്ളൂരിനെ കണക്കാക്കപ്പെടുന്നത്. എണ്ണമറ്റ സംസ്ഥാനങ്ങളിലെയും എന്നല്ല, വിദേശ വിദ്യാത്ഥികളുടെയും ബിസിനസുകാരുടെയും പ്രധാന കണ്ണ് ഇവിടെയാണ്. കര്‍ണ്ണാടകാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇവിടം അത്യാധുനികതയുടെ പറുദീസയാണ്. അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ഫാഷന്‍ സംസ്കാരത്തില്‍ ഒട്ടും പിറകിലല്ല ഈ മെട്രോപൊളിറ്റിന്‍ സിറ്റി. യൂണിവേഴ്സിറ്റികളും പാര്‍ക്കുകളും സ്റ്റേഡിയങ്ങളും മെട്രോയും മാളുകളും ബാറുകളും പട്ടാള ക്യാമ്പുകളും 7*ഹോട്ടലുകളും എയര്‍പോര്‍ട്ടുകളും ഫാക്ടറികളും എല്ലാം ഒരു കുടക്കീഴിലെന്ന പോലെ ഇവിടെയുണ്ട്. ബാംഗ്ളൂര്‍ സിറ്റിയുടെ വളര്‍ച്ചയിലും ഫാഷന്‍ നെഗിളിപ്പിലും ബാഗ്ളൂര്‍ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയെ മാറോട്  ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. ഇത് വലിയ ആശ്വാസവും അഭിമാനവുമാണ് നമുക്ക് നല്‍കുന്നത്.

അര്‍ദ്ധ നഗ്നകളായ വനിതകള്‍ ഉദ്യാന നഗരിയിലൂടെ വിലസുമ്പോള്‍ അവരുടെ തോളുരുമ്മി നടക്കുന്ന പര്‍ദ്ദാധാരികള്‍ വിശ്വാസിയുടെ കണ്ണിനൊരു കുളിര്‍മയാണ്. ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ സമൂഹത്തിലടയാളപ്പെടുത്തുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് എത്രമേല്‍ വലുതാണ്. തീക്കണല്‍ കയ്യിലേന്തിയാണല്ലോ ഇവര്‍ സഞ്ചരിക്കുന്നത്. സ്ട്രീറ്റുകളിലും മാളുകളിലും വിവാഹ വീടുകളിലും കാമ്പസുകളിലും സ്കൂളുകളിലും പര്‍ദ്ദയെ ഈ സ്ത്രീകള്‍ കയ്യൊഴിയുന്നില്ല. പര്‍ദ്ദയണിഞ്ഞ് വാഹനമോടിക്കുന്നവര്‍, ഓഫീസ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നവര്‍, എല്ലാം ഈ ഹൈടെക് സിറ്റിയിലെ കാഴ്ചകളാണ്.27/08/2013നു മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍ വി.ആര്‍. ജ്യോതിഷ് എഴുതിയ ലേഖനത്തിന്‍റെ പ്രസക്തഭാഗം ഇവിടെ ശ്രദ്ധേയമാണ്. ''വസ്ത്രധാരണരീതി മാന്യതയുടെ ലക്ഷണമായി കണക്കാക്കാമെങ്കില്‍ പര്‍ദയോളം മാന്യമായ മറ്റൊരു വസ്ത്രമില്ലെന്നാണ് അത് ധരിക്കുന്നവര്‍ ഉറപ്പു പറയുന്നത്. ക്യാംപസിലായാലും പൊതുസ്ഥലങ്ങളിലായാലും യാത്രയ്ക്കിടയിലായാലും പര്‍ദ ധരിക്കുന്നവര്‍ക്ക് ഒരു പ്രത്യേക സുരക്ഷിതത്വവും മാന്യതയും കിട്ടുന്നുണ്ടെന്നു തെളിവുകള്‍ നിരത്തി അവര്‍ പറയുന്നു. അതുകൊണ്ടെന്താ, ക്യാംപസുകളിലെ ന്യൂ ജനറേഷന്‍ കുട്ടികള്‍ പോലും ഇപ്പോള്‍ പര്‍ദയുടെ ആരാധകരാണ്.'' ഈ പാവനമായ വേഷവിധാനത്തില്‍ കണ്ണുകടിയുള്ള ചില കോളേജ് അധികൃതര്‍ കാമ്പസുകളില്‍ പര്‍ദ്ദക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ വേഷമണിയുന്നവരുടെ വര്‍ദ്ധനവിലേക്ക് മാത്രമേ വഴിവെക്കുകയുള്ളൂ എന്ന് അവര്‍ മനസ്സിലാക്കാതെ പോയത് കഷ്ടം!. അത് സ്കൂളിലായാലും കാമ്പസിലായാലും ഇനി രാജ്യത്ത് എവിടെയായാലും ശരി.

പര്‍ദ്ദ സംരക്ഷണത്തിനാണ്. എല്ലാത്തിലുമുപരി ശരീരം മറയ്ക്കുകയെന്ന ദൈവ കല്‍പനയുടെ ഭാഗമാണ്. അത് സൌന്ദര്യത്തിനാകാം പക്ഷേ സൌന്ദര്യം ത്രസിപ്പിക്കാനാകരുത്. പര്‍ദ്ദയെ വലിച്ചുകീറാന്‍ പര്‍ദ്ദാ വിരുദ്ധര്‍ വഴികണ്ടെത്തിയിരിക്കുന്നത് അതിനെ ഫാഷന്‍ വല്‍ക്കരിക്കുകയെന്നതാണ്. അതിന്റെ പരിണിത ഫലമായി അല്‍പഞ്ജാനികളായ മുസ്ലിം വനിതകള്‍ അതിലേക്ക് ചേക്കേറി. ശരീരത്തിന്റെ തുടിപ്പാര്‍ന്ന ഭാഗങ്ങള്‍ ക്രിത്യമായി എടുത്തുകാണിക്കത്തക്കവിധത്തിലുള്ളതായി പുതിയ പര്‍ദ്ദകള്. കാലുകളും അരയും മാറും വടിവാര്‍ന്ന രൂപത്തില്‍ ഒട്ടിക്കിടക്കുന്ന ഇത്തരം പര്‍ദ്ദാധാരികള്‍ ഇസ്ലാം വിഭാവനം ചെയ്ത പര്‍ദ്ദാ സംസ്കാരത്തിന്റെ പരിധിക്ക് പുറത്താണെന്ന് തിരിച്ചറിയുക.


പര്‍ദ്ദ ധരിക്കുമ്പോള്‍ കൈകാലുകളും മുഖവുമുള്‍പ്പെടെയുള്ളതായാല്‍ ഉത്തമമായി. നവനൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളോട് ഇസ്ലാമിന്റെ ആശയങ്ങള്‍ തുലനം ചെയ്യുമ്പോളാണ് ഇസ്ലാം എന്നും വിശിഷ്യാ ഇവിടെയും കാലികപ്പ്രസക്തമാകുന്നത്. കേവലം മുഖം മാത്രം ലഭിച്ചാല്‍ ആരുടെയും രൂപങ്ങള്‍ വ്യത്യാസപ്പെടുത്താന്‍ ഇന്ന് ഫോട്ടോഷോപ്പ് പോലോത്ത സംവിധാനങ്ങളുണ്ട്. അതേസമയം മുഖം മാത്രം മറച്ച് ബാക്കി മുഴുവന്‍ ഈ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയാലും ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധവരെ തടയിടാന്‍ ശരീരം മുഴുക്കെയുള്ള വസ്ത്രധാരണം കൊണ്ട് സാധിക്കും.

പര്‍ദ്ദ പോലോത്തവ മതത്തിന്റെ ശാസനയാണ്. സദ് വൃത്തയായ പെണ്ണിന് അതൊരു കവചമാണ്. ഒരുവിഭാഗം അതിനെ ഫാഷന്‍ വല്‍ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ തോന്നിവാസങ്ങള്‍ക്കുള്ള പരിചയായി കണക്കുകൂട്ടുന്നു. ബാംഗ്ളൂരിലെ ഒറ്റപ്പെട്ട ഇത്തരം കാഴ്ചകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

നസ്വീഹത്ത് മീറ്റ് എന്ന പ്രോഗ്രാമുമായി ഞങ്ങള്‍ ഐവര്‍ സംഘം ലാല്‍ബാഗിലെ അല്‍ അമീന്‍ കോളേജ് കാമ്പസിലെത്തി. വിദ്ധ്യാര്‍ത്ഥികളെ ഇന്‍ഡിവിജ്വല്‍ അപ്റോച്ച്മെന്റ് നടത്തി സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ജീവിത ചുറ്റുപാടുകള്‍ പങ്കുവെച്ച് ദീനീ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചോദനം നല്‍കുക എന്നതായിരുന്നു പ്രോഗ്രാമിന്റെ ആകെതുക. നിരവധി വിദ്ധ്യാര്‍ത്ഥികളെ ഇങ്ങനെ ആഘര്‍ഷിക്കാന്‍ കഴിഞ്ഞത് ഓര്‍ത്തുപോകുന്നു. അവര്‍ നല്‍കിയ വിവരങ്ങളനുസരിച്ച് മുസ്ലിംകളും അമുസ്ലിംകളുമായ പലരും അവരുടെ കാമുകന്മാരുമൊത്ത് ബൈക്കില്‍ ചുറ്റിയടിക്കാന്‍ പ്രധാനമായും പര്‍ദ്ദ ഉപയോഗിച്ചുവരുന്നു എന്നുള്ളതാണ്. പര്‍ദ്ദയുടെ കൂടെയുള്ള ഷാള്‍ മുഖത്ത് വലിച്ചുകെട്ടുന്ന സംബ്രധായം ബാംഗ്ളൂരില്‍ പതിവാണ്. ഇത്തരത്തില്‍ ഷാള്‍ വലിച്ചുകെട്ടുമ്പോള്‍ കമിതാക്കളുടെ കാമകേളികള്‍ക്ക് അത് കവചമായിമാറുന്നു. അതേസമയം പര്‍ദ്ദയെ ഇവ്വിധം ചൂഷണം ചെയ്യപ്പെടുകയാണിതിലൂടെ ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കാതെ പോയി. ചില കാമ്പസ് വനിതകള്‍ വേശ്യാവൃത്തിക്കു വേണ്ടി പര്‍ദ്ദയെ ദുരുപയോഗം ചെയ്തുവരുന്നതായും അവര്‍ പരാതിപ്പെട്ടു. ഇതിനെതിരെ പ്രതികരിക്കണമെന്നും അവര്‍ ഞങ്ങളോട് വ്യാകുലപ്പെട്ടു.

കെ.ആര്‍ മാര്‍ക്കറ്റിലെ ലൂസിയ ഇന്റര്‍ നാഷണല്‍ ഹോട്ടലിനടുത്തെ വുമണ്‍സ് കോളേജ് മാതൃകാപരമാണ്. പര്‍ദ്ദയണിഞ്ഞ് വസ്ത്രധാരണാ രീതിയുടെ മഹിതമായ പാരമ്പര്യം കയ്യിലേന്തി വിദ്യ നുകരാനെത്തുന്ന ആ പെണ്‍കൊടികള്‍ ഒരു വലിയ ലക്ഷ്യസാക്ഷാത്കാരത്തിന്റെ പ്രതീകങ്ങളാണ്. കോളേജ് വിട്ടിറങ്ങുന്ന സമയം പര്‍ദ്ദാധാരികളായ കൌമാരപ്പ്രായക്കാരികളെകൊണ്ട്  നിബിഢമാകുന്നത് ബാംഗ്ളൂരില്‍ തന്നെയാണ്. ഇവര്‍ക്കെതിരെ പൊതുവെ ഒരു ആരോപണം കേള്‍ക്കാറുണ്ട്. 'കാമ്പസ് വരെ പര്‍ദ്ദ പിന്നെ ബികിനി' ഇതുകൊണ്ടുള്ള ഉദ്ദേശ്യം കാമ്പസു വരെ പര്‍ദ്ദ പിന്നെ സാധാരണ വേഷം എന്നതാണ്. ഇതിനു പലകാരണങ്ങളാണ്. പ്രധാന കാരണം പലപ്പോഴും കാമ്പസ് നിയമമാണ്. വീട്ടുകാരുടെ മുന്നില്‍ ഒരു വേഷവും കാമ്പസില്‍ മറ്റൊരു മുഖവും പ്രകടിപ്പിക്കുന്നവരുണ്ടാകാം. എന്നാലും ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളില്‍ സദ്‌ വൃത്തരുടെ പൊതുവേഷം പര്‍ദ്ദ തന്നെയാണ്.

പര്‍ദ്ദയണിഞ്ഞ് മുഖം മറച്ച് ക്ളാസ്സെടുക്കാന്‍ വരുന്ന അധ്യാപികമാരെ ഈ വിദ്ധ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. നിങ്ങള്‍ക്കിതിനു പ്രചോദനമെന്ത് എന്ന് ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് മതത്തിന്റെ ശാസനകള്‍ വിലക്കേര്‍പ്പെടുത്താന്‍ ആര്‍ക്കാണിവിടെ അധികാരം എന്നാണ്. ഒരേ വിഷയത്തില്‍ രണ്ടു ദ്രുവങ്ങളിലുള്ള വാര്‍ത്തകള്‍ കേട്ട് അന്തസ്സോടെയും ഒപ്പം സങ്കടത്തോടെയും അല്‍ അമീന്‍ കാമ്പസ് വിട്ടിറങ്ങി. പിന്നെ ഞങ്ങള്‍ ലാല്‍ ബാഗിലേക്ക് നീങ്ങി. 240 ഏക്കറിലായി ബാംഗ്ളൂര്‍ നഗരത്തിന്റെ തെക്കു വശത്തായി സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടം മൈസൂര്‍ സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് കമ്മീഷന്‍ ചെയ്തതെങ്കിലും ഇത് പൂര്‍ത്തീകരിച്ചത് മഹാനായ ടിപ്പു സുല്‍ത്താന്‍ ആയിരുന്നു. ലാല്‍ ബാഗിന്റെ സൌന്ദര്യം വശ്യമാണ്. മൃഗങ്ങളും പക്ഷികളും പുല്‍മേടുകളും അപൂര്‍വ്വയിനം വൃക്ഷങ്ങളും പുഞ്ചിരി തൂകി നില്‍ക്കുന്ന എണ്ണമറ്റ പുഷ്പങ്ങളും സൌന്ദര്യത്തിന് മാറ്റേകുന്നു. അങ്ങിങ്ങായി ചാഞ്ഞും ചെരിഞ്ഞും സല്ലപിച്ചുകൊണ്ടിരിക്കുന്ന കമിതാക്കള്‍ വേറിട്ടൊരു കാഴ്ചതന്നെയാണ്. ഇവിടെ മൃഗങ്ങളുടെ സ്ഥാനം കയ്യടക്കുന്നവരില്‍ ഇവരായിരിക്കും ഒരു വേള മുന്നിലെന്ന് നിനച്ചുപോയി..

