Showing posts with label ഔലിയാക്കള്‍. Show all posts
Showing posts with label ഔലിയാക്കള്‍. Show all posts

Wednesday, September 11, 2013

വാച്ചാക്കല്‍ മഖാം

പ്രധാന മഖ്ബറകള്‍ 
ഇടുക്കി ജില്ലയിലെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ ഉടുമ്പന്നൂര്‍ ടൌണ്‍ എത്തും മുമ്പ് ഇടത്തോട്ട് അല്‍പ്പം തിരിഞ്ഞാല്‍ ഈ മഖാമിലെത്താം. ആധികാരികമായ രേഖകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും പ്രദേശത്തെ കാരണവന്മാര്‍ പറഞ്ഞു പോരുന്ന വിരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ മറപെട്ടു കിടക്കുന്നവര്‍ അങ്ങ് അറബ് നാട്ടില്‍ നിന്നും വന്നെത്തിയ ശുഹദാക്കന്മാരാണത്രെ. ചുറ്റും റബ്ബര്‍ തോട്ടത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ആദ്യകാലങ്ങളില്‍ കൈവശം വെച്ചിരുന്ന അവിശ്വാസികള്‍, അവര്‍ക്കനുഭവപ്പെട്ട അസാധാരണത്വം മൂലം ശുഹദാക്കന്മാര്‍ മറപെട്ടുകിടക്കുന്ന 80 സെന്റ്‌ ഭൂമി മുസ്‌ലിംകളെ ഏല്‍പ്പിക്കുകയായിരുന്നു. അതിനാല്‍ ഇപ്പോഴും ഇതിനു പരിസരത്ത് താമസിക്കുന്നവര്‍ അവിശ്വാസികള്‍ തന്നെയാണ്. പ്രദേശത്തെ പ്രധാന മഹല്ലിനു കീഴിലാണ് ഈ മഖാമും കൊച്ചു പള്ളിയും പരിസരവും പരിപാലിച്ചു വരുന്നത്. ഇവിടത്തെ ഏറ്റം ശ്രദ്ധേയമായ കാര്യം! അറിയപ്പെടാതെ കിടന്നിരുന്ന മഖ്ബറകള്‍ ഓരോന്നായി വെളിവായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരു മഹാന്‍ വന്നുകൊണ്ട്‌ ഈ സ്ഥലത്ത് മറപെട്ടു കിടക്കുന്ന മഹത്തുക്കളുടെ 40 ഖബറുകള്‍ ഓരോന്നായി വെളിവാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. തദടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി നാലോളം ഖബറുകള്‍ വെളിവായിക്കഴിഞ്ഞുവന്നതാണ്. ഇതില്‍ മൂന്നെണ്ണം ഈയടുത്ത് വെളിവായതാണ്. മതില്‍കെട്ടാന്‍ കുഴിവെട്ടുന്ന സമയത്ത് അടിച്ചുവീശുന്ന പരിമളത്തോടെ കുഴിയില്‍ നിന്ന് പുകവന്നിരുന്നത് പരിവസരവാസികള്‍ നേരില്‍ ദര്‍ശിച്ചിരുന്നു. ധാരാളം ആളുകള്‍ ഇത് നേരില്‍ കണ്ടിരുന്നു. ധാരാളം ആളുകള്‍ ഇവിടം സിയാറത്തിനായി എത്തുന്നു. വാരാന്ത രാതീബ് പരിപാടികളും മറ്റും ഇവിടെ നടന്നു വരുന്നു. നബിദിനത്തോടനുബന്ധിച്ച് പരിസരത്തെ മഹല്ലുകളില്‍ നിന്ന് വിദ്ധ്യാര്‍ത്തികളുടെ റാലി ഇവിടെ സമാപിക്കുന്നു.

09/09/2013 നു വിനീതന്‍ സിയാറത്തിനായി ഇവിടെ എത്തിയപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. അല്ലാഹു സ്വാലിഹീങ്ങളെ സ്നേഹിക്കുന്നവരില്‍ നമ്മെയും കുടുംബത്തെയും ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.








Sunday, December 16, 2012

പള്ളിപ്പടി മസ്താന്‍ /Pallippadi Masthan


കൊച്ചിയിലെ പുന്നുരുന്നി എന്ന സ്ഥലത്ത് കൊച്ചുണ്ണി, പെണ്ണുമ്മ എന്നവരുടെ മകനായി ജനിച്ചു. അഹ്മദ് കുട്ടി എന്നാണ് നാമം. പ്രാഥമിക വിദ്യാഭ്യാസം നെട്ടൂരിലും പരിസരപ്രദേശങ്ങളിലും ചെറുപ്രായത്തിലേ മതവിദ്യ അഭ്യസിച്ച് പതിനാറാമത്തെ വയസ്സില്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കുവാന്‍ തുടങ്ങി. ഉപരിപഠനത്തിനായി കേരളത്തിലെ മക്കയെന്നറിയപ്പെട്ടിരുന്ന പൊന്നാനിയിലേക്ക് യാത്രയായി. പഠനകാലത്തു തന്നെ ജനങ്ങള്‍ അഹ്മദ് കുട്ടിമുസ്ലിയാരില്‍ അസാധാരണത്വം തിരിച്ചറിഞ്ഞു.

ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന മഹാന്‍ വീടിനടുത്തുള്ള കാട്ടില്‍ ഖുര്‍ആന്‍ പാരായണത്തിലും ഇബാദത്തിലും കഴിഞ്ഞിരുന്നു. കൊച്ചിയിലെ മുഹ്യിദ്ദീന്‍ പള്ളി, കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളിയിലും ഏറെക്കാലം മഹാന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പള്ളിപ്പടി എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ഇവിടെ വെച്ചായിരുന്നു. ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും പള്ളപ്പടി മസ്താന്‍ അത്താണിയായിരുന്നു. 

