Showing posts with label നബിദിനം. Show all posts
Showing posts with label നബിദിനം. Show all posts

Friday, January 23, 2015

മൌലിദ് വിരോധികള്‍ക്ക് വായടപ്പന്‍ മറുപടിയുമായി ഹസ്രത് പീര്‍ മുഹമ്മദ്‌ അല്‍ ഷമ്മി

ഹസ്രത് പീര്‍ മുഹമ്മദ്‌ സാബിഖ് ബിന്‍ ഇഖ്ബാല്‍ അല്‍ ഷമ്മി 
ഹസ്രത് പീര്‍ മുഹമ്മദ്‌ സാഹിബിന്‍റെ  വീഡിയോ ഈ അടുത്തിടെയാണ് വിനീതന്‍ ഫേസ്ബുക്ക്‌ വഴി കാണാനിടയായത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്‌ നല്ല വണ്ണം പരിശോധിച്ചപ്പോള്‍ ഇദ്ദേഹം ഉറച്ച സുന്നീ ആദര്‍ശത്തിന്‍റെ വക്താവാണെന്നു മനസിലായി. തിരുനബി (സ്വ) യുടെ പേരിലുള്ള മൌലിദ് ആഘോഷവും സുന്നത്തും ബിദ്അത്തും വിശദീകരിച്ചുകൊണ്ടുള്ള പുതുതായി അപ്ലോഡ് ചെയ്ത ഇംഗ്ലിഷ് ക്ലാസ്സ്‌ വളരെ ഗഹനമാണ്. ആസാദ് കശ്മീരിലെ ഉയര്‍ന്ന സൂഫി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയപ്പോള്‍ കൂടെ പോകുകയും പിന്നെ പഠനത്തിനായി പാകിസ്താനിലേക്ക് തിരിച്ചു വരികയും കുറച്ചുകാലം ഖുര്‍ആന്‍ പഠനത്തിലായി റാവല്‍പിണ്ടിയില്‍ കഴിച്ചു കൂട്ടുകയും ചെയ്തു. പതിനാലാം വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് തന്നെ പോയ ഇദ്ദേഹം ശൈഖ് റസൂല്‍ ഭക്ഷ് സഈദി എന്നവരില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കി.. ശേഷം ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയര്‍ യൂണിവേര്‍‌സിറ്റിയില്‍(Staffordshire University) നിന്നും ഭൌതിക പഠനത്തില്‍ ബിരുദം കരസ്ഥമാക്കി. മതപഠനത്തില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി അദ്ദേഹം പിന്നീട് പോയത് സിറിയയിലെ ദാമാസ്കസിലേക്കായിരുന്നു. ധാരാളം പണ്ഡിതരെ കണ്ടുമുട്ടുകയും വിജ്ഞാനം നേടുകയും ചെയ്തു. ഗുരുനാഥരിലെ പ്രഗത്ഭനാണ് ഈ അടുത്തിടെ ശഹീദായ ഷെയ്ഖ് റമദാന്‍ അല്‍ ബൂത്തി. ദമാസ്കസ് പള്ളിയില്‍ ദര്‍സ് നടത്തുമ്പോള്‍ വഹാബി നരബോജികള്‍ ബോംബ്‌ വര്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ശൈഖുനാ കാന്തപുരം ഉസ്താദുമായി ശൈഖ് ബൂത്തി അവര്‍കള്‍ സംഭാഷണം നടത്തിയിരുന്നു.

പീര്‍ മുഹമ്മദ്‌ ഇപ്പോള്‍ ലണ്ടനിലെ ബിര്‍മിങ്ഹാം കേന്ദ്രീകരിച് കന്‍സുല്‍ ഹുദ (Kanzul Huda) എന്ന പേരില്‍ ധാരാളം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇംഗ്ലീഷിലും ഉര്‍ദുവിലും വശ്യമായ ശൈലിയിലുള്ള പഠന ക്ലാസ്സും അത് കേട്ട ഇസ്ലാമിലേക്ക് വരുന്നവരുടെ വീഡിയോകളും അദ്ദേഹത്തിന്‍റെ വെബ്‌ സൈറ്റില്‍ കാണാം. ഏതായാലും മൌലിദ് കഴിക്കുന്നതിന്റെ തെളിവുകള്‍ നിരത്തികൊണ്ടുള്ള ക്ലാസ്സ് വഹാബീ കോന്തന്മാര്‍ക്ക് കനത്ത താക്കീതായിട്ടുണ്ട്. അല്ലാഹു നല്ലത് പറയാനും എഴുതാനും പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ ആമീന്‍. ഫേസ്ബൂക്കിലെ അദ്ദേഹത്തിന്‍റെ ചില വീഡിയോകള്‍ താഴെ ചേര്‍ക്കുന്നു.