ലാല്‍ബാഗിന്റെ പുല്‍മേടില്‍ ഏകദേശം നൂറോളം വരുന്ന പര്‍ദ്ദാ ധാരികളുടെ സംഘം വിദൂരതയില്‍ വട്ടമിട്ടിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പര്‍ദ്ദ ധരിച്ചുകൊണ്ടൊരു സ്ത്രീ അവര്‍ക്ക് ക്ളാസ്സെടുക്കുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലൊരു വിദ്ധ്യാര്‍ത്ഥി എഴുന്നേറ്റുകൊണ്ട് സംസാരിക്കുന്നു. പിന്നെ സുപ്രകള്‍ നീട്ടിവിരിച്ച് എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുന്നു. ശേഷം കൂട്ടമായി നമസ്ക്കരിക്കാന്‍ നില്‍ക്കുന്നു. ഗൈഡിനോട് സംസാരിച്ചപ്പോള്‍ ശിവാജി നഗറിലെ വിമണ്‍സ് കോളേജ് വിദ്ധ്യാര്‍ത്ഥികളും അധ്യാപികമാരുമാണെന്ന് പറഞ്ഞു. കുത്തഴിഞ്ഞ അധാര്‍മ്മികത അരങ്ങു വാഴുന്ന ബാംഗ്ളൂര്‍ നഗരത്തിലും കാമ്പസുകളിലും നന്മആഗ്രഹിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട് പക്ഷേ  അവരുടെ ആഗ്രഹങ്ങളെ പരിഗണിക്കുന്ന കോളേജ് അന്തരീക്ഷങ്ങള്‍ വളര്‍ന്നുവരുന്നില്ലായെന്നത് പുതിയ യുവതക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതെന്ന്  അവര്‍ അടിവരയിട്ടു. ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യസ രീതികളും അതിനനുസൃതമായ അന്തരീക്ഷവും വളര്‍ത്തിയെടുക്കയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ ഞങ്ങളോട് താല്‍പര്യപൂര്‍വ്വം സംസാരിച്ചു.

കാറില്‍ കയറിയിരുന്ന ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി നെടുവീര്‍പ്പിട്ടു... പിന്നെ അടുത്ത കാമ്പസ് ലക്ഷ്യമിട്ടു വാഹനം കുതിച്ചു.

കുറിപ്പ്: നാണം മറക്കുകയെന്നത് മനുഷ്യ പ്രകൃതമാണ്. പക്ഷി മൃഗാതികളുടെ ശൈലി മനുഷ്യര്‍ കടമെടുത്തുകൂടാ. വിശിഷ്യാ സ്ത്രീകള്‍. സ്ത്രീപുരഷര്‍ക്കിടയില്‍ വികാരമെന്ന ആഘര്‍ഷണത്തമുള്ളതിനാലാണ്. ലോകത്ത് മനുഷ്യരാശിതന്നെ നിലനിന്നു പോന്നത്. ഒപ്പം വിവേകവും കൂടി മനുഷ്യന് ലഭ്യമായതിന്റെ പേരിലാണ് കുടുംബ മെന്ന പരിശുദ്ധത നില നിന്നു വന്നത്. പുരുഷന്റെ രസം കണ്ണിലാണ് സ്ത്രീയുടേത് കാതിലും. അതിനാല്‍ പുരുഷന്റെ ശ്രദ്ധ ക്ഷണിക്കാന്‍ സ്ത്രീകള്‍ ശരീര സൌന്ദര്യത്തിലൂടെ ആഗ്രഹിക്കുന്നു. വാക്ക് ചാരുതയിലൂടെ സ്ത്രീയെ പുരുഷന്‍ കീഴടക്കുന്നു. ഇവിടെ സ്ത്രീ മാന്യമായ വസ്ത്രം ധരിക്കുയും പുരുഷന്‍ നല്ല സംസാരത്തിനുടമയുമായിത്തീരണം. പര്‍ദ്ദ ധരിക്കണം  എന്നെനിക്ക് പിടിവാശിയില്ല. പക്ഷെ അത് സ്ത്രീക്ക് സുരക്ഷയേകുന്നു എന്നത് നിഷേധിക്കാനാകില്ല. മാന്യമായ വസ്ത്രധാരാണാ ശീലത്തിലേക്ക് സ്ത്രീകള്‍ എന്നുമടങ്ങുന്നുവോ അന്നവര്‍ക്ക് സ്വസ്ഥതയുമുണ്ടാകും.

അടുത്ത ലക്കം: നീലസാന്ദ്രയുടെ പെരുമ

Monday, November 12, 2012

കാഴ്ചക്കപ്പുറത്തെ കൌമാരം


ബാംഗ്ലൂര്‍ ഡയറി ഭാഗം 6
ശിവാജി നഗറിലെ മസ്ജിദുല്‍ അഅ്ളമില്‍ നടന്ന സ്വലാത്ത് വാര്‍ഷിക സംഗമത്തിനു ശേഷം ഞങ്ങള്‍ താമസസ്ഥത്തേക്കു മടങ്ങി. സമയം രാത്രി 12മണി. നീലസാന്ദ്ര മഹല്ല് ഖതിബ്, മദ്രസാധ്യാപകന്‍ , മഹല്ല് കമ്മിറ്റി ഭാരവാഹി തുടങ്ങി ഞങ്ങള്‍ നാല്‍വര്‍ സംഘം ഇരു ബൈക്കുകളിലായി അതിവേഗം കുതിച്ചു. ശിവാജി നഗറില്‍ നിന്നും നീലസാന്ദ്രയിലേക്ക് എം.ജി. റോഡ്, സെന്‍ട്രല്‍ മാള്‍, ഗരുഡാ മാള്‍, ഫിലോമിന വഴിയാണ് പോകേണ്ടത്. എം.ജി റോഡിലെത്തിയപ്പോള്‍ പോലീസ് വാഹനം റെഡ് ലൈറ്റ്  അകമ്പടിയോടെ അനൌണ്‍സ് ചെയതുവരുന്നത് ശ്രദ്ധയില്‍ പെട്ടു. പരിഭ്രമത്തോടെ ഞാന്‍ പറഞ്ഞു. എവിടെയോ അപകടം സംഭവിച്ചിട്ടുണ്ട്. കൂടെയുള്ളയാള്‍ പറഞ്ഞു അപകടമൊന്നുമല്ല, ബാംഗ്ളൂരിന്റെ പലിയിടങ്ങളിലും രാത്രികാലങ്ങളില്‍ നടക്കുന്ന ചവിട്ടുനാടകത്തിന്‍റെ ഒരു ഷോര്‍ട്ട് സീനാണ് നാം ഇപ്പോള്‍ കാണുന്നത്. ഞാന്‍ ചോദിച്ചു എന്ത് നാടകം? അതൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല ഉസ്താദേ. അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെ ശരിയാകുമെന്ന മട്ടില്‍ ഞാന്‍ വാഹനത്തിന് ബ്രേക്കിട്ടു. ഇടതുഭാഗത്ത് ഓട്ടോറിക്ഷക്കാരുടെ നീണ്ട നിര ശ്രദ്ധയില്‍ പെട്ടു. ഒരു റിക്ഷക്കാരനോട് ചോദിച്ചു എന്താസംഭവം? എന്തുസംഭവവുമാകട്ടെ നിനക്കെന്തായെന്ന മട്ടില്‍ തന്‍റെ ഓട്ടോയെ തുള്ളിച്ചാടിച്ച് അയാള്‍ സ്ഥലം വിട്ടു. അടുത്ത ഓട്ടോഡ്രൈവറോട് ചോദിച്ചു എന്താ സംഭവം? അയാള്‍ ഞങ്ങളുടെ ചോദ്യം അറിഞ്ഞതേയില്ല. എത്ര ആവര്‍ത്തിച്ചിട്ടും ഒരു പ്രതികരണവുമില്ല. അയാള്‍ മറ്റേതോലോകത്തായിരുന്നു. വീണ്ടും മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോള്‍ പരുങ്ങലോടെ അയാള്‍ വാഹനം മുന്നോട്ടെടുത്തു. കാര്യമറിയാന്‍ വേണ്ടി മറ്റൊരു ഡ്രൈവറോട് ഞങ്ങള്‍ക്ക് മെജസ്റ്റികില്‍ പോകണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞു 'രണ്ടായിരം' എന്ത് രണ്ടായിരമോ? ഇന്ന് എത്രകുപ്പിയാ അകത്താക്കിയതെന്ന് ചോദിച്ച് ഞങ്ങള്‍ അവിടം വിട്ടു. ഞങ്ങളുടെ രംഗം വീക്ഷിച്ചു നിന്നിരുന്ന ഒരു ചായവില്‍പനക്കാരന്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. അയാളുടെ സൈക്കിളില്‍ ചായപ്പാത്രവും സിഗരറ്റ് ബോക്സുകളും അത്യാവശ്യം വേണ്ട ബിസ്കറ്റ് പാക്കറ്റുകളുമുണ്ട്. അയാള്‍ മുഖവുരയില്ലാതെ ഞങ്ങളോട് പറഞ്ഞു: "500ാണ് റേറ്റ് 200നു തരാം'' ഞങ്ങള്‍ ചോദിച്ചു മെജസ്റ്റികിലേക്ക് അഞ്ഞൂറോ? അയാള്‍ പറഞ്ഞു: 'അല്ല,' പിന്നെന്ത്? ഈ സൈക്കിളിനോ? ഞങ്ങളെ പല്ലിറുക്കിക്കാട്ടി അയാള്‍ മുഖം തിരിച്ചു നിന്നു.

ഈ രംഗം കണ്ടുനിന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍ ബൈക്കുമായെത്തി ഞങ്ങള്‍ക്ക് ചുറ്റും നിന്നു. അവര്‍ പറഞ്ഞു: "6000, ഫുള്‍നൈറ്റ്, 18 വയസ്സ്, ഫുള്‍ സേഫ്റ്റി'' ഈ കൂട്ടരുടെ സംസാരത്തിന്‍റെ  ആകെത്തുകയെന്താണെന്നും ഞങ്ങള്‍ നില്‍ക്കുന്നത് എവിടെയാണെന്നും അപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ആ യുവാക്കളോട് ഞങ്ങള്‍ ചോദിച്ചു നിങ്ങളിവിടെ എന്ത് ചെയ്യുന്നു? നിങ്ങളുടെ നാടെവിടെയാണ്? അവര്‍ പറഞ്ഞു: നാട് മംഗലാപുരം. ഇവിടെ മൈസൂര്‍ റോഡില്‍ ബാംഗ്ളൂര്‍ യുണിവേഴ്സിറ്റിയില്‍ പഠനം. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു? അപ്പോ നിങ്ങള്‍ നേരത്തെ ചോദിച്ചതോ? "ദേ അങ്ങോട്ട് നോക്ക്'' വിരല്‍ ചുണ്ടിക്കൊണ്ടവര്‍ പറഞ്ഞു. സ്ഫുടമല്ലാത്ത മലയാളത്തിലാണെങ്കിലും മാംഗ്ളൂര്‍ സ്റ്റൈലില്‍ അവര്‍ സംസാരിച്ചു തുടങ്ങി. നിങ്ങള്‍ നില്‍ക്കുന്ന ഈ പ്രദേശമാണ് ബാംഗ്ളൂരിലെ ഏറ്റം പ്രധാനപ്പെട്ട സ്ഥലം. നമ്മുടെ മുകളിലൂടെ കടന്നുപോകുന്നത് മെട്രോ. ഈ കാണുന്ന രാജേന്ദ്ര സിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൊമ്പോണ്ടിന്‍റെയും നാല് വശങ്ങളിലൂടെയും നാല് വന്‍കിട റോഡുകള്‍ കടന്നുപോകുന്നു. ക്യാമ്പിന്‍റെ മതിലിനോട് ചേര്‍ന്നുകൊണ്ട് നാലുവശത്തും വീതിയേറിയ ഫുട്ട് പാത്തുകള്‍ . ഈ ഫുട്ട്പാത്തില്‍ പാത്തും പതുങ്ങിയും നിവര്‍ന്നും നില്‍ക്കുന്ന ഈ സ്ത്രീകള്‍ക്കു വേണ്ടിയാണ് 500ഉം, 200ഉം, 6000വും വിലകള്‍ പറഞ്ഞത്. ആവശ്യക്കാരെയും കാത്താണ് ആ വേശ്യപ്പെണ്ണുങ്ങള്‍ കാത്തു നില്‍ക്കുന്നത്.

ചായവില്‍പനക്കാരന്‍റെ പക്കലുള്ള ഹിജഡകളായ വേശ്യകള്‍ക്കാണ് ഇരുന്നൂറു മുതല്‍ അഞ്ഞുറൂരൂപ വരെ വില പറഞ്ഞത്. ഒട്ടോറിക്ഷക്കാര്‍ അത്യാവശ്യം തരക്കേടില്ലാത്ത സ്ത്രീകളുടെ ഏജന്റുകളാണ്. അവര്‍ക്കു വേണ്ടി കസ്റ്റമറെ തരപ്പെടുത്തിക്കൊടുക്കുന്നു. അവര്‍ക്കു വേണ്ടി ഓട്ടമോടുന്നു. പോലീസുകാര്‍ എത്തിയാല്‍ വേശ്യകള്‍ക്ക് ചാടിക്കയറുവാനും ഈ ഓട്ടോ ഡ്രൈവര്‍മാര്‍ കാത്തു കിടക്കുന്നു. അവരുടെ ഒരു മണിക്കൂറിനാണ് 2000 രൂപ വിലവരുന്നത്. ചെറുപ്പക്കാര്‍ വിവരണംതുടര്‍ന്നു.

ഞങ്ങളുടെ പക്കലുള്ളവരെ ഇവിടെയൊന്നും കാണില്ല. അവരെല്ലാം സുരക്ഷിത സ്ഥലത്താണ്. ഒരു രാത്രിമുഴുവന്‍ പൂര്‍ണ്ണ സുരക്ഷയോടെ കോളേജ് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നു. അതിനാണ് 6000 വിലപറഞ്ഞത്. ഞങ്ങള്‍ വീണ്ടും ചോദിച്ചു. കോളേജ് പെണ്‍കുട്ടികളെന്നു പറഞ്ഞാല്‍!? പല നാടുകളില്‍ നിന്നും ബംഗ്ലൂരില്‍ പഠിക്കാനായി എത്തിപ്പെട്ട പെണ്‍കുട്ടികള്‍. അവര്‍ വ്യക്തമാക്കി പ്പറഞ്ഞു. കോളേജ് സമയങ്ങള്‍ക്ക് പുറമെ ലഭിക്കുന്ന ഒഴുവുസമയങ്ങള്‍ പല പെണ്‍കുട്ടികളും ഇത്തരുണത്തില്‍ ചെലവഴിക്കാനാണ് ശ്രമിക്കുന്നത്. ആവശ്യക്കാരെ ഇവരുമായി ബന്ധിപ്പിക്കുന്ന ഏജന്റുകളാണ് ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ ചെറുപ്പക്കാരെന്ന് ചുരുക്കം. വെറും ഏജന്റുകള്‍ മാത്രമല്ല, കോളേജ് സ്റുഡന്‍സുകളെന്ന മറ്റൊരു പേരും കൂടി ഇവര്‍ക്കുണ്ട്. ഹോട്ടലുകളും ഹോസ്റലുകളും വാഹനങ്ങളും പാര്‍ക്കുകള്‍ വരെക്കും ഇത്തരം വേശ്യാവൃത്തിക്ക് വേദികളായി മാറുന്നു.

