ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം

Posted by SiM Media on 10:02 PM with 3 comments

ബാംഗ്ലൂര്‍ ഡയറി.  ഭാഗം-5
സമയം രാവിലെ പത്തു മണി. ആലുവ റയില്‍വെ സ്റ്റേഷനില്‍, ബാംഗ്ലൂരിലേക്കുള്ള ഇന്റര്‍സിറ്റി കാത്തുനില്‍കുമ്പോള്‍ മനസ്സില്‍ ഒരുപാട് കണക്കുകൂട്ടലുകളായിരുന്നു. നാട്ടില്‍ ലീവ് ആസ്വദിച്ച് തീര്‍ന്നതിനാല്‍ ദിവസങ്ങള്‍ അതിക്രമിച്ചതറിഞ്ഞില്ല. ഇനി എത്രയും പെട്ടന്ന് ജോലിസ്ഥലങ്ങളില്‍ അറ്റന്‍ഡ് ചെയ്യലാണ് ബുദ്ധിയെന്ന് മനസ്സ്‌ മന്ത്രിച്ചു. അല്ലാത്ത പക്ഷം മദ്റസ, വെബ്‌ ഡവലപ്പിംഗ് കമ്പനി എല്ലാം എനിക്കുമുന്നില്‍ പിരിച്ചുവിടലിന്‍റെ കൊടുവാളോങ്ങുമെന്ന് ഞാനുറപ്പിച്ചു. അന്നത്തെ മദ്റസാ ക്ലാസിലെത്താന്‍ എനിക്ക് കഴിയുമോ ഇല്ലയോ എന്ന നൂല്‍പാലത്തിലായിരുന്നു മനസ്സിന്‍റെ ചാഞ്ചാട്ടം.


മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗ്ലൂരിലെ നീലസാന്ദ്രയെന്ന സ്ഥലത്തെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പതിനെട്ടോളം മദ്രസകളുടെ കേന്ദ്രമദ്റസയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. സാധാരണ മദ്റസ തുടങ്ങുന്നത് വൈകുന്നേരം ഏഴു മണിക്കാണ്. റമളാനില്‍ അത് ഒമ്പത് മണിയിലേക്ക് നീളും. വീട്ടില്‍ നിന്ന് ഞാന്‍ പുറപ്പെടുന്നത് നോമ്പ് രണ്ടിനായിരുന്നു. രാവിലെ പത്തുമണിക്ക് ആലുവയില്‍ നിന്ന് പുറപ്പെട്ട ട്രൈന്‍ തമിഴ്നാടിന്‍റെ അതിര്‍ത്തിയും കര്‍ണാടകയുടെ പ്രവേശന സ്ഥലവുമായ ഹൊസൂരിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴ് മണിയായിട്ടുണ്ടാകും. പിന്നെ അവിടന്ന് ബംഗ്ലൂര്‍ സിറ്റിയിലേക്ക് നിസാര കിലോമീറ്ററുകളെ ഉള്ളൂയെങ്കിലും ഒരു മണിക്കൂറിനടുത്താണ് അങ്ങോട്ട്‌ ഓടിയെത്തനുള്ള സമയം. അഥവാ ട്രൈന്‍ ബംഗ്ലൂരിലെത്തുംമ്പോഴേക്കും സമയം ഒമ്പത്‌ മണിയോടടുക്കും. അങ്ങിനെ ഒമ്പതിന് അവിടെ ട്രൈനിറങ്ങി ശേഷം ബസ്സ്‌ കയറി മദ്റസയിലെത്തുംമ്പോഴേക്കും സമയം പത്തുമണിയായിട്ടുണ്ടാകും. ഇത് ഒഴിവാക്കാനായി ഏഴ് മണിക്ക് ഹൊസൂരിലിറങ്ങി ബസ്സ്‌ മാര്‍ഗം പോകുകയാണെങ്കില്‍ എട്ടരയോടെ മദ്റസയിലെത്താനാകും എന്ന് ഞാന്‍ കണക്കുകൂട്ടി. ഇതിനുവേണ്ടി ഞാന്‍ ഹൊസൂരിലിറങ്ങി. റയില്‍വേ സ്റ്റേഷന് പുറത്ത് കടന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച്‌ ബസ്സ്‌സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നീങ്ങി. ഇരുപത് രൂപ കൊടുത്ത് ഓട്ടോക്കാരനെ പറഞ്ഞയച്ചു. രണ്ടു മൂന്നു ഗല്ലികള്‍ മുറിച്ചു കടന്നാല്‍ സ്റ്റാന്റിലെത്താമെന്നും പറഞ്ഞ് അദ്ദേഹം എന്നില്‍ നിന്നും മറഞ്ഞു. പല ഗല്ലികളിലൂടെ നടന്നിട്ടും പുറപ്പെട്ട സ്ഥലത്തു തന്നെയെത്തിയപ്പോള്‍ ഞാനൊന്നു വിയര്‍ത്തു. ഒടുവില്‍ ആരോ ചൂണ്ടിക്കാണിച്ചു തന്നു. ആ കാണുന്ന ഓവര്‍ബ്രിഡ്‌ജിനു താഴെയുള്ള റോഡാണ് ബസ്സ്‌ സ്റ്റാന്‍റെന്ന്.
ഒരുവിധത്തില്‍ അവിടെ ചെന്ന് സിറ്റി ബസ്സിനായി കാത്തുനിന്നു. എന്‍റെ കയ്യിലുള്ള മന്തിലി പാസ്സ് കൊണ്ട് ബാംഗ്ലൂരിലെവിടെയും സഞ്ചരിക്കാമെന്ന സൌകര്യമുള്ളതിനാലും കൂടിയായിരുന്നു ഞാന്‍ ഹൊസൂരിലിറങ്ങിയതും സിറ്റി ബസ്സ്‌ കാത്തു നിന്നതും. എന്‍റെ ഊഹങ്ങളെല്ലാം അബദ്ധത്തില്‍ പിണഞ്ഞിരിക്കുന്നുവെന്ന് അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ബുസ്സുകാര്‍ പറഞ്ഞു: ഇത് തമിഴ്നാടാ...ഇവിടെയെന്ത് ബാംഗ്ലൂര്‍ പാസ്സ്? അബദ്ധമോര്‍ത്ത് ലജ്ജിച്ചുവെന്നല്ലാതെ മറ്റെന്ത് ചെയാന്‍! പാസ്സ് ഉപയോഗപ്പെടാതെ വന്നസ്ഥിതിക്ക് കാശ് കൊടുത്ത് പോകാമെന്ന് കരുതി പോക്കറ്റില്‍ കാശ് നോക്കിയപ്പോള്‍ കാശില്ല. ശരീരമാസകലം തരിച്ചുപോയ നിമിഷം! കയ്യിലെ കാശ് മുഴുവന്‍ ട്രെയിനില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടിരുന്നു. എന്തുചെയ്യാന്‍? ഉള്ള പാസ്സ് ഉപകാരപ്പെട്ടില്ല. മുന്നോട്ടു പോകാന്‍ കയ്യില്‍ പണവുമില്ല. കടം ചോദിക്കാന്‍ പരിചയമുള്ള മുഖങ്ങളില്ല. ജീവിതത്തില്‍ ആദ്യമായാണ്‌ ഹൊസൂര്‍ കാണുന്നതുതന്നെ. ചെറിയൊരു ആശ്വാസമെന്നോണം ആര്‍ക്കെങ്കിലും വിളിച്ച് കാര്യമറിയിക്കാമെന്നു കരുതി കയ്യിലെ മൊബൈലില്‍ നിന്ന് സുഹൃത്തിന്‍റെ നമ്പറിലേക്ക്‌ ടയല്‍ ചെയ്തപ്പോള്‍ ബാലന്സില്ലായെന്ന ഞെട്ടിക്കുന്ന ശബ്ദമാണ് കേള്‍ക്കുന്നത്. മുന്നില്‍ ചിരിച്ച് കളിച്ച് പോകുന്ന ഈവനിംഗ് സ്റ്റുടന്‍ട്സുകളും മദ്യലഹരിയില്‍ ആടിത്തിമിര്‍ത്തു പോകുന്ന വൃദ്ധരും ഫുട്പാത്തിലെ കച്ചവടക്കാരുമെല്ലാം എന്നോട് പല്ലിളിച്ച് കാട്ടുന്നതുപോലെ തോന്നി. ആരോടെങ്കിലും ഉള്ളുതുറന്ന് കാര്യം പറയാനാണെങ്കില്‍ ഭാഷ വലിയൊരു വിലങ്ങുതടിയായി മുന്നില്‍ നില്‍ക്കുന്നു. തീര്‍ത്തും ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടലിന്‍റെ വിശാല ലോകത്ത് ഞാന്‍ തനിച്ചായിരിക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യചിഹ്നം എന്‍റെ മുന്നില്‍ ഇരുള്‍ പരത്തിക്കൊണ്ടിരിക്കുംമ്പോഴാണ് മറ്റൊരു പോംവഴി കാണുന്നത്. തല്‍കാലം ഒരു ഓട്ടോറിക്ഷ വിളിച്ചെങ്കിലും പോയി അവിടെ ചെന്നിട്ട് കാശു കൊടുക്കാമെന്ന്. അങ്ങിനെ പ്രതീക്ഷയോടെ അതിലേറെ ആശങ്കയോടെ ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ ഓട്ടോക്കാരനെ സമീപിച്ചപ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സങ്കടവും ദേഷ്യവുമെല്ലാം അണപൊട്ടിയൊഴുകിയ നിമിഷം..അവര്‍ പറഞ്ഞു: 'ഇത് തമിഴ്നാട്. പെര്‍മിറ്റില്ലാതെ കര്‍ണാടകത്തിലേക്ക് വണ്ടി ഓടില്ല തമ്പീ.' പോരാത്തതിന് അവരുടെ പരിഹാസത്തിന്‍റെ കമന്‍റുകളും..അന്നേരം തീര്‍ത്തും ഞാന്‍ തകര്‍ന്നിരുന്നു.
ബാഗും ഒപ്പം സങ്കടത്തിന്‍റെ ബാണ്‍ഡവും പേറി ഫൂട്ട് പാത്തിലൂടെ അലക്ഷ്യമായി നടക്കുമ്പോള്‍ മുന്നില്‍ മരീചികകള്‍ മാത്രം...ഹിജഡകള്‍ വന്നുകൊണ്ട് എനിക്കുമുന്നില്‍ കൈനീട്ടി യാചിച്ചപ്പോള്‍..തിരിച്ചങ്ങോട്ടും യാചിക്കാന്‍ തോന്നി. ഏതൊരു മനസിന്‍റെയും ദിശ മാറിയൊഴുകുന്ന സന്ദര്‍ഭം...എന്തിനും മടിക്കാത്ത സന്ദര്‍ഭം..ദൈര്യം വീണുകിട്ടിയ ഏതോ ഒരു സെക്കന്റില്‍ മറ്റൊരു ആശയം മനസ്സില്‍ വന്നു. വന്ന ട്രൈന്‍ ടിക്കറ്റ്‌ കൊണ്ട് ബംഗ്ലൂരിലേക്ക് ട്രൈന്‍ കയറുക. അതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് തന്നെ മടങ്ങിയെത്തിയപ്പോള്‍ സമയം 9 മണി. ഒരു പോര്‍ട്ടര്‍ പറഞ്ഞു: 7 മണിക്കുള്ള ഇന്റര്‍സിറ്റിക്കു ശേഷം ഇനി ബംഗ്ലൂര്‍ ഭാഗത്തേക്ക് ട്രൈനില്ല. നാളെ രാവിലെ 5 മണിക്കാണ് ഇനി അടുത്ത വണ്ടി. അങ്ങിനെ ആ പ്രതീക്ഷയും അസ്തമിച്ചു.

എന്തുചെയ്യാന്‍..ഒറ്റപ്പെടലിന്‍റെ തുരുത്തില്‍ നിന്ന് ഞാന്‍ വാവിട്ടുകരഞ്ഞു..പക്ഷെ, ആരു കേള്‍ക്കാന്‍.? അന്നേരം ഒരുപാട് മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. 50 പൈസക്ക് യാചിക്കുന്നവര്‍..ഒരു 10 രൂപ തരുമോയെന്നു ചോദിച്ചവര്‍..കുടുങ്ങിയതാണ് ഒരു 50 രൂപ തരുമോയെന്നു ചോദിച്ചവര്‍..അത്തരക്കാരെയും പഴിചാരിക്കൂടായെന്നു ബോധ്യപ്പെട്ട നിമിഷം. യാചനയുടെ പടിവാതുക്കല്‍ നിന്നു കൊണ്ട് കൈയിട്ടു വീശാന്‍ ഞാന്‍ മടിച്ചില്ല. ഒരു 10 രൂപയ്ക്കു വേണ്ടി. പക്ഷെ മനസ്സ്‌ എന്നെ തടുത്തു നിര്‍ത്തി. യാചനയെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്ന രംഗം മനസ്സില്‍ ഓളംവെട്ടികൊണ്ടിരുന്നു..
ഒടുവില്‍ പോക്കറ്റില്‍ കിടന്നിരുന്ന 3 രൂപ കോയിനിലായി മുഴുവന്‍ പ്രതീക്ഷകളും. അതുമായി ഞാന്‍ കോയിന്‍ ബോക്സില്‍ ചെന്ന് നാട്ടിലേക്ക് വിളിച്ചു. പക്ഷെ ആദ്യവും രണ്ടാം തവണയും ഇട്ട കോയിനുകളുടെ പ്രതികരണമൊന്നുമുണ്ടായില്ല. അങ്ങിനെ ആ 2 രണ്ടു രൂപയും നഷ്ടമായി. ശേഷിച്ച 1 രൂപ നാണയവുമായി..ഒന്നുകില്‍ ഇതെന്‍റെ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടും അല്ലെങ്കില്‍ രക്ഷപ്പെടുമെന്ന മനപ്രാര്‍ത്ഥനയോടെ അടുത്ത കോയിന്‍ ബോക്സില്‍ ചെന്ന് നാട്ടിലേക്ക് വിളിച്ചു. മൊബൈലില്‍ റീചാര്‍ജു ചെയ്യണമെന്ന് എമര്‍ജന്‍സി സ്വരത്തില്‍ ഞാന്‍ അട്ടഹസിച്ചു. ഒരു രൂപക്ക്‌ എത്രത്തോളം മൂല്യമുണ്ടെന്ന് അനുഭവിച്ചറിഞ്ഞ സന്ദര്‍ഭം.

ഒടുവില്‍ ഭാഗ്യ രേഖയുടെ സൂചി ചലിക്കാന്‍ തുടങ്ങി. വീട്ടുകാര്‍ ഉടന്‍ റീച്ചാര്‍ജ്‌ ചെയ്തു. ബാംഗ്ലൂരിലെ സുഹൃത്തിനു വിളിച്ച് കാര്യങ്ങളറിയിച്ചു. അദ്ദേഹം ഹോസൂരിലെ മലയാളി പള്ളിയിലെ ഖത്വീബുമായി ബന്ധപ്പെട്ടു. അദ്ദേഹം എന്നെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് തറാവീഹ് നിസ്കാര ശേഷം ഞാന്‍ അവിടെ പ്രസംഗിച്ചു. 800 രൂപയും കിട്ടി. പോകറ്റടിച്ചുപോയ 200 നു പകരം അള്ളാഹു 800 തന്നു. 1 രൂപയിലൂടെ വീണു കിട്ടിയ പുതുജീവന്‍. എങ്കിലും മദ്റസയിലെത്താന്‍ സമയം ലാഭിച്ചത് പെരും നഷ്ടത്തിലായല്ലോയെന്ന ഇളിഭ്യത ഒരു പാഠമായി ശേഷിക്കുന്നു.