അവിവാഹിതനായിരുന്ന മഹാനെ ഏകസഹോദരി ബീഫാത്തിമ്മയും അവരുടെ പുത്രി ഹലീമയുമായിരുന്നു പരിചരിച്ചിരുന്നത്. പള്ളിപ്പടി മസ്താനില്‍ നിന്നും കൊച്ചി പട്ടണം അനവധി അത്ഭുത സിദ്ധകള്‍ കണ്ടിട്ടുള്ളതായി ചരിത്രമുണ്ട്. വിശിഷ്യാ ഇന്നത്തെ കാരണവ•ാരും അവരെ പറ്റി വാചാലമാകാറുണ്ട്. ചാലിലകത്ത് അഹ്മ്മദ് കോയ മുസ്ലിയാര്‍ മരണപ്പെട്ട വാര്‍ത്ത മഹാന്‍ പള്ളക്കരികിലെ കിണറ്റില്‍ നിന്നും കുളിക്കവെ വിളച്ചുപറയുകയും പിറ്റേന്ന് അത് കേരളം കാതോര്‍ക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ പള്ളിയുടെ പടിയ്ക്കലില്‍ നാല്‍പ്പതു ദിവസത്തോളം ഭക്ഷണപാനീയങ്ങളില്ലാതെ വെയിലും മഴയും കൊണ്ടു കിടന്നു. എഴുനേല്‍പ്പിക്കാന്‍ വന്ന ജനങ്ങളുടെ ശ്രമം വിഫലമായി. അതിനും ശേഷം മഹാന്‍ കഠിനപനിയോടുകൂടെ എഴുനേല്‍ക്കുകുയും പിന്നെ ആര്‍ക്കും തടുക്കാനാകാത്ത ശക്തിയില്‍ ഗര്‍ജ്ജിക്കുന്ന പള്ളിപ്പടി മസ്താനെയാണ് ജനം വീക്ഷിക്കുന്നത്. എറണാകുളം ചന്തക്കുളം അഴുക്കുവെള്ളം കൊണ്ട് പ്രസിദ്ധമാണ്. അവിടെ മഹാന്‍ കുളിച്ച് പുറത്തിറങ്ങുമ്പോള്‍ യാതൊരു ദുര്‍ഗന്ധവുമുണ്ടായിരുന്നില്ലെന്ന് അവിടത്തുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഡരികിലൂടെ നടക്കുകയായിരുന്ന മഹാനെ ഒരിക്കല്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയും റോഡില്‍ കിടന്ന മഹാനെ നാട്ടുകാര്‍ ഹോസ്പിറ്റലിലെത്തിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റ് ഡോക്ടറോട് പറഞ്ഞു :"നിന്നെക്കാള്‍ വലിയ ഡോക്ടര്‍ എന്നെ ചികിത്സിച്ചു കഴിഞ്ഞെടാ. ഇനി നീ നിന്നെതന്നെ ചികിത്സിക്കൂ.'' പായസവില്‍പ്പനക്കാരനില്‍ നിന്ന് പാത്രം വാങ്ങി മസ്താന്‍ റോഡില്‍ ഒഴിക്കുകയും പിന്നീട് അതില്‍ അരണ ചത്തുകിടന്നിരന്നു വെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പള്ളിപ്പടി മസ്താന്റെ പ്രകൃതം പൊതുവെ ജനങ്ങള്‍ക്ക് വികൃതിയായോ തമാശയായോ ആയാണ് തോന്നുക. പിന്നീട് അവകളുടെ പിന്നിലുള്ള രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ മാത്രമാണ് മഹാന്റെ വില മനസ്സിലാവുക.

മര്‍ഹൂം ഇടപ്പള്ളി ഉസ്താദ്, മാടവന അബൂബക്കര്‍ മുസ്ലിയാര്‍, കണിയാപുരം അബ്ദുര്‍റസാഖ് മസ്താന്‍, (ഖ:സി) തുടങ്ങിയവരെല്ലാം മഹാനവര്‍കളുടെ സമകാലികരായിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായ സമയത്ത് ഹലീമയോട് മരുന്നു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കരിക്കിന്‍ വള്ളത്തില്‍ കുരുമുളക് പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തു കൊടുക്കാവാന്‍ മഹാന്‍ തന്നെ പറഞ്ഞു കൊടുത്തു. രോഗത്തിന് ആശ്വാസമാവുകയും ചെയ്തു. താമസിയാതെ സഹോദര പുത്രിയായ ഹലീമയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "ഹലീമ ഞാനൊരു പെണ്ണുകെട്ടാന്‍ തിരുമാനിച്ചു.'' ഇസ്ലാമിക ശരീഅത്തില്‍ വൈവാഹിക ജീവിതം സുന്നത്താണെങ്കിലും, പാരത്രിക ലോകത്ത് സജ്ജനങ്ങളെ കാത്തുനില്‍ക്കുന്ന സ്വര്‍ഗ്ഗീയ സുന്ദരികളെ സ്വപ്നം കാണുന്നവര്‍ക്ക് ഈലോകത്തെ വൈവാഹക ജീവിതം അവരുടെ മുമ്പില്‍ തെളിയുന്നേയില്ല. ദിവസങ്ങള്‍ക്കു ശേഷം ആ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്റ വര്‍ഷം 1383(ക്രി:1963) റബീഉല്‍ ആഖിര്‍ 28നു വെള്ളിയാഴ്ചയായിരുന്നു മരണം. എറണാകുളം പാലാരി വട്ടം വൈപ്പിന്‍ റോഡില്‍ നിന്നും ഉള്ളോട്ട് പോയാല്‍ പൊന്നുരുന്നി മസ്ജിദിന്റെ മിറ്റത്ത് മഹാന്‍ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു.

ഈയുള്ളവന്‍ എന്റെ വെല്ലിപ്പ സൈദുഹാജിയുമായി 2012 ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഇവിടെ സിയാറത്തിനായി എത്തിയത് സന്തോഷത്തോടെ സ്മരിക്കുന്നു. പള്ളിപ്പടി മസ്താനുമായി നേരില്‍ കാണാനും കൂടി ഭാഗ്യം ലഭിച്ച ആളാണ് എന്റെ വെല്ലിപ്പ. അല്ലാഹു അവരോടൊപ്പം നമ്മെയും നമ്മുടെ കുടുംബത്തെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ. ആമീന്‍.  

Saturday, October 6, 2012

ഏര്‍വാടി ശുഹദാക്കള്‍

ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍ . 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ ഏര്‍വാടിയിലും പരിസരപ്പ്രദേശങ്ങലുമായി അന്ത്യവിശ്രമം കൊള്ളുന്നു. ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങള്‍ അവരുടെ മകന്‍ അബൂത്വാഹിര്‍(റ),  ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു. മഖ്ബറകളുടെ ചിത്രങ്ങളിലൂടെ ഒരു എത്തിനോട്ടം. അല്ലാഹു അവരോടൊപ്പം നമ്മെ സ്വര്‍ഗ്ഗലോകത്ത് പ്രവേശിപ്പിക്കട്ടെ. ആമീന്‍.