ചില കോളേജ് പെണ്‍കുട്ടികള്‍ ഏജന്റുമാരൊന്നുമില്ലാതെ തന്നെ ഈ ഫുട്ട്പാത്തില്‍ വന്നു നില്‍ക്കും. ഞങ്ങളെ കടന്നു പോകുന്ന വാഹനങ്ങളില്‍ ചില ബൈക്കുകളും കാറുകളും ഈ ഫുട്ട്പാത്തിനോട്‌ ചേര്‍ത്തി നിറുത്തി വിലപേശുന്നത് കാണാമായിരുന്നു. പണം വാങ്ങി ജീന്‍സില്‍ തിരുകിവെച്ച ശേഷം ചിലര്‍ കാറിലും മറ്റുചിലര്‍ ബൈക്കിലും കയറി വിദൂരതയിലേക്ക് മറയുന്നത് ഞാന്‍ ആദ്യമായി ജീവിതത്തില്‍ കാണേണ്ടി വന്നു. അല്‍പ്പസമയത്തിനു ശേഷം ഈ കൂട്ടര്‍ അടുത്ത ഊഴം കാത്ത് നില്‍ക്കാന്‍ ഇവിടെയെത്തുമെന്ന് ചെറുപ്പക്കാര്‍ വിവരിച്ചു. 'റബ്ബേ ഇതെല്ലാം കേട്ടിട്ടേയുള്ളൂ..ഇപ്പോള്‍ കാണേണ്ടി വന്നല്ലേ!?' ഖത്വീബ് നെടുവീര്‍പ്പോടെ മൂക്കത്ത് വിരല്‍ വെച്ചു. വേശ്യകളെ തേടിവരുന്നവരേറെയും കോളേജ് കൌമാരക്കാരാണെന്നതാണ് ഖേദകരമായ വസ്തുത. ഈ കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നു പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ തരിച്ചുപോയി. ഉന്നതവിദ്യാഭ്യാസം നേടി മക്കള്‍ ഉന്നതരാകട്ടെയെന്ന് ആശപൂണ്ട് പഠിക്കാന്‍ ബാംഗ്ളൂരിലേക്ക് പറഞ്ഞയച്ച് നിഷ്കളങ്കരായ എത്രയോ രക്ഷിതാക്കളുടെ മനസ്സാക്ഷിയെയാണ് ഇത്തരം വഴിവിട്ട അധാര്‍മ്മികതയിലൂടെ മക്കള്‍ തകര്‍ത്തുകളയുന്നതെന്ന് ഒരുവേള ചിന്തിച്ചുപോയി.

റസിഡന്‍സി റോഡിലെ അറീനാ ആനിമേഷനില്‍ ഞാന്‍ പഠിക്കുന്ന വേളയില്‍ ഹൈദ്രാബാദുകാരനായ ഒരു സ്റുഡന്റ് തന്റെ അനുഭവത്തിന്റെ തോട്പൊളിച്ചു. അദ്ദേഹം ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്ന കോളിജിലെ എണ്ണമറ്റ ഗേള്‍ഫ്രണ്ടുകളുമായി കിടപ്പറപങ്കിട്ട പൊള്ളുന്ന സത്യങ്ങള്‍ വിവരിച്ചു. ഓരോ ദിവസവും അവര്‍ ആഗ്രഹിക്കുന്നവരുമായി രമിച്ചുകൊണ്ടിരിക്കുന്നു. വിവാഹത്തിനൊന്നും പ്രസക്തിയില്ലെന്നാണ് അവന്റെ ഭാവം! മൃഗതുല്ല്യ ജീവിതം നയിക്കുന്ന ഇവനും ക്ളാസ്മുറികളിലും സമൂഹത്തിലും വെള്ളക്കോളര്‍ ചമഞ്ഞ് നടക്കുന്നതാണ് ചിന്തോദ്ദീപകം! മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ കാമാസക്തമാകുമ്പോള്‍ മുന്നില്‍ കണ്ടതിനെ രമിക്കും പോലെ ഈ കൌമാരക്കാരും കണ്ണില്‍ കണ്ടതിനെ രമിക്കുന്ന ദാരുണമായ കാഴ്ച! ഇവിടെ മനുഷ്യനും മൃഗവും തമ്മിലെന്ത് അന്തരമാണുള്ളത്?

റസിഡന്‍സി റോഡിലെ അറീനാ ആനിമേഷന്‍ ഡബിള്‍ റോഡിലേക്ക് ഷിഫ്റ്റായപ്പോള്‍ ജയനഗര്‍ ബ്രാഞ്ചിലെ ഒരു ആലപ്പുഴക്കാരന്‍ ബാബു ഞങ്ങളുടെ കോഴ്സില്‍ ചേര്‍ന്നു. കോളേജില്‍ ഡിഗ്രി ചെയ്യുന്നതോടൊപ്പം പാര്‍ട്ട് ടൈമായി അറീനയില്‍ കോഴ്സ് ചെയ്യുന്നു. ഒരിക്കല്‍ അവന്‍ തന്‍റെ അനുഭവത്തിന്‍റെ ചെപ്പുതുറന്നു. "ജീവിതം ഒന്നേയുള്ളൂ. അത് അടിച്ചുപൊളിക്കണം. ഓപ്പണ്‍ ഫ്രണ്ട്ഷിപ്പിലൂടെയുള്ള ഓപ്പണ്‍ ലൈഫിനാണ് ത്രില്ല്.'' ഞാന്‍ പറഞ്ഞു: "ജീവിതം ഒന്നേയുള്ളൂ ശരി തന്നെ പക്ഷെ അസ്തമിക്കാത്ത ജീവിതത്തിലേക്കുള്ള താക്കോലാണീ ജീവിതം. അടിച്ചുപൊളിച്ചോ പക്ഷെ മൃഗീയമായി തുലച്ചു കളയരുത്.'' 'ശരിയാണ് ഗേള്‍ ഫ്രണ്ട് കറങ്ങാന്‍ വിളിക്കുമ്പോള്‍ എങ്ങനെ പോകാതിരിക്കാന്‍ പറ്റും?' അവന്‍ പ്രതികരിച്ചു. 'വൈകുന്നേരം ക്ളാസ്സ് കഴിഞ്ഞാല്‍ അവള്‍ എനിക്ക് മിസ്ഡ് കോള്‍ നല്‍കും. ഞാന്‍ ബൈക്കുമായി തയ്യാറായിക്കൊള്ളണമെന്നാണതിന്‍റെ ധ്വനി.' അവന്‍ തുടര്‍ന്നു... "ബൈക്കിനു പുറകില്‍ അവള്‍ കാല്‍ കവച്ചുവെച്ചു ഇരിപ്പുറപ്പിച്ചു. പിന്നെ അവളുടെ കരങ്ങള്‍ എന്നെ അവളിലേക്ക് തുന്നിച്ചേര്‍ത്തു. വാഹനം കുതിച്ചു. പള്‍സറിന്‍റെ പെട്ടന്നുള്ള ബ്രേക്കും ഞൊടിയിടയിലുള്ള കുതിച്ചു ചാട്ടവും എന്‍റെയും അവളുടെയും ഇടയിലെ അകലം കുറച്ചു. ബാംഗ്ളൂരിലെ ഏതൊരു കമിതാക്കളുടെയും സ്വപ്നയാത്രയാണിത്. കബ്ബണ്‍ പാര്‍ക്കിലൂടെ മേഞ്ഞ് നടന്ന് ഗരുഡാ മാളിലെ ഷോപ്പിംഗും കഴിഞ്ഞ് നേരെ ഹോസ്റ്റല്‍ മുറിയിലേക്ക്. താമസിയാതെ എല്ലാം അവിടെ പെയ്തിറങ്ങി. ഗുഡ്ബൈ പറഞ്ഞു ഞാന്‍ റുമില്‍ നിന്ന് ഇറങ്ങി നടന്നു.'' ഞാന്‍ ചോദിച്ചു നിന്‍റെ ഈ നടത്തത്തിന്‍റെ അര്‍ത്ഥ ശൂന്യത നീ മനസ്സിലാക്കിയിട്ടുണ്ടോ? നെറികെട്ട അവിഹിത ബന്ധങ്ങള്‍ എത്രമേല്‍ നിന്നെ മ്ളേച്ചമാക്കുന്നുവെന്ന് നീ തിരിച്ചറിയണം. "എല്ലാം മടുത്തടാ..'' അവന്‍ സംസാരത്തിനു ബ്രേക്കിട്ടു. 21 വയസ്സ് പ്രായമുള്ള ചോരത്തിളപ്പുള്ള കോളേജ് കുമാരന്‍റെ ദയനീയ പ്രതികരണമാണിത്. പ്രത്യക്ഷത്തില്‍ അവന്‍ അര്‍ത്ഥമില്ലാത്ത എന്തൊക്കെയോ നേടിയെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അവന്‍ തകര്‍ന്നടിഞ്ഞ മട്ടിലായിരുന്നു.

അറീനയില്‍ കേവലം ഒന്നരവര്‍ഷത്തെ കോഴ്സ് ഞാന്‍ ചെയ്യുന്നതിനിടയില്‍ ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ പല സ്റുഡന്‍സുകളില്‍ നിന്നായി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ കുത്തഴിഞ്ഞ ലൈംഗിക അധാര്‍മ്മികതയുടെ വേലിയേറ്റമാണ് കാമ്പസുകളുടെ പിന്നാമ്പുറങ്ങളിലെന്നത് യാഥാര്‍ത്യമാണ്. ബോയ് ഫ്രണ്ട് ഗേള്‍ ഫ്രണ്ട് സംസ്കാരം വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത് സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വൃത്തിഹീനമായ ലൈംഗീകതയിലേക്ക് വഴിവെക്കുകയും വിവാഹമെന്ന ധാര്‍മ്മിക ചട്ടക്കൂടിനെ പൊളിച്ചെഴുതാന്‍ പേരിപ്പിക്കുകയും ചെയ്യുന്നു.  മക്കളെ സംബന്ധിച്ചേടത്തോളം അവരായി അവരുടെ പാടായി അവര്‍ വലുതായില്ലേ അവര്‍ ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നത് ഒരു വേള അപകടം വരുത്തിവെക്കും. പകരം മക്കള്‍ വളര്‍ന്നു വരേണ്ട പാത ക്രിത്യമായി നിര്‍ണ്ണയിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

ചെറുപ്പക്കാരോട് സംസാരിച്ച് സമയം അതിക്രമിച്ചതറിഞ്ഞില്ല. ഞങ്ങള്‍ ബൈക്കില്‍ കയറി താമസിക്കുന്ന പള്ളി ലക്ഷ്യമാക്കി നീങ്ങി. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ സുപ്ര വിരിച്ചിരുന്നു. അപ്പോഴും സംസാര വിഷയം ഇതുതന്നെ മുന്നിലെത്തി. ബാംഗ്ളൂരിന്‍റെ ഹൃദയ ഭാഗത്ത് ഇത്തരത്തില്‍ കുത്തഴിഞ്ഞ ലൈംഗികത അരങ്ങുതകര്‍ക്കുമ്പോള്‍ പോലീസും നിയമപാലകരും കണ്ണടക്കുന്നതാണ് ഖേദകരം. ബാഗ്ളൂര്‍ മിറര്‍ പോലോത്ത പല മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടും അധികാരികളുടെ കണ്ണുതുറന്നിട്ടില്ല. പോലീസുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വേശ്യകളുടെ നക്കാപ്പിച്ചക്കു വേണ്ടി കൈനീട്ടി യാചിക്കുന്ന കാലത്തോളം ഈ നറികേട് അന്തസ്സുള്ള സമൂഹത്തിനു ഒരു വ്രണമായി തുടരും.

കുറിപ്പ്: സ്റുഡന്‍സുകളെന്നപേരില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വെള്ളക്കോളര്‍ ചമഞ്ഞ് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും നയമപാലകരുടെയും മുന്നില്‍ നിവര്‍ന്നു നടക്കുമ്പോള്‍ അവര്‍ തലകുനിച്ച് മേഞ്ഞുനടക്കുന്ന അധാര്‍മ്മികതയുടെ മറ്റൊരു ലോകത്തെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ട്. കൌമാരക്കാരുടെ ഒഴിവുസമയവും ആരോഗ്യവും ചോരത്തിളപ്പും വിലകുറഞ്ഞ പെണ്ണിന്‍റെയും കള്ളിന്‍റെയും മുന്നില്‍ അടിയറ വെയ്ക്കുന്നതിനു പകരം നാടിനും സമൂഹത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കണം. നമ്മുടെ കൌമാരക്കാര്‍ കാഴ്ച്ചക്കപ്പുറത്താണ്. ദിശാബോധം തെറ്റിപ്പോകാന്‍ അവസരം നല്‍കാതെ അവരെ വെളിച്ചത്തിന്‍റെ ശക്തികളാക്കി മാറ്റാന്‍ നമുക്കു കഴിയണം. അതിനു പ്രചോദനമാകട്ടെ ഈ  കുറിപ്പ്. 

