Showing posts with label കുടുംബം. Show all posts
Showing posts with label കുടുംബം. Show all posts

Tuesday, September 2, 2014

രക്ത മുലകുടി വിവാഹ ബന്ധങ്ങള്‍ ഭാഗം 2

                                                 രക്തബന്ധം 
രക്തബന്ധംകൊണ്ട് നിഷിദ്ധമാകുന്നവര്‍ ഏഴ് വിഭാഗമാണെന്ന് മുമ്പ് പ്രസ്താവിച്ചുവല്ലോ അവയുടെ വിശദീകരണം താഴെ ചേര്‍ക്കുന്നു.

  1. പുരുഷന് അവന്‍റെ ഉമ്മ, പിതാമഹി(പിതാവിന്‍റെ മാതാവ്)മാതാമഹി(മാതാവിന്‍റെ മാതാവ്)എന്നിവര്‍ എത്ര മേല്‍പ്പോട്ടുള്ളവരായാലും നിഷിദ്ധമാണ്. സ്ത്രീക്ക് അവളുടെ മകനും മകന്‍റെയോ മകളുടെയോ മക്കളും എത്ര കീഴ്പ്പോട്ടുള്ളവരായാലും നിഷിദ്ധമാണെന്ന് ഇതില്‍ നിന്ന്‍ വ്യക്തമാണ്.
  2. മകള്‍, അടുത്തതോ അകന്നതോ ആയ മകന്‍റെയോ മകളുടെയോ പെണ്മക്കള്‍. അപ്പോള്‍ പിതാവ്, പിതാമഹന്മാര്‍, മാതാമഹന്‍മാര്‍, (അടുത്തതും അകന്നതും) എന്നിവര്‍ സ്ത്രീയുടെ മേല്‍ ഹറാമാണ്.
  3. പിതാവും, മാതാവും ഒത്ത സഹോദരി, പിതാവ് ഒത്ത സഹോദരി, മാതാവ് ഒത്ത സഹോദരി എന്നിവര്‍ അവന്‍റെ മേല്‍ ഹറാമാകുമ്പോള്‍ പിതാവും മാതാവും ഒത്ത സഹോദരന്‍, മാതാവോ പിതാവോ ഒത്ത സഹോദരന്‍ എന്നിവരാണ് അവളുടെ മേല്‍ ഹറാമാകുന്നത്.
  4. അവന്‍റെ സഹോദരന്മാരുടെ പെണ്‍മക്കള്‍, സഹോദരന്മാരുടെ അടുത്തതോ അകന്നതോ ആയ ആണ്‍മക്കളുടെയോ പെണ്മക്കളുടെയോ പെണ്മക്കള്‍, അതനുസരിച്ച് അവളുടെ പിതൃവ്യന്‍ (എളാപ്പ മൂത്താപ്പമാര്‍) പിതാവിന്‍റെയോ മാതാവിന്‍റെയോ  പിതൃവ്യന്‍ എന്നിവര്‍ അവളുടെ മേല്‍ നിഷിദ്ധമാണ്.
  5. സഹോദരിമാരുടെ പെണ്‍മക്കള്‍, സഹോദരിമാരുടെ അടുത്തതോ അകന്നതോ ആയ ആണ്‍മക്കളുടെയോ പെണ്മക്കളുടെയോ പെണ്മക്കള്‍, അഥവാ സ്ത്രീയുടെ അമ്മാവനും മാതാപിതാക്കളുടെ അമ്മാവന്മാരും അവളുടെ മേല്‍ ഹറാമാകുന്നു.
  6. അടുത്തതോ അകന്നതോ ആയ പിതൃസഹോദരികള്‍,(അമ്മായികള്‍)പിതാവിന്‍റെ മാതാവും പിതാവും ഒത്തതോ രണ്ടിലൊന്ന് ഒത്തതോ ആയ സഹോദരി അടുത്ത അമ്മായിയും പിതാമാതാമഹന്മാരുടെ മൂന്ന്‍ രൂപത്തിലുള്ള സഹോദരിമാര്‍ അകന്ന അമ്മായികളുമാണ്. പ്രസ്തുത രണ്ടു വിഭാഗവും നിഷിദ്ധമായവരില്‍ പെടുന്നു. അപ്പോള്‍ സ്ത്രീയുടെ മേല്‍ അവളുടെ മൂന്നാലൊരു സഹോദരന്‍റെ പുത്രനും പ്രസ്തുത സഹോദരന്‍റെ അടുത്തതോ അകന്നതോ ആയ മകന്‍റെയോ മകളുടെയോ പുത്രന്മാരും നിഷിദ്ധമാകുന്നു.
  7. വിദൂരമായതോ അല്ലാത്തതോ ആയ മാതൃസഹോദരികള്‍,(എളയുമ്മ, മൂത്തുമ്മ)ഉമ്മയുടെ സഹോദരികള്‍ അടുത്ത മാതൃസഹോദരികളും പിതാവിന്‍റെയോ മാതാവിന്‍റെയോ മാതൃസഹോദരികള്‍ അകന്ന മാതൃസഹോദരികളുമാണ്. മാതാവിന്‍റെ മൂന്നുരൂപത്തിലുള്ള (പൂര്‍ണ്ണമായത്, മാതാവോ പിതാവോ ഒത്തത്)സഹോദരികളും പിതാ മാതാമഹികളുടെ (എത്ര മേല്‍പ്പോട്ട് പോയാലും) മൂന്നുരൂപത്തിലുള്ള സഹോദരികളും ഇതില്‍പെടുന്നു. സ്ത്രീയുടെ മൂന്നുവിധേനയുള്ള സഹോദരിയുടെ പുത്രനും പ്രസ്തുത സഹോദരിയുടെ മകന്‍റെയോ മകളുടെയോ അടുത്തതും അകന്നതുമായ പുത്രന്മാരും അവളുടെ മേല്‍ ഹറാമാണെന്ന് ഇതില്‍നിന്ന്‍ വ്യക്തമാണ്. 


ഭാഗം 3 (തുടരും) 
..........................................................................................................................
അബ്ജദ് പ്രസിദ്ധീകരിച്ച കെ. മുഹമ്മദ്‌ ബാഖവി പൂക്കോട്ടൂര്‍ എന്നവരുടെ 'രക്ത മുലകുടി വിവാഹ ബന്ധങ്ങള്‍' എന്ന പുസ്തകത്തോട് കടപ്പാട്.

Sunday, August 31, 2014

രക്ത മുലകുടി വിവാഹ ബന്ധങ്ങള്‍ ഭാഗം 1

ബന്ധങ്ങള്‍
രക്ത മുലകുടി വിവാഹബന്ധങ്ങളിലൂടെ വിവാഹം നിഷിദ്ധമായി വരുന്നു. അത് ശാശ്വതമോ താല്‍ക്കാലികമോ ആവാം. ശാശ്വത നിഷിദ്ധമുള്ളവര്‍ മൂന്നു വിഭാഗമാണ്‌.

  1. രക്തബന്ധം മുഖേന നിഷിദ്ധമായവര്‍.
  2. മുലകുടി ബന്ധം മുഖേന നിഷിദ്ധമായവര്‍.
  3. വിവാഹ ബന്ധം മുഖേന നിഷിദ്ധമായവര്‍.
ഇതില്‍ ആദ്യത്തെ രണ്ട് ബന്ധം കൊണ്ടു ഹറാമായവര്‍ ഏഴുവിഭാഗം വീതവും മൂന്നാമത്തെ ബന്ധം കൊണ്ട് ഹറാമായവര്‍ നാലുവിഭാഗവും ചേര്‍ന്ന് ആകെ പതിനെട്ട് വിഭാഗം നിഷിദ്ധമാകുന്നു.

ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയോ ഒരേ സമയം ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കുകയോ ചെയ്യുമ്പോഴാണ് താല്‍ക്കാലിക നിഷിദ്ധമുല്‍ഭവിക്കുന്നത്. ഈ നിലയില്‍ മൂന്നു വിഭാഗം ഹറാമാണ്. അപ്പോള്‍ 21വിഭാഗം ആകെ ഹറാമായി വരുന്നു. ഇതില്‍ താല്‍ക്കാലിക ഹറാമുള്ളവരെ തൊട്ടാല്‍ മാത്രമേ വുളു മുറിയുകയുള്ളൂ. ശാശ്വത ഹറാമുള്ള 18 വിഭാഗത്തെ തൊട്ടാല്‍ വുളു മുറിയുകയില്ല. അവരെ കാണല്‍ അനുവദനീയമാണ്.


..........................................................................................................................
അബ്ജദ് പ്രസിദ്ധീകരിച്ച കെ. മുഹമ്മദ്‌ ബാഖവി പൂക്കോട്ടൂര്‍ എന്നവരുടെ 'രക്ത മുലകുടി വിവാഹ ബന്ധങ്ങള്‍' എന്ന പുസ്തകത്തോട് കടപ്പാട്.

Sunday, May 12, 2013

ഭാര്യയുടെ സൗന്ദര്യം മെച്ചപ്പെടുത്താന്‍

നിങ്ങളുടെ ഭാര്യയുടെ സൌന്ദര്യക്കുറവില്‍ നിങ്ങള്‍ വിഷമിക്കുന്നുവെങ്കില്‍ ഏറ്റവും നല്ല പരിഹാരം ഈ വീഡിയോ നല്‍കും.



Tuesday, June 19, 2012

ഒരു വിവാഹാല്‍ബം മിഴിതുറന്ന കഥ

കുടുംബത്തില്‍ നടന്നൊരു മൌലിദ് പ്രോഗ്രാമിന്‍റെ സി.ഡി എഡിറ്റിംഗിനായി ഞാന്‍ ഗുരുവായൂരിലുളള സ്റ്റുഡിയോയിലെത്തി. ഞങ്ങളുടെ ജില്ലയായ തൃശൂരിലെ പ്രസിദ്ധസ്ഥലമാണ് ഗുരുവായൂര്‍. അന്യമതക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. ഞാന്‍ ചെന്ന സ്റ്റുഡിയോയും ആ കൂട്ടത്തില്‍ പെട്ടതായിരുന്നു. ഞാനവിടെ എത്തിയപ്പോള്‍ ശീതീകരിച്ച ആധുനികസൌകര്യങ്ങളടങ്ങിയ വിശാലമായ സ്റ്റുഡിയോയില്‍ ഒരേസമയം 12 സിസ്റ്റങ്ങളില്‍ വീഡിയോ എഡിറ്റിംഗ് നടക്കുകയായിരുന്നു. ഉടനെ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍പെട്ടു. രണ്ടു സിസ്റ്റങ്ങളില്‍ അന്യമതക്കാരുടെ വിവാഹ പ്രോഗ്രാം വര്‍ക്ക് നടക്കുന്നതൊഴിച്ച് ബാക്കി 10 സിസ്റ്റങ്ങളിലും നടക്കുന്ന വര്‍ക്കുകള്‍ മുസ്‌ലിം  വീടുകളില്‍ നടന്നതായിരുന്നു. അതില്‍ ഒന്ന് പുര കൂടല്‍ ചടങ്ങിന്‍റെ വര്‍ക്ക്. ബാക്കി ഒമ്പതും വിവാഹ പ്രോഗ്രാമുകളുടെ വര്‍ക്കുകളായിരുന്നു.

ഇതുപറയുമ്പോള്‍ വിവാഹ ദിനത്തിലേയോ രാവിലേയോ പ്രോഗ്രാമുകളാണെന്ന് തെറ്റുദ്ധരിക്കരുത്. അതല്ല, വിവാഹ ശേഷം ദമ്പതിമാര്‍ പലസ്ഥലങ്ങളില്‍ പോയി അഭിനയിച്ച ആല്‍ബത്തെപറ്റിയാണ് പറഞ്ഞുവരുന്നത്. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം വധു വരന്മാര്‍ വീഡിയോഗ്രാഫറേയും കൂട്ടി കറങ്ങുകയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ ചെന്ന് നവമിധുനങ്ങള്‍ അഭിനയം തുടരുകയായി..ഓടിയും ഒളിച്ചും സ്വകാര്യം പറഞ്ഞും കൈകോര്‍ത്ത് പിടിച്ചും ആലിംഗനം നടത്തിയും അവരുടെ അഭിനയം പുരോഗമിക്കുമ്പോള്‍ ക്യമറക്കാരന്‍ കാമറക്കണ്ണുകള്‍ അവര്‍ക്കുനേരെ തിരിച്ച് എല്ലാം കൃത്യമായി ഒപ്പിയെടുക്കുന്നു. ഇക്കിളിപ്പെടുത്തുന്ന പാട്ടുകള്‍ കൂടി ബേഗ്രൌണ്ട്സോങ്ങായി ചേര്‍ക്കലോടെ സംഗതി വിവാഹ ആല്‍ബമെന്ന പേരില്‍ പൂര്‍ണ്ണമായി. ഈയടുത്തിടെ സമൂഹത്തില്‍ ഒരു വിപത്തായി ആഞ്ഞുവീശിയ ആല്‍ബഗാനങ്ങളെ അനുകരിച്ചാണ് ഈയൊരു നവ വിപത്തും തുടങ്ങിയിരിക്കുന്നത്.

ആല്‍ബ നിര്‍മ്മാണത്തിനായി ലൊക്കേഷനുകള്‍ കേന്ദ്രീകരിക്കുന്നതിനുള്ള ത്യാഗങ്ങള്‍ അനവധിയാണ്. ദിവസങ്ങളോളം ലോഡ്ജുകളില്‍ തങ്ങേണ്ടിവരുന്നു. നാമമാത്ര മുസ്ലിം വസ്ത്രങ്ങളും അല്ലാത്തവയുമടങ്ങുന്ന ഡസന്‍കണക്കിന് ഡ്രസ്സുകള്‍ വാങ്ങിക്കേണ്ടിവരുന്നു. മേക്കപ്പ് സാധനങ്ങള്‍ വേറേയും. ഏകദേശം പത്ത് മുതല്‍ ഇരുപതിനായിരം രൂപവരെ സാധാരണ രീതിയില്‍ ചിലവ് വരുന്നു. കാസര്‍ക്കോട്ട് ഭാഗത്തെത്തിയാല്‍ അത് അമ്പതിനായിരം വരെ ചിലവ് വരുന്നുവെന്ന് ക്യാമറക്കാരന്‍ പറയുന്നു. ഇതൊന്നുമില്ലാതെ നിസാര ചിലവില്‍ നിസാര സമയം കൊണ്ട് നിര്‍മ്മിക്കുന്നവരുമുണ്ട്. രണ്ടായാലും ഇസ്‌ലാമിക വീക്ഷണത്തില്‍ അതിന്‍റെ വിധി എന്തെന്നേ നമുക്കറിയേണ്ടതുള്ളൂ.

സ്റ്റുഡിയോയിലെ ഒമ്പത് സിസ്റ്റങ്ങളില്‍ അന്യമതത്തില്‍ പെട്ട ചെറുപ്പക്കാര്‍ ഈ വിവാഹ ആല്‍ബം എഡിറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്നെ അങ്ങേയെറ്റം വേദനിപ്പിച്ചതും ഇങ്ങനെയെഴുതാന്‍ പ്രേരിപ്പിച്ചതും. കംബ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ചാരിത്യ്രം പിച്ചിച്ചീന്തപ്പെടുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയം പിടച്ചു. അവരുടെ നൃത്ത താള കൊഞ്ചലുകളില്‍ എഡിറ്റര്‍മാര്‍ ആസ്വാദനം കൊടുത്തും കേട്ടാല്‍ ഹൃദയം പൊട്ടുന്ന കമന്റടിച്ചും അവരുടെ ജോലി അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു.

സിസ്റ്റം നമ്പര്‍ ഏഴിലെ എഡിറ്ററുടെ അരികിലേക്കാണ് ഞാന്‍ എത്തിയത്. അതിനിടയില്‍ അയാള്‍ക്കൊരു ഫോണ്‍കാള്‍ വന്നു. അതിനു ശേഷം അയാള്‍ എന്നോട് പറഞ്ഞു: “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് പറഞ്ഞുകൊണ്ട് അയാളുടെ അനുഭവത്തിന്‍റെ തോട് പൊളിച്ച് അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി. പറഞ്ഞതിന്‍റെ രത്നച്ചുരുക്കം ഞാന്‍ പറയാം.

തൃപ്രയാറുള്ള വിവാഹം കഴിഞ്ഞൊരു മുസ്‌ലിം നവ ദമ്പദിമാരുടെ ക്ഷണപ്രകാരം ഇദ്ദേഹം വീഡിയോഗ്രാഫറായി ചെന്നു. വീഡിയോ ലൊക്കേഷനുകള്‍ മുന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളായിരുന്നു. ദമ്പതിമാരുടെ കൂടെ ഇയാളും ഒരു ഹെല്‍പ്പറുമടങ്ങുന്ന നാല്‍വര്‍ സംഘം ഒരാഴ്ച്ചക്കാലം ഈ സ്ഥലങ്ങളില്‍ തങ്ങി. ദമ്പതിമാരുടെ ഹണിമൂണ്‍ ആഘോഷമാണ് യാത്രയുടെ കാതലായ വശം. അവ കൃത്യമായി ഒപ്പിയെടുക്കുകയെന്നതാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള ഡ്യൂട്ടി. യാത്രയുടെ പര്യവസാനമായപ്പോഴേക്കും ഫോട്ടോഗ്രാഫറായ അന്യമതത്തില്‍ പെട്ട യുവാവിന്‍റെ സ്നേഹ വലയത്തില്‍ ഈ മുസ്‌ലിം പെണ്‍കുട്ടി വീണുകഴിഞ്ഞിരുന്നു. പ്രോഗ്രാമിന്‍റെ തുകയെന്നോണം അമ്പതിനായിരം രൂപ കൈപ്പറ്റിയതോടൊപ്പം ഇവളുടെ ഫോണ്‍ നമ്പറും ചുളിവില്‍ അവന്‍ കൈപ്പറ്റിയിരുന്നു. ഭര്‍ത്താവറിയാതെ ഇവരുടെ ബന്ധം കേമമായി തുടര്‍ന്നു. ഒരു കോളേജ് ഡേയില്‍ അവരിരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ തങ്ങി. എല്ലാം അവിടെ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഭര്‍ത്താവ് കേമമായി നടക്കുന്നു. ഒരു വിവാഹാല്‍ബത്തിന്‍റെ പര്യവസാനമെന്നോണം പിച്ചിച്ചീന്തപ്പെട്ട ചാരിത്യ്രശുദ്ധി, വഞ്ചിക്കപ്പെട്ട ദമ്പത്യം. “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് അയാള്‍ എന്നോട് പറഞ്ഞതിന്‍റെ സന്ദര്‍ഭം ഇതായിരുന്നു..“ഞാനവളെ ചവച്ചുതുപ്പിയതാ..എന്നിട്ടവള്‍ക്ക് മതിയായില്ല. ഇനി എനിക്കു വയ്യ” അയാള്‍ തന്‍റെ സംസാരത്തിന് സെമീകോളനിട്ടു. ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്‍റെ ഹൃദയത്തിലേക്ക് ചാട്ടുളി പോലെ തുളഞ്ഞു കയറി. അപ്പോഴും ഉപര്യൂക്ത ദമ്പതികളുടെ ഹണിമൂണ്‍സീന്‍ സ്ക്രീനില്‍ ചലിക്കുന്നുണ്ടായിരുന്നു. നഷ്ടത്തോടെയാണെങ്കിലും ഒരു വിധത്തില്‍ ഞാനവിടെ നിന്നിറങ്ങിനടന്നു.

ഈയടുത്തകാലം വരേക്കും പുസ്തകരൂപത്തിലുള്ള ആല്‍ബങ്ങളായിരുന്നു ഇവര്‍ക്കൊക്കെ ഹരം. ഇപ്പോളതിന്‍റെ നവീകരിച്ച രൂപമാണ് മുകളില്‍ സൂചിപ്പിച്ചത്. വിവാഹ വീട്ടിലെ ഏത് അറക്കുള്ളിലേക്കും കയറിച്ചെന്ന് എങ്ങിനെയും ഫോട്ടോയും വീഡിയോയും എടുക്കാനുള്ള സ്വാതന്ത്യ്രം ഫോട്ടോഗ്രാഫര്‍ക്ക് കൊടുത്ത നട്ടെല്ലില്ലാത്ത കുടുംബനാഥന്മാര്‍, ഇതിന്‍റെ പിന്നിലെ ചതിക്കുഴികള്‍ അറിയാതെ പോയി. അതിസുന്ദരമായ ഫോട്ടോ ആല്‍ബമായി അത് വീട്ടിലെത്തുമ്പോള്‍ എല്ലാവരുടെയും മുഖത്ത് എന്ത് നല്ല പാല്‍പുഞ്ചിരിയായിരിക്കും!? പക്ഷേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ തലയും മാറും തുറന്നിട്ട് നിന്നിരുന്ന താത്തമാര്‍ ഏതെല്ലാം രൂപത്തില്‍ മോര്‍ഫിന്‍ചെയ്യപ്പെട്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ നെറ്റിലൂടെ പൂവാലന്മാരുടെ കണ്ണുകള്‍ക്ക് ഹരംപകരുന്നതെന്ന് ഇവരുണ്ടോഅറിയുന്നു!?

കേവലം മുഖം മാത്രം ലഭിച്ചാല്‍ ബാക്കി ശരീരം മുഴുവന്‍ അശ്ലീലമാക്കി മാറ്റാനുള്ള സംവിധാനം എന്നോ വന്നു കഴിഞ്ഞു. ഇപ്പോള്‍ വീഡിയോകളിലെ തലയും ഉടലും പരസ്പരം വേര്‍പ്പെടുത്തി പുതിയതൊന്ന് നിര്‍മ്മിക്കുവാനുള്ള സോഫ്റ്റുവയറുകളും പ്രചാരം നേടിക്കഴിഞ്ഞു. ഇവിടെയാണ് നാം മനസ്സിലാക്കേണ്ട സത്യം. ഈ സാങ്കേതിക വിദ്യകളെല്ലാം അതിവിദഗ്ദമായി നിറവേറ്റാന്‍ കഴിവുള്ളവരാണ് ഈ സ്റ്റുഡിയോയിലെ വര്‍ക്കര്‍മാര്‍ . അവരാണീ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഒപ്പിയെടുക്കുന്നത്. ആ കൂട്ടത്തിലെ ഏതെങ്കിലും കുബുദ്ധിക്ക് ഇവകള്‍ നെറ്റിലേക്ക് അപ് ലോഡ്‌  ചെയ്യാന്‍ തോന്നിയാല്‍, അല്ലെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് അറിഞ്ഞോ അറിയാതെയോ ഇവ കൈമാറപ്പെട്ടാല്‍ കാര്യങ്ങളുടെ കഠിഞ്ഞാണ്‍ വിട്ടുപോകുന്നത് നമ്മില്‍ നിന്നാണ്.

കുടുംബത്തിന്‍റെ അരമനക്കകത്ത് കഴിഞ്ഞിരുന്ന സദ്‌വൃത്തരായ  എത്രയോ പെണ്‍കുട്ടികള്‍, വിവാഹ ശേഷം ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ആഭാസത്തിനു കൂട്ടുനില്‍ക്കേണ്ടിവരുന്നു. മറ്റു ചിലര്‍ സിനിമകളിലും ആല്‍ബങ്ങളിലും മോഹിച്ചത് സ്വന്തമായി നിറവേറ്റാനുള്ള വേദിയായി കണക്കുകൂട്ടുന്നു.

വീഡിയോഗ്രാഫറുടെയും സംഘത്തിന്‍റെയും മുന്നില്‍ ഒന്നുമറിയാത്ത പാവം പെണ്‍കുട്ടികളുടെ പാവനമായ ശരീരം കുടയുകയാണ് വാസ്തവത്തില്‍ ഈ വിവരംകെട്ട ഭര്‍ത്താവ് ചെയ്യുന്നത്. അവളുടെ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങളിലൂടെ പുറത്തുചാടിയ നഗ്നത ആദ്യം വെളിപ്പെടുത്തുന്നത് ഈ ക്യാമറക്കാരനു മുന്നില്‍. അതവിടെ അവസാനിക്കുന്നില്ലല്ലോ ഇത് വീഡിയോ ആയിക്കഴിഞ്ഞാല്‍  നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടേക്കാം. അങ്ങിനെവന്നാല്‍ ലോകം മുഴുവന്‍ മിഴിതുറക്കുന്നത് ഇവളുടെ നഗ്നതയിലേക്കല്ലെ?

ഏതായാലും കുടുംബജീവിതത്തിന്‍റെ ഭദ്രതയാണിതിലൂടെ തകര്‍ക്കപ്പെടുന്നത്. ഇക്കൂട്ടരുടെ വളര്‍ന്നുവരുന്ന മക്കള്‍ ഇത് കാണുമ്പോള്‍ എന്താണ് പഠിക്കുന്നത്? ഉപ്പയുടെയും ഉമ്മയുടെയും ശൈലി ഇങ്ങിനെയൊക്കെയാണെങ്കില്‍ അവ അനുകരിക്കുന്നതില്‍ എന്ത് തെറ്റാണുളളത്? വഴിതെറ്റുന്ന കുട്ടിളെ പഴിചാരാന്‍ എന്തുണ്ട് ന്യായം?

അന്യപുരുഷര്‍ക്ക് മുന്നില്‍ ശരീരം മുഴുവന്‍ മറക്കേണ്ട മുസ്‌ലിം സ്ത്രീ ഇവിടെ കേവലം കൈകാലുകളും ശരീരത്തിലെ തുടിപ്പുകളും അതിനും പുറമെ കൊഞ്ചിക്കുഴഞ്ഞുള്ള ഓട്ടവും ചാട്ടവും ഡാന്‍സും പ്രദര്‍ശിപ്പിക്കുക വഴി ആരെയാണ് പല്ലിളിച്ചുകാട്ടുന്നത്? എത്രയെത്ര ഹറാമുകളിലാണവര്‍ അകപ്പെട്ടുപോകുന്നത്? സ്ത്രീ സമൂഹത്തിന് ജീവിക്കാന്‍ സ്വാതന്ത്യ്രം നേടിത്തന്ന നബി(സ്വ)യെ ധിക്കരിച്ചുകൊണ്ട്, വിശുദ്ധ ഇസ്‌ലാമിനു വേണ്ടി ജീവന്‍ നല്‍കിയ എണ്ണമറ്റ മഹത്തുക്കള്‍ അന്ത്യവിശമം കൊള്ളുന്ന രാജ്യത്തിന്‍റെ മണല്‍ത്തരികളെ ചവിട്ടിമെതിച്ചുകൊണ്ട് ഡാന്‍സ് ചെയ്യുന്ന മുസ്‌ലിം പെണ്‍കൊടിമാര്‍ തിരിച്ചറിയുക. ദീനീ സ്നേഹികളും രാജ്യസ്നേഹികളുമായ ആ മഹത്തുക്കളുടെ ആത്മാക്കള്‍ ഇതു പൊറുക്കില്ല. സര്‍വോപരി സര്‍വ്വശക്തനായ അല്ലാഹുവിനു മുന്നില്‍ ഇതിനു മറുപടി പറയേണ്ടിവരും. നിങ്ങളുടെ  ഫാഷന്‍ ഭ്രമം! സീരിയല്‍ ഭ്രാന്ത്! താരാനുരാഗം! മിസ്ഡ്കോള്‍ കോമഡി!  ആല്‍ബാഭിനിവേശം! എല്ലാം കൂച്ചുവിലങ്ങിട്ടേക്കുക. നല്ല നാളേക്കു വേണ്ടി.

Tuesday, May 8, 2012

ബേബീസ്ട്രോളര്‍ തള്ളുന്നവരോട്...

ദുബൈ നൈഫ് പോലീസ് സ്റ്റേഷനു മുന്നിലൂടെ ബേബീസ്ട്രോളര്‍ തള്ളി നീങ്ങുകയായിരുന്ന യുവതിയുടെ മുന്നിലോട്ട് പെട്ടന്നാണയാള്‍ പ്രത്യക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട സൈക്കിള്‍ യാത്രക്കാരന്‍, തനിക്ക് നേരെയാണ് വരുന്നതെന്ന് മനസ്സിലാക്കിയ സ്ത്രീ പെട്ടന്ന് ബേബീസ്ട്രോളറിലെ തന്‍റെ പിടിവിട്ട് പിറകോട്ട് വലിഞ്ഞു. അല്ല, താന്‍ കൈവിട്ടത് കുട്ടിയെയാണല്ലോ എന്ന തിരിച്ചറിവില്‍ സ്ത്രീ വീണ്ടും ബേബീസ്ട്രോളറിലേക്ക് കൈ എത്തിപ്പിടിച്ചപ്പോഴേക്കും സൈക്കിള്‍ യാത്രക്കാരന്‍ സ്ട്രോളറില്‍ ഇടിച്ച് ഇരുവരും മലക്കം മറിഞ്ഞിരുന്നു.

മലയാളിയായ യുവതിയുടെ കൈയില്‍ നിന്നാണ് ഒന്നരവയസ്സുള്ള ഈ പെണ്‍കുഞ്ഞ് റോഡില്‍ തെറിച്ചു വീണത്. കുഞ്ഞിന് ഒന്നും സംഭവിച്ചില്ലായെന്ന് തീര്‍ച്ചപ്പെടുത്തിയപ്പോഴാണ് കണ്ടുനിന്നവരെല്ലാം നേരെചൊവ്വെ ശ്വാസം വലിച്ചത്. സംഭവത്തിന് സാക്ഷ്യം വഹിച്ചത് കൊണ്ടാണ് ഇങ്ങനെയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ആരെന്ത് കാട്ടിയാലും അതുപോലെ വേഷംകെട്ടാനുള്ള മലയാളിയുടെ മാറുന്ന ശൈലിയുടെ ഒരു ഭാഗം മാത്രമാണ് ഈ ബേബീസ്ട്രോളര്‍ അല്ലെങ്കില്‍ ബേബിട്രോളി സംബ്രദായവും.

എന്താണിത്കൊണ്ട് ഉദ്ദേശിക്കുന്നത്? ഒന്നുകില്‍ കുഞ്ഞിന് സുരക്ഷിതത്വം ഉറപ്പുവരുത്തുക അല്ലെങ്കില്‍ കുഞ്ഞിനെ ചുമന്ന് നടക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം. രണ്ടായാലും അവ എത്രമാത്രം പ്രസക്തമാണെന്നതാണ് ചിന്തനീയം. നമ്മുടെ നാടുകളെ അപേക്ഷിച്ച് പ്രവാസി മലയാളികളിലാണിത് കൂടുതലും കണ്ടുവരുന്നത്.

നൊന്ത് പ്രസവിച്ച മാതാവില്‍ നിന്ന് കളങ്കമറ്റ സ്നേഹം ലഭിക്കല്‍ ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണ്. അതിന് തടസം സൃഷ്ടിക്കുന്ന ഉമ്മമാര്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നത് മറന്നുകൂടാ. ഉമ്മ വഴിയിലൂടെ നടന്ന് നീങ്ങുമ്പോള്‍ തന്‍റെ കുഞ്ഞിനെ കൈത്തണ്ടയിലിരുത്തി മാറോട് ചേര്‍ത്തു പിടിക്കുമ്പോള്‍ ഉമ്മയില്‍ നിന്ന് ലഭിക്കുന്ന ശരീരത്തിന്‍റെ ആ ഊഷ്മളത; സ്നേഹത്തില്‍ ചാലിച്ച ആ ഇളം ചൂട് കുഞ്ഞിനൊരു കുളിര്‍മ്മയാണ്. ബേബീസ്ട്രോളറില്‍ അത് നിഷേധിക്കപ്പെടുകയാണ്. തന്നോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞിന്‍റെ കാതില്‍ സ്നേഹത്തിന്‍റെ മന്ത്രം ഉരുവിടാന്‍, മൂളിപ്പാട്ടു പാടിക്കൊടുക്കാന്‍, കളിചിരിതമാശകള്‍ പറയാന്‍ എന്തു രസമാണ്! ബേബീസ്ട്രോളറിലാകുമ്പോള്‍ അതിനവസരമില്ലാതാകുന്നു.


മാതാവും കുഞ്ഞും യാത്ര ചെയ്യുന്ന സമയമാണ് അവരുടെ ഇടപഴകലിലെ ഏറ്റവും വിലയേറിയ നിമിഷം. കാരണം യാത്രയെന്ന് കേള്‍ക്കുമ്പള്‍ കുട്ടികള്‍ക്ക് ആനന്ദത്തിന്‍റെ പേമാരിയാണ്. സന്തോഷം കൊണ്ട് അവര്‍ തുള്ളിച്ചാടുന്നത് വരെ നാം കാണാറുണ്ട്. നമുക്ക് മുമ്പേ നമ്മുടെ കൈപിടിച്ച് നടക്കുന്നത് കാണാം. നമുക്ക് മുന്നേ ചെരുപ്പ് ധരിച്ച് പുറത്തിറങ്ങുന്നത് കാണാം. യാത്രയെന്ന് കേട്ടപ്പോള്‍ മനസ്സിലൂറിയ സന്തോഷം നിമിത്തമാണ് അവരങ്ങനെ പ്രകടിപ്പിക്കുന്നത്. യാത്രയിലുടനീളമുണ്ടാകുന്ന അത്ഭുത കാഴ്ചകളില്‍ നിന്ന് അവര്‍ക്ക് നൂറു നൂറു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. മയത്തോടെ മറുപടി നല്‍കാന്‍ നാം മനസ്സ് കാണിക്കണം. എങ്കിലേ അവരടുടെ ലോകം വികസിക്കുകയുള്ളൂ. “നീയൊന്ന് മിണ്ടാതിരുന്നേ അത് എന്തെങ്കിലുമാകട്ടെ” എന്ന് മറുപടി നല്‍കി അവരെ മുരടിപ്പിക്കരുത്. ക്ഷമയോടെ അവരുടെ മനസ്സിനൊപ്പം നാമും നിന്ന് സംസാരിക്കണം. ചില സന്തോഷങ്ങളില്‍ അവര്‍ നമ്മെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്നതു കാണാം. കുഞ്ഞുങ്ങള്‍ക്ക് സ്നേഹം നല്‍കാനും തിരിച്ച് ഇങ്ങോട്ട് സ്വീകരിക്കാനുള്ള മനോഭാവം നാം കാണിക്കണം. യാത്രയില്‍ നിന്ന് കുട്ടി നേടിയെടുത്ത ആനന്ദം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് തന്‍റെ ഉപ്പയുടെയും ഉമ്മയുടെയും വിരിമാറ്. അത് നാം മറച്ചു വെച്ച് കുട്ടിയെ ബേബീസ്ട്രോളറിലിരുത്തി തള്ളുന്നതിലെ മനോവൈകല്യമാണ് നമുക്ക് മനസ്സിലാകാത്തത്.


നിങ്ങളുടെ കുഞ്ഞിനെ സ്ട്രോളറിലിരുത്തി ചോക്ളൈറ്റോ, മിഠായിയോ, ലൈസോ മറ്റെന്ത് നല്‍കിയാലും നിങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് നല്‍കുന്ന ഒരു ചുമ്പനത്തോടൊക്കില്ലല്ലോ.. കുഞ്ഞിനെ തന്‍റെ മടിത്തട്ടിലിരുത്തി മുലക്കണ്ണ് വായിലേക്ക് വച്ച് മുലപ്പാല്‍ നല്‍കുന്ന ഉമ്മ, കുഞ്ഞിന് അത് മാത്രമല്ല സ്നേഹത്തിന്‍റെ അമൃദ് കൂടിയാണ് നല്‍കുന്നത്. രണ്ട് വയസ്സ് വരെ ശരിയാം വണ്ണം മുലയൂട്ടപ്പെട്ട കുഞ്ഞും പാല്‍ കുപ്പി കുടിച്ച് വളര്‍ന്ന കുഞ്ഞും ഉമ്മയോട് കാണിക്കുന്ന സ്നേഹം രണ്ട് വിധത്തിലാണെന്ന് ആധുനിക വൈദ്യശാസ്ത്രം തുറന്നെഴുതി. ഇതേ അന്തരം ബേബീസ്ട്രോളര്‍ മക്കളിലും  കാണാനാകും.


കുഞ്ഞിന് തള്ളയോടും തള്ളക്ക് കുഞ്ഞിനോടും സ്നേഹം കുറയുന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് നാം തുടങ്ങിവെച്ച സംഭവം. അപകടം ശ്രദ്ധയില്‍ പെട്ട ഉടനെ തള്ള സ്വരക്ഷാര്‍ത്ഥം പിന്‍വിലിയുകയാണുണ്ടായത്. പിന്നെയാണ് കുട്ടിയെ ഓര്‍ത്തത്. അപ്പോഴേക്കും അപകടം നടന്നിരുന്നു. അതേസമയം കുഞ്ഞിനെ സ്ത്രീ ചുമന്നിരുന്നെങ്കില്‍ തന്‍റെ കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് പുറം തിരിഞ്ഞെങ്കിലും ആദ്യം കുഞ്ഞിന് സംരക്ഷണം നല്‍കുമായിരുന്നു. രണ്ടാമതേ തന്‍റെ സംരക്ഷണത്തെ പറ്റി ചിന്തിക്കൂ. ഇതാണ് മാതൃ സ്നേഹം. നാം കണ്ടത് പേലെ അത്യാഹിതങ്ങളില്‍ കൈവെടിയുന്ന സ്നേഹമല്ല ഒരു യഥാര്‍ത്ഥ ഉമ്മയുടെത്. യഥാര്‍ത്ഥ മാതൃസ്നേഹത്തിന് സുഷിരം വീണത് ഇത്തരം അനാവശ്യങ്ങളിലേക്ക് ചേക്കേറിയതിനാലാണ്. ബേബീസ്ട്രോളര്‍ നിഷിദ്ധമെന്ന് ഇതില്‍ നിന്ന് ആരും വായിച്ചെടുക്കരുത്. അതിന്‍റെ ഉപയോഗത്തിലൂടെ നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന യതാര്‍ത്ഥ സ്നേഹത്തെ അടിവരയിട്ടുവെന്ന് മാത്രം.


ബേബീസ്ട്രോളര്‍ ഉപയോഗത്തിലൂടെ കുഞ്ഞിനും രക്ഷിതാക്കള്‍ക്കും സംഭവിച്ച അപകടങ്ങളുടെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും നെറ്റില്‍ ക്ഷിപ്രസാധ്യം വായിച്ചെടുക്കാവുന്നതാണ്. ഓസ്ടേലിയയില്‍ മെട്രോ ട്രൈന്‍ കാത്തു നിന്ന യുവതിയുടെ കയ്യില്‍ നിന്ന് അപ്രതീക്ഷിതമായി ട്രോളി പിടിവിട്ടതും പാളത്തിലേക്ക് ഉരുണ്ട് നീങ്ങിയതും വാര്‍ത്തയായിരുന്നു. മൊബൈലില്‍ സംസാരിച്ചു നില്‍ക്കവേ യുവതിയുടെ കയ്യല്‍ നിന്ന് അറിയാതെ ട്രോളി ഉരുണ്ടു നീങ്ങിയെങ്കില്‍!? ഫൂട്ട്പാത്തില്‍ തനിച്ചാക്കി ഷോപ്പില്‍ പോയ യുവതി തിരിച്ചെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. നിയന്തണം വിട്ടുരുണ്ട ട്രോളിയെ മറുവാഹനം ഇടിച്ചു തെറിപ്പിച്ചെങ്കില്‍!? കുഞ്ഞ് ചെയ്ത തെറ്റെന്താണ്? അവര്‍ക്കവകാശപ്പെട്ട സ്നേഹം എന്തിനാണ് നാം ബോധപൂര്‍വ്വം ഇല്ലാതാക്കുന്നത്. 


കുഞ്ഞുങ്ങള്‍ക്ക് സ്നേഹം നല്‍കേണ്ട സമയത്ത് നല്‍കിയില്ലെങ്കില്‍ നമുക്ക് ലഭിക്കേണ്ട സമയത്ത് അവര്‍ നമ്മെ വൃദ്ധസദനത്തിലും റോഡരികിലും ഉപേക്ഷിക്കുന്നതിന്റെ പിന്നിലെ പൊരുളതാണ്.

ഈ ലേഖനം പത്രത്തില്‍ വന്നത് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക