Showing posts with label ബാംഗ്ലൂര്‍. Show all posts
Showing posts with label ബാംഗ്ലൂര്‍. Show all posts

Saturday, December 22, 2012

മഅ്ദനിയുടെ ഈ ജയില്‍ വാസം രാജ്യത്തിന് അപമാനകരം

അബ്ദുന്നാസര്‍ മഅ്ദനി
കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡേക്ക് അഖിലേന്ത്യാ സുന്നീ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കിയ നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം.

പ്രിയ സുഷീല്‍ കുമാര്‍ ഷിന്‍ഡേ,
ബാംഗ്ളൂര്‍ ബോംബ് സ്ഫോടന കേസില്‍ കുറ്റമാരോപിച്ച് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് ഞാനീ കത്തെഴുതുന്നത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള മഅ്ദനിയുടെ ഇപ്പോഴും തുടരുന്ന ജയില്‍ വാസം പല കാരണങ്ങള്‍ കൊണ്ടും ആശങ്ക ഉളവാക്കുന്നതാണ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോപിക്കപ്പെട്ട് അറസ്റ് ചെയ്യുകയും ജാമ്യം പോലും നിഷേധിച്ച് പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത മഅ്ദനി തീര്‍ത്തും അവിശ്വാസനീയ സാഹചര്യത്തിലാണ് വീണ്ടും അറസ്റ് ചെയ്യപ്പെടുന്നത്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിയമസഹായികളും ഉന്നയിച്ച അഭിപ്പ്രായങ്ങളും മാധ്യമ വാര്‍ത്തകളും മുഖവിലക്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഈ കേസില്‍ കുടുക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. 

ഈ കേസില്‍ മഅ്ദനിക്ക് സുതാര്യമായ വിചാരണയും വൈകാതെയുള്ള നീതിയും ഉറപ്പ് വരുത്തണമെന്ന് നീതിയില്‍ വിശ്വസിക്കുന്ന സഹൃദയരുടെ ആവശ്യം. മഅ്ദനിയുടെ കേസുകള്‍ നിരന്തരം മാറ്റിവെക്കുന്നതും വിചാരണ പ്രക്രിയ അന്തമായി നീണ്ടുപോകുന്നതും നീതിന്യായ പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് സംശയങ്ങള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. മഅ്ദനിയുടെ ഇപ്പോഴത്തെ അവസ്ഥ നീതിയിലും ന•യിലും വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു വൈകാരിക വിഷയമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ. മഅ്ദനിയുടെ മതവിശ്വാസവും ന്യൂനപക്ഷരാഷ്ട്രീയ നിലപാടുകളുമാണ് അദ്ദേഹം ഇവ്വിധം പീഡിപ്പിക്കപ്പെടാന്‍ കാരണമെന്ന ധാരണയും പ്രബലമാണ് ആയതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന് വല്ല വിപത്തും സംഭവിച്ചാല്‍ അത് സമൂഹത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ദുര്‍ബലമായ പ്രതിലോമ പ്രവണതകള്‍ ശക്തിപ്പെടാനുള്ള കാരണമായി അത് മാറുകയും ചെയ്തേക്കാം.

കുറ്റക്കാരണാണെന്ന് തെളിയിക്കപ്പെട്ടാല്‍ മഅ്ദനിയെ ശിക്ഷിക്കുന്നതിന് ഞാന്‍ എതിരല്ല. അതേ സമയം അദ്ദേഹത്തിന്റെ വിചാരണ തടവ് അനന്തമായി നീണ്ടുപോകുന്നത് എന്നെ അങ്ങേയറ്റം ആശങ്കാകുലനാക്കുന്നുണ്ട്. അതിനാല്‍ മഅ്ദനിക്ക് സുതാര്യമായ വിചാരണ ഉറപ്പ് വരുത്തുകയും അതിന്റെ പ്രാഥമിക നടപടി എന്ന നിലയില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയും വേണം. മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ രോഗങ്ങള്‍ ഫലപ്രദമായ ചികിത്സയും ഉറപ്പുവരുത്തണം. സ്വാഭാവികമായ നീതി നിഷേധിക്കപ്പെട്ട് മഅ്ദനി അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്നത് നമ്മുടെ മതേതര ജനാധിപത്യ രാജ്യത്തിന് അപമാനകരമാണ്. നീതിനിര്‍വ്വഹണത്തെ വിവേചനങ്ങളെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ബലപ്പെടാനേ അത് ഉപകരിക്കുകയുള്ളൂ. 

വിശ്വസ്തതയോടെ,
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍
(ജനറല്‍ സെക്രട്ടറി,അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ)

Kanthapuram AP Aboobacker Musliyar handovering the letter
to karnataka CM about the issue of ma-dani