Tuesday, February 5, 2013

യമനിലെ മൌലിദാഘോഷം


ഉമര്‍ ബിന്‍ ഹഫീള്
പ്രവാചകന് (സ്വ)യുടെ ജന്‍മദിനം യമനിലെ തരീം എന്ന സ്ഥലത്തെ ജനത ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന രംഗങ്ങളാണ് താഴെ കാണുന്നത്. ഉമര്‍ ബിന്‍ ഹഫീള് എന്ന ലോകപ്രശസ്ത പണ്ഡിതന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍. മൌലിദ് സദസ്സ്, ഘോഷയാത്ര, പ്രാര്‍ത്ഥന എല്ലാം ഇതിലുണ്ട്. തരീമിലെ ദാറുല്‍ മുസ്ത്വഫ എന്ന സ്ഥാപനവും അത് കേന്ദ്രീകരിച്ചുകൊണ്ടുള്ള വിജ്ഞാന വിപ്ളവങ്ങളും ഇങ്ങ് മലയാളക്കരയിലെ മര്‍ക്കസും അത് കേന്ദ്രീകൃതമായുള്ള പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് നിനച്ചുപോകും. വ്യത്യാസം ഒന്നുമാത്രം ഒന്ന് അറബികള്‍ മറ്റൊന്ന് മലയാളികള്‍. 2013 ഫെബ്രുവരി 4നാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തിരിക്കുന്നത്. ഇക്കഴിഞ്ഞ റബീഉല്‍ അവ്വല്‍(ഹി.1434) 23നു യമനിലെ തരീമിലെ പ്രോഗ്രാമിന്റെതാണ് വീഡിയോ. അമേരിക്കയില്‍ നിന്നും ഓപ്പണ്‍ ചെയ്തിട്ടുള്ള അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീദ് എന്ന ചാനലാണ് വീഡിയോ ചേര്‍ത്തിയിട്ടുള്ളത്.  

Thursday, January 24, 2013

കാന്തപുരം ചെച്‌നിയയിലെത്തി

ചെച്നിയന്‍ സര്‍ക്കാറിന്റെ പ്രത്യേക ചാര്‍ട്ടട് വിമാനത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അബൂദാബിയില്‍ നിന്നും ചെച്നിയന്‍ തലസ്ഥാനമായ ഗ്രോസ്നിയയിലെത്തിച്ചേര്‍ന്നു. ചെച്നിയന്‍ പ്രസിഡന്റ് റമദാന്‍ അക്ദമോവിച്ച് കദ്റോവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംബന്ധിക്കാനാണ് കാന്തപുരം ഇവിടെ എത്തിച്ചേര്‍ന്നത്. റബീഉല്‍ അവ്വല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ചെച്നിയക്കാരുടെ ആവേശം പ്രശംസാര്‍ഹം തന്നെയാണ്. അബൂദാബി ബത്തിന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും 26 പേരടങ്ങിയ യാത്രാ സംഘത്തില്‍ ഡോ. അഹ്മദ് ഖസ്റജി, ഡോ. അബ്ദൂല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മറ്റു പ്രമുഖരുമുണ്ട്. ചെച്നിയയില്‍ലെ പ്രോഗ്രാമിന് ശേഷം ഇന്ന് രാത്രി അബുദാബി ജവാസാത്ത് റോഡിലുള്ള അബ്ദുല്‍ ഖാലിക് മസ്ജിദില്‍ എ പി ഉസ്താദ്‌, ഹകീം അസ് ഹരി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കുന്നു.