സയ്യിദ് ഇബ്റാഹീം ബാദ്ഷ (റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്ഘാ കെട്ടിടം

പഴയ ചിത്രം 
ദര്ഘാ കൊമ്പോണ്ടിലെ മസ്ജിദ് 
ദര്ഘാ കെട്ടിടത്തിനു മുന്നിലെ കോടതി. ഉറൂസ് വേളയില്‍ കൊടിമരം നാട്ടുന്നതും ഇവിടെയാണ്‌ 
നല്ല ഇബ്റാഹീം എന്നവരുടെ മഖ്ബറ



ഏര്‍വാടിയുടെ കൂടുതല്‍ ചരിത്രങ്ങള്‍ ഇവിടെയും  ഇവിടെയും വായിക്കാവുന്നതാണ്.


Wednesday, September 19, 2012

ഏര്‍വാടി: കാട്ടുപള്ളി മഖ്‌ബറകള്‍

ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍ . 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ ഏര്‍വാടിയിലും പരിസരപ്പ്രദേശങ്ങലുമായി അന്ത്യവിശ്രമം കൊള്ളുന്നു. ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങള്‍ അവരുടെ മകന്‍ അബൂത്വാഹിര്‍(റ),  ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു. ഇവിടം കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ശുഹടാക്കള്‍ കാട്ടുപള്ളി എന്ന സ്ഥലത്ത് അന്തിയുറങ്ങുന്നു. മന്ത്രിയായിരുന്ന അബ്ബാസ്(റ), ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം(റ) അവരില്‍ പ്രധാനികളാണ്. 9/9/2012 ഞായര്‍ രാവിലെ ഈയുള്ളവനും കുടുംബവും സാധാരണപോലെ ഇവിടെ സിയാറത്തിനായി എത്തി. അന്നേരം സ്വന്തമായി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് താഴെ. അല്ലാഹു അവരോടൊപ്പം നമ്മെ സ്വര്‍ഗ്ഗലോകത്ത് പ്രവേശിപ്പിക്കട്ടെ. ആമീന്‍.
ervadi_അബ്ബാസ് മന്ത്രി മഖ്‌ബറ_Kattupalli
ഡോക്ടര്‍ അബ്ദുല്‍ ഹകീം എന്നവരുടെ മഖ്‌ബറ ഉള്‍പ്പെടുന്ന കെട്ടിടം. 
ervadi_കാട്ടുപള്ളി ശുഹദാക്കളുടെ മഖ്ബറകള്‍
ഡോക്ടര്‍ അബ്ദുല്‍ ഹകീം എന്നവരുടെ മഖ്‌ബറ ഉള്‍പ്പെടുന്ന കെട്ടിടം.


സ്വപ്നത്തില്‍ ഓപ്പറേഷന്‍ നടക്കുന്ന സ്ഥലം 
സ്വപ്നത്തില്‍ ഓപ്പറേഷന്‍ നടക്കുന്ന സ്ഥലം. അബ്ദുള്ള എന്നവരുടെ മഖ്‌ബറയും 

രോഗികളുടെ പരാതികള്‍ എഴുതിയിടുന്ന മഖ്‌ബറ(ഷാഫിഈ ഇമാമിന്‍റെ മഖ്‌ബറയിലും അങ്ങിനെ കാണാം.)

രോഗികളുടെ പരാതികള്‍ എഴുതിയിടുന്ന മഖ്‌ബറ സയ്യിദ് ഖാദര്‍ മന്ത്രി,  സയ്യിദ് മുഹ് യിദീന്‍ മന്ത്രി 
ശംസുദ്ധീന്‍  (റ)
പട്ടാന്‍ സാഹിബ്  (റ), മീരാന്‍ സാഹിബ്  (റ), ഖൈരുന്നിസ ബീവി ഉമ്മ  (റ)
സയ്യിദ് മുഹമ്മദ്‌ ഖാസിം  (റ)
സയ്യിദ ഉമ്മു കുല്സൂം ബീവി  (റ)
സയ്യിദ് ശംസുദ്ധീന്‍  (റ), സയ്യിദ് ഫാക്കിര്‍  (റ), സയ്യിദ മീര ഉമ്മ  (റ)
ചന്ദന പീര്‍ ശഹീദ്  (റ)
നൂറുല്‍ ഇസ്‌ലാം ശഹീദ്  (റ)
ഡോക്ടര്‍ അഹ്മദ് ബാദ്ഷ  (റ)
വീരര്‍ സിദ്ധീഖ്  (റ)
ഡോക്ടര്‍ ജഅഫര്‍ സ്വാദിഖ്
ഇബ്റാഹീംബാദ്ഷ  (റ) യുടെ സഹോദര പുത്രി ബല്കീസ് ഉമ്മ 

ഹുസൈന്‍ ബീവി 
സെയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി  (റ)
വിജയക്കൊടി നാട്ടിയ വീരര്‍ അബ്ദുള്ള  (റ)
വീരര്‍ മുഹ് യിദ്ധീന്‍ (റ), അലി അക്ബര്‍  (റ), അക്ബര്‍  (റ)

Wednesday, June 27, 2012

യര്‍ബദിലെ സുല്‍ത്താന്‍

ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍. തമിഴ് നാട്ടിലെ രാമനാഥപുരത്ത് നിന്നും 15മൈല്‍ അപ്പുറത്ത് കടലോരം ചേര്‍ന്ന് കിടക്കുന്ന കൊച്ചു പ്രദേശമാണ് ഏര്‍വാടി. ചരിത്രത്തിലെ യര്‍ബദ് എന്ന നാമമാണ് പിന്നീട് ഏര്‍വാടിയായി പരിണമിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ തമിഴ്നാടിനെ അടക്കിവാണിരുന്ന ഉന്നത രാജ കുടുംബമായിരുന്നു പാണ്ഡ്യകുലം. ഇന്നത്തെ മധുര രാമനാഥപുരം തിരുന്നല്‍വേലി ജില്ലകള്‍ അടങ്ങുന്നതായിരുന്നു അന്നത്തെ പാണ്ഡ്യനാട്.  വിക്രമപാണ്ഡ്യന്, വീരപാണ്ഡ്യന്, കുലശേഖരപാണ്ഡ്യന്‍ ഇവരൊക്കെയായിരുന്നു പാണ്ഡ്യകുലത്തിന്‍റെ ചെങ്കോലണിഞ്ഞിരുന്നത്. വിഗ്രഹാരാധനയില്‍ ഭ്രാന്തുപിടിച്ചുപോയ ഈയൊരു സമൂഹത്തെ നേര്‍വഴിയിലൂടെ സംസ്കരിച്ചെടുക്കുക എന്ന ദൌത്യവുമായി ഇന്ത്യയിലെത്തിയവരാണ് സയ്യിദ് ഇബ്റാഹീം ബാദ്ഷയും അനുയായികളും. അവരിവിടെ ഇസ്‌ലാം പ്രചരിപ്പിക്കുകയും യുദ്ധക്കൊതിയുമായി വന്ന ശത്രുക്കളോട് ഏറ്റുമുട്ടി രക്തസാക്ഷികളാകുകയും ചെയ്തു. അവര്‍ക്കാണ് ഏര്‍വാടി ശുഹദാക്കള്‍ എന്ന് പറയുന്നത്.

പ്രവാചകര്‍(സ്വ)യുടെ 17ാമത്തെ പേരമകനായി ജനിച്ച് വളര്‍ന്ന് ഉന്നതനായ ബാദ്ഷാ തങ്ങളുടെ ഇന്ത്യായാത്ര കേവലം യാദൃശ്ചികമായിരുന്നില്ല. പ്രത്യുത, തിരുമേനി(സ്വ)യുടെ സ്വപ്ന നിര്‍ദ്ദേശപ്പ്രകാരമായിരുന്നു. വഴികേടിലായിരുന്ന ജനസമൂഹത്തെ ഇസ്‌ലാമിന്‍റെ  ശാദ്വലതീരത്തേക്ക് നയിക്കാന്‍ ഉലകിന്‍റെ സകല ദിക്കിലേക്കും തന്‍റെ അനുചരരെ തിരുമേനി(സ്വ) നിയോഗിച്ചപ്പോള്‍ അതില്‍ ഒന്ന് മാത്രമായിരുന്നു ഇതും. അവിടുത്തെ ജീവിത കാലത്ത് നിയോഗിക്കപ്പെട്ടവരുമുണ്ടായിരുന്നു. സ്വപ്ന നിര്‍ദ്ദേശം മൂലം നിയോഗിക്കപ്പെട്ടവരുമുണ്ടായിരുന്നു. ഹിജ്റ 580 ല്‍ മദീനത്തെ മസ്ജിദുന്നബവി ആ സ്വപ്ന സന്ദേശത്തിന് സാക്ഷ്യം വഹിച്ചു. വന്‍സൈന്യവുമായി ഇന്ത്യയിലെ ഗുജറാത്ത് ഭാഗത്തേക്കായിരുന്നു മഹാനുഭാവനും സംഘവും ആദ്യം പുറപ്പെട്ടത്. വിജയക്കൊടിപ്പാറിച്ച് മദീനയിലെത്തിയ ബാദ്ഷാ തങ്ങള്‍ക്ക് രണ്ടാമത്തെ സ്വപ്നമുണ്ടായി. അങ്ങിനെയാണ് തന്‍റെ കുടുംബവും നാട്ടുകാരും സൈന്യവുമടങ്ങുന്ന വന്‍സംഘം തമിഴ്നാട് ലക്ഷ്യമിട്ട് എത്തിച്ചേരുന്നത്. ഹിജ്റ 582 ല്‍ കേരള തുറമുഖത്തിലൂടെയാണ് തമിഴ് നാട്ടിലെത്തിയത്.

തിരുന്നല്‍വേലി ഭരിച്ചിരുന്ന കുലശേഖര പാണ്ഡ്യനെയാണ് ബാദ്ഷാ തങ്ങള്‍ ആദ്യം സമീപിച്ചത്. അധികാര മോഹത്തിന്‍റെ വടംവലിയില്‍ കുടുംബ പോരും, പരസ്പരം കടിച്ച് കീറലും, രക്തച്ചൊരിച്ചിലും അവിടെ പതിവ് കാഴ്ചയായിരുന്നു. ഈയൊരു സാഹചര്യം മുസ്‌ലിംകളുടെ പെട്ടെന്നുള്ള വേരോട്ടത്തിന് നിമിത്തമേകി. ഇസ്‌ലാം മുന്നോട്ടു വെച്ച സുന്ദര മുഖം അവരില്‍ അങ്ങേയെറ്റം സ്വാധീനം ചെലുത്തി.

തിരുന്നല്‍വേലിയില്‍ ഇസ്‌ലാമിക സന്ദേശം ചലനം സൃഷ്ടിച്ചപ്പോള്‍ ബാദ്ഷാ തങ്ങളും സംഘവും മധുര ലക്ഷ്യമാക്കി നീങ്ങി. അവിടം വാണിരുന്ന വീരപാണ്ഡ്യന്‍ കോപം കൊണ്ട് വിറച്ചു. മുസ്‌ലിംകള്‍ക്കും അവര്‍ക്ക് പ്രചരണാനുമതി നല്‍കിയ കുലശേഖരനും മുന്നിലേക്ക് യുദ്ധത്തിന്‍റെ വടം നീട്ടിയെറിഞ്ഞു. ആമുഖ സംഭാഷണങ്ങളെ വകഞ്ഞുമാറ്റി യുദ്ധകാഹളം മുഴക്കി രാജാവ് ഏറ്റുമുട്ടല്‍ തുടങ്ങി. ആക്രമണത്തില്‍ പ്രതിരോധവും അനിവാര്യഘട്ടത്തില്‍ പ്രത്യാക്രമണവും അന്തസ്സാണ്. അല്ലാത്തവ ഭീരുത്വവുമാണ്. രാജാവ് തോറ്റോടിയതോടെ യുദ്ധത്തിന് താല്‍ക്കാലിക പര്യാവസാനമായി.

പാണ്ഡ്യകുലത്തിന്‍റെ ചോരത്തിളപ്പായിരുന്ന വിക്രമപാണ്ഡ്യന്‍ സടകുടഞ്ഞെഴുനേറ്റു. അവരില്‍ നിന്ന് ഇസ്‌ലാം പുല്‍കിയവര്‍ ജീവിതം എന്തെന്ന് പഠിച്ചു. ഭാക്കിയുള്ള പാണ്ഡ്യപ്പട്ടാളം ഒറ്റക്കെട്ടായി മുസ്‌ലിംകള്‍ക്കെതിരെ ആയുധം മിനുക്കി. യുദ്ധക്കൊതിയരുടെ കൊതി യുദ്ധം തന്നെ. വൈപ്പാറില്‍ സത്യാസത്യവിവേചനത്തിന്‍റെ കാഹളം മുഴങ്ങി. ബദ്റിന്‍റെ ചരിത്രത്തിലേക്ക് വിശ്വാസം മിന്നല്‍ പിണറായി പടര്‍ന്നു. എങ്ങും ആള്‍കൂട്ടങ്ങളുടെയും ആയുധങ്ങളുടെയും ഒരമാനങ്ങള്‍ മാത്രം.

യുദ്ധം അതിന്‍റെ സര്‍വ്വ ശൌര്യത്തോടെയും ആക്രോശിച്ചുകൊണ്ടിരുന്നു. പത്ത് ദിനത്തോളം അത് നീണ്ടുനിന്നു. ഒടുവില്‍ പാണ്ഡ്യകുലത്തിന്‍റെ അധിപന്‍ വിക്രമപാണ്ഡ്യന്‍ ബാദ്ഷാ തങ്ങളുടെ വാളിന്നിരയായി.

പാണ്ഡ്യനാട് കീഴടക്കിയ ശേഷം പന്ത്രണ്ടുകൊല്ലത്തോളം ബാദ്ഷാ തങ്ങള്‍ നീതി പൂര്‍ണ്ണമായ ഭരണം നടത്തി. അങ്ങനെ ആനാടിനെ യസിരിബിലെ ‘യര്‍ബദ്’ എന്ന നാമംകൊണ്ടാദരിച്ചു. അടിമത്വത്തിലും, പീഢനമുറകളിലും ഞെരിഞ്ഞമര്‍ന്നിരുന്ന പാണ്ഡ്യ ജനതക്കുമുന്നില്‍ ആരാണ് മനുഷ്യനെന്നും മാനുഷികമൂല്യമെന്താണെന്നും ഒരു മതകീയ സ്കെയിലിലൂടെ വരച്ചു കാട്ടിക്കൊടുക്കാനും അവിടുന്ന് മറന്നില്ല.

ഇസ്‌ലാമിലേക്ക് ജനം ഒഴുകി. പള്ളികളും മതപഠനശാലകളും അങ്ങിങ്ങായി തലയുയര്‍ത്താന്‍ തുടങ്ങി. അല്ലെങ്കിലും ബൌദ്ധിക മണ്ഡലങ്ങളില്‍ ഇംഗിതങ്ങള്‍ക്കും നിര്‍ബന്ധ പരിവര്‍ത്തനങ്ങള്‍ക്കും സ്ഥാനമില്ലല്ലോ? ദര്‍ശന സംസ്കാരങ്ങളുടെ ഉത്തമ മൂല്യങ്ങള്‍ക്കാണ് എന്നും എവിടെയും സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ബാദ്ഷാ തങ്ങളുടെ ഭരണത്തിന്‍റെ സമാപനഘട്ടത്തിലായിരുന്നു മധുര യുദ്ധത്തില്‍ തോറ്റോടിയ വീരപാണ്ഡ്യന് പുതിയൊരു മോഹം മൊട്ടിടുന്നത്. എന്ത് കൊണ്ട് നമുക്കും ജയിച്ചുകൂട? മുസ്‌ലിംകളെല്ലാം ക്ഷയിച്ചിരിക്കുന്ന സമയമല്ലേ? വീരപാണ്ഡ്യന്‍ മാനസക്കോട്ട കെട്ടി. തദടിസ്ഥാനത്തില്‍ ഒരു വന്‍സൈന്യവുമായി മുസ്‌ലിംകളെ അക്രമിക്കാന്‍ വീരപാണ്ഡ്യന്‍ യര്‍ബദ് ലക്ഷ്യമാക്കി നീങ്ങി. ശത്രു സൈന്യത്തിന്‍റെ വരവ് കണ്ടറിഞ്ഞ ബാദ്ഷാ തങ്ങള്‍ അംഗുലീപരിമിതരാണെങ്കിലും തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ യര്‍ബദിന്‍റെ സുല്‍ത്താന്‍ സയ്യിദ് ഇബ്റാഹീം ബാദ്ഷാ(റ) വീരപാണ്ഡ്യന്‍റെ വാളിന്നിരയായി.(ഹിജ്റ: 596 ദുല്‍ഖഅ്ദ: 23 തിങ്കള്‍) അന്നേരം ആ മഹാനുഭാവന് അമ്പത്തിയാറു വയസ്സ് പ്രായമായിരുന്നു. തന്‍റെ ഉപ്പാപ്പ തിരു നബി (സ്വ)യുടെ സ്വപ്ന നിര്‍ദ്ദേശം സമ്പൂണ്ണമായും നെഞ്ചകമേറ്റി കണിശതയോടെ പ്രവര്‍ത്തന പഥത്തില്‍ തെളിയിച്ചു കാട്ടിയായിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങളുടെ മകന്‍ അബൂത്വാഹിര്‍(റ), മന്ത്രിയായിരുന്ന അബ്ബാസ്(റ), ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം(റ) അവരില്‍ പ്രധാനികളാണ്. ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു.

ശാന്തിയുടെ വിളനിലമായ ആ മണ്ണ് ഇന്ന് പതിനായിരങ്ങളുടെ അഭയ കേന്ദ്രമാണ്. നീറിപ്പുകയുന്ന ഒരായിരം കേസുകള്‍ക്ക് ഒരു കോടതി സംമ്പ്രദായം പോലെയാണ് ശുഹദാക്കള്‍ അവിടെ വിധി തീര്‍പ്പാക്കുന്നത്. മാനസിക നില തെറ്റിയവരും, മാറാ വ്യാധികള്‍ പിടിപെട്ടവരും, പൈശാചിക ബാധയേറ്റ് മുരടിച്ചുപോയവരും അവിടെ സര്‍വ്വസാധാരണയാണ്. മാറാവ്യാധികളായ വിവിധയിനം കാന്‍സറുകളും മറ്റു പല രോഗങ്ങളുമെല്ലാം ക്ഷിപ്രസാധ്യം മാറിക്കൊണ്ടിരിക്കുന്നത് അവിടത്തെ നിത്യസംഭവങ്ങളാണ്. പൈശാചിക ബാധയേറ്റ് മനോനില തെറ്റിയവരെ ശുഹദാക്കള്‍ വിചാരണ ചെയ്യുന്നതും വിധി തീര്‍പ്പാക്കുന്നതും വിവിധയിനം ശിക്ഷാമുറകള്‍ നടപ്പില്‍ വരുത്തുന്നതും കാണുമ്പോള്‍ തികച്ചും ഒരു കോടതിസമ്പ്രദായം മനസ്സില്‍ ഓടിവരും.ഖുര്‍ആന്‍ പറയുന്നു.: ‘നിശ്ചയം, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയെന്ന് നിങ്ങള്‍ കരുതരുത്. പ്രത്യുത, അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്.’അല്ലാഹു അവരോടൊപ്പം നമ്മെയെല്ലാവരെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

Wednesday, January 11, 2012

വിളക്കുമാടങ്ങളിലേക്കൊരു യാത്ര

ല്‍ഹംദുലില്ലാഹ്! ഈ തവണ യു.എ.യില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ വലിയൊരനുഗ്രഹം അല്ലാഹുവില്‍ നിന്ന് ലഭിച്ചു. അവന്‍റെ ഇഷ്ടദാസന്മാരായ നിരവധി ഔലിയാക്കളെ സന്ദര്‍ശിക്കാനുള്ള അവസരം! അല്ലാഹു ഇഷ്ടപ്പെട്ടവരെ നാം ഇഷ്ടപ്പെടുകയും അവരുടെ തൃപ്തിക്ക് നാം പാത്രീഭൂതരാവുകയും ചെയ്‌താല്‍ അല്ലാഹു നമ്മെ കൈവിടുകയില്ല. അവിടെയാണ് ശഫാഅത്തിന്‍റെ സാധ്യത തെളിയുന്നത്. അതിന് മരിച്ചവരെന്നോ ജീവിച്ചവരെന്നോ അന്തരമില്ല. അല്ലാഹു ആദരിച്ചവയെ ആദരിക്കുകയും നിന്ദിച്ചവയോട് വെറുപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. അല്ലാഹു തൃപ്തിപ്പെടുകയും തിരിച്ച് അങ്ങോട്ട്‌ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തവരാണ് സ്വഹാബിമാര്‍ .വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണവരെ സര്‍ട്ടിഫൈ ചെയ്തത്. സ്വഹാബിമാര്‍ ദീനില്‍ തെളിവല്ലായെന്നും അവര്‍ക്ക്‌ ശേഷം വന്ന മദ്ഹബിന്‍റെ ഇമാമുകളെയും ഔലിയാക്കളെയും പരിഹസിക്കുകയും പുച്ഛത്തോടെ കാണുകയും ചെയ്യുന്നവരായത് കൊണ്ടാണ് ഈ അടുത്തകാലങ്ങളിലായി പൊട്ടിമുളച്ച പുത്തന്‍പ്രസ്ഥാനക്കാരഖിലവും അല്ലാഹുവിന്‍റെ വെറുപ്പിന് വിധേയമായവരെന്നു പറയപ്പെടാന്‍ കാരണം. അതിനാല്‍ ഇസ്‌ലാമിന്‍റെ പേരില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രബോധനങ്ങളില്‍ ആരും വശംവദരായിപ്പോകരുത്‌.. . പ്രത്യേകിച്ച് അമുസ്‌ലിം സഹോദരന്മാര്‍ .

ലോകത്തിന്‍റെ ഏതു ഭാഗങ്ങളിലെത്തിപ്പെട്ടാലും നമുക്കവിടെയെല്ലാം ഔലിയാക്കന്മാരുടെയും ശുഹദാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ കാണാനാകും. എന്തിനാണിങ്ങനെയെല്ലാം അല്ലാഹുതആല സംവിധാനിക്കാന്‍ തീരിമാനിച്ചത്‌? വെറുതെയല്ല. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അവ വിളക്കുമാടങ്ങളാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മണ്മറഞ്ഞുപോയ സ്വാലിഹീങ്ങളെ കൊണ്ട് ഗുണം ലഭിക്കണം. സര്‍വോപരി ആത്മീയ പ്രചോതനം ലഭിക്കണം.

ഖബര്‍ സിയാറത്ത് ഇസ്‌ലാം സുന്നത്തായി പഠിപ്പിക്കുന്നു. "ഖബര്‍ സന്ദര്‍ശനം ഞാന്‍ മുമ്പ്‌ തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത്ത് ചെയ്യുക. അത് ഭൗതിക താല്‍പര്യങ്ങളില്‍ വിരക്തി ഉണ്ടാക്കുകയും പരലോകചിന്ത ഉദ്ദീപിപ്പിക്കുന്നതുമാണ്.(ഇബ്നു മാജ ). നബി (സ്വ) മദീനാ ഖബര്‍സ്ഥാന്‍ സിയാറത്ത് ചെയ്തിരുന്ന സംഭവം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലുണ്ട്. ഫാത്തിമാ ബീവി ഹംസ (റ)ന്‍റെ ഖബര്‍ സിയാറത്ത് ചെയ്തതും അതിലെ കേടുപാടുകള്‍ തീര്‍ത്തിരുന്ന സംഭവവും ഹദീസിലുണ്ട്. നബി (സ്വ) യും നാല് ഖലീഫമാരും ഉഹ്ദ്‌ ശുഹദാക്കളെ സിയാറത്ത് ചെയ്ത സംഭവവും (തഫ്സീര്‍ ഇബ്നു കസീര്‍ 2/511,റാസി 45/19) രേഖപ്പെടുത്തിയിട്ടുണ്ട്. വഫാത്തായ തിരുനബി (സ്വ)യെ ബിലാല്‍ (റ) സ്വപനംകണ്ടപ്പോള്‍ സിയാറത്ത് ചെയ്യാന്‍ വന്നതും അനന്തരം ബിലാലിന്‍റെ വാങ്ക് കേട്ട് മദീനാ നഗരം നബി (സ്വ)യുടെ വസന്ത കാലത്തെ ഓര്‍ത്ത്‌ പൊട്ടിക്കരഞ്ഞ രംഗങ്ങളും ഇബ്നു ഹജര്‍ തങ്ങള് (അല്‍ ജൌഹരുല്‍ മുനള്ളം 27)വിവരിക്കുന്നത് കാണാം. ബാഗ്ദാദ് വാസത്തിനിടെ ഷാഫിഈ ഇമാം അബൂഹനീഫ തങ്ങളുടെ ഖബര്‍ സിയാറത്ത്‌ ചെയ്യാറുണ്ടായിരുന്നു(അല്‍ ഖൈറാത്തുല്‍ ഹിസാന്‍ 63). താരീഖു ബാഗ്ദാദ്.1/123 ലും ഈ സംഭവം വിവരിക്കുന്നുണ്ട്. രിഫാഈ ശൈഖ് റൌളാശരീഫിനു മുന്നില്‍ വന്ന് തിരുനബി (സ്വ)യുടെ കൈ ചുംബിച്ച സംഭവം പ്രസിദ്ധമാണ്.(സആദാത്ത് 299) വെളിയങ്കോട് ഉമര്‍ ഖാളി തങ്ങള്‍ റൌളയില്‍ ചെന്ന് പദ്യമാലപിക്കുകയും ഇരുമ്പഴികള്‍ തുറക്കപ്പെട്ടതും പ്രസിദ്ധമാണ്. മണ്മറഞ്ഞുപോയ മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നതിന്‍റെ ഇസ്‌ലാമിക മാനമിതാണ്. വിവരദോഷികള്‍ കാട്ടുന്ന അനാചാരങ്ങളുടെ പേരില്‍ വഹാബി മതക്കാര്‍ ഇസ്‌ലാമിനെ കൊഞ്ഞനം കാട്ടുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ മുസ്‌ലിം ലോകം തള്ളിക്കളയേണ്ടാതാണ്.

അജ്‌മീര്‍ ഖാജാ (ഖ.സി) ദര്‍ഘാ ശരീഫ്‌
ഡിസംബര്‍ 25 നു തൃശൂരില്‍ നിന്നും ജുമുഅ നിസ്ക്കാരം കഴിഞ്ഞ് മംഗള ലക്ഷദ്വീബ് എക്സ്പ്രസില്‍ കയറി. ലക്ഷ്യം അജ്മീര്‍ . കൂടെ ഭാര്യയും കുട്ടിയുമുണ്ട്. അവരെ കൂടെ കൂട്ടിയത് വലിയൊരു അനുഗ്രഹവും കടപ്പാടുമായി പിന്നീട് തോന്നി. കാരണം ഇതിനു മുമ്പ്‌ അജ്മീറില്‍ പോയി തിരിച്ചു വന്ന ഉടനെയാണ് ഞാന്‍ പെണ്ണ് കാണാന്‍ പോകുന്നതും വിവാഹം ഉറക്കുന്നതും അനന്തരം വിവാഹം നടക്കുന്നതും. ഏതായാലും ഇന്ത്യന്‍ മുസ്‌ലിംകളുടെ സുപ്രിംകോര്‍ട്ടായ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖ.സി)യുടെ അരികിലേക്കായിരുന്നു ഈ ലീവിലെ പ്രധാന യാത്ര. യാത്രക്ക് നേതൃത്വം നല്‍കിയത്‌ വന്ദ്യ പിതാവ് പി.എസ്.കെ.മൊയ്തു ബാഖവിയായിരുന്നു. ഇന്ത്യന്‍ ജനതക്ക്‌ ഏറ്റവുമധികം ഹിദായത്തിന്‍റെ ജാലകം തുറന്നു കൊടുത്ത മഹാന്‍ , കേവലം ഒരു നോട്ടത്തിലൂടെ എണ്ണമറ്റ മനുഷ്യരെ നേര്‍വഴിയിലേക്കെത്തിച്ച മഹാന്‍ , ഇന്ത്യ ഭരിച്ചവരും ഭരിക്കുന്നവരുമായ ഒട്ടുമിക്ക രാജാക്കന്മാരും ഭരണാധിപരും ഈ സുല്‍ത്താന്‍റെ ദര്‍ബാറില്‍ വരാതിരുന്നിട്ടില്ല; വരാതെ പോകാറുമില്ല.

അവിടത്തെ രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഖുര്‍ആന്‍, ദിക്ര്‍ , സ്വലാത്ത്‌,അജ്മീര്‍ മൌലിദ് എന്നിവയില്‍ ഞങ്ങള്‍ നിരതരായി. വൈലത്തൂര്‍ ബാവമുസ്ലിയാരുടെ അല്‍പനേരങ്ങളിലെ സാന്നിധ്യം ഞങ്ങള്‍ക്ക് ഹൃദ്യമായി തോന്നി. ഖാജയുടെ മകന്‍ ഫഖ് റുദ്ദീന്‍ എന്നവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സല്‍വാര്‍ യാത്രയും ധന്യമായി. ഖാജാ തങ്ങള്‍ സംസ്കരിച്ചെടുത്ത ദല്‍ഹി സുല്‍ത്താനായിരുന്ന നിസാമുദ്ദീന്‍ ഔലിയ ദര്‍ഘയില്‍ ഞങ്ങള്‍ എത്തി. ദല്‍ഹിയില്‍ ഇന്നൊരു പ്രദേശം മുഴുക്കെ നിസ്സാമുദ്ദീന്‍ എന്നാണറിയപ്പെടുന്നത്. റെയില്‍വേ സ്റ്റേഷന്‍ ,ബസ്‌സ്റ്റേഷന്‍ എന്തിനേറെ മൊബൈലില്‍ ടവര്‍ തെളിയുന്നത് വരെ നിസ്സാമുദ്ദീന്‍ എന്നാണ്. എല്ലാം ഈ ഔലിയയുടെ സ്മരണ നിലനിര്‍ത്തുന്നു. അധികാരത്തിന്‍റെ രാജ സിംഹാസനത്തില്‍ നിന്നും വിലായത്തിന്‍റെ ഔന്നിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഖാജാ തങ്ങളായിരുന്നു. ശേഷം ഖാജയുടെ ഖലീഫമാരില്‍ ഒരാളായ ബാക്തിയാര്‍ കഅകി അന്ത്യവിശ്രമം കൊള്ളുന്ന മെഹ്റോളി സന്ദര്‍ശിച്ചു. മറ്റു അനേകം സ്ഥലങ്ങളും യാത്രയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു.

ലീവില്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാന സ്ഥലം ഏര്‍വാടിയായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് അവിശ്വാസം പിഴുതെറിഞ്ഞ് ഇസ്‌ലാം വളര്‍ത്തിയ മഹാന്മാര്‍ ! അതിനുവേണ്ടി അവരൊക്കെ സംഭാവന നല്‍കിയത് ജീവിതമാസകലമായിരുന്നു. സയ്യിദ്‌ ഇബ്റാഹീം ബാദ്ഷാ തങ്ങള്‍ , പ്രിയപുത്രന്‍ അബൂ ത്വാഹിര്‍ തങ്ങള്‍ , അവിടത്തെ മന്ത്രിയായിരുന്ന അബ്ബാസ്‌ എന്നവര്‍ ,അവിടത്തെ സംഘത്തിലെ ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം എന്നവര്‍ , തുടങ്ങീ ലക്ഷക്കണക്കിന് ശുഹദാക്കളുടെ രക്തം വീണ പവിത്ര മണ്ണാണവിടം. 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. പിശാച്ബാധയേറ്റവരെ ആത്മീയ ലോകത്ത് ചികില്‍സ നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ കോടതിയാണിവിടം. അവിടന്ന് കുറച്ചപ്പുറത്തേക്ക് നീങ്ങിയാല്‍ കീളക്കരയെന്ന സുപ്രസിദ്ധ നാട് കാണാം. കുതുബിയ്യത്തിന്‍റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരി എന്ന മഹാന്‍ അവിടെ അന്തിയുറങ്ങുന്നു. അവിടുത്തെ ബൈത്ത് ചൊല്ലി ഞങ്ങള്‍ അവിടം സിയാറത്ത് ചെയ്തു.

സൈനുദീന്‍ മഖ്ദൂം രണ്ടാമന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
ഉത്തരകേരളത്തിന്‍റെ അതിര്‍ത്തിയും കടന്ന് കര്‍ണ്ണാടകത്തിലേക്ക് കടന്നാല്‍ ഉള്ളാളമെത്താം. അവിടം അന്തിയുറങ്ങുന്ന സയ്യിദ്‌ മദനി തങ്ങളെ സിയാറ നടത്തി തിരിച്ചു കാസര്‍ക്കോടെത്തിയാല്‍ മാലിക്‌ബിന്‍ ദീനാര്‍ പള്ളിയിലെത്താം.അവിടം അന്തിയുറങ്ങുന്നവരെയും സന്ദര്‍ശിച്ച് തോട്ടപ്പുറം വിദ്യാഭാസ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന മുഹിമ്മാത്തിലെത്താം. സ്ഥാപനത്തിന്‍റെ സാരഥി മര്‍ഹൂം സയ്യിദ്‌ താഹിര്‍ തങ്ങളെയും സന്ദര്‍ശിച്ചു. കൂടെ താഹിര്‍ ബാംഗ്ലൂരും ഫാമിലിയും യാത്രക്ക് വലിയ സൌകര്യങ്ങള്‍ നല്‍കി. യാത്ര വീണ്ടും തുടര്‍ന്നാല്‍ കണ്ണൂരിലെ കുഞ്ഞിപ്പള്ളിയിലെത്താം. അവിടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാര്‍ത്ഥികള്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തിലെ പ്രാഥമിക ആധികാരിക ഗ്രന്ഥമായി പഠിക്കുന്ന ഫത്ഹുല്‍ മുഈനിന്‍റെ രചയിതാവ്‌ അന്ത്യവിശ്രമം കൊള്ളുന്നത്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടും.
ഉള്ളാള്‍ ദര്‍ഘയും പള്ളി പരിസരവും

പത്തു വര്‍ഷം കിതാബ് പഠിച്ച് ബിരുദമെടുത്ത് പുറത്തിറങ്ങാന്‍ അവസരം സൃഷ്ടിച്ച ഞങ്ങളുടെ സ്ഥാപനമായ കോടമ്പുഴ ദഅവാ കോളേജിന്‍റെ രക്ഷാധികാരിയും ഞങ്ങളുടെ പ്രധാന ഗുരുവര്യരും കൂടിയായ കോടമ്പുഴ ബാവ മുസ്‌ലിയാരോടൊപ്പമായിരുന്നു കുഞ്ഞിപ്പള്ളി സിയാറത്തെന്നതില്‍ മനസ്സില്‍ സന്തോഷത്തിന് മാറ്റേകി.

വീണ്ടും യാത്രതുടര്‍ന്നാല്‍ കോഴിക്കോട്ടെത്താം. അവിടെ നിന്നും നരിക്കുനി ബസ്‌ കയറി മടവൂരിലിറങ്ങിയാല്‍ സി.എം വലിയുല്ലാഹി എന്ന വിശ്രുത മഹാന്‍റെ മഖാമിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. ബഹു: താജുല്‍ ഉലമക്ക് കീഴില്‍ കാന്തപുരം ഉസ്താദ്‌ നയിക്കുന്ന സുന്നീ പടയോട്ടത്തിന്‍റെ എല്ലാനിലക്കുമുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ആ മഹാനില്‍ നിന്നാണ്. എന്‍റെ മാതാവ് സി.എമിന്‍റെ വസ്ത്രം കഴുകിക്കൊടുത്തിട്ടുണ്ട്.എന്‍റെ ഉപ്പ-ഉമ്മയുടെ വിവാഹാലോചന സമയത്ത്‌ ഖൈറുണ്ടെന്ന സി.എമിന്‍റെ ആശീര്‍വാദം അവിടെവെച്ച് മനസിലോര്‍മ്മ വന്നപ്പോള്‍ മിഴിനീര്‍ പൊടിഞ്ഞു.....

നമ്മുടെ കേരള യാത്ര ഇപ്പോള്‍ എന്‍റെ സ്വന്തം നാടായ തൃശൂര്‍ ജില്ലയിലെത്തി. കൈപ്പമംഗലം അബ്ദുല്‍ കരീം ഹാജി, മതിലകം ബാപ്പുട്ടി മുസ്‌ലിയാര്‍ , മുനവ്വര്‍ഷാ പനങ്ങാട്‌ തുടങ്ങിയ മഹാന്മാരെയും വിവിധ സമയങ്ങളില്‍ സന്ദര്‍ശിച്ചു. ഇതെല്ലം വീടിനു പരിസരങ്ങളില്‍ പ്രഭപരത്തിനില്‍ക്കുന്ന വിളക്കുമാടങ്ങളാണ്.


വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറമെത്തിയാല്‍ ഇന്ത്യയിലെ ആദ്യ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്‌ കാണാം. അവിടെയാണ് ഇന്ത്യയില്‍ ഇസ്‌ലാം നട്ടുപിടിപ്പിച്ച മാലിക്‌ബിന്‍ ദിനാറും സംഘത്തിലെ പ്രധാനിയായ ഹബീബ്‌ബ്നു മാലികും ഭാര്യ ഖമരിയ്യ (റ) യും അന്ത്യവിശ്രമം കൊള്ളുന്നത്. തിരുനബി (സ്വ)യുടെ കാലത്ത് തന്നെയാണ് ഈ പ്രമുഖ സ്വഹാബിമാര്‍ കേരളക്കരയിലെത്തിയത്. എന്തായാലും തിരുനബിയിലേക്കുള്ള പിടിവള്ളിയാണ് നമ്മുടെ മുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഈ മഹാരഥര്‍ .ഞാന്‍ നാടുവിട്ട് എവിടെപ്പോകുമ്പോഴും തിരിച്ചു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴും അവരെ സിയാറത്ത് ചെയ്യാതെ പോകുകയും വരികയുമില്ല. നാളെ അല്ലാഹുവിന്‍റെ മുന്നില്‍ പാദമിടറുംമ്പോള്‍ തിരുനബിയുടെ കൈപിടിച്ച് ഈ സ്വഹാബിവര്യര്‍ സ്വര്‍ഗ്ഗപ്പ്രവേശം നടത്തുമ്പോള്‍ അവരുടെ കയ്യെങ്കിലും ഒരു പിടിവള്ളിയായാല്‍ ..എന്ന പ്രതീക്ഷയുടെ നാമ്പ് നമുക്ക്‌ ആത്മീയാവേശം നല്‍കുകയാണ്.