അടുത്ത ലക്കം: ലാല്‍ബാഗിലെ  പര്‍ദ്ദാ ധാരികള്‍ 

Friday, September 21, 2012

ബാംഗ്ലൂര്‍ ഡയറി

ബാംഗ്ലൂര്‍ ജീവിതം ഒരു പുസ്തകമാകുന്നതിന്‍റെ രൂപരേഖയാണീ പോസ്റ്റ്‌. പത്താം ക്ലാസ്സിനു ശേഷം ഡയറി എഴുതുകയെന്ന ഹോബി എന്നെ പിന്തുടരാന്‍ തുടങ്ങി. അതിനു പ്രചോദനമായത് ബഹു: എം.എ ഉസ്താദാണ് പിന്നിട്ട വഴികള്‍ നോക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സിനെ വട്ടമിട്ടു പറക്കുന്നതുപോലെ. അവയൊന്നു വിശദീകരിക്കണമെന്ന് തോന്നി. അങ്ങിനെ ചിലത് ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇനിയും എഴുതാനുണ്ട്. സമയം പോലെ എഴുതാന്‍ ഉദേശിക്കുന്നു. നല്ലതു പറയാനും എഴുതാനും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.
  1. ഉദ്യാന നഗരിയില്‍ 
  2. ഐലന്റ് എക്സ്പ്രസ്സ്‌ 
  3. ലവ് സ്റ്റോറി 
  4. ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി 
  5. ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം 
  6. കാഴ്ച്ചക്കപ്പുറത്തെ കൌമാരം 
  7. ലാല്‍ബാഗിലെ പര്‍ദ്ധാധാരികള്‍ 
  8. നീലസാന്ദ്രയുടെ പെരുമ
  9. പട്ടിപിടുത്തക്കാര്‍ 
  10. മുരിഗമുല്ലയുടെ ഹരിതാംഭയില്‍ 
  11. ശഹീദെ മില്ലത്തിനു ചാരെ 
  12. സ്വര്‍ണ്ണം വിളയുന്ന നാട്ടില്‍ 
  13. അറീനാ മോളുടെ സ്നേഹ സമ്മാനം 
  14. ധാര്‍മ്മികതയുടെ ഇതിവൃത്തം 
  15. മടക്കം 

Thursday, June 21, 2012

ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി!

ബാംഗ്ലൂര്‍ ഡയറി. ഭാഗം-4
നാട്ടില്‍ പോക്ക് എന്നു പറയുന്നത് എന്നും മനസിനൊരു കുളിര്‍മയാണ്. ഒമ്പത് വര്‍ഷം കോടമ്പുഴയിലെ കോളെജ്  ജീവിതത്തിനിടയില്‍ ഞാനൊരു കൊച്ചു പ്രവാസിയായി. 150. കി.മി. വിദൂരതയുള്ളൊരു പ്രവാസി! പ്രവാസ ദ്വീപില്‍ നിന്നും നോക്കി രസിക്കാനുള്ള ഒരു മരുപ്പച്ചയാണ് സ്വന്തം നാടും വീടും കുടുംബവുമെല്ലാം. വര്‍ഷങ്ങളും മാസങ്ങളും ഈ മരുപ്പച്ചയെ നോക്കിരസിക്കും. ഒടുവില്‍ ആ സ്വപ്ന നോട്ടത്തിന് തിരശ്ശീലയിട്ട് മരുപ്പച്ചയെ അനുഭവിച്ചറിയാന്‍ പ്രവാസി യാത്ര തിരിക്കും. അവന്‍റെ ജീവിതത്തിലെ ഏറ്റം സുന്ദര നിമിഷം! വിദ്യാര്‍ത്ഥികളാണെങ്കിലും ജോലിക്കാരാണെങ്കിലും പ്രവാസിയാണെങ്കില്‍ അവരുടെ ജീവിതത്തില്‍ 'നാട്ടില്‍ പോക്ക്' എന്ന വാചകത്തിന് വലിയ പ്രാധാന്യമായിരിക്കും. കോടമ്പുഴയിലെ പ്രവാസജീവിതത്തോട് രാജിപറഞ്ഞ് 530 കി.മി.അപ്പുറത്തുള്ള ബാംഗ്ലൂരിലേക്ക് ഞാന്‍ പഠനാവശ്യര്‍ത്ഥം താമസം മാറ്റി.

ബാംഗ്ലൂരിലെ കാലാവസ്ഥ വളരെ മനോഹരമാണ്! ഇന്ത്യാമഹാ രാജ്യത്തിന്‍റെ ഉദ്യാനനഗരി, കമിതാക്കളുടെ സ്വപ്നഭൂമി, എന്നും ഈര്‍പ്പം കനംതൂങ്ങി നില്‍ക്കുന്ന അന്തരീക്ഷം, ഏവരേയും ഇങ്ങോട്ടാഘര്‍ഷിക്കുന്ന പ്രധാന കാരണങ്ങളാണിവയെല്ലാം. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പ്രവാസജീവിതം പറിച്ചുനട്ടപ്പോള്‍ നാട്ടിലേക്കുള്ള പോക്കുവരവ് ചുരുങ്ങി. പ്രവാസജീവിതത്തിന്‍റെ തടവറക്ക് തീക്ഷ്ണതയേറി. നാടും വീടുമെല്ലാം തികച്ചും സ്വപ്നഭൂമികളായി മാറി.

ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ പഠനത്തോടൊപ്പം മദ്റസ ജോലി മതത്തോടുള്ള ഒരു സേവനമായി ഞാന്‍ കണക്കുകൂട്ടി. അല്ലാഹുവിന്‍റെ വിജ്ഞാനവുമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കല്‍ ജീവിതത്തില്‍ ഒരു മുസല്‍മാന് നിര്‍വഹിക്കാനുള്ള കര്‍മങ്ങളില്‍ ഏറ്റവും മഹത്തരമേറിയതാണ്. 'ഒന്നുകില്‍ നീയൊരു പണ്ഡിതനാകുക കഴിഞ്ഞില്ലെങ്കില്‍ അതിനെ പഠിക്കുന്നവനാകുക. അതിനും കഴിഞ്ഞില്ലെങ്കില്‍ അതിനെ കേള്‍ക്കുന്നവനാകുക. അതിനും കഴിയാതെ വന്നാല്‍ അതിനെ സ്നേഹിക്കുന്നവനാകുക. അഞ്ചാമത്തെ ഒരാളാകരുത്'. എന്നാണ് പ്രവാചക അദ്ധ്യാപനം.

മഗ് രിബ് നിസ്കാര ശേഷമാണ് മദ്റസ തുടങ്ങുക. പതിവുപോലെ രാത്രി എട്ടരമണിക്ക് മദ്റസ കഴിഞ്ഞ ശേഷം നാട്ടില്‍ പോകാന്‍ ഞാന്‍ തിരുമാനിച്ചു. ഒമ്പതേമുക്കാലിനാണ് ട്രെയിന്‍. യാത്രാചെലവും ക്ഷീണവും കുറയ്ക്കാന്‍ ഏറ്റവും നല്ലത് ട്രെയിന്‍യാത്ര തന്നെ. ബാംഗ്ലൂരില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന ഐലന്‍റ് എക്സ്പ്രസാണ് എനിക്ക് പോകേണ്ട ട്രെയിന്‍. ഐലന്ടിലെ തിരക്ക് പൊതുവേ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ലീവ് കുറവായതിനാല്‍ യാത്ര പകലിലേക്ക് മാറ്റിവെച്ചില്ല. രാത്രി വണ്ടിക്കുതന്നെ പോകാമെന്നു തിരുമാനിച്ചു. മദ്റസ കഴിഞ്ഞയുടന്‍ സുഹൃത്ത് താഹിര്‍ ഭായിയുടെ ബൈക്കില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്‍ ലിക്ഷ്യമാക്കി കുതിച്ചു. അവിടെ എത്തുമ്പോഴേക്ക് ട്രെയിന്‍ പുറപ്പെടാനുള്ള ഷാര്‍പ്പ്‌ സമയമായിക്കഴിഞ്ഞിരുന്നു.

ട്രെയിനിന്‍റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും മാത്രമാണ് ജനറല്‍ കമ്പാര്‍ട്ടുമെന്‍റ്കള്‍ ഉള്ളത്. ഞാന്‍ നേരേ മുന്‍ഭാഗത്തേക്ക് ഓടി. അവിടെയെത്തിയപ്പോള്‍ കാലുകുത്താന്‍ പഴുതില്ലാതെ ജനം അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ പിന്തിരിഞ്ഞ് പിന്‍ഭാഗത്തെ കമ്പാര്‍ട്ട്മെന്‍റ് ലക്ഷ്യമാക്കി ഓടി. അവിടെയെത്തിയപ്പോള്‍ കണ്ടകാഴ്ച ആദ്യത്തേതിനേക്കാള്‍ കഷ്ടമായിരുന്നു. മറ്റുമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഒരുവിധത്തില്‍ ഞാന്‍ ഡോറില്‍ പിടികൊടുത്തു നിന്നു. 


ട്രൈന്‍ സൈറണ്‍ മുഴക്കി മെല്ലെ ചലിക്കാന്‍ തുടങ്ങി. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവില്‍ ഡോറിനടുത്തു തന്നെയുള്ള വാഷ്ബേസിനരികില്‍ നില്‍ക്കാനൊരിടം കിട്ടി. തിരക്കിന്‍റെ ആധിക്യം കാരണം എവിടെയും പിടിക്കാതെ സ്വതന്ത്രമായി നില്‍ക്കാമെന്ന് മാത്രം. എത്രനേരം ഈ നില്‍പ്പ് എന്ന് ആധിപൂണ്ട് നില്‍ക്കുമ്പോഴാണ് തൊട്ടപ്പുറത്ത് നിന്നിരുന്ന യുവാവ് പൊട്ടിത്തെറിച്ചത്. വിഷയം മറ്റൊന്നുമല്ല മദ്യപിച്ചതുതന്നെ. അയാള്‍ വിഷം ചീറ്റാന്‍ തുടങ്ങി. നാവിന്‍റെ ലൈസന്‍സ് നഷ്ടപ്പെട്ടതിനാല്‍ പലതും പുലമ്പാന്‍ തുടങ്ങി. കേള്‍ക്കാന്‍ മടിക്കുന്ന സംസാരം. സഭ്യതയുടെ എലാ അതിര്‍വരമ്പുകളും ലംഘിച്ച് അയാള്‍ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് പരസ്പരം മുഖത്തോടുമുഖം നോക്കാന്‍ പോലും പറ്റാതെയായി. മദ്യം മനുഷ്യനെ എത്രമേല്‍ നീചനാക്കുമെന്ന് ഒരു വേള ഞാന്‍ ചിന്തിച്ചുപോയി.


അല്‍പം കഴിഞ്ഞപ്പോള്‍ ഒന്നല്ല രണ്ടെണ്ണമുണ്ടെന്നു മനസിലായി. അയാളുടെ കൂട്ടുകാരനും തെറിപ്പൂരവുമായി രംഗത്തെത്തി. ഇവിടെ എന്നെ ചിന്തിപ്പിച്ച വസ്തുത! ഇതൊരു നാട്ടിന്‍പുറത്തുള്ള സാധാരണക്കാരനോ കൂലിപ്പണിക്കാരോ മറ്റോ ആയിരുന്നുവെങ്കില്‍ രംഗം ഇത്ര വഷളാകുമായിരുന്നില്ല. കാരണം അവനു അത്രയേ വിവരമുള്ളൂ. സംഭവിച്ചത് അതല്ല, ബാംഗ്ലൂരില്‍ ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്നവരാണിവര്‍. സാധാരണ ഏഴാംകൂലികളല്ല, നല്ല ഉന്നത കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവര്‍. നല്ല തണ്ടും തന്റേടവുമുള്ളവര്‍. ഇത് കാഴ്ചയില്‍ തന്നെ ആര്‍ക്കും മനസിലാകും. പക്ഷെ വിവരമുണ്ടായിട്ടെന്തുകാര്യം? ഒരല്‍പ്പസമയത്തേക്ക് മദ്യം മനുഷ്യനെ കീഴ്പ്പെടുത്തിയപ്പോഴേക്കും അവന്‍ മൃഗത്തെക്കാള്‍ അധപതിച്ചുപോയി. അവന്‍റെ വിവരത്തിനനുസരിച്ചായിരുന്നു അസഭ്യവും പുലമ്പിയിരുന്നത്. വിവരമുള്ളവനും ഇല്ലാത്തവനും മദ്യപിച്ചാല്‍ എത്രത്തോളം അന്തരമുണ്ടാകുമെന്നു ഞാന്‍ ഊഹിച്ചു. പരിസരത്തിരുന്നിരുന്ന ഫാമിലികളും സ്ത്രീകളും മുഖം പൊത്തിയിരിക്കുന്നത് ഞാന്‍ കണ്ടു. വ്യക്തിജീവിതത്തിന്‍റെ സ്വകാര്യതകളും ലൈംഗികതകളും അവന്‍റെ സംസാരത്തിലൂടെ ഒഴുകിയെത്തി. പരിസരം ആകെ മലീമസമായെന്നല്ലാതെ മറ്റെന്തുപറയാന്‍!? ഇത് ആര്‍ക്കു തടുക്കാനാകും? ആര്‍ക്കും കഴിയില്ല. കഴിഞ്ഞില്ല. അവനെ ഉപദേശിച്ചവരോട് അവന്‍ അസഭ്യത്തോടെ പ്രതികരിച്ചു. കൈകൊണ്ട് തടുത്തവരെ അവന്‍ മെരുക്കി. പിന്നെ ആരും ഉപദേശിച്ചില്ല. തടഞ്ഞതുമില്ല.

മദ്യപാനിയായ ഒരാളെ ഒരിക്കല്‍ മഹാത്മാഗാന്ധി പിന്തുടര്‍ന്നു. മദ്യലഹരിയില്‍ അയാള്‍ ചെയ്തതും പറഞ്ഞതും ഗാന്ധിജി ഒരു കടലാസില്‍ കുറിച്ചു. മദ്യലഹരി വിട്ടുമാറിയപ്പോള്‍ ഗാന്ധിജി അയാളെ സമീപിച്ചു. കുറിപ്പിലൂടെ തന്‍റെ മോശമായ മറ്റൊരു ജീവിതം അയാള്‍ വായിച്ചെടുത്തപ്പോള്‍ മദ്യം തന്നെ എത്രത്തോളം നിന്ദ്യനാക്കിയെന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു. പിന്നീട് അയാള്‍ നല്ലൊരു ജീവിതം കെട്ടിപ്പടുത്തുവെന്ന് ചിത്രം.

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച ഞാന്‍ ഇവര്‍ക്കിടയില്‍ വേഷംകൊണ്ട് ഒറ്റപ്പെട്ടു. തെറിപ്പൂരത്തിനിടയില്‍ ഒരു സെക്കന്‍റ്‌ നേരം അവര്‍ എനിക്ക് നേരേതിരിഞ്ഞു. ഉസാമാ ബിന്‍ലാദനും തീവ്രവാദവും അവരുടെ നാവിലൂടെ കടന്നു വന്നു. മറുത്തൊന്നും മിണ്ടാതെ  എല്ലാം ഞാന്‍ കേട്ടുനിന്നു. അവിടെ ക്ഷമയാണ് അലങ്കാരമെന്ന് എനിക്ക് തോന്നി.

ഇന്ന് ലോകം ഏറ്റവും കൂടുതല്‍ പേടിക്കുന്ന വാക്കായ 'തീവ്രവാദം' എന്ന പ്രയോഗം എന്നില്‍ പ്രയോഗിച്ചപ്പോള്‍ അല്‍പ്പം വിഷമം തോന്നി. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി. ഇതുവരെ ഒന്നിച്ചുനിന്ന എല്ലാവര്‍ക്കുമിടയില്‍ ഒന്നുകൊണ്ടല്ലെങ്കിലും ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന ചവിട്ടു നാടകത്തിന്‍റെ കാര്‍ബണ്‍കോപ്പിയായി എനിക്കിത് തോന്നി. അങ്ങിനെയാണല്ലോ കാര്യങ്ങളുടെ കിടപ്പ്!!. മദ്യലഹരിയില്‍ നില്‍ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിംകളെ തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ സമൂഹം ഒന്നടങ്കം മുസ്‌ലിംകളെ തുറിച്ചുനോക്കുന്നു. സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തുന്നു.

തിരക്കിനിടയില്‍ വാഷ്ബേസിനരികില്‍ നിന്ന് ബാത്ത് റൂമിന്‍റെ ഡോറിനരികില്‍ എത്തിയത് ഞാനറിഞ്ഞില്ല. പരിസരം എനിക്കുമേല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതു പോലെ തോന്നി. കുടിയന്മാരും പക്കാ റൌഡികളും ഒന്നാംകിട യാചകരും എന്‍റെ പരിസരത്ത് നില്‍ക്കുന്നവരിലുണ്ടെന്നു പിന്നീടാണ് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഞാനായി ഞാന്‍ മാത്രം. എന്നെ മനസിലാക്കാന്‍ പറ്റുന്ന ആരുമില്ല. ഇതിനിടയില്‍ ചിലര്‍ ബാത്ത്റൂമില്‍ പോകാന്‍ തര്‍ക്കമുണ്ടാക്കുന്നുണ്ടായിരുന്നു. കാര്യമായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മദ്യപിച്ചവര്‍ അക്കമിട്ടു മറുപടി കൊടുത്തുകൊണ്ടിരുന്നത് എല്ലാവരിലും ഒരുവേള ചിരിപടര്‍ത്തി. ഒരാള്‍ ബാത്ത്റൂം തള്ളിത്തുറന്നപ്പോള്‍ അതില്‍ ആരുമില്ലായിരുന്നു. ഇതിനും ചിലര്‍ തെറിപാട്ടില്‍ ശരണം തേടി...ഏതിനും പരിസരങ്ങളില്‍ നിന്ന്  വരുന്ന പ്രതികരണം  അസഭ്യങ്ങള്‍ മാത്രം!! അല്ലാഹുവേ നീ എന്തിനാണിവിടെ എന്നെ എത്തിച്ചതെന്ന് ഞാന്‍ മനംപൊട്ടി പറഞ്ഞുപോയി...ട്രെയിനിലെ ഇരു വശങ്ങളിലെ ബാത്ത്‌റൂമുകള്‍ക്കിടയിലെ ഇടുങ്ങിയ നടവഴിയിലാണ് ഞാന്‍ പെട്ടുപോയത്. സിഗരറ്റിന്‍റെയും മദ്യത്തിന്‍റെയും വെള്ളം കാണാത്ത യാചകരുടെയും ദുര്‍ഗന്ധം എന്നെ മത്തുപിടിപ്പിച്ചു. ട്രെയിനില്‍ കയറിയിട്ട് ആകെ രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. നേരം പുലരാന്‍ ഇനിയെത്ര?! പേടിയും സങ്കടവും വര്‍ച്ചു. ഇനി ഇങ്ങനെയൊരു യാത്രയില്ലെന്നു തീര്‍ച്ചപ്പെടുത്തി..എന്നിട്ടെന്തുകാര്യം? അതുകൊണ്ട് ഇപ്പോള്‍ ഇവിടെന്ന് രക്ഷപ്പെടുമോ? ഭീതി വീണ്ടും വര്‍ദ്ധിച്ചു.

ഒരുവിധത്തില്‍ ബാത്ത്‌റൂമിന്‍റെ ഡോര്‍ തള്ളി അകത്തോട്ട് ഞാന്‍ കടന്നു. ഉള്ളില്‍ ഒരാള്‍ മാത്രം. പതിനെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരനായൊരു കൌമാരം! അവന്‍റെ മുഖത്തും ഭീതിയുടെ കാര്‍മേഘം ഞാന്‍ കണ്ടു. പരിചയപെട്ടപ്പോള്‍ നിഷ്കളങ്കനാണ്. പേര് ജോയ്‌ എന്ന് പറഞ്ഞു. ബാംഗ്ലൂരില്‍ പഠനത്തിനു വന്ന് ഇപ്പോള്‍ ആദ്യമായി നാട്ടിലേക്ക്‌ പോകുകയാ..പറവൂരാണ് വീട്. ട്രൈനിലെ ഈ വക കോലാഹലങ്ങളില്‍ പെട്ട് ഇവന്‍ തരിച്ചു നില്‍ക്കുകയായിരുന്നു..ഞങ്ങള്‍ പരസ്പരം സംസാരിച്ചപ്പോള്‍ അല്പം ആശ്വാസം ലഭിച്ചു.

ചുവന്നു കലങ്ങിയ കണ്ണുകളോടെ പെട്ടന്നൊരാള്‍ ഇങ്ങോട്ട് കടന്നു വന്നു. സിഗരറ്റെടുത്ത് വായില്‍ തിരുകി അയാള്‍ ഡോര്‍ അടച്ചു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം. പാന്‍റ്സിന്‍റെ  സിബ്ബഴിച്ച് അയാള്‍ മൂത്രിക്കാന്‍ തുടങ്ങി. ഇടക്ക് അയാളുടെ സിഗരറ്റ് ജോയിയുടെ വായില്‍ തിരുകിക്കയറ്റി. ജോയിയുടെ കൈപിടിച്ച് അയാളുടെ മുമ്പിലേക്ക് നിറുത്തി. അയാളുടെ കറുത്ത കരങ്ങള്‍ അവന്‍റെ ശരീരത്തിലേക്ക് പടര്‍ന്നു കയറി. ജീന്‍സിന്‍റെ ബട്ടണഴിക്കാന്‍ തുടങ്ങി. കാര്യം അപകടമാണെന് എനിക്ക് ഉറപ്പായി. ഉടനെ ഞാന്‍ വാതില്‍ തുറന്നു..പുറത്തുള്ളവര്‍ ഇങ്ങോട്ട് തള്ളിക്കയറിയാതോടെ ജോയി രക്ഷപ്പെട്ടു...ഞാന്‍ പുറത്തു കടന്നു..അവിടെ നില്‍പ്പ് തുടങ്ങി. ബാത്ത്‌റൂമില്‍ കയറിയവര്‍ ഇരിക്കാനും ചിലര്‍ ചാരിഉറങ്ങാനും തുടങ്ങി. ഒരു മണിയായപ്പോഴേക്കും എല്ലാം ശാന്തമായി. എങ്കിലും ഞാന്‍ നിന്നുറങ്ങി നേരം വെളുപ്പിച്ചു.

കുറിപ്പ്‌: മദ്യപാനം വര്‍ദ്ധിക്കുന്നു. മദ്യം സര്‍വ്വ വിപത്തിന്‍റെയും താക്കോലാണ്. മുന്‍കാലങ്ങളില്‍ ഒളിഞ്ഞും മറ്റുമൊക്കെ മദ്യപിച്ചിരുന്ന കേരളസമൂഹത്തിന്‍റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് കുടുംബം ഒന്നിച്ചിരുന്നും, ആഘോഷവേളകളിലെ ഒഴിച്ചുകൂടാത്തതായും ഈ വിപത്ത് മാറിയിരിക്കുന്നു. കൌമാരക്കാര്‍ അങ്ങേയറ്റം ഇതിനു അടിമപ്പെട്ടിരിക്കുന്നു. ഈ രംഗത്തേക്ക് കോളേജ്‌ യുവതികളും കടന്നു വന്നിരിക്കുന്നതാണ് സങ്കടകരമായ വസ്തുത. മനുഷ്യന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനു പുറമേ സമൂത്തിന്‍റെ ധാര്‍മ്മിക സന്തുലിതാവസ്ഥ തകര്‍ക്കപ്പെടുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ പറയുന്നു: ''  സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ടകളും പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ചവൃത്തി മാത്രമാകുന്നു.അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം."(മാഇദ: 5/ 90)

അടുത്ത ലക്കം ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം 

Sunday, January 8, 2012

ലവ് സ്റ്റോറി

ബാംഗ്ലൂര്‍ ഡയറി. ഭാഗം-3

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസില്‍ ഒരുവിധത്തില്‍ ഞാന്‍ കയറിപ്പറ്റി. ഡോറിലാണ് പിടിവള്ളി കിട്ടിയത്. ട്രെയിനില്‍ അത്രയ്ക്കും തിരക്കായിരുന്നു. പാലക്കാട്‌ വരെ ഒന്നര മണിക്കൂര്‍ അതേ നില്‍പ്പുതന്നെ. അവിടെ എത്താറായപ്പോഴേക്കും അപ്പര്‍ബര്‍ത്തിലുള്ള ഒരാള്‍ എന്നെ കണ്ണിറുക്കിക്കാട്ടി. ഞാന്‍ ഇവിടെ ഇറങ്ങുന്നു നിങ്ങള്‍ ഇങ്ങോട്ടു വരുന്നോ എന്നാണു അയാള്‍ ഉദ്ദേശിച്ചതെന്നു എനിക്ക് മനസിലായി. എന്‍റെ ബാഗ് അയാള്‍ക്ക്‌ കൈമാറി ഞാനിതാ വരുന്നു എന്നരൂപത്തില്‍ അദ്ദേഹത്തിനു മറുപടി നല്‍കി. മറ്റുള്ളവര്‍ അത്ഭുതത്തോടെ ഈ രംഗം വീക്ഷിച്ചു നിന്നു. അങ്ങിനെ അല്ലാഹുവിനു സ്തുതിയര്‍പ്പിച്ചു ഞാനവിടെ ഇരിപ്പുറപ്പിച്ചു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ ഞാന്‍ ഇരിക്കുന്ന ഭാഗത്ത്‌ മുഴുവന്‍ പുരുഷന്മാര്‍ . ലോവര്‍ബെര്‍ത്തില്‍ അവര്‍ക്കിടയില്‍ രണ്ടു കോളേജ്‌ പെണ്‍കുട്ടികളുമുണ്ട്. ഇരുവരും ഇരുപത്‌ ഇരുപത്തിയഞ്ച് പ്രായം തോന്നിക്കും.

അപ്പോഴേക്കും ഐലന്‍റ് പാലക്കാട്‌ സ്റ്റേഷനില്‍ ഫൌളിഗ് പോയിന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചായ..കാപ്പി...
വാട്ടര്‍ വാട്ടര്‍ ..
ബിരിയാണി..ചപ്പാത്തി..പൊറോട്ടാ...
അലുവാ ചിപ്സ്....
കച്ചവടക്കാര്‍ ട്രെയിനിനെ വളഞ്ഞു. ഓരോരുത്തരും തങ്ങള്‍ക്കു വേണ്ടത് തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ അഞ്ചു രൂപാ കൊടുത്ത് ഒരു ചായയില്‍ ഒതുക്കി. മറ്റുചിലര്‍ തങ്ങള്‍ വീട്ടില്‍ നിന്നും കരുതിയ ഭക്ഷണപ്പൊതികള്‍ തുറന്ന് ശാപാട് തുടങ്ങി. അതിന്‍റെ ഗന്ധം മറ്റൊരുവിധത്തില്‍ അന്തരീക്ഷത്തില്‍ പടര്‍ന്നെങ്കിലും എല്ലാവരും സഹിച്ചിരുന്നു. ഞൊടിയിടയില്‍ എനിക്കീസീറ്റ്‌ കിട്ടിയതില്‍ ചിലരുടെ മുഖത്ത് അമര്‍ഷം കളിയാടുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട്‌ ശ്രദ്ധകൊടുക്കാതെ പോകറ്റിലുണ്ടായിരുന്ന തസ്ബീഹ് മാലയെടുത്തു സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി. പുലര്‍ച്ചവരെയുള്ള ഒഴിവു സമയം അങ്ങനെ ഉപയോഗപ്പെടുത്താമെന്നു കരുതി. ഭൂമിയിലെവിടെയായിരുന്നാലും ദൈവ സ്മരണ നാം കൈവെടിയരുതല്ലോ?

"കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നു." പതിവ് സ്വരം ഉയര്‍ന്നുകൊണ്ടിരുന്നു. സ്റ്റേഷനില്‍നിന്നും അധികമാരും കയറിയില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍ കയറിയത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നീല ഷര്‍ട്ട് ധരിച്ച് തോളില്‍ ഒരു ബാഗും തൂക്കി കണ്ണടയും ധരിച്ച് തിരക്കിനിടയിലും അയാള്‍ ഉള്ളിലോട്ടു തള്ളിക്കയറി വന്നു. ആദ്യം എല്ലാവരുമൊന്ന് ഭയന്നു..പിന്നെ അയാള്‍ സ്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്ത്‌ ചെന്ന് നില്‍പ്പുറപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. കാരണം ഈകാലത്ത് സ്ഫോടനം നടത്തുന്നതും തീവ്രവാദം കളിക്കുന്നവരുമെല്ലാം എന്‍ജിനീയര്‍മാരുടെയും മറ്റു ടിപ്പ് ടോപ്പ്‌ ടീമില്‍ പെട്ടവരുടെയും കൂട്ടത്തിലുള്ളവരാണല്ലോ .

അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ഗ്രീന്‍സിഗ്നല്‍ പ്രകാശിച്ചു. കറുത്തിരുണ്ട പുകച്ചുരുളുകള്‍ തുപ്പി ഐലന്‍റ് മെല്ലെ ചലിക്കാന്‍ തുടങ്ങി. കച്ചവടക്കാരുടെ ശബ്ദങ്ങളെ വിദൂരതയിലേക്ക് തള്ളി വാഹനം കുതിച്ചു...ഇനി ലക്ഷ്യം കോയമ്പത്തൂര്‍ ...കോയമ്പത്തൂര്‍ സ്റ്റേഷന്‍ അടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് മുന്നിലിരുന്ന ഒരാള്‍ എഴുന്നേറ്റു. തല്‍സ്ഥാനത്ത് ഈ ചെറുപ്പക്കാരനിരുന്നു. സമയം ഏകദേശം പതിനൊന്നു മണിയോടടുക്കുന്നു. തിരക്കിനു അല്‍പ്പം ഇളക്കം സംഭവിച്ചുവെന്നല്ലാതെ കാര്യമായ മാറ്റമൊന്നുമില്ല.

അല്പംകഴിഞ്ഞപ്പോള്‍ ഈ ചെറുക്കനും മുന്നിലിരിക്കുന്ന ഈ യുവതികളും സംസാരത്തിലേക്ക് കടക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ ഈ പെണ്ണൊരുത്തി കുരുങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല. സംസാരത്തിനു തുടക്കമിട്ടത് ഇയാള്‍ തന്നെ. പേര്‍ എന്തെന്ന ചോദ്യത്തിന് സ്നേഹ(സാങ്കല്‍പ്പികം)യെന്നു പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി. ഇതെന്‍റെ വല്യമ്മച്ചിയുടെ മകള്‍ ഷീന(സാങ്കല്‍പ്പികം)യെന്നു അഡീഷനല്‍ മറുപടിയും ഒപ്പം നല്‍കി. പേര്‍ സുബാഷ്‌ എന്നാണ്. വിളിക്കുന്നത്‌ സുബി എന്നാണ്.(സാങ്കല്‍പ്പികം) അയാള്‍ സ്വയം പരിചയപ്പെടുത്തി.

ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം. 'മോളുടെ സ്ഥലം?' "ചാലക്കുടി". 'രണ്ടുപേരും?' "അതെ, രണ്ടു പേരും ചാലക്കുടി തന്നെ". "നിങ്ങള്‍?" 'ഞാന്‍ തൃശൂര്. ഇവിടെ വല്യച്ചനെ കാണാന്‍ വന്നതാ.' 'നിങ്ങളെങ്ങോട്ടാ?' "എന്‍റെ കോഴ്സ്‌ കഴിഞ്ഞു. ഇപ്പോള്‍ ജോബ്‌ സെര്‍ച്ചിലാ. ഇവള്‍ പഠിക്കുന്നു. ഞങ്ങള്‍ രണ്ടു പേരും ബാംഗ്ലൂര്‍ക്കാ." 'അതെയോ? ഞാനും അങ്ങോട്ടു തന്നെയാ.' "ഓഹോ! എങ്കില്‍ കൂട്ടിനു ആളായല്ലോ!" 'അതെ, എനിക്കും..'


അപ്പര്‍ബെര്‍ത്തിലിരിക്കുന്ന ഞങ്ങളടക്കം കേള്‍ക്കുമാര്‍ ഉച്ചത്തില്‍ അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. പരിസരത്തുള്ളവര്‍ ഇടയ്ക്കിടെ ഇവരെ നോക്കിക്കൊണ്ടിരുന്നു. പരിസരം മറന്ന് അവര്‍ സംസാരത്തിലേക്ക് വീണ്ടും...അവള്‍ ചോദിച്ചു: "ബാംഗ്ലൂരില്‍ നിങ്ങളെവിടെയാ?" 'ഞാന്‍ കെ.ആര്‍ .പുരം.' "ഓഹോ! ഞങ്ങള്‍ അള്‍സൂരിലാ. സുബി എന്ത് ചെയ്യുന്നു?" സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ .' "സാലറി?" 'തരക്കേടില്ല.' ടെന്‍ഷനടിക്കേണ്ട കോണ്‍ഫിഡന്‍സ് ഉണ്ടാകണം. ജോലി ഞാന്‍ ശരിയാക്കിത്തരാം. സുബി പറഞ്ഞു. "ഓഹോ! ഉറപ്പായിട്ടും?" 'അതെ, സുബിയെ വിശ്വസിച്ചോളൂ..' "വിശ്വസിച്ചോട്ടെ?"(അവള്‍ പരിസരം മറന്ന് ചിരിക്കുന്നു) 'ആസ് യു ലൈക്‌' "ഓക്കെ. എനിക്ക് നിങ്ങളെ വിശ്വാസമായി."

ഇസ്‌ലാം മുന്നോട്ടു വെച്ച ഒരു തിയറി വളരെ എളുപ്പത്തില്‍ സമര്‍ഥിക്കാന്‍ ഈ സംഭാഷണം പര്യാപ്തമാണെന്നെനിക്ക് തോന്നി. ആയതിനാല്‍ ഞാനീ സംഭാഷണം മുഴുവന്‍ കുറിച്ചെടുത്തു. ആ രാത്രി അവര്‍ ഉറങ്ങിയില്ല. മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ള അവരുടെ സംഭാഷണത്തിന്‍റെ മാനുസ്ക്രിപ്റ്റ് എന്‍റെ പക്കലുണ്ട്. അവ മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. അതിവിടെ ആവശ്യവുമില്ല. താനെന്തിനു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകണമെന്ന മട്ടില്‍ ഷീന മെല്ലെ ഉറക്കിലേക്ക് വഴുതിവീണു. ചേച്ചിയുടെ തോളില്‍ ചാരിക്കിടന്നു.

കുറേകഴിഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ക്കിടയിലെ ഇടവേള കുറഞ്ഞുതുടങ്ങി. അടുത്ത സ്റ്റേഷനില്‍ വാഹനം നിറുത്തിയപ്പോള്‍ കച്ചവടക്കാര്‍ വീണ്ടും സജീവമായി. ഇരുവരും നല്ല ചുടുകാപ്പി വാങ്ങിച്ച് സംസാരത്തിന്‍റെ ഗിയര്‍ മാറ്റിയിട്ടു. അവള്‍ ചോദിച്ചു: "വിവാഹം കഴിഞ്ഞോ?" 'ഇല്ല.' "എന്താ കാത്തിരിക്കുന്നത്?" 'ഒന്നുമില്ല. എന്‍റെ വീട്ടുകാര്‍ കുറെയായി നിര്‍ബന്ധിക്കുന്നുത് ഞാന്‍ സമ്മതിക്കാഞ്ഞിട്ടാ.' "എന്താ സമ്മതിക്കാത്തത്? മനസ്സില്‍ വല്ലവരുമുണ്ടോ?"(രണ്ടുപേരും ചിരിക്കുന്നു)


സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. ചിലര്‍ നല്ല ഉറക്കില്‍ . മറ്റുചിലര്‍ ഇവരുടെ തമാശകള്‍ കണ്ടിരിക്കുന്നു. വേറെചിലര്‍ ഉറക്കംതൂങ്ങി അടുത്തുള്ളയാളുടെ മേലോട്ട് വീഴുമ്പോള്‍ ശല്ല്യപ്പെടുത്തല്ലേ ഈ കാമകേളിയൊന്നു കാണട്ടെയെന്ന മട്ടില്‍ അയാളെ അടക്കി നിര്‍ത്തുന്നു...അവര്‍ പിന്നെ ഒരുപാട് കുടുബകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, പഠനവിഷയങ്ങള്‍ അങ്ങിനെ പലതും ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. അഭിമുഖമായിരിക്കുന്ന ഇരുവരും അല്പം മുന്നോട്ടു നീങ്ങി മുട്ടോട് മുട്ട് ചേര്‍ന്നിരുന്നു. ഇരുവരുടെയും പക്കലുള്ള ഹാന്‍ഡ്‌ബാഗ് തങ്ങളുടെ മടിയിലുണ്ട്. അതിന്‍മുകളില്‍ കൈവെച്ച് പരസ്പരം സ്പര്‍ശിക്കുവാനും തലോടാനും തുടങ്ങി. അവളുടെ കയ്യിലെ മോതിരം അവന്‍ മൃതുവായി അഴിച്ച് വീണ്ടും അതില്‍ ധരിപ്പിച്ചു. അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം സംസാരവും മധുരതരമായി നടക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ മത്തുപടര്‍ന്നു തുടങ്ങി..അവള്‍ അവന്‍റെ ബാഗിനു മുകളില്‍ തലവെച്ചു കിടന്നു. കുറച്ചുനേരം അവന്‍ കാവലിരുന്നെങ്കിലും ശേഷം അവനും അവള്‍ക്കുമീതെ കുഴഞ്ഞുവീണു. ഉറക്കമല്ലെങ്കിലും ഉറക്കംനടിച്ച് അവര്‍ കിടന്നു. അതിനിടയില്‍ അവര്‍ മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി സേവ്ചെയ്യുന്നത് കാണാമായിരുന്നു.

എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന് അടുത്തുള്ള തമിഴന്‍ എന്നോട് ചോദിച്ചു. ഒരു തുണിയെടുത്ത് മൂടിയിടാമെന്ന് ഒരു ഉത്തരേന്ത്യക്കാരന്‍ പറഞ്ഞു. പറ്റില്ല അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഒരു മലയാളി കയര്‍ത്തു പറഞ്ഞു. ആകെക്കൂടെ അന്തരീക്ഷം മലീമസമാകാന്‍ തുടങ്ങി.


പരിസരബോധം വീണുകിട്ടിയിട്ടാകണം; സ്നേഹയും ഷീനയും സീറ്റില്‍ നിന്നെഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നീങ്ങി. ഷീന ബാത്ത്റൂമില്‍ പോയി തിരിച്ചു വന്നു. സ്നേഹ ടോയ്‌ലറ്റിന്‍റെ ഡോറില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതും ഇപ്പുറത്ത്‌ സുബി ഫോണ്‍ അറ്റന്‍റ് ചെയ്യുന്നതും എല്ലാവര്‍ക്കും കാണാമായിരുന്നു. എന്‍റെ ദൈവമേ എന്നുപറഞ്ഞ് ചിലര്‍ തലയില്‍ കൈവച്ചു. സുബി അടുത്തെത്തിയപ്പോള്‍ ടോയ്‌ലറ്റ്‌ ഡോര്‍ തുറന്ന് അവള്‍ അകത്ത് കടന്നു. നീ പോയിവാ എന്നിട്ട് ഞാന്‍ പോകാം എന്ന മട്ടില്‍ നിന്നിരുന്ന സുബിയെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ചു. ശക്തമായി കതകടച്ച് ഉള്ളില്‍ നിന്ന് ലോക്ക് ചെയ്ത ശബ്ദം പുറത്തുള്ളവരുടെ കാതടപ്പിക്കുമാറായിരുന്നു.

എല്ലാവരും നെടുവീര്‍പ്പോടെ നില്‍ക്കുമ്പോള്‍ ഐലന്‍റ് സേലം സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നേരം ശക്തമായൊരു സീനിന്‍റെ ക്ലൈമാക്സില്‍ ലഭിച്ച ഇടവേള പോലെ ജനങ്ങള്‍ കൈകാലുകള്‍ നിവര്‍ത്താനും ചായകുടിക്കാനും സിഗററ്റ് പുകയ്ക്കാനും മാറിനിന്നു. അവിടെയെത്തിയപ്പോഴേക്കും ട്രെയിനിലെ തിരക്ക്‌ പകുതിയായി കുറഞ്ഞു. അരമണിക്കൂര്‍ ഇടവേളക്ക് ശേഷം വാഹനം വീണ്ടും അടുത്ത സ്റ്റേഷനില്‍നിലേക്ക് കുതിച്ചു.

ബാത്ത്റൂമില്‍ നിന്നിറങ്ങി വരുന്ന ഇരുവരെയും ജനം സാകൂതം വീക്ഷിച്ചു. ഒന്നുമറിയാത്ത മട്ടില്‍ അവര്‍ തങ്ങളുടെ സീറ്റുകളില്‍ സ്ഥാനം പുതുക്കി. ജനം പിന്നെ അവരെ കാണുന്നത് വളരെ ഹാപ്പിയായാണ്. ദുര്‍മേദസ്സുകളെല്ലാം ഒഴിവായെന്ന മട്ടില്‍ ചായകുടിച്ച്, പൊട്ടിച്ചിരിച്ച്, വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവര്‍ നേരം വെളുപ്പിച്ചു. ഷീന അപ്പോഴും എല്ലാം തകര്‍ന്ന മട്ടില്‍ ഇരിപ്പുണ്ടായിരുന്നു.

സുബഹിയായപ്പോള്‍ നിസ്കരിക്കുവാന്‍വേണ്ടി ഞാന്‍ വുളു ചെയ്തുവന്നു. ഞാനൊന്നു നിസ്കരിചോട്ടെ? ഒരല്പം സൗകര്യം തരുമോയെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ലോവര്‍ബെര്‍ത്തിലെ സഹയാത്രികര്‍ ആദരവോടെ അതിനു സൗകര്യം തന്നു. ഇരു സീറ്റുകള്‍ക്കിടയില്‍ പേപ്പര്‍ വിരിച്ച് ഞാന്‍ സുബഹി നിസ്കാരം പൂര്‍ത്തിയാക്കി.


ഏഴുമണിയോടെ ഐലന്‍റ് ബാംഗ്ലൂര്‍ സിറ്റിയില്‍ എത്തിച്ചേര്‍ന്നു. കെ.ആര്‍ .പുരത്തിറങ്ങേണ്ട സുബി അവിടെയിറങ്ങിയില്ല. സ്നേഹയുടെ ക്ഷണപ്രകാരം അയാള്‍ മെജസ്റ്റിക്കിലിറങ്ങി. ഇരുവരും കൈകോര്‍ത്തുപിടിച്ച് വിദൂരതയിലേക്ക് മറഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം നിങ്ങളുടെ മനസിലുണ്ടാകുമെങ്കിലും ഇനിയാണെല്ലാം എന്ന മറുപടി അവരുടെ മനസിലുണ്ടാകില്ലെ?


ഒരു കൊല്ലത്തുകാരന്‍ കിഴവന്‍ അരയിലെ ബീഡിപേക്കില്‍ നിന്ന് ഒരെണ്ണമെടുത്തു വായില്‍വെച്ചു. അയാള്‍ വായിലെ ബീഡിയിളക്കി സംസാരിച്ചു. "അപ്പൊ സ്റ്റുടന്‍റ്സുകള്‍ എന്നുപറഞ്ഞാല്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവര്‍ . എന്‍റെ പൊന്നുമക്കളേ ചുമ്മാ പക്ഷികളുടെയും മൃഗങ്ങളുടെയും വില നിങ്ങള്‍ കളയരുതേ.."സിഗരറ്റ്‌ലാമ്പ്‌ അമര്‍ത്തി അയാള്‍ ബീഡിക്ക് തീ കൊളുത്തി..പക്ഷെ ബാംഗ്ലൂരിലെ തണുത്ത അന്തരീക്ഷം തീപോരിയെ മറികടന്നു..ശക്തമായൊന്നമര്‍ത്തി അയാള്‍ വീണ്ടും തീ കൊളുത്തി. പുകയൂതിക്കൊണ്ടയാള്‍ പറഞ്ഞു: "അല്ലെങ്കിലും ഈ ഐലന്‍റ് സ്റ്റുടന്‍റ്സുകളുടെ മണിയറയാ...."

കുറിപ്പ്‌, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവാഹപൂര്‍വ്വ ലൈംഗികബന്ധം വര്‍ധിച്ചുവരുന്നു. വിവാഹമെന്ന ധാര്‍മ്മിക ചട്ടക്കൂടിനെ പൊളിച്ചെഴുതുന്ന സമൂഹം വളര്‍ന്നുവരുന്നു. കാണുന്നവരെ പ്രേമിക്കുവാനും അവരെ കാമിക്കുവാനും വീണ്ടും ആ പണി തുടരാനും സ്റ്റുടന്‍റ്സുകളെന്ന പേരില്‍ സ്വാതന്ത്ര്യം. അതിനു സ്ഥലകാല ഭേദമില്ല. രക്ഷിതാക്കള്‍ ജാകരൂകരാവുക.!

അടുത്ത ലക്കം "ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി"

Sunday, May 22, 2011

ഐലന്‍റ് എക്സ്പ്രസ്സ്


ബാംഗ്ലൂര്‍ ഡയറി. ഭാഗം-2

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍, എന്‍റെ സ്വന്തം റെയില്‍വേ സ്റ്റേഷന്‍. അഥവാ ഒട്ടുമിക്ക യാത്രകള്‍ക്കും തുടക്കമിട്ട സ്റ്റേഷന്‍. ഡല്‍ഹിയാത്ര, ബാംഗ്ലൂര്‍ യാത, മധുര യാത്ര, തിരുവനന്തപുരം യാത്ര, മഗലാപുരം യാത്ര ഇങ്ങനെയുള്ള മധുരസ്മരണകള്‍ക്കുമുന്നില്‍ ഈ സ്റ്റേഷന്‍ എന്നും സ്മരണീയമായിരിക്കും. കന്യാകുമാരി ബാംഗ്ലൂര്‍-ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ്‌ ബാംഗ്ലൂര്‍ യാത്രക്കാര്‍ക്കു മുന്നില്‍ എന്നും ഒരു വില്ലനാണ്. ഐലന്‍റ് എന്ന് കേട്ടാല്‍ തേനീച്ചക്കൂടിന്‍റെ ചിത്രമാണ് ഏവരുടെയും മനസിലേക്ക് ഓടിയെത്തുക. സദാസമയവും തിരക്കുള്ളൊരു തീവണ്ടി. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്‍റ് മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞുവെച്ചോളണം. ജനറല്‍ കമ്പാര്‍ട്ട്മെന്റിന്‍റെ കാര്യം പിന്നെ പറയാതിരിക്കലാണ് ഉചിതം.

ബാംഗ്ലൂരില്‍ നിന്നും നാലു ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. തിരിച്ച് അങ്ങോട്ട്‌ തന്നെ പോകുന്നതിനു വേണ്ടി ഞാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഐലന്റിന്‍റെ ചൂളംവിളിയും പ്രതീക്ഷിച്ച് ഞാന്‍ നില്‍പ്പ് തുടങ്ങി. ക്ലോക്കിലെ സമയം രാത്രി എട്ടു മണിയോടടുക്കുന്നു. ഓടിക്കിതച്ച് വായില്‍ നിന്ന് നുരയും പതയും തുപ്പി മുന്നില്‍ നില്‍ക്കുന്ന ഐലന്റിനെ കണ്ടപ്പോള്‍ത്തന്നെ തലകറങ്ങാന്‍ തുടങ്ങി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്ക് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അയ്യപ്പന്‍മാരുടെ സീസണായതിനാല്‍ തിരക്ക് അങ്ങേയറ്റം രൂക്ഷമായിരുന്നു. സ്റ്റേഷനില്‍ ഐലന്‍റ് കാത്തുനിന്നിരുന്ന നിരവധിപേര്‍ തിരക്കി ഉള്ളോട്ട് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടപ്പുറത്തേക്ക് മണലടിച്ച പ്രതീതി. പുറത്തുനിന്നുള്ള തിരക്ക് ഉള്ളോട്ട് ഒട്ടും ഏശിയില്ല.


ഞാന്‍ ഒരുവിധത്തില്‍ വാഹനത്തില്‍ കയറിപ്പറ്റി. ഡോറില്‍ ഇരു കാല്‍പാദങ്ങള്‍ക്കുള്ള സ്ഥലം കിട്ടി, അത്രതന്നെ. പുറത്തേക്ക് തിരുഞ്ഞു നോക്കിയപ്പോള്‍ കയറാന്‍ പറ്റാത്തവരുടെ നിരാശയും സങ്കടവും ദേഷ്യവും എല്ലാം മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. സങ്കടകരമായ വസ്തുത; സ്റ്റേഷനില്‍ നിന്നും കയറാന്‍ കഴിയാത്തവരില്‍ അധികവും കോളേജ്‌ പെണ്‍കുട്ടികളും ഒരുപാട് അമ്മമാരുമായിരുന്നു. കമ്പാര്‍ട്ട്‌മെന്റിനുള്ളിലെ അന്തരീക്ഷമാണെങ്കില്‍ അതിലേറെ ചിന്തനീയം! ഇതേ രൂപത്തിലുള്ള സ്ത്രീകള്‍ ട്രെയിനിനുള്ളിലുമുണ്ട്. സീറ്റുകളെല്ലാം നിറഞ്ഞ്‌ സീറ്റിനടിയിലും ആളുകള്‍ കിടക്കുന്നു. നടവഴികളെല്ലാം ആളുകള്‍ അടുക്കിവെച്ചരൂപത്തില്‍ തിങ്ങി നില്‍ക്കുന്നു. ഈ കൂട്ടത്തില്‍ ആണും പെണ്ണുമെല്ലാം ഇടകലര്‍ന്നു തന്നെ നില്‍പ്പ്. തിരക്കിനിടയിലും രൂപപ്പെട്ട ഒരു ഫാസ്റ്റ്ഫുഡ് ലൌ സ്റ്റോറിയെ പറ്റിയാണ് ഞാന്‍ പറഞ്ഞുവരുന്നത്.

എന്നാലും സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ബാംഗ്ലൂരില്‍ ഒരുപാട് പെണ്‍കുട്ടികള്‍ പഠനവും ജോലിയുമായി താമസിക്കുന്നവരുണ്ട്. ഒരുപാട് കുടുംബങ്ങളും ബാംഗ്ലൂര്‍ ലക്ഷ്യമാക്കി പോയിവരുന്നവരുണ്ട്. ഇവര്‍ക്ക് ആ യാത്ര ചില്ലറ ആപത്തുകളല്ല വരുത്തിവെക്കുന്നത്. തങ്ങളുടെ ജീവിതപ്പ്രശ്നവുമായി ഇത്രയും ദൂരം യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് മാനം പോലും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ പലപ്പോഴുമുണ്ടാകുമെന്ന് എന്‍റെ മുന്നിലിരിക്കുന്ന ഒരു കുടുംബം പറയുന്നത് ഞാന്‍ കേട്ടിരിന്നു. 'ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യം പ്രത്യക്ഷപ്പെടുന്നു' എന്ന് മറ്റു യാത്രക്കാരും അവരോട് വാചാലമാകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.


ലക്ഷക്കണക്കിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാംഗ്ലൂരില്‍ അധികം പേരും പഠനവും ജോലിയുമായി കഴിഞ്ഞുവരുന്നവരാണ്. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ബാംഗ്ലൂരിലെത്താന്‍ രണ്ട് ട്രെയിനുകളാണ് ദിനേനയുള്ളത് ഒന്ന് പകലും മറ്റൊന്ന് രാത്രിയും.മറ്റു ട്രെയിനുകള്‍ ആഴ്ചയില്‍ ഒറ്റപ്പെട്ട ദിനങ്ങളില്‍ മാത്രമാണുള്ളത്. 22 കോച്ചുകളാണ് ഐലന്റിനുള്ളത്. അതില്‍ 13 സ്ലീപ്പര്‍ ക്ലാസും രണ്ട് AC 3 tier ഉം രണ്ട് AC 2 tier ഉം ബാക്കി നാല് ജനറല്‍ കമ്പാര്‍ട്ട്മെനറും. അതില്‍ മൂന്നെണ്ണം പുരുഷന്മാര്‍ക്കും ബാക്കി ഒന്ന് സ്ത്രീകള്‍ക്കുമാണുള്ളത്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും ഐലന്റിലെ തിരക്ക് നേരത്തെ സൂചിപിച്ചത് പോലെത്തന്നെ. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഇതില്‍ നരകതുല്ല്യമാകുന്നത് സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ദിനേനയുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുകയോ ചെയ്യലായിരിക്കും ഇതിനുള്ള പരിഹാരമാര്‍ഗം. 16526 എന്ന നമ്പറില്‍ ബാംഗ്ലൂരില്‍ നിന്ന് കന്യാകുമാരിയിലേക്കും 16525 എന്ന നമ്പറില്‍ തിരിച്ച് ബാംഗ്ലൂരിലേക്കും കുതിച്ചുപായുന്ന വണ്ടി 20 മണിക്കൂര്‍ കൊണ്ട് 944 കിലോമീറ്ററാണ് താണ്ടിക്കടക്കുന്നത്. 105 പേരുടെ മരണത്തിനിടയാക്കിയ പെരുമണ്‍ ദുരന്തം ഈ ട്രെയിനിനു മേല്‍ രേഖപ്പെട്ടുകിടക്കുന്നു. കാരണം അജ്ഞാതമായി തുടരുന്നുവെങ്കിലും ദുരന്തം കേരളമനസുകളില്‍ ഇന്നും ഒരു മുറിപ്പാടായി ശേഷിക്കുന്നു.

ഈ ദീര്‍ഘദൂര യാത്രയില്‍ ജനങ്ങള്‍ക്ക്‌ സുഖരമായ യാത്രാ സൗകര്യമൊരുക്കല്‍ ഇവിടുത്തെ സര്‍ക്കാരിന്‍റെ ബാധ്യതയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അല്ലെങ്കില്‍ ഇനിയും ഒരുപാട് സൗമ്യമാരുടെ സംഭവങ്ങള്‍ ഈ പ്രബുദ്ധകേരളം കാണേണ്ടിവരും.



ട്രെയിനിന്‍റെ ഡോറില്‍ നില്‍ക്കുന്ന ഞാന്‍ പുറത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയണമെന്ന് തോന്നി. തിരക്കിനാല്‍ യാത്ര നിഷേധിക്കപ്പെട്ട അവരുടെ വിഷമമം എന്നെ അലോസരപ്പെടുത്തി. ഏതെങ്കിലുമൊരു നിഷ്കളങ്ക ഹൃദയത്തിന്‍റെ മനം പൊട്ടിയുള്ള പ്രാര്‍ത്ഥന ഞങ്ങളുടെ യാത്രയെ ബാധിക്കുമോയെന്ന് ഒരു വേള ഞാന്‍ നിനച്ചുപോയി. ഉള്ളിലെ തിരക്ക് വര്‍ണ്ണിച്ചു കൊടുക്കാന്‍ എനിക്ക് അന്നേരം നൂറ് നാവുണ്ടായിരുന്നു. പക്ഷെ ഒന്നും പ്രവര്‍ത്തന യോഗ്യമായിരുന്നില്ല. അതിനാല്‍ ആഗ്യത്തിലൂടെ ഞാനത് അവരോട് പറഞ്ഞു.

ഇതിലെ സ്ഥിതി എന്നും ഇങ്ങനെയാണോ എന്ന് ഞാന്‍ മനസ്സില്‍ ഊഹിച്ചപ്പോഴേക്കും പിറകില്‍ നിന്ന് ഒരു കിഴവന്‍ പറഞ്ഞു. 'അതെ മോനെ ഇവിടത്തെ സ്ഥിതി എന്നും ഇതുതന്നെ. തലപുണ്ണാക്കണ്ട. സര്‍ക്കാരിനില്ലാത്ത ദണ്ണവും വേണ്ട.' മുറുക്കിത്തുപ്പി അയാള്‍ പുറത്തേക്ക് പോയി. അപ്പോഴേക്കും കച്ചവടക്കാരുടെ കലപില ശബ്ദങ്ങള്‍ക്ക് വിരാമമിട്ട് ഐലന്‍റ് സൈറണ് മുഴക്കി..മെല്ലെ ചലിക്കാന്‍ തുടങ്ങി....പാലക്കാട് സ്റ്റേഷന്‍ ലക്ഷ്യമാക്കി അത് കൂകിപ്പായാന്‍ തുടങ്ങി. നിരാശ പടര്‍ന്ന മുഖങ്ങളിലേക്ക് അവസാനമായൊന്നു നോക്കി കണ്ണ് ഞാന്‍ പിന്‍വലിച്ചു.


അല്ലാഹ്! പുലര്‍ച്ചെ ബാംഗ്ലൂര്‍ എത്തുന്നത് വരെ ഇങ്ങനെ നില്‍ക്കാനാണോ വിധി? ഐലന്റില്‍ കയറുന്ന ഏതൊരാളുടെയും മനസിലൂടെ കടന്നു പോകുന്നൊരു ചോദ്യമാണിത്. എന്‍റെ ചിന്തക്ക് തീപടര്‍ന്നു.. അപ്പോഴാണ്‌ ഒരു കോളേജ്‌ കുമാരനും കുമാരിയും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കണ്ടത്. 'കിട്ടിപ്പോയി സീറ്റ്' എന്ന മട്ടില്‍ ഒരു വൃദ്ധന്‍ ഇരിക്കാന്‍ ചെന്നപ്പോഴേക്കും അവര്‍ കൈയിലുണ്ടായിരുന്ന ബാഗ്‌ അവിടെ വെച്ചു. വൃദ്ധന്‍ നെറ്റിചുളിച്ചു..നെടുവീര്‍പ്പിട്ടു. കമിതാക്കള്‍ രണ്ട് പേരും ബാത്ത്റൂം ലക്ഷ്യമാക്കി നീങ്ങി. ഡോര്‍ തുറന്ന് അവള്‍ ആദ്യം അകത്ത് കടന്നു. നീ പോയിവാ എന്നിട്ടാകാം ഞാന്‍ എന്ന മട്ടില്‍ നിന്നിരുന്ന തന്‍റെ കാമുകനെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ച് കതകടച്ചു. ശ്വാസമടക്കിപ്പിടിച്ച് രംഗം നോക്കിനിന്ന യാത്രക്കാര്‍ മുഖത്തോടുമുഖം നോക്കി. പിന്നെ എല്ലാവരും ഒരു കെട്ട ചിരിയും പാസ്സാക്കി പുറത്തോട്ടു നോക്കിയിരുന്നു.(തുടരും)



അടുത്ത ലക്കം "ഫാസ്റ്റ്ഫുഡ് ലവ് സ്റ്റോറി"

Monday, July 19, 2010

ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം


ബാംഗ്ലൂര്‍ ഡയറി.  ഭാഗം-5
സമയം രാവിലെ പത്തു മണി. ആലുവ റയില്‍വെ സ്റ്റേഷനില്‍, ബാംഗ്ലൂരിലേക്കുള്ള ഇന്റര്‍സിറ്റി കാത്തുനില്‍കുമ്പോള്‍ മനസ്സില്‍ ഒരുപാട് കണക്കുകൂട്ടലുകളായിരുന്നു. നാട്ടില്‍ ലീവ് ആസ്വദിച്ച് തീര്‍ന്നതിനാല്‍ ദിവസങ്ങള്‍ അതിക്രമിച്ചതറിഞ്ഞില്ല. ഇനി എത്രയും പെട്ടന്ന് ജോലിസ്ഥലങ്ങളില്‍ അറ്റന്‍ഡ് ചെയ്യലാണ് ബുദ്ധിയെന്ന് മനസ്സ്‌ മന്ത്രിച്ചു. അല്ലാത്ത പക്ഷം മദ്റസ, വെബ്‌ ഡവലപ്പിംഗ് കമ്പനി എല്ലാം എനിക്കുമുന്നില്‍ പിരിച്ചുവിടലിന്‍റെ കൊടുവാളോങ്ങുമെന്ന് ഞാനുറപ്പിച്ചു. അന്നത്തെ മദ്റസാ ക്ലാസിലെത്താന്‍ എനിക്ക് കഴിയുമോ ഇല്ലയോ എന്ന നൂല്‍പാലത്തിലായിരുന്നു മനസ്സിന്‍റെ ചാഞ്ചാട്ടം.


മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗ്ലൂരിലെ നീലസാന്ദ്രയെന്ന സ്ഥലത്തെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പതിനെട്ടോളം മദ്രസകളുടെ കേന്ദ്രമദ്റസയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. സാധാരണ മദ്റസ തുടങ്ങുന്നത് വൈകുന്നേരം ഏഴു മണിക്കാണ്. റമളാനില്‍ അത് ഒമ്പത് മണിയിലേക്ക് നീളും. വീട്ടില്‍ നിന്ന് ഞാന്‍ പുറപ്പെടുന്നത് നോമ്പ് രണ്ടിനായിരുന്നു. രാവിലെ പത്തുമണിക്ക് ആലുവയില്‍ നിന്ന് പുറപ്പെട്ട ട്രൈന്‍ തമിഴ്നാടിന്‍റെ അതിര്‍ത്തിയും കര്‍ണാടകയുടെ പ്രവേശന സ്ഥലവുമായ ഹൊസൂരിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴ് മണിയായിട്ടുണ്ടാകും. പിന്നെ അവിടന്ന് ബംഗ്ലൂര്‍ സിറ്റിയിലേക്ക് നിസാര കിലോമീറ്ററുകളെ ഉള്ളൂയെങ്കിലും ഒരു മണിക്കൂറിനടുത്താണ് അങ്ങോട്ട്‌ ഓടിയെത്തനുള്ള സമയം. അഥവാ ട്രൈന്‍ ബംഗ്ലൂരിലെത്തുംമ്പോഴേക്കും സമയം ഒമ്പത്‌ മണിയോടടുക്കും. അങ്ങിനെ ഒമ്പതിന് അവിടെ ട്രൈനിറങ്ങി ശേഷം ബസ്സ്‌ കയറി മദ്റസയിലെത്തുംമ്പോഴേക്കും സമയം പത്തുമണിയായിട്ടുണ്ടാകും. ഇത് ഒഴിവാക്കാനായി ഏഴ് മണിക്ക് ഹൊസൂരിലിറങ്ങി ബസ്സ്‌ മാര്‍ഗം പോകുകയാണെങ്കില്‍ എട്ടരയോടെ മദ്റസയിലെത്താനാകും എന്ന് ഞാന്‍ കണക്കുകൂട്ടി. ഇതിനുവേണ്ടി ഞാന്‍ ഹൊസൂരിലിറങ്ങി. റയില്‍വേ സ്റ്റേഷന് പുറത്ത് കടന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച്‌ ബസ്സ്‌സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നീങ്ങി. ഇരുപത് രൂപ കൊടുത്ത് ഓട്ടോക്കാരനെ പറഞ്ഞയച്ചു. രണ്ടു മൂന്നു ഗല്ലികള്‍ മുറിച്ചു കടന്നാല്‍ സ്റ്റാന്റിലെത്താമെന്നും പറഞ്ഞ് അദ്ദേഹം എന്നില്‍ നിന്നും മറഞ്ഞു. പല ഗല്ലികളിലൂടെ നടന്നിട്ടും പുറപ്പെട്ട സ്ഥലത്തു തന്നെയെത്തിയപ്പോള്‍ ഞാനൊന്നു വിയര്‍ത്തു. ഒടുവില്‍ ആരോ ചൂണ്ടിക്കാണിച്ചു തന്നു. ആ കാണുന്ന ഓവര്‍ബ്രിഡ്‌ജിനു താഴെയുള്ള റോഡാണ് ബസ്സ്‌ സ്റ്റാന്‍റെന്ന്.
ഒരുവിധത്തില്‍ അവിടെ ചെന്ന് സിറ്റി ബസ്സിനായി കാത്തുനിന്നു. എന്‍റെ കയ്യിലുള്ള മന്തിലി പാസ്സ് കൊണ്ട് ബാംഗ്ലൂരിലെവിടെയും സഞ്ചരിക്കാമെന്ന സൌകര്യമുള്ളതിനാലും കൂടിയായിരുന്നു ഞാന്‍ ഹൊസൂരിലിറങ്ങിയതും സിറ്റി ബസ്സ്‌ കാത്തു നിന്നതും. എന്‍റെ ഊഹങ്ങളെല്ലാം അബദ്ധത്തില്‍ പിണഞ്ഞിരിക്കുന്നുവെന്ന് അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ബുസ്സുകാര്‍ പറഞ്ഞു: ഇത് തമിഴ്നാടാ...ഇവിടെയെന്ത് ബാംഗ്ലൂര്‍ പാസ്സ്? അബദ്ധമോര്‍ത്ത് ലജ്ജിച്ചുവെന്നല്ലാതെ മറ്റെന്ത് ചെയാന്‍! പാസ്സ് ഉപയോഗപ്പെടാതെ വന്നസ്ഥിതിക്ക് കാശ് കൊടുത്ത് പോകാമെന്ന് കരുതി പോക്കറ്റില്‍ കാശ് നോക്കിയപ്പോള്‍ കാശില്ല. ശരീരമാസകലം തരിച്ചുപോയ നിമിഷം! കയ്യിലെ കാശ് മുഴുവന്‍ ട്രെയിനില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടിരുന്നു. എന്തുചെയ്യാന്‍? ഉള്ള പാസ്സ് ഉപകാരപ്പെട്ടില്ല. മുന്നോട്ടു പോകാന്‍ കയ്യില്‍ പണവുമില്ല. കടം ചോദിക്കാന്‍ പരിചയമുള്ള മുഖങ്ങളില്ല. ജീവിതത്തില്‍ ആദ്യമായാണ്‌ ഹൊസൂര്‍ കാണുന്നതുതന്നെ. ചെറിയൊരു ആശ്വാസമെന്നോണം ആര്‍ക്കെങ്കിലും വിളിച്ച് കാര്യമറിയിക്കാമെന്നു കരുതി കയ്യിലെ മൊബൈലില്‍ നിന്ന് സുഹൃത്തിന്‍റെ നമ്പറിലേക്ക്‌ ടയല്‍ ചെയ്തപ്പോള്‍ ബാലന്സില്ലായെന്ന ഞെട്ടിക്കുന്ന ശബ്ദമാണ് കേള്‍ക്കുന്നത്. മുന്നില്‍ ചിരിച്ച് കളിച്ച് പോകുന്ന ഈവനിംഗ് സ്റ്റുടന്‍ട്സുകളും മദ്യലഹരിയില്‍ ആടിത്തിമിര്‍ത്തു പോകുന്ന വൃദ്ധരും ഫുട്പാത്തിലെ കച്ചവടക്കാരുമെല്ലാം എന്നോട് പല്ലിളിച്ച് കാട്ടുന്നതുപോലെ തോന്നി. ആരോടെങ്കിലും ഉള്ളുതുറന്ന് കാര്യം പറയാനാണെങ്കില്‍ ഭാഷ വലിയൊരു വിലങ്ങുതടിയായി മുന്നില്‍ നില്‍ക്കുന്നു. തീര്‍ത്തും ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടലിന്‍റെ വിശാല ലോകത്ത് ഞാന്‍ തനിച്ചായിരിക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യചിഹ്നം എന്‍റെ മുന്നില്‍ ഇരുള്‍ പരത്തിക്കൊണ്ടിരിക്കുംമ്പോഴാണ് മറ്റൊരു പോംവഴി കാണുന്നത്. തല്‍കാലം ഒരു ഓട്ടോറിക്ഷ വിളിച്ചെങ്കിലും പോയി അവിടെ ചെന്നിട്ട് കാശു കൊടുക്കാമെന്ന്. അങ്ങിനെ പ്രതീക്ഷയോടെ അതിലേറെ ആശങ്കയോടെ ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ ഓട്ടോക്കാരനെ സമീപിച്ചപ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സങ്കടവും ദേഷ്യവുമെല്ലാം അണപൊട്ടിയൊഴുകിയ നിമിഷം..അവര്‍ പറഞ്ഞു: 'ഇത് തമിഴ്നാട്. പെര്‍മിറ്റില്ലാതെ കര്‍ണാടകത്തിലേക്ക് വണ്ടി ഓടില്ല തമ്പീ.' പോരാത്തതിന് അവരുടെ പരിഹാസത്തിന്‍റെ കമന്‍റുകളും..അന്നേരം തീര്‍ത്തും ഞാന്‍ തകര്‍ന്നിരുന്നു.
ബാഗും ഒപ്പം സങ്കടത്തിന്‍റെ ബാണ്‍ഡവും പേറി ഫൂട്ട് പാത്തിലൂടെ അലക്ഷ്യമായി നടക്കുമ്പോള്‍ മുന്നില്‍ മരീചികകള്‍ മാത്രം...ഹിജഡകള്‍ വന്നുകൊണ്ട് എനിക്കുമുന്നില്‍ കൈനീട്ടി യാചിച്ചപ്പോള്‍..തിരിച്ചങ്ങോട്ടും യാചിക്കാന്‍ തോന്നി. ഏതൊരു മനസിന്‍റെയും ദിശ മാറിയൊഴുകുന്ന സന്ദര്‍ഭം...എന്തിനും മടിക്കാത്ത സന്ദര്‍ഭം..ദൈര്യം വീണുകിട്ടിയ ഏതോ ഒരു സെക്കന്റില്‍ മറ്റൊരു ആശയം മനസ്സില്‍ വന്നു. വന്ന ട്രൈന്‍ ടിക്കറ്റ്‌ കൊണ്ട് ബംഗ്ലൂരിലേക്ക് ട്രൈന്‍ കയറുക. അതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് തന്നെ മടങ്ങിയെത്തിയപ്പോള്‍ സമയം 9 മണി. ഒരു പോര്‍ട്ടര്‍ പറഞ്ഞു: 7 മണിക്കുള്ള ഇന്റര്‍സിറ്റിക്കു ശേഷം ഇനി ബംഗ്ലൂര്‍ ഭാഗത്തേക്ക് ട്രൈനില്ല. നാളെ രാവിലെ 5 മണിക്കാണ് ഇനി അടുത്ത വണ്ടി. അങ്ങിനെ ആ പ്രതീക്ഷയും അസ്തമിച്ചു.

എന്തുചെയ്യാന്‍..ഒറ്റപ്പെടലിന്‍റെ തുരുത്തില്‍ നിന്ന് ഞാന്‍ വാവിട്ടുകരഞ്ഞു..പക്ഷെ, ആരു കേള്‍ക്കാന്‍.? അന്നേരം ഒരുപാട് മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. 50 പൈസക്ക് യാചിക്കുന്നവര്‍..ഒരു 10 രൂപ തരുമോയെന്നു ചോദിച്ചവര്‍..കുടുങ്ങിയതാണ് ഒരു 50 രൂപ തരുമോയെന്നു ചോദിച്ചവര്‍..അത്തരക്കാരെയും പഴിചാരിക്കൂടായെന്നു ബോധ്യപ്പെട്ട നിമിഷം. യാചനയുടെ പടിവാതുക്കല്‍ നിന്നു കൊണ്ട് കൈയിട്ടു വീശാന്‍ ഞാന്‍ മടിച്ചില്ല. ഒരു 10 രൂപയ്ക്കു വേണ്ടി. പക്ഷെ മനസ്സ്‌ എന്നെ തടുത്തു നിര്‍ത്തി. യാചനയെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്ന രംഗം മനസ്സില്‍ ഓളംവെട്ടികൊണ്ടിരുന്നു..
ഒടുവില്‍ പോക്കറ്റില്‍ കിടന്നിരുന്ന 3 രൂപ കോയിനിലായി മുഴുവന്‍ പ്രതീക്ഷകളും. അതുമായി ഞാന്‍ കോയിന്‍ ബോക്സില്‍ ചെന്ന് നാട്ടിലേക്ക് വിളിച്ചു. പക്ഷെ ആദ്യവും രണ്ടാം തവണയും ഇട്ട കോയിനുകളുടെ പ്രതികരണമൊന്നുമുണ്ടായില്ല. അങ്ങിനെ ആ 2 രണ്ടു രൂപയും നഷ്ടമായി. ശേഷിച്ച 1 രൂപ നാണയവുമായി..ഒന്നുകില്‍ ഇതെന്‍റെ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടും അല്ലെങ്കില്‍ രക്ഷപ്പെടുമെന്ന മനപ്രാര്‍ത്ഥനയോടെ അടുത്ത കോയിന്‍ ബോക്സില്‍ ചെന്ന് നാട്ടിലേക്ക് വിളിച്ചു. മൊബൈലില്‍ റീചാര്‍ജു ചെയ്യണമെന്ന് എമര്‍ജന്‍സി സ്വരത്തില്‍ ഞാന്‍ അട്ടഹസിച്ചു. ഒരു രൂപക്ക്‌ എത്രത്തോളം മൂല്യമുണ്ടെന്ന് അനുഭവിച്ചറിഞ്ഞ സന്ദര്‍ഭം.

ഒടുവില്‍ ഭാഗ്യ രേഖയുടെ സൂചി ചലിക്കാന്‍ തുടങ്ങി. വീട്ടുകാര്‍ ഉടന്‍ റീച്ചാര്‍ജ്‌ ചെയ്തു. ബാംഗ്ലൂരിലെ സുഹൃത്തിനു വിളിച്ച് കാര്യങ്ങളറിയിച്ചു. അദ്ദേഹം ഹോസൂരിലെ മലയാളി പള്ളിയിലെ ഖത്വീബുമായി ബന്ധപ്പെട്ടു. അദ്ദേഹം എന്നെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് തറാവീഹ് നിസ്കാര ശേഷം ഞാന്‍ അവിടെ പ്രസംഗിച്ചു. 800 രൂപയും കിട്ടി. പോകറ്റടിച്ചുപോയ 200 നു പകരം അള്ളാഹു 800 തന്നു. 1 രൂപയിലൂടെ വീണു കിട്ടിയ പുതുജീവന്‍. എങ്കിലും മദ്റസയിലെത്താന്‍ സമയം ലാഭിച്ചത് പെരും നഷ്ടത്തിലായല്ലോയെന്ന ഇളിഭ്യത ഒരു പാഠമായി ശേഷിക്കുന്നു.