യാത്ര പുറപ്പെടും മുമ്പ് അബൂദാബി വിമാനത്താവളത്തില്‍ 23/01/2013
കാന്തപുരവും ഡോ.ഖസ്രജിയും ചെച്നിയന്‍ പ്രസിഡണ്ടിനോടൊപ്പം  24/01/2013





Tuesday, January 15, 2013

ജദ്ദയിലെ മൌലിദ് സദസ്സ്

2011 ല്‍ ജിദ്ദയില്‍ നടന്ന മൌലിദ് സദസ്സാണ് താഴെ കാണുന്നത്. അറബികളാണിത് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചു ഭാഗങ്ങളാണിവ. കഴിയുമെങ്കില്‍ നിങ്ങള്‍ മുഴുവനായും ഇവ കാണുക. ഇതൊരു നഷ്ടമാകില്ല. മൌലിദ് സദസ്സുകള്‍ കേരള മുസ്ലിയാക്കന്മാര്‍ക്ക് മാത്രമാണുള്ളതെന്ന കേരളത്തിലെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പുത്തനാശയക്കാരുടെ വിവരക്കേടിന് വായടപ്പന്‍ മറുപടിയാണിത്. ഹബീബ് (സ്വ)യുടെ പ്രകീര്‍ത്തന സദസ്സ് ഇന്നലെ തുടങ്ങിയതല്ല. പ്രകീര്‍ത്തനത്തിന്റെ ശൈലികള്‍ കാലഘട്ടങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ചിത്രമുള്ള ഫ്ലക്സുകളും വിഡീയോയില്‍ കാണാം. സീറപാരായണം, ദഫ്ഫ് മുട്ട്, കേരള ശൈലിയിലെന്ന പോലെ എഴുന്നേറ്റു നിന്നു കൊണ്ടുള്ള യാനബീ സലാം....എന്ന ബൈത്തുകള്‍ പാടുന്നത് അഞ്ചാമത്തെ ഭാഗത്തില്‍ കാണാം. നാലാം ഭാഗത്തിന്റെ ആരംഭത്തില്‍ സുന്ദരമായ നശീദ പാടുന്നതും കര്‍ണാനന്ദകരമാണ്. ഒടുവില്‍ റസൂലുള്ളാഹി (സ്വ)യെ തവസ്സുലാക്കി ദുആ ചെയ്യുന്നതും നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത് ജമാദു സ്സാനിയിലാണ്. എങ്കില്‍ റബീഉല്‍ അവ്വലില്‍ ഇവരുടെ സദസ്സ് എത്ര ഗംഭീരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതെ മദ്ഹുര്‍റസൂല്‍ ഇനിയും വ്യാിപിക്കും. മാദിഹീങ്ങള്‍ പുണ്യ നബിയെ പാടിയും പറഞ്ഞും അവിടത്തെ ചാരെ അണയും. അല്ലാഹുവേ ഈ ഗണത്തില്‍ സാധുക്കളായ ഞങ്ങളെയും ഉള്‍പ്പെടുത്തണേ....ആമീന്‍.  