Wednesday, January 11, 2012

വിളക്കുമാടങ്ങളിലേക്കൊരു യാത്ര

ല്‍ഹംദുലില്ലാഹ്! ഈ തവണ യു.എ.യില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ വലിയൊരനുഗ്രഹം അല്ലാഹുവില്‍ നിന്ന് ലഭിച്ചു. അവന്‍റെ ഇഷ്ടദാസന്മാരായ നിരവധി ഔലിയാക്കളെ സന്ദര്‍ശിക്കാനുള്ള അവസരം! അല്ലാഹു ഇഷ്ടപ്പെട്ടവരെ നാം ഇഷ്ടപ്പെടുകയും അവരുടെ തൃപ്തിക്ക് നാം പാത്രീഭൂതരാവുകയും ചെയ്‌താല്‍ അല്ലാഹു നമ്മെ കൈവിടുകയില്ല. അവിടെയാണ് ശഫാഅത്തിന്‍റെ സാധ്യത തെളിയുന്നത്. അതിന് മരിച്ചവരെന്നോ ജീവിച്ചവരെന്നോ അന്തരമില്ല. അല്ലാഹു ആദരിച്ചവയെ ആദരിക്കുകയും നിന്ദിച്ചവയോട് വെറുപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. അല്ലാഹു തൃപ്തിപ്പെടുകയും തിരിച്ച് അങ്ങോട്ട്‌ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തവരാണ് സ്വഹാബിമാര്‍ .വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണവരെ സര്‍ട്ടിഫൈ ചെയ്തത്. സ്വഹാബിമാര്‍ ദീനില്‍ തെളിവല്ലായെന്നും അവര്‍ക്ക്‌ ശേഷം വന്ന മദ്ഹബിന്‍റെ ഇമാമുകളെയും ഔലിയാക്കളെയും പരിഹസിക്കുകയും പുച്ഛത്തോടെ കാണുകയും ചെയ്യുന്നവരായത് കൊണ്ടാണ് ഈ അടുത്തകാലങ്ങളിലായി പൊട്ടിമുളച്ച പുത്തന്‍പ്രസ്ഥാനക്കാരഖിലവും അല്ലാഹുവിന്‍റെ വെറുപ്പിന് വിധേയമായവരെന്നു പറയപ്പെടാന്‍ കാരണം. അതിനാല്‍ ഇസ്‌ലാമിന്‍റെ പേരില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രബോധനങ്ങളില്‍ ആരും വശംവദരായിപ്പോകരുത്‌.. . പ്രത്യേകിച്ച് അമുസ്‌ലിം സഹോദരന്മാര്‍ .

ലോകത്തിന്‍റെ ഏതു ഭാഗങ്ങളിലെത്തിപ്പെട്ടാലും നമുക്കവിടെയെല്ലാം ഔലിയാക്കന്മാരുടെയും ശുഹദാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ കാണാനാകും. എന്തിനാണിങ്ങനെയെല്ലാം അല്ലാഹുതആല സംവിധാനിക്കാന്‍ തീരിമാനിച്ചത്‌? വെറുതെയല്ല. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അവ വിളക്കുമാടങ്ങളാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മണ്മറഞ്ഞുപോയ സ്വാലിഹീങ്ങളെ കൊണ്ട് ഗുണം ലഭിക്കണം. സര്‍വോപരി ആത്മീയ പ്രചോതനം ലഭിക്കണം.

ഖബര്‍ സിയാറത്ത് ഇസ്‌ലാം സുന്നത്തായി പഠിപ്പിക്കുന്നു. "ഖബര്‍ സന്ദര്‍ശനം ഞാന്‍ മുമ്പ്‌ തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത്ത് ചെയ്യുക. അത് ഭൗതിക താല്‍പര്യങ്ങളില്‍ വിരക്തി ഉണ്ടാക്കുകയും പരലോകചിന്ത ഉദ്ദീപിപ്പിക്കുന്നതുമാണ്.(ഇബ്നു മാജ ). നബി (സ്വ) മദീനാ ഖബര്‍സ്ഥാന്‍ സിയാറത്ത് ചെയ്തിരുന്ന സംഭവം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലുണ്ട്. ഫാത്തിമാ ബീവി ഹംസ (റ)ന്‍റെ ഖബര്‍ സിയാറത്ത് ചെയ്തതും അതിലെ കേടുപാടുകള്‍ തീര്‍ത്തിരുന്ന സംഭവവും ഹദീസിലുണ്ട്. നബി (സ്വ) യും നാല് ഖലീഫമാരും ഉഹ്ദ്‌ ശുഹദാക്കളെ സിയാറത്ത് ചെയ്ത സംഭവവും (തഫ്സീര്‍ ഇബ്നു കസീര്‍ 2/511,റാസി 45/19) രേഖപ്പെടുത്തിയിട്ടുണ്ട്. വഫാത്തായ തിരുനബി (സ്വ)യെ ബിലാല്‍ (റ) സ്വപനംകണ്ടപ്പോള്‍ സിയാറത്ത് ചെയ്യാന്‍ വന്നതും അനന്തരം ബിലാലിന്‍റെ വാങ്ക് കേട്ട് മദീനാ നഗരം നബി (സ്വ)യുടെ വസന്ത കാലത്തെ ഓര്‍ത്ത്‌ പൊട്ടിക്കരഞ്ഞ രംഗങ്ങളും ഇബ്നു ഹജര്‍ തങ്ങള് (അല്‍ ജൌഹരുല്‍ മുനള്ളം 27)വിവരിക്കുന്നത് കാണാം. ബാഗ്ദാദ് വാസത്തിനിടെ ഷാഫിഈ ഇമാം അബൂഹനീഫ തങ്ങളുടെ ഖബര്‍ സിയാറത്ത്‌ ചെയ്യാറുണ്ടായിരുന്നു(അല്‍ ഖൈറാത്തുല്‍ ഹിസാന്‍ 63). താരീഖു ബാഗ്ദാദ്.1/123 ലും ഈ സംഭവം വിവരിക്കുന്നുണ്ട്. രിഫാഈ ശൈഖ് റൌളാശരീഫിനു മുന്നില്‍ വന്ന് തിരുനബി (സ്വ)യുടെ കൈ ചുംബിച്ച സംഭവം പ്രസിദ്ധമാണ്.(സആദാത്ത് 299) വെളിയങ്കോട് ഉമര്‍ ഖാളി തങ്ങള്‍ റൌളയില്‍ ചെന്ന് പദ്യമാലപിക്കുകയും ഇരുമ്പഴികള്‍ തുറക്കപ്പെട്ടതും പ്രസിദ്ധമാണ്. മണ്മറഞ്ഞുപോയ മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നതിന്‍റെ ഇസ്‌ലാമിക മാനമിതാണ്. വിവരദോഷികള്‍ കാട്ടുന്ന അനാചാരങ്ങളുടെ പേരില്‍ വഹാബി മതക്കാര്‍ ഇസ്‌ലാമിനെ കൊഞ്ഞനം കാട്ടുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ മുസ്‌ലിം ലോകം തള്ളിക്കളയേണ്ടാതാണ്.

