ലാല്‍ബാഗിലെ പര്‍ദ്ദാധാരികള്‍

Posted by SiM Media on 3:48 PM with No comments
ബാംഗ്ലൂര്‍ ഡയറി. ഭാഗം-7
"കൊല്‍ക്കത്ത പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട നഗരമാണ് ഹൈദരാബാദ്. ചരിത്രത്തിന്റെ ഗന്ധം ഉള്ളതു കൊണ്ടായിരിക്കാം. പഴമയും പുതുമയും ചരിത്രവും വര്‍ത്തമാനവും വിവിധ മതവിശ്വാസങ്ങളും രാഷ്ട്രീയവും സിനിമയും കലര്‍ന്ന വിചിത്ര സമസ്യകളും എല്ലാം കൂടിച്ചേര്‍ന്നു കിടക്കുന്ന നഗരം. ചാര്‍മിനാറിന്റെ മുകളില്‍ കയറി നിന്നാല്‍ നഗരത്തിന്റെ മകുടങ്ങളും മിനാരങ്ങളും മാത്രമല്ല ചരിത്രത്തിന്റെ ചുവടുകളെ വലംവെച്ച് ഒഴുകി പോകുന്ന നിറഭേദങ്ങളുള്ള ജീവിതവും കാണാം. രാത്രിയിലെ ആ കാഴ്ച്ചകള്‍ അതിമനോഹരമാണ്. നാലു ഭാഗത്തും വീഥികള്‍. തൊട്ടപ്പുറത്തെ അതിപ്രശസ്തമായ വളകളുടെ തെരുവില്‍ നിറഞ്ഞൊഴുകുന്ന പര്‍ദ്ദാധാരിണികള്‍. അടുത്തു വരുമ്പോള്‍ മുഖത്തെ നേര്‍ത്ത വലയ്ക്കുളളിലൂടെ അവരുടെ കണ്ണുകള്‍ കത്തും. ഉടലിന്റെ സൗന്ദര്യം മുഴുവന്‍ ആ കണ്ണുകളില്‍ ഉരുക്കി ഒഴിച്ച് നിറച്ചിരിക്കുകയാണ് എന്നു തോന്നും. അവര്‍ കടന്നു പോകുമ്പോള്‍ പല പല പരിമളങ്ങളുടെ തെന്നല്‍ " ഇത് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ വരികളാണ്. മാത്ര്ഭൂമിയുടെ യാത്ര പംക്തിയില്‍ 2009 ജൂണ്‍ 22നു പ്രസിദ്ധീകരിച്ച 'മുഖപടം മാറ്റൂ, റെബേക്കാ..' എന്ന അനുഭവക്കുറിപ്പിലാണ്. ലാല്‍ ഇങ്ങനെ മനസ്സുതുറന്നത്. സ്ത്രീരത്നങ്ങളെയും അവരുടെ വേഷവിധാനങ്ങളെയും കണ്ടുമുട്ടുന്ന നടനാണ് ലാല്. പര്‍ദ്ദയെന്നത് അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമല്ല, എന്നിരിക്കെയാണ് അദ്ദേഹം പുറത്ത് നിന്ന് പര്‍ദ്ദയെ സൌന്ദര്യവത്കരിച്ചിരിക്കുന്നത്. ലാല്‍ പറഞ്ഞത് ഹൈദ്രാബാദിലെ വിശേഷമാണെങ്കില്‍ നമുക്ക് പറയാനുള്ളത് ബാംഗ്ളൂരിലേതാണ്.


ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും മുസ്ലിം വനിതകള്‍ അവരുടെ മുഖ്യധാരാ വസ്ത്രധാരണാ സംസ്കാരമായി കാണുന്നത് പര്‍ദ്ദയെയാണ്. ഇതില്‍ കേരളം മാത്രമാണ് ഒരപവാദം. ഇന്ത്യയുടെ ഐ.ടി. സിറ്റിയായാണ് ബാംഗ്ളൂരിനെ കണക്കാക്കപ്പെടുന്നത്. എണ്ണമറ്റ സംസ്ഥാനങ്ങളിലെയും എന്നല്ല, വിദേശ വിദ്യാത്ഥികളുടെയും ബിസിനസുകാരുടെയും പ്രധാന കണ്ണ് ഇവിടെയാണ്. കര്‍ണ്ണാടകാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇവിടം അത്യാധുനികതയുടെ പറുദീസയാണ്. അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ഫാഷന്‍ സംസ്കാരത്തില്‍ ഒട്ടും പിറകിലല്ല ഈ മെട്രോപൊളിറ്റിന്‍ സിറ്റി. യൂണിവേഴ്സിറ്റികളും പാര്‍ക്കുകളും സ്റ്റേഡിയങ്ങളും മെട്രോയും മാളുകളും ബാറുകളും പട്ടാള ക്യാമ്പുകളും 7*ഹോട്ടലുകളും എയര്‍പോര്‍ട്ടുകളും ഫാക്ടറികളും എല്ലാം ഒരു കുടക്കീഴിലെന്ന പോലെ ഇവിടെയുണ്ട്. ബാംഗ്ളൂര്‍ സിറ്റിയുടെ വളര്‍ച്ചയിലും ഫാഷന്‍ നെഗിളിപ്പിലും ബാഗ്ളൂര്‍ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയെ മാറോട്  ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. ഇത് വലിയ ആശ്വാസവും അഭിമാനവുമാണ് നമുക്ക് നല്‍കുന്നത്.

അര്‍ദ്ധ നഗ്നകളായ വനിതകള്‍ ഉദ്യാന നഗരിയിലൂടെ വിലസുമ്പോള്‍ അവരുടെ തോളുരുമ്മി നടക്കുന്ന പര്‍ദ്ദാധാരികള്‍ വിശ്വാസിയുടെ കണ്ണിനൊരു കുളിര്‍മയാണ്. ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ സമൂഹത്തിലടയാളപ്പെടുത്തുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് എത്രമേല്‍ വലുതാണ്. തീക്കണല്‍ കയ്യിലേന്തിയാണല്ലോ ഇവര്‍ സഞ്ചരിക്കുന്നത്. സ്ട്രീറ്റുകളിലും മാളുകളിലും വിവാഹ വീടുകളിലും കാമ്പസുകളിലും സ്കൂളുകളിലും പര്‍ദ്ദയെ ഈ സ്ത്രീകള്‍ കയ്യൊഴിയുന്നില്ല. പര്‍ദ്ദയണിഞ്ഞ് വാഹനമോടിക്കുന്നവര്‍, ഓഫീസ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നവര്‍, എല്ലാം ഈ ഹൈടെക് സിറ്റിയിലെ കാഴ്ചകളാണ്.27/08/2013നു മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍ വി.ആര്‍. ജ്യോതിഷ് എഴുതിയ ലേഖനത്തിന്‍റെ പ്രസക്തഭാഗം ഇവിടെ ശ്രദ്ധേയമാണ്. ''വസ്ത്രധാരണരീതി മാന്യതയുടെ ലക്ഷണമായി കണക്കാക്കാമെങ്കില്‍ പര്‍ദയോളം മാന്യമായ മറ്റൊരു വസ്ത്രമില്ലെന്നാണ് അത് ധരിക്കുന്നവര്‍ ഉറപ്പു പറയുന്നത്. ക്യാംപസിലായാലും പൊതുസ്ഥലങ്ങളിലായാലും യാത്രയ്ക്കിടയിലായാലും പര്‍ദ ധരിക്കുന്നവര്‍ക്ക് ഒരു പ്രത്യേക സുരക്ഷിതത്വവും മാന്യതയും കിട്ടുന്നുണ്ടെന്നു തെളിവുകള്‍ നിരത്തി അവര്‍ പറയുന്നു. അതുകൊണ്ടെന്താ, ക്യാംപസുകളിലെ ന്യൂ ജനറേഷന്‍ കുട്ടികള്‍ പോലും ഇപ്പോള്‍ പര്‍ദയുടെ ആരാധകരാണ്.'' ഈ പാവനമായ വേഷവിധാനത്തില്‍ കണ്ണുകടിയുള്ള ചില കോളേജ് അധികൃതര്‍ കാമ്പസുകളില്‍ പര്‍ദ്ദക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ വേഷമണിയുന്നവരുടെ വര്‍ദ്ധനവിലേക്ക് മാത്രമേ വഴിവെക്കുകയുള്ളൂ എന്ന് അവര്‍ മനസ്സിലാക്കാതെ പോയത് കഷ്ടം!. അത് സ്കൂളിലായാലും കാമ്പസിലായാലും ഇനി രാജ്യത്ത് എവിടെയായാലും ശരി.

പര്‍ദ്ദ സംരക്ഷണത്തിനാണ്. എല്ലാത്തിലുമുപരി ശരീരം മറയ്ക്കുകയെന്ന ദൈവ കല്‍പനയുടെ ഭാഗമാണ്. അത് സൌന്ദര്യത്തിനാകാം പക്ഷേ സൌന്ദര്യം ത്രസിപ്പിക്കാനാകരുത്. പര്‍ദ്ദയെ വലിച്ചുകീറാന്‍ പര്‍ദ്ദാ വിരുദ്ധര്‍ വഴികണ്ടെത്തിയിരിക്കുന്നത് അതിനെ ഫാഷന്‍ വല്‍ക്കരിക്കുകയെന്നതാണ്. അതിന്റെ പരിണിത ഫലമായി അല്‍പഞ്ജാനികളായ മുസ്ലിം വനിതകള്‍ അതിലേക്ക് ചേക്കേറി. ശരീരത്തിന്റെ തുടിപ്പാര്‍ന്ന ഭാഗങ്ങള്‍ ക്രിത്യമായി എടുത്തുകാണിക്കത്തക്കവിധത്തിലുള്ളതായി പുതിയ പര്‍ദ്ദകള്. കാലുകളും അരയും മാറും വടിവാര്‍ന്ന രൂപത്തില്‍ ഒട്ടിക്കിടക്കുന്ന ഇത്തരം പര്‍ദ്ദാധാരികള്‍ ഇസ്ലാം വിഭാവനം ചെയ്ത പര്‍ദ്ദാ സംസ്കാരത്തിന്റെ പരിധിക്ക് പുറത്താണെന്ന് തിരിച്ചറിയുക.


പര്‍ദ്ദ ധരിക്കുമ്പോള്‍ കൈകാലുകളും മുഖവുമുള്‍പ്പെടെയുള്ളതായാല്‍ ഉത്തമമായി. നവനൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളോട് ഇസ്ലാമിന്റെ ആശയങ്ങള്‍ തുലനം ചെയ്യുമ്പോളാണ് ഇസ്ലാം എന്നും വിശിഷ്യാ ഇവിടെയും കാലികപ്പ്രസക്തമാകുന്നത്. കേവലം മുഖം മാത്രം ലഭിച്ചാല്‍ ആരുടെയും രൂപങ്ങള്‍ വ്യത്യാസപ്പെടുത്താന്‍ ഇന്ന് ഫോട്ടോഷോപ്പ് പോലോത്ത സംവിധാനങ്ങളുണ്ട്. അതേസമയം മുഖം മാത്രം മറച്ച് ബാക്കി മുഴുവന്‍ ഈ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയാലും ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധവരെ തടയിടാന്‍ ശരീരം മുഴുക്കെയുള്ള വസ്ത്രധാരണം കൊണ്ട് സാധിക്കും.

പര്‍ദ്ദ പോലോത്തവ മതത്തിന്റെ ശാസനയാണ്. സദ് വൃത്തയായ പെണ്ണിന് അതൊരു കവചമാണ്. ഒരുവിഭാഗം അതിനെ ഫാഷന്‍ വല്‍ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ തോന്നിവാസങ്ങള്‍ക്കുള്ള പരിചയായി കണക്കുകൂട്ടുന്നു. ബാംഗ്ളൂരിലെ ഒറ്റപ്പെട്ട ഇത്തരം കാഴ്ചകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

നസ്വീഹത്ത് മീറ്റ് എന്ന പ്രോഗ്രാമുമായി ഞങ്ങള്‍ ഐവര്‍ സംഘം ലാല്‍ബാഗിലെ അല്‍ അമീന്‍ കോളേജ് കാമ്പസിലെത്തി. വിദ്ധ്യാര്‍ത്ഥികളെ ഇന്‍ഡിവിജ്വല്‍ അപ്റോച്ച്മെന്റ് നടത്തി സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ജീവിത ചുറ്റുപാടുകള്‍ പങ്കുവെച്ച് ദീനീ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചോദനം നല്‍കുക എന്നതായിരുന്നു പ്രോഗ്രാമിന്റെ ആകെതുക. നിരവധി വിദ്ധ്യാര്‍ത്ഥികളെ ഇങ്ങനെ ആഘര്‍ഷിക്കാന്‍ കഴിഞ്ഞത് ഓര്‍ത്തുപോകുന്നു. അവര്‍ നല്‍കിയ വിവരങ്ങളനുസരിച്ച് മുസ്ലിംകളും അമുസ്ലിംകളുമായ പലരും അവരുടെ കാമുകന്മാരുമൊത്ത് ബൈക്കില്‍ ചുറ്റിയടിക്കാന്‍ പ്രധാനമായും പര്‍ദ്ദ ഉപയോഗിച്ചുവരുന്നു എന്നുള്ളതാണ്. പര്‍ദ്ദയുടെ കൂടെയുള്ള ഷാള്‍ മുഖത്ത് വലിച്ചുകെട്ടുന്ന സംബ്രധായം ബാംഗ്ളൂരില്‍ പതിവാണ്. ഇത്തരത്തില്‍ ഷാള്‍ വലിച്ചുകെട്ടുമ്പോള്‍ കമിതാക്കളുടെ കാമകേളികള്‍ക്ക് അത് കവചമായിമാറുന്നു. അതേസമയം പര്‍ദ്ദയെ ഇവ്വിധം ചൂഷണം ചെയ്യപ്പെടുകയാണിതിലൂടെ ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കാതെ പോയി. ചില കാമ്പസ് വനിതകള്‍ വേശ്യാവൃത്തിക്കു വേണ്ടി പര്‍ദ്ദയെ ദുരുപയോഗം ചെയ്തുവരുന്നതായും അവര്‍ പരാതിപ്പെട്ടു. ഇതിനെതിരെ പ്രതികരിക്കണമെന്നും അവര്‍ ഞങ്ങളോട് വ്യാകുലപ്പെട്ടു.

കെ.ആര്‍ മാര്‍ക്കറ്റിലെ ലൂസിയ ഇന്റര്‍ നാഷണല്‍ ഹോട്ടലിനടുത്തെ വുമണ്‍സ് കോളേജ് മാതൃകാപരമാണ്. പര്‍ദ്ദയണിഞ്ഞ് വസ്ത്രധാരണാ രീതിയുടെ മഹിതമായ പാരമ്പര്യം കയ്യിലേന്തി വിദ്യ നുകരാനെത്തുന്ന ആ പെണ്‍കൊടികള്‍ ഒരു വലിയ ലക്ഷ്യസാക്ഷാത്കാരത്തിന്റെ പ്രതീകങ്ങളാണ്. കോളേജ് വിട്ടിറങ്ങുന്ന സമയം പര്‍ദ്ദാധാരികളായ കൌമാരപ്പ്രായക്കാരികളെകൊണ്ട്  നിബിഢമാകുന്നത് ബാംഗ്ളൂരില്‍ തന്നെയാണ്. ഇവര്‍ക്കെതിരെ പൊതുവെ ഒരു ആരോപണം കേള്‍ക്കാറുണ്ട്. 'കാമ്പസ് വരെ പര്‍ദ്ദ പിന്നെ ബികിനി' ഇതുകൊണ്ടുള്ള ഉദ്ദേശ്യം കാമ്പസു വരെ പര്‍ദ്ദ പിന്നെ സാധാരണ വേഷം എന്നതാണ്. ഇതിനു പലകാരണങ്ങളാണ്. പ്രധാന കാരണം പലപ്പോഴും കാമ്പസ് നിയമമാണ്. വീട്ടുകാരുടെ മുന്നില്‍ ഒരു വേഷവും കാമ്പസില്‍ മറ്റൊരു മുഖവും പ്രകടിപ്പിക്കുന്നവരുണ്ടാകാം. എന്നാലും ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളില്‍ സദ്‌ വൃത്തരുടെ പൊതുവേഷം പര്‍ദ്ദ തന്നെയാണ്.

പര്‍ദ്ദയണിഞ്ഞ് മുഖം മറച്ച് ക്ളാസ്സെടുക്കാന്‍ വരുന്ന അധ്യാപികമാരെ ഈ വിദ്ധ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. നിങ്ങള്‍ക്കിതിനു പ്രചോദനമെന്ത് എന്ന് ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് മതത്തിന്റെ ശാസനകള്‍ വിലക്കേര്‍പ്പെടുത്താന്‍ ആര്‍ക്കാണിവിടെ അധികാരം എന്നാണ്. ഒരേ വിഷയത്തില്‍ രണ്ടു ദ്രുവങ്ങളിലുള്ള വാര്‍ത്തകള്‍ കേട്ട് അന്തസ്സോടെയും ഒപ്പം സങ്കടത്തോടെയും അല്‍ അമീന്‍ കാമ്പസ് വിട്ടിറങ്ങി. പിന്നെ ഞങ്ങള്‍ ലാല്‍ ബാഗിലേക്ക് നീങ്ങി. 240 ഏക്കറിലായി ബാംഗ്ളൂര്‍ നഗരത്തിന്റെ തെക്കു വശത്തായി സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടം മൈസൂര്‍ സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് കമ്മീഷന്‍ ചെയ്തതെങ്കിലും ഇത് പൂര്‍ത്തീകരിച്ചത് മഹാനായ ടിപ്പു സുല്‍ത്താന്‍ ആയിരുന്നു. ലാല്‍ ബാഗിന്റെ സൌന്ദര്യം വശ്യമാണ്. മൃഗങ്ങളും പക്ഷികളും പുല്‍മേടുകളും അപൂര്‍വ്വയിനം വൃക്ഷങ്ങളും പുഞ്ചിരി തൂകി നില്‍ക്കുന്ന എണ്ണമറ്റ പുഷ്പങ്ങളും സൌന്ദര്യത്തിന് മാറ്റേകുന്നു. അങ്ങിങ്ങായി ചാഞ്ഞും ചെരിഞ്ഞും സല്ലപിച്ചുകൊണ്ടിരിക്കുന്ന കമിതാക്കള്‍ വേറിട്ടൊരു കാഴ്ചതന്നെയാണ്. ഇവിടെ മൃഗങ്ങളുടെ സ്ഥാനം കയ്യടക്കുന്നവരില്‍ ഇവരായിരിക്കും ഒരു വേള മുന്നിലെന്ന് നിനച്ചുപോയി..

ലാല്‍ബാഗിന്റെ പുല്‍മേടില്‍ ഏകദേശം നൂറോളം വരുന്ന പര്‍ദ്ദാ ധാരികളുടെ സംഘം വിദൂരതയില്‍ വട്ടമിട്ടിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പര്‍ദ്ദ ധരിച്ചുകൊണ്ടൊരു സ്ത്രീ അവര്‍ക്ക് ക്ളാസ്സെടുക്കുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലൊരു വിദ്ധ്യാര്‍ത്ഥി എഴുന്നേറ്റുകൊണ്ട് സംസാരിക്കുന്നു. പിന്നെ സുപ്രകള്‍ നീട്ടിവിരിച്ച് എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുന്നു. ശേഷം കൂട്ടമായി നമസ്ക്കരിക്കാന്‍ നില്‍ക്കുന്നു. ഗൈഡിനോട് സംസാരിച്ചപ്പോള്‍ ശിവാജി നഗറിലെ വിമണ്‍സ് കോളേജ് വിദ്ധ്യാര്‍ത്ഥികളും അധ്യാപികമാരുമാണെന്ന് പറഞ്ഞു. കുത്തഴിഞ്ഞ അധാര്‍മ്മികത അരങ്ങു വാഴുന്ന ബാംഗ്ളൂര്‍ നഗരത്തിലും കാമ്പസുകളിലും നന്മആഗ്രഹിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട് പക്ഷേ  അവരുടെ ആഗ്രഹങ്ങളെ പരിഗണിക്കുന്ന കോളേജ് അന്തരീക്ഷങ്ങള്‍ വളര്‍ന്നുവരുന്നില്ലായെന്നത് പുതിയ യുവതക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതെന്ന്  അവര്‍ അടിവരയിട്ടു. ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യസ രീതികളും അതിനനുസൃതമായ അന്തരീക്ഷവും വളര്‍ത്തിയെടുക്കയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ ഞങ്ങളോട് താല്‍പര്യപൂര്‍വ്വം സംസാരിച്ചു.

കാറില്‍ കയറിയിരുന്ന ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി നെടുവീര്‍പ്പിട്ടു... പിന്നെ അടുത്ത കാമ്പസ് ലക്ഷ്യമിട്ടു വാഹനം കുതിച്ചു.

കുറിപ്പ്: നാണം മറക്കുകയെന്നത് മനുഷ്യ പ്രകൃതമാണ്. പക്ഷി മൃഗാതികളുടെ ശൈലി മനുഷ്യര്‍ കടമെടുത്തുകൂടാ. വിശിഷ്യാ സ്ത്രീകള്‍. സ്ത്രീപുരഷര്‍ക്കിടയില്‍ വികാരമെന്ന ആഘര്‍ഷണത്തമുള്ളതിനാലാണ്. ലോകത്ത് മനുഷ്യരാശിതന്നെ നിലനിന്നു പോന്നത്. ഒപ്പം വിവേകവും കൂടി മനുഷ്യന് ലഭ്യമായതിന്റെ പേരിലാണ് കുടുംബ മെന്ന പരിശുദ്ധത നില നിന്നു വന്നത്. പുരുഷന്റെ രസം കണ്ണിലാണ് സ്ത്രീയുടേത് കാതിലും. അതിനാല്‍ പുരുഷന്റെ ശ്രദ്ധ ക്ഷണിക്കാന്‍ സ്ത്രീകള്‍ ശരീര സൌന്ദര്യത്തിലൂടെ ആഗ്രഹിക്കുന്നു. വാക്ക് ചാരുതയിലൂടെ സ്ത്രീയെ പുരുഷന്‍ കീഴടക്കുന്നു. ഇവിടെ സ്ത്രീ മാന്യമായ വസ്ത്രം ധരിക്കുയും പുരുഷന്‍ നല്ല സംസാരത്തിനുടമയുമായിത്തീരണം. പര്‍ദ്ദ ധരിക്കണം  എന്നെനിക്ക് പിടിവാശിയില്ല. പക്ഷെ അത് സ്ത്രീക്ക് സുരക്ഷയേകുന്നു എന്നത് നിഷേധിക്കാനാകില്ല. മാന്യമായ വസ്ത്രധാരാണാ ശീലത്തിലേക്ക് സ്ത്രീകള്‍ എന്നുമടങ്ങുന്നുവോ അന്നവര്‍ക്ക് സ്വസ്ഥതയുമുണ്ടാകും.

അടുത്ത ലക്കം: നീലസാന്ദ്രയുടെ പെരുമ