Monday, February 7, 2011

നബിദിനം

അല്ലാഹു രാവും പകലും സൃഷ്ടിച്ചതു മുതല്‍ എത്രയോ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. അതില്‍ ഏറ്റവും മഹത്വമേറിയ രാവ്‌ ഏതായിരിക്കും? കാലത്തിന് സ്വയം മഹത്വമില്ലെന്നും അതില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് രാപ്പകലുകളുടെ ശ്രേഷ്ഠതക്ക് മാനദണ്ഡമെന്നുമുള്ള വീക്ഷണ പ്രകാരം നബി (സ്വ) ജനിച്ച രാവായിരുന്നു ഏറ്റവും അനുഗ്രഹീതമായ രാവ്. ലൈലതുല്‍ ഖദ്റിനേക്കാള്‍ അതിനു ശ്രേഷ്ടതയുന്ടെന്നാണ് പണ്ഡിത മതം. കാരണം പ്രപഞ്ചചരാചരങ്ങള്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ കാരുണ്യവും അനുഗ്രഹവുമായ നബി (സ്വ) യുടെ ഉദയമാണ് ജന്മരാവില്‍ നടന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതാണ് ലൈലത്തുല്‍ ഖദ്റിന്‍റെ പ്രത്യേകത. നബി (സ്വ) യുടെ സമുദായത്തിന് കുറഞ്ഞ ആയുഷ്കാലത്തില്‍ കൂടുതല്‍ പ്രതിഫലം നേടാനുള്ള സുവര്‍ണ്ണാവസരങ്ങളായി ലൈലത്തുല്‍ ഖദ്ര്‍ പോലെയുള്ള പുണ്യരാവുകള്‍ അല്ലാഹു നിശ്ചയിച്ചത് നബി (സ്വ)ക്കുള്ള ബഹുമതിയാണ്. ലൈലത്തുല്‍ ഖദ്ര്‍ കൊണ്ടുള്ള നേട്ടം നബി (സ്വ) യുടെ സമുദായത്തിന് മാത്രമാണെങ്കില്‍ നബി (സ്വ)യുടെ ജനനം സൃഷ്ടികള്‍ക്കാകമാനം അനുഗ്രഹമാണ്. റമളാന്‍ പോലെയുള്ള പുണ്യ രാപ്പകലുകളില്‍ നബി (സ്വ) യുടെ ജനനം സംഭവിക്കാതെ റബീഉല്‍ അവ്വലില്‍ ആ തിരുപ്പിറവിയുണ്ടായത് കാലത്തിലൂടെ നബി (സ്വ)ക്കല്ല; പ്രത്യുത; നബി (സ്വ)യിലൂടെ കാലത്തിനാണ് ശ്രേഷ്ഠത കൈവരുന്നതെന്ന വസ്തുതയിലേക്ക് സൂചിപ്പിക്കുന്നു. അതുപോലെ മക്ക നബി (സ്വ)യിലൂടെയല്ലാതെ തന്നെ മഹത്വമാര്‍ജ്ജിച്ചിരുന്നു. നബി (സ്വ )യോട് ബന്ധപ്പെട്ടതു കൊണ്ട് മാത്രം പവിത്രത കൈവരിച്ച ഒരു ദേശമുണ്ടാകേണ്ടതതുണ്ടായിരുന്നു. നബി (സ്വ) യുടെ വിയോഗവും അന്ത്യവിശ്രമവും മക്കയിലാകാതെ മദീനയിലായത് അത് കൊണ്ടായിരിക്കാം. എന്നാല്‍ ലൈലത്തു ഖദ്റിനേക്കാള്‍ ജന്മരാവിനുള്ള ശ്രേഷ്ടത ഓരോ വര്‍ഷവും ആവര്‍ത്തിച്ചു വരുന്ന ഒരു പ്രതിഭാസമല്ലെന്നും ആ നിശ്ചിത രാവില്‍ പരിമിതമാണെന്നും പണ്ഡിതാഭിപ്രായമുണ്ട്.

അല്ലാഹു പറയുന്നു. "പറയുക. അല്ലാഹുവിന്‍റെ ഔദാര്യത്തിലും കാരുണ്യത്തിലും അതുകൊണ്ട് അവര്‍ സന്തോഷിക്കട്ടെ. അത് അവര്‍ സംഭരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്."(ഖു: 10:58) ഈ വാക്യത്തില്‍ ഔദാര്യം (ഫള്ല്) കൊണ്ടുള്ള വിവക്ഷ വിജ്ഞാനവും കാരുണ്യം (റഹ്മത്ത്) കൊണ്ടുള്ള ഉദ്ദ്യേശ്യം മുഹമ്മദ്‌ നബി (സ്വ)യുമാണ്.(അദുര്‍റുല്‍ മന്‍സൂര്‍ 3: 308 ) നബി (സ്വ)യുടെ ജന്മദിനത്തില്‍ ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് മുഹമ്മദ്‌ നബി (സ്വ) യെ കൊണ്ട് സന്തോഷിക്കലും അല്ലാഹു ചെയ്തു തന്ന മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കലുമാണ്. നബി (സ്വ)ക്ക് പ്രവാചകത്വ പദവി ലഭിച്ചതും റബീഉല്‍ അവ്വലിലാണ്. റമളാനില്‍ ഖുര്‍ആന്‍ അവതരണം തുടങ്ങുന്നതിന് മുമ്പ് ആറു മാസം സ്വപ്നത്തിലൂടെ നബി (സ്വ) ക്ക് ദൈവിക സന്ദേശം ലഭിച്ചിരുന്നു. അതിന്‍റെ തുടക്കം റബീഉല്‍ അവ്വലിലായിരുന്നു.(ഫത്ഹുല്‍ ബാരി 1:27) തിങ്കളാഴ്ച ഐച്ഛിക വ്രതമനുഷ്ടിക്കാന്‍ കല്പിച്ചു കൊണ്ട് നബി (സ്വ) പറഞ്ഞു: "അന്ന് എന്‍റെ ജനനമുണ്ടായി. ആ ദിനത്തില്‍ എനിക്ക് സന്ദേശം അവതരിച്ചു."(മുസ്‌ലിം) ഒരു യുദ്ധത്തിന് പോയ നബി (സ്വ)സുരക്ഷിതനായി തിരിച്ചു വന്നാല്‍ ദഫ്ഫ് മുട്ടാന്‍ അനുമതി നല്‍കി(തുര്‍മുദി) പ്രവാചകനോടുള്ള സന്തോഷം അനുവദനീയമായ ഏതു മാര്‍ഗ്ഗത്തിലൂടെയും പ്രകടമാക്കാമെന്ന് ഈ സംഭവത്തില്‍ നിന്നും ഗ്രഹിക്കാം.

നബി (സ്വ) ജനിച്ച വിവരം അബൂലഹബിനോട് തന്‍റെ ദാസിയായ സുവൈബ: ചെന്ന് പറഞ്ഞു. ആ സന്തോഷ വാര്‍ത്തയറിയിച്ച ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി. പിന്നീട് നബി (സ്വ)യുടെ ബദ്ധവൈരിയായിത്തീര്‍ന്ന അബൂലഹബിനെ വിശുദ്ധ ഖുര്‍ആനില്‍ നൂറ്റി പതിനൊന്നാമാത്തെ അധ്യായത്തില്‍ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അബൂലഹബിന്‍റെ മരണ ശേഷം അയാളെ സ്വപ്നത്തില്‍ കണ്ട അബ്ബാസ്‌ (റ) എന്തൊക്കെയാണ് അവസ്ഥയെന്ന് അന്വേഷിച്ചു. നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം ഒരു സുഖവും ഞാന്‍ അനുഭവിച്ചിട്ടില്ല. എന്നാല്‍ സുവൈബയെ മോചിപ്പിച്ചതിന് എല്ലാ തിങ്കളാഴ്ചയും ശുദ്ധ ജലം കുടിക്കപ്പെടുന്നതിലൂടെ എനിക്ക് നേരിയ ആശ്വാസം ലഭിക്കുന്നു. അബൂലഹബ് പറഞ്ഞു.

അബൂലഹബിന്‍റെ കുടുംബത്തില്‍ ഒരു ശിശു പിറന്നു. ആ വാര്‍ത്തയറിയിച്ച അടിമ സ്ത്രീയെ സന്തോഷാധിക്ക്യത്താല്‍ അയാള്‍ മോചിപ്പിച്ചു. ആ കുഞ്ഞു പിന്നീട് വളര്‍ന്നു വലുതായി അല്ലാഹു പ്രവാചകത്വ പദവി കൊണ്ടാദരിക്കുകയും ഏക ദൈവ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ അബൂലഹബ് കടുത്ത ശത്രുത വെച്ച് പുലര്‍ത്തി. കഴിയുംവിധം ഉപദ്രവിച്ചു. എന്നിട്ടും പിന്നീട് പ്രവാചകനായ ആ കുഞ്ഞിന്‍റെ ജനനത്തില്‍ സന്തോഷിച്ച അബൂലഹബിന് പരലോകത്ത് അതുകൊണ്ട് ഗുണം കിട്ടി. എങ്കില്‍ ആ നബിയില്‍ വിശ്വസിക്കുകയും ആ നബിയെ സ്നേഹിക്കുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക്‌ പ്രത്യാശക്ക് വകയുണ്ട്.

അബൂലഹബ് സംഭവം ബുഖാരി, ഹാഫിള് ഇബ്ന്‍ ഹജര്‍, ഇബ്നു കസീര്‍, ബൈഹഖി, അബ്ദുറസാഖ്‌, ഇബ്നു ഹാഷിം സുഹൈലി, ബഗ് വി ഇബ്നു ദ്ദബീഅ തുടങ്ങിയ ഹദീസ്‌ പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. അവിശ്വാസികളുടെ സുകൃതങ്ങള്‍ അസാധുവാണ്.(ഖു:7:138) അതിനെ നാം വിതറപ്പെട്ട ദൂളികളാക്കി.(ഖു:26:23) തുടങ്ങിയ ഖുര്‍ആന്‍ വാക്യങ്ങളോടും സത്യനിഷേധികളുടെ സദ്‌കര്‍മ്മം പ്രയോജനപ്പെടുകയില്ലെന്ന പണ്ഡിത തീരുമാനത്തോടും ഇത് വിയോചിക്കുന്നു. പുറമേ ഇത് ഒരു കാഫിറിന്‍റെ സ്വപ്നമാണ്. ഈ സ്വപ്നാനുഭവം ഉണ്ടാകുമ്പോള്‍ അബ്ബാസ് മുസ്ലിമായിരുന്നില്ല.

അബൂലഹബ് സംഭവത്തിനെതിരെയുള്ള വാദമുഖങ്ങളാണിത്. ആദ്യമായി ശ്രദ്ധിക്കേണ്ട വസ്തുത: സ്വപ്നദര്‍ശനത്തിലൂടെ മാത്രം വിധിവിലക്കുകള്‍ സ്ഥാപിതമാക്കുകയില്ല എന്ന പണ്ഡിത വീക്ഷണം അവഗണനീയമല്ല. മതപരമായ വിധിവിലക്കുകളെ ഹറാം ഹലാലുകളെ ബാധിക്കുന്ന ഒരു ശഹാദത്ത്(സാക്ഷീകരണം) എന്ന നിലക്ക് ഈ സംഭവം ഒരു പണ്ഡിതനും ഉദ്ധരിച്ചിട്ടില്ല. പ്രത്യുത; പ്രവാചക പുംഗ വന്‍റെ മഹത്വം വിളംബരപ്പെടുത്തുന്ന ഒരു ബിശാറത്ത്(സുവിശേഷം) എന്ന നിലക്കാണ് ഈ വിഷയം പണ്ഡിതന്മാര്‍ പരാമര്‍ശിക്കുന്നത്. ഈജിപ്തിലെ വിഗ്രഹാരാധകനായിരുന്ന രാജാവ് സ്വപ്നം കണ്ടതും (ഏഴ് തടിച്ച പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ ഭക്ഷിക്കുന്നതായും ഏഴു പച്ച കുതിരകളെ ഏഴു ഉണങ്ങിയ കുതിരകള്‍ പോതിയുന്നതായും)(ഖു: 12:43) അതിനു യൂസുഫ്‌ നബി (അ) വ്യാഖ്യാനം നല്‍കിയതും യൂസുഫ്‌ നബിയുടെ അമാനുഷികതയും പ്രവാചകത്വ തെളിവുമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പ്രവാചകത്വ ലബ്ധിക്കു മുമ്പ് നബി (സ്വ) യുടെ നിയോഗം ഇസ്‌ലാമിന്‍റെ പ്രചാരം, കുഫ്റിന്‍റെ തിരോധാനം തുടങ്ങിയ സംഭവങ്ങളെപ്പറ്റി അജ്ഞാന കാലത്തെ ബഹുദൈവ വിശ്വാസികളും മറ്റും കണ്ട സ്വപ്‌നങ്ങള്‍ ഇമാം ബൈഹഖിയുടെ ദലാഇലുന്നുബുവ്വ: പോലോത്ത ഗ്രന്ഥങ്ങളില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ നിര്‍ലോഭം ഉദ്ധരിച്ചിട്ടുണ്ട്. പ്രവാചകന്‍റെ സത്യസ്ഥിതി വിളിച്ചറിയിക്കുന്ന സുവിശേഷങ്ങള്‍ എന്ന നിലക്കാണ് അവര്‍ അത് നിവേദനം ചെയ്തിരിക്കുന്നത്.

അതുപോലെ അവിശ്വാസികളുടെ സദ്കര്‍മ്മം അസാധുവാണെന്ന് പൊതുവെ പറയാമെങ്കിലും അവരില്‍ ചില വ്യക്തികള്‍ ചെയ്ത നബി (സ്വ) യോട് ബന്ധപ്പെട്ട നല്ല കാര്യങ്ങള്‍ നബി (സ്വ) യുടെ പ്രത്യേകതയെന്ന നിലക്ക് പരലോകത്ത് പയോജനപ്പെടുന്നുവെന്ന വീക്ഷണത്തോട് അത് എതിരാകുന്നില്ല. ഇമാം ബൈഹഖി (റ) വിശദീകരിക്കുന്നു. "അവിശ്വാസികള്‍ ചെയ്ത സുകൃതം നിഷ്ഫലമാകുമെന്നാല്‍ നരക ശിക്ഷയില്‍ നിന്ന് മുക്തിയും സ്വര്‍ഗ്ഗ പ്രവേശനവും അവര്‍ക്കില്ല എന്നാണതിന്‍റെ സാരം. കുഫ്ര്‍ ഒഴികെയുള്ള മറ്റു ദോഷങ്ങള്‍ക്കു അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ചില ശിക്ഷകളില്‍ നേരിയ ഇളവ്‌ അനുവദിക്കപ്പെടാം. അവര്‍ അനുഷ്ടിച്ച സദ്കര്‍മ്മങ്ങളാല്‍.

ഇങ്ങനെ വ്യാഖ്യാനിക്കുന്നതിന്‍റെ അടിസ്ഥാനം പ്രബലമായ ഒരു ഹദീസാണ്. നബി (സ്വ) യോട്‌ ചോദിക്കപ്പെട്ടു. "താങ്കളെ സഹായിക്കുകയും സംരക്ഷിക്കുകയും ച്യ്ത അബൂത്വാലിബിന് താങ്കള്‍ വല്ല പ്രത്യുപകാരവും ചയ്തു കൊടുത്തോ? നബി (സ്വ) പറഞ്ഞു. "ഞാന്‍ അദ്ദേഹത്തെ നരകത്തിന്‍റെ അഗാധതയില്‍ കണ്ടെത്തിച്ചു. അങ്ങനെ അവിടെ നിന്നും ആഴം കുറഞ്ഞ സ്ഥലത്തേക്ക് അദ്ദേഹത്തെ കൊണ്ട് വന്നു " ചുരുക്കത്തില്‍ കുഫ്ര്‍ എന്ന പാതകത്തിന്‍റെ ശിക്ഷയില്‍ ഇളവില്ല. അല്ലാത്തവയില്‍ നരക മുക്തി, സ്വര്‍ഗ്ഗ പ്രവേശനം എന്നത് കൊണ്ടല്ലാതെ ലഘുവായ ഇളവുകള്‍ ആകാം. അതു കൊണ്ടാണല്ലോ നരകത്തിന് വിവിധ തട്ടുകളുണ്ടായതും കപട വിശ്വാസികള്‍ അടിയിലെ തട്ടിലായതും.

നബി (സ്വ)യെ മഖാമുല്‍ മഹ് മൂദില്‍ നിയോഗിക്കും.(ഖു: 17:24) എന്നതിന്‍റെ വിവക്ഷയെപ്പറ്റി ഇമാം ഫൈറൂസാബാദി വിവരിക്കുന്നതിന്‍റെ ചുരുക്കം ഇതാണ്; ഒന്ന്: കീര്‍ത്തന പതാക (ലിവാഉല്‍ ഹംദ്) നബി (സ്വ)ക്ക് നല്‍കുക. രണ്ട്: മതത്തിലേക്കുള്ള തന്‍റെ ക്ഷണത്തിന് സമുദായം അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുക. മൂന്ന്: നബി (സ്വ)യെ അര്‍ശില്‍ ഇരുത്തുക. ഇബ്നു അബ്ബാസ്‌, ഇബ്നു മസ്ഊദ്, ഇബ്നു ഉമര്‍, അനസ്‌, ഉമര്‍, അബ്ദുല്ലാഹിബ്നു സലാം(റ: ഹൂം) തുടങ്ങിയ പ്രമുഖ സ്വഹാബികളും മുജാഹിദ്‌, അബൂയഅല, അഹ്മദ്ബ്നു ഹമ്പല്‍(റ:ഹൂ) തുടങ്ങിയ ഹദീസ്‌ പണ്ഡിതന്മാരും ഈ വീക്ഷണക്കാരാണ്. നാല്: പരലോകത്ത് ശുപാര്‍ശ ചെയ്യാന്‍ നബി (സ്വ) ക്ക് അനുമതി നല്‍കപ്പെടുക. മഹ്ശറാസമ്മേളനത്തിന്‍റെ ഭയാനകമായ വീര്‍പ്പുമുട്ടലില്‍ നിന്നും ജനങ്ങള്‍ക്ക്‌ മുക്തി ലഭിക്കുക, വിചാരണ കൂടാതെ ഒരു വിഭാഗം സമുദായങ്ങളുടെ സ്വര്‍ഗ്ഗ പ്രവേശനം നടക്കുക, നരകത്തില്‍ പ്രവേശിച്ച ഒരു വിഭാഗത്തെ മോചനം സാധ്യമാക്കുക, ദോഷങ്ങള്‍ മൂലം നരക ശിക്ഷക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കുക, സ്വര്‍ഗ്ഗാവകാശികളുടെ പദവികള്‍ ഉയര്‍ത്തുക, തുടങ്ങിയ അഞ്ചു കാര്യങ്ങള്‍ക്ക് നബി (സ്വ) ശുപാര്‍ശ ചെയ്യും എന്നു വിശദീകരിച്ച ശേഷം ഇമാം ഫൈറൂസാബാദി തുടരുന്നു: ആറാമതായി നബി (സ്വ)യെ സഹായിക്കുകയോ എന്തെങ്കിലും സേവനം അര്‍പ്പിക്കുകയോ ആദരിക്കുകയോ ചെയ്ത അവിശ്വാസികളുടെ ശിക്ഷ ലഘൂകരിക്കാനും നബി (സ്വ) ശുപാര്‍ശ ചെയ്യും. തെളിവായി അബൂലഹബിന്‍റെയും അബൂ ത്വാലിബിന്‍റെയും അനുഭവങ്ങള്‍ ഇമാം ഉദ്ധരിച്ചിരിക്കുന്നു.

മറ്റൊരു കാര്യം: അബ്ബാസ്‌ (റ)ന് ഉപരിസൂചിത സ്വപ്ന ദര്‍ശനമുണ്ടായ വേളയില്‍ അദ്ദേഹം അവിശ്വാസിയായിരുന്നെങ്കിലും ഈ സംഭവം ഉദ്ധരിക്കുന്ന അവസരത്തില്‍ അദ്ദേഹം മുലിമായിരുന്നു. ഹദീസ്‌ നിദാന ശാസ്ത്രത്തില്‍ നിവേദകന്‍റെ സ്വീകാര്യതക്ക് അത് മതി(മഫാഹിം 226-231)

പ്രവാചക കീര്‍ത്തനത്തെ പറ്റി മുഹമ്മദുര്‍റശീദുല്‍ ബഗ്ദാദി(റ) പാടി: اعد مدحه ان القلوب تحبه باوصافه تجلي اذا هي تصدأ 'പ്രവാചക കീര്‍ത്തനം നീ ആവര്‍ത്തിക്കുക. ഹൃദയം അത് ഇഷ്ടപ്പെടുന്നു. ഹൃദയം തുരുമ്പ് പിടിക്കുമ്പോള്‍ പ്രവാചക പ്രശംസ കൊണ്ട് വിമലീകരിക്കുന്നു.'

കടപ്പാട്,
മദീനയിലേക്കുള്ള വഴിത്താര.
യൂസുഫ്‌ ഫൈസി കാഞ്ഞിരപ്പുഴ