അജ്‌മീര്‍ ഖാജാ (ഖ.സി) ദര്‍ഘാ ശരീഫ്‌
ഡിസംബര്‍ 25 നു തൃശൂരില്‍ നിന്നും ജുമുഅ നിസ്ക്കാരം കഴിഞ്ഞ് മംഗള ലക്ഷദ്വീബ് എക്സ്പ്രസില്‍ കയറി. ലക്ഷ്യം അജ്മീര്‍ . കൂടെ ഭാര്യയും കുട്ടിയുമുണ്ട്. അവരെ കൂടെ കൂട്ടിയത് വലിയൊരു അനുഗ്രഹവും കടപ്പാടുമായി പിന്നീട് തോന്നി. കാരണം ഇതിനു മുമ്പ്‌ അജ്മീറില്‍ പോയി തിരിച്ചു വന്ന ഉടനെയാണ് ഞാന്‍ പെണ്ണ് കാണാന്‍ പോകുന്നതും വിവാഹം ഉറക്കുന്നതും അനന്തരം വിവാഹം നടക്കുന്നതും. ഏതായാലും ഇന്ത്യന്‍ മുസ്‌ലിംകളുടെ സുപ്രിംകോര്‍ട്ടായ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖ.സി)യുടെ അരികിലേക്കായിരുന്നു ഈ ലീവിലെ പ്രധാന യാത്ര. യാത്രക്ക് നേതൃത്വം നല്‍കിയത്‌ വന്ദ്യ പിതാവ് പി.എസ്.കെ.മൊയ്തു ബാഖവിയായിരുന്നു. ഇന്ത്യന്‍ ജനതക്ക്‌ ഏറ്റവുമധികം ഹിദായത്തിന്‍റെ ജാലകം തുറന്നു കൊടുത്ത മഹാന്‍ , കേവലം ഒരു നോട്ടത്തിലൂടെ എണ്ണമറ്റ മനുഷ്യരെ നേര്‍വഴിയിലേക്കെത്തിച്ച മഹാന്‍ , ഇന്ത്യ ഭരിച്ചവരും ഭരിക്കുന്നവരുമായ ഒട്ടുമിക്ക രാജാക്കന്മാരും ഭരണാധിപരും ഈ സുല്‍ത്താന്‍റെ ദര്‍ബാറില്‍ വരാതിരുന്നിട്ടില്ല; വരാതെ പോകാറുമില്ല.

അവിടത്തെ രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഖുര്‍ആന്‍, ദിക്ര്‍ , സ്വലാത്ത്‌,അജ്മീര്‍ മൌലിദ് എന്നിവയില്‍ ഞങ്ങള്‍ നിരതരായി. വൈലത്തൂര്‍ ബാവമുസ്ലിയാരുടെ അല്‍പനേരങ്ങളിലെ സാന്നിധ്യം ഞങ്ങള്‍ക്ക് ഹൃദ്യമായി തോന്നി. ഖാജയുടെ മകന്‍ ഫഖ് റുദ്ദീന്‍ എന്നവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സല്‍വാര്‍ യാത്രയും ധന്യമായി. ഖാജാ തങ്ങള്‍ സംസ്കരിച്ചെടുത്ത ദല്‍ഹി സുല്‍ത്താനായിരുന്ന നിസാമുദ്ദീന്‍ ഔലിയ ദര്‍ഘയില്‍ ഞങ്ങള്‍ എത്തി. ദല്‍ഹിയില്‍ ഇന്നൊരു പ്രദേശം മുഴുക്കെ നിസ്സാമുദ്ദീന്‍ എന്നാണറിയപ്പെടുന്നത്. റെയില്‍വേ സ്റ്റേഷന്‍ ,ബസ്‌സ്റ്റേഷന്‍ എന്തിനേറെ മൊബൈലില്‍ ടവര്‍ തെളിയുന്നത് വരെ നിസ്സാമുദ്ദീന്‍ എന്നാണ്. എല്ലാം ഈ ഔലിയയുടെ സ്മരണ നിലനിര്‍ത്തുന്നു. അധികാരത്തിന്‍റെ രാജ സിംഹാസനത്തില്‍ നിന്നും വിലായത്തിന്‍റെ ഔന്നിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഖാജാ തങ്ങളായിരുന്നു. ശേഷം ഖാജയുടെ ഖലീഫമാരില്‍ ഒരാളായ ബാക്തിയാര്‍ കഅകി അന്ത്യവിശ്രമം കൊള്ളുന്ന മെഹ്റോളി സന്ദര്‍ശിച്ചു. മറ്റു അനേകം സ്ഥലങ്ങളും യാത്രയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു.

ലീവില്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാന സ്ഥലം ഏര്‍വാടിയായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് അവിശ്വാസം പിഴുതെറിഞ്ഞ് ഇസ്‌ലാം വളര്‍ത്തിയ മഹാന്മാര്‍ ! അതിനുവേണ്ടി അവരൊക്കെ സംഭാവന നല്‍കിയത് ജീവിതമാസകലമായിരുന്നു. സയ്യിദ്‌ ഇബ്റാഹീം ബാദ്ഷാ തങ്ങള്‍ , പ്രിയപുത്രന്‍ അബൂ ത്വാഹിര്‍ തങ്ങള്‍ , അവിടത്തെ മന്ത്രിയായിരുന്ന അബ്ബാസ്‌ എന്നവര്‍ ,അവിടത്തെ സംഘത്തിലെ ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം എന്നവര്‍ , തുടങ്ങീ ലക്ഷക്കണക്കിന് ശുഹദാക്കളുടെ രക്തം വീണ പവിത്ര മണ്ണാണവിടം. 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. പിശാച്ബാധയേറ്റവരെ ആത്മീയ ലോകത്ത് ചികില്‍സ നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ കോടതിയാണിവിടം. അവിടന്ന് കുറച്ചപ്പുറത്തേക്ക് നീങ്ങിയാല്‍ കീളക്കരയെന്ന സുപ്രസിദ്ധ നാട് കാണാം. കുതുബിയ്യത്തിന്‍റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരി എന്ന മഹാന്‍ അവിടെ അന്തിയുറങ്ങുന്നു. അവിടുത്തെ ബൈത്ത് ചൊല്ലി ഞങ്ങള്‍ അവിടം സിയാറത്ത് ചെയ്തു.

സൈനുദീന്‍ മഖ്ദൂം രണ്ടാമന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
ഉത്തരകേരളത്തിന്‍റെ അതിര്‍ത്തിയും കടന്ന് കര്‍ണ്ണാടകത്തിലേക്ക് കടന്നാല്‍ ഉള്ളാളമെത്താം. അവിടം അന്തിയുറങ്ങുന്ന സയ്യിദ്‌ മദനി തങ്ങളെ സിയാറ നടത്തി തിരിച്ചു കാസര്‍ക്കോടെത്തിയാല്‍ മാലിക്‌ബിന്‍ ദീനാര്‍ പള്ളിയിലെത്താം.അവിടം അന്തിയുറങ്ങുന്നവരെയും സന്ദര്‍ശിച്ച് തോട്ടപ്പുറം വിദ്യാഭാസ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന മുഹിമ്മാത്തിലെത്താം. സ്ഥാപനത്തിന്‍റെ സാരഥി മര്‍ഹൂം സയ്യിദ്‌ താഹിര്‍ തങ്ങളെയും സന്ദര്‍ശിച്ചു. കൂടെ താഹിര്‍ ബാംഗ്ലൂരും ഫാമിലിയും യാത്രക്ക് വലിയ സൌകര്യങ്ങള്‍ നല്‍കി. യാത്ര വീണ്ടും തുടര്‍ന്നാല്‍ കണ്ണൂരിലെ കുഞ്ഞിപ്പള്ളിയിലെത്താം. അവിടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാര്‍ത്ഥികള്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തിലെ പ്രാഥമിക ആധികാരിക ഗ്രന്ഥമായി പഠിക്കുന്ന ഫത്ഹുല്‍ മുഈനിന്‍റെ രചയിതാവ്‌ അന്ത്യവിശ്രമം കൊള്ളുന്നത്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടും.
ഉള്ളാള്‍ ദര്‍ഘയും പള്ളി പരിസരവും

പത്തു വര്‍ഷം കിതാബ് പഠിച്ച് ബിരുദമെടുത്ത് പുറത്തിറങ്ങാന്‍ അവസരം സൃഷ്ടിച്ച ഞങ്ങളുടെ സ്ഥാപനമായ കോടമ്പുഴ ദഅവാ കോളേജിന്‍റെ രക്ഷാധികാരിയും ഞങ്ങളുടെ പ്രധാന ഗുരുവര്യരും കൂടിയായ കോടമ്പുഴ ബാവ മുസ്‌ലിയാരോടൊപ്പമായിരുന്നു കുഞ്ഞിപ്പള്ളി സിയാറത്തെന്നതില്‍ മനസ്സില്‍ സന്തോഷത്തിന് മാറ്റേകി.

വീണ്ടും യാത്രതുടര്‍ന്നാല്‍ കോഴിക്കോട്ടെത്താം. അവിടെ നിന്നും നരിക്കുനി ബസ്‌ കയറി മടവൂരിലിറങ്ങിയാല്‍ സി.എം വലിയുല്ലാഹി എന്ന വിശ്രുത മഹാന്‍റെ മഖാമിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. ബഹു: താജുല്‍ ഉലമക്ക് കീഴില്‍ കാന്തപുരം ഉസ്താദ്‌ നയിക്കുന്ന സുന്നീ പടയോട്ടത്തിന്‍റെ എല്ലാനിലക്കുമുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ആ മഹാനില്‍ നിന്നാണ്. എന്‍റെ മാതാവ് സി.എമിന്‍റെ വസ്ത്രം കഴുകിക്കൊടുത്തിട്ടുണ്ട്.എന്‍റെ ഉപ്പ-ഉമ്മയുടെ വിവാഹാലോചന സമയത്ത്‌ ഖൈറുണ്ടെന്ന സി.എമിന്‍റെ ആശീര്‍വാദം അവിടെവെച്ച് മനസിലോര്‍മ്മ വന്നപ്പോള്‍ മിഴിനീര്‍ പൊടിഞ്ഞു.....

നമ്മുടെ കേരള യാത്ര ഇപ്പോള്‍ എന്‍റെ സ്വന്തം നാടായ തൃശൂര്‍ ജില്ലയിലെത്തി. കൈപ്പമംഗലം അബ്ദുല്‍ കരീം ഹാജി, മതിലകം ബാപ്പുട്ടി മുസ്‌ലിയാര്‍ , മുനവ്വര്‍ഷാ പനങ്ങാട്‌ തുടങ്ങിയ മഹാന്മാരെയും വിവിധ സമയങ്ങളില്‍ സന്ദര്‍ശിച്ചു. ഇതെല്ലം വീടിനു പരിസരങ്ങളില്‍ പ്രഭപരത്തിനില്‍ക്കുന്ന വിളക്കുമാടങ്ങളാണ്.


വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറമെത്തിയാല്‍ ഇന്ത്യയിലെ ആദ്യ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്‌ കാണാം. അവിടെയാണ് ഇന്ത്യയില്‍ ഇസ്‌ലാം നട്ടുപിടിപ്പിച്ച മാലിക്‌ബിന്‍ ദിനാറും സംഘത്തിലെ പ്രധാനിയായ ഹബീബ്‌ബ്നു മാലികും ഭാര്യ ഖമരിയ്യ (റ) യും അന്ത്യവിശ്രമം കൊള്ളുന്നത്. തിരുനബി (സ്വ)യുടെ കാലത്ത് തന്നെയാണ് ഈ പ്രമുഖ സ്വഹാബിമാര്‍ കേരളക്കരയിലെത്തിയത്. എന്തായാലും തിരുനബിയിലേക്കുള്ള പിടിവള്ളിയാണ് നമ്മുടെ മുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഈ മഹാരഥര്‍ .ഞാന്‍ നാടുവിട്ട് എവിടെപ്പോകുമ്പോഴും തിരിച്ചു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴും അവരെ സിയാറത്ത് ചെയ്യാതെ പോകുകയും വരികയുമില്ല. നാളെ അല്ലാഹുവിന്‍റെ മുന്നില്‍ പാദമിടറുംമ്പോള്‍ തിരുനബിയുടെ കൈപിടിച്ച് ഈ സ്വഹാബിവര്യര്‍ സ്വര്‍ഗ്ഗപ്പ്രവേശം നടത്തുമ്പോള്‍ അവരുടെ കയ്യെങ്കിലും ഒരു പിടിവള്ളിയായാല്‍ ..എന്ന പ്രതീക്ഷയുടെ നാമ്പ് നമുക്ക്‌ ആത്മീയാവേശം നല്‍കുകയാണ്.

Sunday, January 8, 2012

ലവ് സ്റ്റോറി

ബാംഗ്ലൂര്‍ ഡയറി. ഭാഗം-3

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസില്‍ ഒരുവിധത്തില്‍ ഞാന്‍ കയറിപ്പറ്റി. ഡോറിലാണ് പിടിവള്ളി കിട്ടിയത്. ട്രെയിനില്‍ അത്രയ്ക്കും തിരക്കായിരുന്നു. പാലക്കാട്‌ വരെ ഒന്നര മണിക്കൂര്‍ അതേ നില്‍പ്പുതന്നെ. അവിടെ എത്താറായപ്പോഴേക്കും അപ്പര്‍ബര്‍ത്തിലുള്ള ഒരാള്‍ എന്നെ കണ്ണിറുക്കിക്കാട്ടി. ഞാന്‍ ഇവിടെ ഇറങ്ങുന്നു നിങ്ങള്‍ ഇങ്ങോട്ടു വരുന്നോ എന്നാണു അയാള്‍ ഉദ്ദേശിച്ചതെന്നു എനിക്ക് മനസിലായി. എന്‍റെ ബാഗ് അയാള്‍ക്ക്‌ കൈമാറി ഞാനിതാ വരുന്നു എന്നരൂപത്തില്‍ അദ്ദേഹത്തിനു മറുപടി നല്‍കി. മറ്റുള്ളവര്‍ അത്ഭുതത്തോടെ ഈ രംഗം വീക്ഷിച്ചു നിന്നു. അങ്ങിനെ അല്ലാഹുവിനു സ്തുതിയര്‍പ്പിച്ചു ഞാനവിടെ ഇരിപ്പുറപ്പിച്ചു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ ഞാന്‍ ഇരിക്കുന്ന ഭാഗത്ത്‌ മുഴുവന്‍ പുരുഷന്മാര്‍ . ലോവര്‍ബെര്‍ത്തില്‍ അവര്‍ക്കിടയില്‍ രണ്ടു കോളേജ്‌ പെണ്‍കുട്ടികളുമുണ്ട്. ഇരുവരും ഇരുപത്‌ ഇരുപത്തിയഞ്ച് പ്രായം തോന്നിക്കും.

അപ്പോഴേക്കും ഐലന്‍റ് പാലക്കാട്‌ സ്റ്റേഷനില്‍ ഫൌളിഗ് പോയിന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചായ..കാപ്പി...
വാട്ടര്‍ വാട്ടര്‍ ..
ബിരിയാണി..ചപ്പാത്തി..പൊറോട്ടാ...
അലുവാ ചിപ്സ്....
കച്ചവടക്കാര്‍ ട്രെയിനിനെ വളഞ്ഞു. ഓരോരുത്തരും തങ്ങള്‍ക്കു വേണ്ടത് തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ അഞ്ചു രൂപാ കൊടുത്ത് ഒരു ചായയില്‍ ഒതുക്കി. മറ്റുചിലര്‍ തങ്ങള്‍ വീട്ടില്‍ നിന്നും കരുതിയ ഭക്ഷണപ്പൊതികള്‍ തുറന്ന് ശാപാട് തുടങ്ങി. അതിന്‍റെ ഗന്ധം മറ്റൊരുവിധത്തില്‍ അന്തരീക്ഷത്തില്‍ പടര്‍ന്നെങ്കിലും എല്ലാവരും സഹിച്ചിരുന്നു. ഞൊടിയിടയില്‍ എനിക്കീസീറ്റ്‌ കിട്ടിയതില്‍ ചിലരുടെ മുഖത്ത് അമര്‍ഷം കളിയാടുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട്‌ ശ്രദ്ധകൊടുക്കാതെ പോകറ്റിലുണ്ടായിരുന്ന തസ്ബീഹ് മാലയെടുത്തു സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി. പുലര്‍ച്ചവരെയുള്ള ഒഴിവു സമയം അങ്ങനെ ഉപയോഗപ്പെടുത്താമെന്നു കരുതി. ഭൂമിയിലെവിടെയായിരുന്നാലും ദൈവ സ്മരണ നാം കൈവെടിയരുതല്ലോ?

"കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നു." പതിവ് സ്വരം ഉയര്‍ന്നുകൊണ്ടിരുന്നു. സ്റ്റേഷനില്‍നിന്നും അധികമാരും കയറിയില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍ കയറിയത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നീല ഷര്‍ട്ട് ധരിച്ച് തോളില്‍ ഒരു ബാഗും തൂക്കി കണ്ണടയും ധരിച്ച് തിരക്കിനിടയിലും അയാള്‍ ഉള്ളിലോട്ടു തള്ളിക്കയറി വന്നു. ആദ്യം എല്ലാവരുമൊന്ന് ഭയന്നു..പിന്നെ അയാള്‍ സ്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്ത്‌ ചെന്ന് നില്‍പ്പുറപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. കാരണം ഈകാലത്ത് സ്ഫോടനം നടത്തുന്നതും തീവ്രവാദം കളിക്കുന്നവരുമെല്ലാം എന്‍ജിനീയര്‍മാരുടെയും മറ്റു ടിപ്പ് ടോപ്പ്‌ ടീമില്‍ പെട്ടവരുടെയും കൂട്ടത്തിലുള്ളവരാണല്ലോ .

അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ഗ്രീന്‍സിഗ്നല്‍ പ്രകാശിച്ചു. കറുത്തിരുണ്ട പുകച്ചുരുളുകള്‍ തുപ്പി ഐലന്‍റ് മെല്ലെ ചലിക്കാന്‍ തുടങ്ങി. കച്ചവടക്കാരുടെ ശബ്ദങ്ങളെ വിദൂരതയിലേക്ക് തള്ളി വാഹനം കുതിച്ചു...ഇനി ലക്ഷ്യം കോയമ്പത്തൂര്‍ ...കോയമ്പത്തൂര്‍ സ്റ്റേഷന്‍ അടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് മുന്നിലിരുന്ന ഒരാള്‍ എഴുന്നേറ്റു. തല്‍സ്ഥാനത്ത് ഈ ചെറുപ്പക്കാരനിരുന്നു. സമയം ഏകദേശം പതിനൊന്നു മണിയോടടുക്കുന്നു. തിരക്കിനു അല്‍പ്പം ഇളക്കം സംഭവിച്ചുവെന്നല്ലാതെ കാര്യമായ മാറ്റമൊന്നുമില്ല.

അല്പംകഴിഞ്ഞപ്പോള്‍ ഈ ചെറുക്കനും മുന്നിലിരിക്കുന്ന ഈ യുവതികളും സംസാരത്തിലേക്ക് കടക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ ഈ പെണ്ണൊരുത്തി കുരുങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല. സംസാരത്തിനു തുടക്കമിട്ടത് ഇയാള്‍ തന്നെ. പേര്‍ എന്തെന്ന ചോദ്യത്തിന് സ്നേഹ(സാങ്കല്‍പ്പികം)യെന്നു പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി. ഇതെന്‍റെ വല്യമ്മച്ചിയുടെ മകള്‍ ഷീന(സാങ്കല്‍പ്പികം)യെന്നു അഡീഷനല്‍ മറുപടിയും ഒപ്പം നല്‍കി. പേര്‍ സുബാഷ്‌ എന്നാണ്. വിളിക്കുന്നത്‌ സുബി എന്നാണ്.(സാങ്കല്‍പ്പികം) അയാള്‍ സ്വയം പരിചയപ്പെടുത്തി.

ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം. 'മോളുടെ സ്ഥലം?' "ചാലക്കുടി". 'രണ്ടുപേരും?' "അതെ, രണ്ടു പേരും ചാലക്കുടി തന്നെ". "നിങ്ങള്‍?" 'ഞാന്‍ തൃശൂര്. ഇവിടെ വല്യച്ചനെ കാണാന്‍ വന്നതാ.' 'നിങ്ങളെങ്ങോട്ടാ?' "എന്‍റെ കോഴ്സ്‌ കഴിഞ്ഞു. ഇപ്പോള്‍ ജോബ്‌ സെര്‍ച്ചിലാ. ഇവള്‍ പഠിക്കുന്നു. ഞങ്ങള്‍ രണ്ടു പേരും ബാംഗ്ലൂര്‍ക്കാ." 'അതെയോ? ഞാനും അങ്ങോട്ടു തന്നെയാ.' "ഓഹോ! എങ്കില്‍ കൂട്ടിനു ആളായല്ലോ!" 'അതെ, എനിക്കും..'


അപ്പര്‍ബെര്‍ത്തിലിരിക്കുന്ന ഞങ്ങളടക്കം കേള്‍ക്കുമാര്‍ ഉച്ചത്തില്‍ അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. പരിസരത്തുള്ളവര്‍ ഇടയ്ക്കിടെ ഇവരെ നോക്കിക്കൊണ്ടിരുന്നു. പരിസരം മറന്ന് അവര്‍ സംസാരത്തിലേക്ക് വീണ്ടും...അവള്‍ ചോദിച്ചു: "ബാംഗ്ലൂരില്‍ നിങ്ങളെവിടെയാ?" 'ഞാന്‍ കെ.ആര്‍ .പുരം.' "ഓഹോ! ഞങ്ങള്‍ അള്‍സൂരിലാ. സുബി എന്ത് ചെയ്യുന്നു?" സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ .' "സാലറി?" 'തരക്കേടില്ല.' ടെന്‍ഷനടിക്കേണ്ട കോണ്‍ഫിഡന്‍സ് ഉണ്ടാകണം. ജോലി ഞാന്‍ ശരിയാക്കിത്തരാം. സുബി പറഞ്ഞു. "ഓഹോ! ഉറപ്പായിട്ടും?" 'അതെ, സുബിയെ വിശ്വസിച്ചോളൂ..' "വിശ്വസിച്ചോട്ടെ?"(അവള്‍ പരിസരം മറന്ന് ചിരിക്കുന്നു) 'ആസ് യു ലൈക്‌' "ഓക്കെ. എനിക്ക് നിങ്ങളെ വിശ്വാസമായി."

ഇസ്‌ലാം മുന്നോട്ടു വെച്ച ഒരു തിയറി വളരെ എളുപ്പത്തില്‍ സമര്‍ഥിക്കാന്‍ ഈ സംഭാഷണം പര്യാപ്തമാണെന്നെനിക്ക് തോന്നി. ആയതിനാല്‍ ഞാനീ സംഭാഷണം മുഴുവന്‍ കുറിച്ചെടുത്തു. ആ രാത്രി അവര്‍ ഉറങ്ങിയില്ല. മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ള അവരുടെ സംഭാഷണത്തിന്‍റെ മാനുസ്ക്രിപ്റ്റ് എന്‍റെ പക്കലുണ്ട്. അവ മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. അതിവിടെ ആവശ്യവുമില്ല. താനെന്തിനു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകണമെന്ന മട്ടില്‍ ഷീന മെല്ലെ ഉറക്കിലേക്ക് വഴുതിവീണു. ചേച്ചിയുടെ തോളില്‍ ചാരിക്കിടന്നു.

കുറേകഴിഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ക്കിടയിലെ ഇടവേള കുറഞ്ഞുതുടങ്ങി. അടുത്ത സ്റ്റേഷനില്‍ വാഹനം നിറുത്തിയപ്പോള്‍ കച്ചവടക്കാര്‍ വീണ്ടും സജീവമായി. ഇരുവരും നല്ല ചുടുകാപ്പി വാങ്ങിച്ച് സംസാരത്തിന്‍റെ ഗിയര്‍ മാറ്റിയിട്ടു. അവള്‍ ചോദിച്ചു: "വിവാഹം കഴിഞ്ഞോ?" 'ഇല്ല.' "എന്താ കാത്തിരിക്കുന്നത്?" 'ഒന്നുമില്ല. എന്‍റെ വീട്ടുകാര്‍ കുറെയായി നിര്‍ബന്ധിക്കുന്നുത് ഞാന്‍ സമ്മതിക്കാഞ്ഞിട്ടാ.' "എന്താ സമ്മതിക്കാത്തത്? മനസ്സില്‍ വല്ലവരുമുണ്ടോ?"(രണ്ടുപേരും ചിരിക്കുന്നു)


സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. ചിലര്‍ നല്ല ഉറക്കില്‍ . മറ്റുചിലര്‍ ഇവരുടെ തമാശകള്‍ കണ്ടിരിക്കുന്നു. വേറെചിലര്‍ ഉറക്കംതൂങ്ങി അടുത്തുള്ളയാളുടെ മേലോട്ട് വീഴുമ്പോള്‍ ശല്ല്യപ്പെടുത്തല്ലേ ഈ കാമകേളിയൊന്നു കാണട്ടെയെന്ന മട്ടില്‍ അയാളെ അടക്കി നിര്‍ത്തുന്നു...അവര്‍ പിന്നെ ഒരുപാട് കുടുബകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, പഠനവിഷയങ്ങള്‍ അങ്ങിനെ പലതും ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. അഭിമുഖമായിരിക്കുന്ന ഇരുവരും അല്പം മുന്നോട്ടു നീങ്ങി മുട്ടോട് മുട്ട് ചേര്‍ന്നിരുന്നു. ഇരുവരുടെയും പക്കലുള്ള ഹാന്‍ഡ്‌ബാഗ് തങ്ങളുടെ മടിയിലുണ്ട്. അതിന്‍മുകളില്‍ കൈവെച്ച് പരസ്പരം സ്പര്‍ശിക്കുവാനും തലോടാനും തുടങ്ങി. അവളുടെ കയ്യിലെ മോതിരം അവന്‍ മൃതുവായി അഴിച്ച് വീണ്ടും അതില്‍ ധരിപ്പിച്ചു. അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം സംസാരവും മധുരതരമായി നടക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ മത്തുപടര്‍ന്നു തുടങ്ങി..അവള്‍ അവന്‍റെ ബാഗിനു മുകളില്‍ തലവെച്ചു കിടന്നു. കുറച്ചുനേരം അവന്‍ കാവലിരുന്നെങ്കിലും ശേഷം അവനും അവള്‍ക്കുമീതെ കുഴഞ്ഞുവീണു. ഉറക്കമല്ലെങ്കിലും ഉറക്കംനടിച്ച് അവര്‍ കിടന്നു. അതിനിടയില്‍ അവര്‍ മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി സേവ്ചെയ്യുന്നത് കാണാമായിരുന്നു.

എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന് അടുത്തുള്ള തമിഴന്‍ എന്നോട് ചോദിച്ചു. ഒരു തുണിയെടുത്ത് മൂടിയിടാമെന്ന് ഒരു ഉത്തരേന്ത്യക്കാരന്‍ പറഞ്ഞു. പറ്റില്ല അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഒരു മലയാളി കയര്‍ത്തു പറഞ്ഞു. ആകെക്കൂടെ അന്തരീക്ഷം മലീമസമാകാന്‍ തുടങ്ങി.


പരിസരബോധം വീണുകിട്ടിയിട്ടാകണം; സ്നേഹയും ഷീനയും സീറ്റില്‍ നിന്നെഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നീങ്ങി. ഷീന ബാത്ത്റൂമില്‍ പോയി തിരിച്ചു വന്നു. സ്നേഹ ടോയ്‌ലറ്റിന്‍റെ ഡോറില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതും ഇപ്പുറത്ത്‌ സുബി ഫോണ്‍ അറ്റന്‍റ് ചെയ്യുന്നതും എല്ലാവര്‍ക്കും കാണാമായിരുന്നു. എന്‍റെ ദൈവമേ എന്നുപറഞ്ഞ് ചിലര്‍ തലയില്‍ കൈവച്ചു. സുബി അടുത്തെത്തിയപ്പോള്‍ ടോയ്‌ലറ്റ്‌ ഡോര്‍ തുറന്ന് അവള്‍ അകത്ത് കടന്നു. നീ പോയിവാ എന്നിട്ട് ഞാന്‍ പോകാം എന്ന മട്ടില്‍ നിന്നിരുന്ന സുബിയെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ചു. ശക്തമായി കതകടച്ച് ഉള്ളില്‍ നിന്ന് ലോക്ക് ചെയ്ത ശബ്ദം പുറത്തുള്ളവരുടെ കാതടപ്പിക്കുമാറായിരുന്നു.

എല്ലാവരും നെടുവീര്‍പ്പോടെ നില്‍ക്കുമ്പോള്‍ ഐലന്‍റ് സേലം സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നേരം ശക്തമായൊരു സീനിന്‍റെ ക്ലൈമാക്സില്‍ ലഭിച്ച ഇടവേള പോലെ ജനങ്ങള്‍ കൈകാലുകള്‍ നിവര്‍ത്താനും ചായകുടിക്കാനും സിഗററ്റ് പുകയ്ക്കാനും മാറിനിന്നു. അവിടെയെത്തിയപ്പോഴേക്കും ട്രെയിനിലെ തിരക്ക്‌ പകുതിയായി കുറഞ്ഞു. അരമണിക്കൂര്‍ ഇടവേളക്ക് ശേഷം വാഹനം വീണ്ടും അടുത്ത സ്റ്റേഷനില്‍നിലേക്ക് കുതിച്ചു.

ബാത്ത്റൂമില്‍ നിന്നിറങ്ങി വരുന്ന ഇരുവരെയും ജനം സാകൂതം വീക്ഷിച്ചു. ഒന്നുമറിയാത്ത മട്ടില്‍ അവര്‍ തങ്ങളുടെ സീറ്റുകളില്‍ സ്ഥാനം പുതുക്കി. ജനം പിന്നെ അവരെ കാണുന്നത് വളരെ ഹാപ്പിയായാണ്. ദുര്‍മേദസ്സുകളെല്ലാം ഒഴിവായെന്ന മട്ടില്‍ ചായകുടിച്ച്, പൊട്ടിച്ചിരിച്ച്, വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവര്‍ നേരം വെളുപ്പിച്ചു. ഷീന അപ്പോഴും എല്ലാം തകര്‍ന്ന മട്ടില്‍ ഇരിപ്പുണ്ടായിരുന്നു.

സുബഹിയായപ്പോള്‍ നിസ്കരിക്കുവാന്‍വേണ്ടി ഞാന്‍ വുളു ചെയ്തുവന്നു. ഞാനൊന്നു നിസ്കരിചോട്ടെ? ഒരല്പം സൗകര്യം തരുമോയെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ലോവര്‍ബെര്‍ത്തിലെ സഹയാത്രികര്‍ ആദരവോടെ അതിനു സൗകര്യം തന്നു. ഇരു സീറ്റുകള്‍ക്കിടയില്‍ പേപ്പര്‍ വിരിച്ച് ഞാന്‍ സുബഹി നിസ്കാരം പൂര്‍ത്തിയാക്കി.


ഏഴുമണിയോടെ ഐലന്‍റ് ബാംഗ്ലൂര്‍ സിറ്റിയില്‍ എത്തിച്ചേര്‍ന്നു. കെ.ആര്‍ .പുരത്തിറങ്ങേണ്ട സുബി അവിടെയിറങ്ങിയില്ല. സ്നേഹയുടെ ക്ഷണപ്രകാരം അയാള്‍ മെജസ്റ്റിക്കിലിറങ്ങി. ഇരുവരും കൈകോര്‍ത്തുപിടിച്ച് വിദൂരതയിലേക്ക് മറഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം നിങ്ങളുടെ മനസിലുണ്ടാകുമെങ്കിലും ഇനിയാണെല്ലാം എന്ന മറുപടി അവരുടെ മനസിലുണ്ടാകില്ലെ?


ഒരു കൊല്ലത്തുകാരന്‍ കിഴവന്‍ അരയിലെ ബീഡിപേക്കില്‍ നിന്ന് ഒരെണ്ണമെടുത്തു വായില്‍വെച്ചു. അയാള്‍ വായിലെ ബീഡിയിളക്കി സംസാരിച്ചു. "അപ്പൊ സ്റ്റുടന്‍റ്സുകള്‍ എന്നുപറഞ്ഞാല്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവര്‍ . എന്‍റെ പൊന്നുമക്കളേ ചുമ്മാ പക്ഷികളുടെയും മൃഗങ്ങളുടെയും വില നിങ്ങള്‍ കളയരുതേ.."സിഗരറ്റ്‌ലാമ്പ്‌ അമര്‍ത്തി അയാള്‍ ബീഡിക്ക് തീ കൊളുത്തി..പക്ഷെ ബാംഗ്ലൂരിലെ തണുത്ത അന്തരീക്ഷം തീപോരിയെ മറികടന്നു..ശക്തമായൊന്നമര്‍ത്തി അയാള്‍ വീണ്ടും തീ കൊളുത്തി. പുകയൂതിക്കൊണ്ടയാള്‍ പറഞ്ഞു: "അല്ലെങ്കിലും ഈ ഐലന്‍റ് സ്റ്റുടന്‍റ്സുകളുടെ മണിയറയാ...."

കുറിപ്പ്‌, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവാഹപൂര്‍വ്വ ലൈംഗികബന്ധം വര്‍ധിച്ചുവരുന്നു. വിവാഹമെന്ന ധാര്‍മ്മിക ചട്ടക്കൂടിനെ പൊളിച്ചെഴുതുന്ന സമൂഹം വളര്‍ന്നുവരുന്നു. കാണുന്നവരെ പ്രേമിക്കുവാനും അവരെ കാമിക്കുവാനും വീണ്ടും ആ പണി തുടരാനും സ്റ്റുടന്‍റ്സുകളെന്ന പേരില്‍ സ്വാതന്ത്ര്യം. അതിനു സ്ഥലകാല ഭേദമില്ല. രക്ഷിതാക്കള്‍ ജാകരൂകരാവുക.!

അടുത്ത ലക്കം "ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി"