Showing posts with label ബഗ്ദാദ്. Show all posts
Showing posts with label ബഗ്ദാദ്. Show all posts

Thursday, January 10, 2013

മര്‍ക്കസ് മദീനയിലെ പുഷ്പം


മുഹമ്മദ് ഹകീം 
മര്‍കസിന്റെ തിരുമുറ്റത്തേക്ക് മദീനാശരീഫിന്റെ മരുക്കാറ്റ് വീശിയെത്തിയ ദിനമായിരുന്നു 2013 ജനുവരി 6 ഞായര്‍ . മഗ് രിബ് നമസ്കാരത്തിന് സമ്മേളന നഗരിയില്‍ ബാങ്ക് മുഴങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മദീനയില്‍ പോയ ആരും അഞ്ചുമിനിറ്റ് നേരത്തേക്ക് മദീനയെ ഓര്‍ത്തുകാണും. 'ഞങ്ങള്‍ നില്‍ക്കുന്നത് മദീനയിലോ അതോ മര്‍ക്കസിലോ' പലരും ശങ്കിച്ചുപോയ നിമിഷമായിരുന്നു. മദീനാ പള്ളിയിലെ ബാങ്കുകാരില്‍ ഏറ്റവും സുന്ദരമായ ശൈലിക്കുടമയും ദീര്‍ഘകാലത്തെ സേവകനുമായ ശൈഖ് മുഹമ്മദ് ഹകീം എന്നവരാണ് മര്‍ക്കസ് സമ്മേളനത്തിന്റെ സമാപനത്തിന് ബാങ്കൊലി മുഴക്കിയത്. അദ്ദേഹത്തിന്റെ മദീനയിലെ ബാങ്കും മര്‍ക്കസിലെ ബാങ്കും താഴെ കാണാവുന്നതാണ്.

മദീനയിലെ ബാങ്ക് 


മര്കസിലെ ബാങ്ക്


ഏതൊരു വിശ്വാസിയും മനസ്സ് കൊണ്ട് കൊതിക്കുന്ന ആഗ്രഹങ്ങളാണ് ഇത്തവണ മര്‍ക്കസ് നേതാക്കള്‍ അതിഥികള്‍ക്കായി ഒരുക്കിക്കൊടുത്തത്. ശൈഖ് മുഹമ്മദ് ഹകീമിന്റെ ബാങ്ക് എവിടെ കേട്ടാലും ആരും പറഞ്ഞുപോകും അത് മദീനയിലെ ബാങ്കാണല്ലോ എന്ന്. അങ്ങിനെയുള്ള ബാങ്കുകാരന്‍ മര്‍ക്കസിന്റെ മുറ്റത്ത് ബാങ്ക് മുഴക്കിയപ്പോള്‍ വിശ്വാസിയുടെ ഹൃദയത്തെ ഒത്തിരി സന്തോഷിപ്പിച്ചിരിക്കും.

മഹ്മൂദ് ഖലീല്‍ 
മുഹമ്മദ് ഖലീല്‍
മഹ്മൂദ് ഖലഫ്
ശൈഖ് അബൂബകര്‍ അഹ്മദ്  
ബാങ്കിനു ശേഷം ഇമാമത്ത് നിന്നത് മദീനയിലെ തന്നെ ആദ്യപള്ളിയായ മസ്ജിദ് ഖുബായിലെ ഇമാം ശൈഖ് മഹ്മൂദ് ഖലീലാണ്. അദ്ദേഹത്തിന്റെ ഖീറാഅത്തടങ്ങുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത് മസ്ജിദ് ഖുബാഇലെ മറ്റൊരു ഇമാമുകൂടിയായ ശൈഖ് മുഹമ്മദ് ഖലീല്‍ എന്നവരുടെ ഖിറാഅത്തോട് കൂടിയാണ്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. ചുരുക്കത്തില്‍, മര്‍ക്കസ് സമ്മേളനത്തിന്റെ മൂന്നു ദിവസത്തെ വിവിധ സെഷനുകളിലും നിസ്കാരങ്ങളിലും മറ്റും മദീനയിലെയും മറ്റു അറബ് രാജ്യങ്ങളിലെയും പണ്ഡിതരുടെ നിറസാന്നിധ്യം മര്‍കസിന്റെ മഹിമയാണ് വിളിച്ചോതുന്നത്. വെള്ളിയാഴ്ച കോഴിക്കോട് ടൌണിലെ വിവിധ പള്ളികളില്‍ അറബ് പണ്ഡിതന്മാര്‍ ജുമുഅക്ക് നേതൃത്വം വഹിച്ചത് ശ്രദ്ധേയമായൊരു വസ്തുതയാണ്. ബഗ്ദാദിലെ ശൈഖ് ജീലാനി മസ്ജിദിലെ ഇമാം ശൈഖ് മഹ്മൂദ് ഖലഫ് ജറാദ് അല്‍ ഈസാവിയും ഈ ഗണത്തില്‍ പെടുന്നു. മദീനിയലെ ഇമാമുമാരും മുഅദിനുമാരും മൂന്ന് ദിവസവും മര്‍കസിന്റെ പ്രോഗ്രാമുകളില്‍ നിറഞ്ഞുനിന്ന്  സമ്മേളനത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ സുന്നത്ത് ജമാഅത്തിന്റെ സുതാര്യത തിരിച്ചറിയാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. മര്‍ക്കസ് മദീനയുടെ പുഷ്പമായിത്തീരുന്നതിവിടെയാണ്. പ്രവാചകന്‍ തിരുമേനി (സ്വ) കെട്ടിപ്പടുത്ത ഇസ്ലാമിക സാമ്രാജ്യത്തിന്റെ കാവല്‍ഭടനായി കാന്തപുരം ഉസ്താദ് മാറിയത് മര്‍കസെന്ന വിപ്ളവത്തിലൂടെയായിരുന്നു. മര്‍കസും മദീനയും പേരിലെന്നപോലെ ആദര്‍ശത്തിലൂം സദൃശ്യതയും കടപ്പാടും കാണാവുന്നതാണ്.

പ്രവാചക തിരുമേനി (സ്വ)യുടെ വിശുദ്ധകേശ സൂക്ഷിപ്പുകാരനായി കാന്തപുരം ഉസ്താദ് മാറിയതിലൂടെ എത്രയോ വിശ്വാസികള്‍ക്കാണ് പ്രവാചക സ്നേഹത്തിന്റെ ശാദ്വല തീരത്തേക്കണയാന്‍ സാധിച്ചത്. ഉസ്താദിന്റെ വ്യക്തിതി പ്രഭാവത്തിലൂടെ എത്രയോ ആശിഖുര്‍റസൂലുകളും ഔലിയാക്കളും സൂഫിയാക്കളും ലോകപ്രശസ്ത പണ്ഡിതരുമാണ് കേരള മണ്ണില്‍ കാലുകുത്തിയത്! ആദര്‍ശവീഥിയിലെ അജയ്യതമൂലം അച്ചടക്കമുള്ള അണികളെ വാര്‍ത്തുവിടുക വഴി അസൂഹ്യാര്‍ഹമായ പ്രശംസയാണ് ഈ സമൂഹം നേടിയെടുത്തത്. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഈ സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ശൈഖ് സാഇദ് ഇന്റര്‍ ന്ഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ അത് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്.

അബ്ദുല്‍ ഹകീം അസ്ഹരി 
മര്‍കസിനു ശിലപാകിയ മക്കയിലെ വിശ്രുതപണ്ഡിതനായിരുന്ന അലവിമാലികിയെ നമുക്കെങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും ആ മഹാന്‍ തുടങ്ങിത്തന്ന മര്‍കസ് ഇന്ന് കൈതപ്പോയില്‍ ആരംഭിക്കാന്‍ പോകുന്ന മര്‍കസ് നോളേജ് സിറ്റി വരെ എത്തിക്കഴിഞ്ഞു. 'വിദ്യഭ്യാസത്തിലൂടെ വിപ്ളവം!' അസൂഹ്യാലുക്കളുടെയും ശത്രുക്കളുടെയും മുനയൊടിച്ചുകൊണ്ട് കാന്തപുരം ഉസ്താദ് ലക്ഷ്യമിടുന്നത് അതുതന്നെയാണ്. മദീനയിലെ മരുക്കാറ്റ് മര്‍കസിനെ തേടിയെത്തിക്കൊണ്ടിരിക്കും...നമ്മേയും അള്ളാഹു ആ പൂന്തോപ്പിലെ പുഷപ്പദളമെങ്കലുമാക്കട്ടെ.

സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, November 8, 2012

ഇമാമിന്‍റെ ജയില്‍ വാസം


ബഗ്ദാദിലെ ഗവര്‍ണ്ണറായ ഇസ്ഹാഖ്ബിന്‍ ഇബ്റാഹീമിന്റെ ശബ്ദം കനത്തു. ‘‘ഖുര്‍ആന്‍ സൃഷ്ടി വാദം സകലപണ്ഡിതരും അംഗീകരിച്ചേ പറ്റൂ’’അയാളുടെ വാക്കുകള്‍ക്ക് വജ്രത്തെക്കാള്‍ കാഠിന്യമുണ്ടായിരുന്നു.

‘‘എന്റെ റബ്ബേ, തുണയേകണേ’’ വിസമ്മതിച്ച സകലപണ്ഡിതരും ദൈന്യതയാര്‍ന്ന സ്വരത്തില്‍ വിളിച്ചു. കാത്ത് നില്‍ക്കാന്‍ സമയമില്ല. മഅ്മൂന്‍ ചക്രവര്‍ത്തിയുടെ ഉത്തരവാണ്. നടപ്പാക്കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കും. ഇസ്ഹാഖിന്റെ ചുണ്ടുകള്‍ കോടി. കടപ്പല്ല് ഞെരിഞ്ഞു. ആശങ്കയിലായ പണ്ഡിതകേസരികള്‍ ഉരുകിയൊലിക്കുന്ന മെഴുകുതിരിനാളം പോലെയായി. നഞ്ചിന്‍കൂട് വിങ്ങി. ‘‘അംഗീകരിക്കാത്തവര്‍ എത്രവലിയവരാണെങ്കിലും ജയിലിലടക്കുവാനും ചമ്മട്ടികൊണ്ടടിക്കുവാനുമാണ് ഉത്തരവ്. വേണമെങ്കില്‍ വധിച്ചു കളയാനും.’’ ഇസ്ഹാഖിന്റെ ഭീഷണി ഫണംവിടര്‍ത്തിയ സര്‍പ്പം പോലെയായി. തികഞ്ഞ ആശങ്കയോടെയും മനമിളകാതെയും അധികപണ്ഡിതരും അതംഗീകരിച്ചു. ജീവനില്‍ ഭയന്ന അവര്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്ന ന്യായത്തില്‍ ആശ്വാസംകൊണ്ടു. പക്ഷെ, ആനകുത്തിയാലും ഭൂമികുലുങ്ങിയാലും കുലുങ്ങാത്ത ഉറച്ച മനോദൈര്യത്തിലായിരുന്നു ഇമാം അഹ്മദുബിന്‍ ഹമ്പലും(റ) മുഹമ്മദ് ബിന്‍ നൂഹ്(റ)

ജീവന്‍ വെടിഞ്ഞാലും സത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. തിരുനബി(സ്വ)യുടെ സ്വപ്ന ഉപദേശം ഇമാമിന് ആവേശം പകര്‍ന്നു. ‘‘വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. വചനങ്ങള്‍ അല്ലാഹുവിന്റെ വിശേഷണമാണ്. സൃഷ്ടിയല്ല. സൃഷ്ടിയാണെങ്കില്‍ അതിന് അക്ഷരവും വചനങ്ങളും ശബ്ദവുമൊക്കെ ഉണ്ടാകണം. അല്ലാഹുവിന്റെ കലാം അങ്ങിനെയല്ല. സൃഷ്ടികളില്‍ നിന്ന് തികച്ചും വിത്യസ്ഥമാണ്.’’ അന്തരീക്ഷം ഭേതിക്കുമാര്‍ ശബ്ദത്തില്‍ ഇരുവരും വിളിച്ചുപറഞ്ഞു. നൂറുനൂറ് ചോദ്യങ്ങളും സംശയങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിച്ചുതന്നെയാണ് ഇമാം ഇത് പ്രഖ്യപിച്ചത്. ഒളിച്ചോടാന്‍ തയ്യാറല്ല. എന്തിനെയും നേരിടാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇസ്ഹാഖ് ചെരിഞ്ഞൊന്നു നോക്കി. പകയും ക്രൌര്യവും കൊണ്ട് അയാളുടെ ചുണ്ടുകള്‍ കോടി. കടപ്പല്ല് ഞെരിഞ്ഞ് അയാള്‍ ആക്രോശിച്ചു. ‘‘നിങ്ങളുടെ ആയുസ്സെത്തീന്ന് കരുതിക്കോ. ഒന്നുകില്‍ അഹ്മദ്, അല്ലെങ്കില്‍ ചക്രവര്‍ത്തി. രണ്ടാളും കൂടി ഒരുമിച്ച് ഭിന്ന ചേരിയായി ഈ ഭൂമിയിലുണ്ടാകില്ല.’’

ഇരകളെ പിടികൂടാനുള്ള ഉത്തരവെത്തി. ഇരുവരെയും അറസ്റ് ചെയ്ത് ചങ്ങലയില്‍ ബന്ധിച്ച് ഒരൊട്ടകപ്പുറത്തേറ്റി ഖലീഫയുടെ ചാരത്തേക്കയച്ചു. പെട്ടെന്നാണ് പിന്നില്‍ നിന്നൊരു സലാമിന്റെ ശബ്ദം കേട്ടത്. ഇമാം വെട്ടിത്തിരിഞ്ഞു നോക്കി. നെറ്റിയിലെ മുടികള്‍ക്കിടയില്‍ രജതരേഖ പോലെ നര കടന്നുകൂടിയ ഒരു കാട്ടറബി വൃദ്ധന്‍. മുഖത്ത് ദു:ഖഛായ നിഴലിച്ചു കണ്ടു. ഇമാം അപരിചിതനെ കണ്ണിമവെട്ടാതെ നോക്കി നിന്നു. ഒരിക്കല്‍ പോലും കണ്ടുമറന്ന മുഖമായിരുന്നില്ല അത്. യാചകനല്ലെന്ന് ഇമാമിന് ബോധ്യമായി. ചാടി ചാടി അയാള്‍ ഇമാമിന്റെ അരികില്‍ വന്നുനിന്നു. മരവിച്ച ആ മിഴികളില്‍ ദീനത തളം കെട്ടിനില്‍ക്കുന്നു.

‘‘ആരാ? എന്താ?’’ ഇമാം ചോദിച്ചു. അയാളുടെ കരുവാളിച്ച അധരങ്ങള്‍ ഒന്നു പിടഞ്ഞു. കണ്ണുകള്‍ പെടുന്നനെ നിറഞ്ഞു. ‘അബൂ അബ്ദുല്ല...!’ ഒരു വിലാപം പോലെ അയാള്‍ വിളിച്ചു. ഉച്ചിയില്‍ അടികിട്ടിയ പോലെ ഇമാം ശബ്ദം കേട്ട് വിറച്ചുപോയി.  ‘ഞാനാണ് ജാബിര്‍ ബിന്‍ ആമിര്‍.’ ആഗതന്‍ പേര് പറഞ്ഞു. ‘‘താങ്കള്‍ ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. അവര്‍ താങ്കളിലേക്കാണുറ്റു നോക്കുന്നത്. നങ്ങള്‍ ചെയ്യുന്നതാണ് പൊതുജനങ്ങള്‍ അനുധാവനം ചെയ്യുക. അതിനാല്‍ ഖലീഫയുടെ മുന്നില്‍ നിങ്ങള്‍ മുട്ടു മടക്കരുത്. ഖുര്‍ആന്‍ വിവാദത്തില്‍ അവരുടെ പക്ഷത്ത് ചേര്‍ന്നാല്‍ പൊതുജനങ്ങളുടെ പാപവും കൂടി നിങ്ങള്‍ പേറേണ്ടിവരും. നന്നായി സൂക്ഷിക്കണം. അല്ലാഹുവിനും സ്വര്‍ഗ്ഗത്തിനും വേണ്ടി സകലതും ക്ഷമിക്കണം. ഒരു പക്ഷെ താങ്കളെ അവര്‍ വധിച്ചേക്കാം. ഓര്‍ക്കുക. അവര്‍ കൊന്നില്ലെങ്കിലും താങ്കള്‍ ഒരുനാള്‍ മരിച്ചുപോകുമല്ലോ. അതല്ല താങ്കള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയാല്‍ സ്തുത്യര്‍ഹനായി ജീവിക്കാം.’’

ജാബിറിന്റെ ഉപദേശം ഇമാമിന് ഒന്നു കൂടി ദൈര്യവും സ്ഥൈര്യവും നല്‍കി. ഒട്ടകം മുന്നോട്ട് കുതിച്ചു. റോമിലെ ത്വര്‍സൂസിലാണ് എത്തേണ്ടത്. യുദ്ധസന്നാഹങ്ങളുമായി അവിടെയാണ് മഅ്മൂന്‍ ചക്രവര്‍ത്തിയുള്ളത്. ത്വര്‍സൂസിലെത്താറായപ്പോള്‍ കൊട്ടാരസേവകരിലൊരാള്‍ ഓടിവന്നു ഇമാമിന്റെ മുന്നില്‍ ആഗതനായി. അദ്ദേഹത്തിന്റെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകി. ഉടുമുണ്ടിന്റെ തുമ്പു കൊണ്ട് കണ്ണിര്‍ തുടച്ചുകൊണ്ടദ്ദേഹം പറയാന്‍ തുടങ്ങി.. ‘‘ഓ അബൂ അബ്ദുല്ല..! ജീവതത്തില്‍ ഇന്നോളം ഉപയോഗിച്ചിട്ടില്ലാത്ത മൂര്‍ച്ചയേറിയ കരവള്‍ മഅ്മൂന്‍ റെഡിയാക്കി വെച്ചിരിക്കുന്നു. ഖുര്‍ആന്‍ സൃഷ്ടിവദം നിങ്ങളംഗീകരിച്ചില്ലെങ്കില്‍ കണ്ടനാളിയില്‍ അത് താഴ്ന്നിറങ്ങും. തീര്‍ച്ച. നബി കുടുംബത്തെ പിടിച്ച് ആണയിട്ടാണ് ചക്രവര്‍ത്തി അത് പ്രഖ്യാപിച്ചത്.’’

മരണത്തില്‍ ഭയമില്ലാത്ത ഇമാം ഖലീഫയുടെ ദാര്‍ഷ്ഠ്യം അറിഞ്ഞപ്പോള്‍ കുപിതനായി. വെയിലത്ത് കിടന്ന ചെമ്പരത്തി ഇതള്‍ പോലെ നാവ് വറ്റി വരളാന്‍ തുടങ്ങി. ഇരു കാല്‍ മുട്ടുകളും ഭൂമിയില്‍ പതിച്ച് മുട്ടുകുത്തി നിന്ന് ദൃഷ്ടികള്‍ ആകാശത്തേക്ക് പായിച്ചു ഇരുകൈകള്‍ പൊക്കി മനമുരുകി പ്രാര്‍ത്ഥിച്ചു. ‘‘നാഥാ നിന്റെ കാരുണ്യത്തില്‍ വഞ്ചിതനായ ഈ ദുഷ്ട ഭരണാധിപന്‍ നിന്റെ ഔലിയാക്കളുടെ പിരടി വെട്ടാന്‍ ദാര്‍ഷ്ട്യം കാണിക്കുന്നു റബ്ബേ, ഖുര്‍ആന്‍ നിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളാണെങ്കില്‍ ഇയാളുടെ ഉപദ്രവം നീ വേണ്ടതു ചെയ്തു തരേണമേ..’’ അധികം താമസിച്ചില്ല സെക്കന്റുകളും മിനിറ്റുകളും  ഇരച്ചു നീങ്ങി. ചക്രവര്‍ത്തിക്കൊരു കുടച്ചിലും പനിയും പ്രകാശ വേഗതയില്‍ പനിമൂര്‍ച്ചിച്ചു. ശരീരം പൂക്കുല കണക്കെ ആടിയുലഞ്ഞു. ചുറ്റും തീകനല്‍ കൂട്ടി രാജാവിന് ചൂട് നല്‍കാന്‍ പരിവാരം ശ്രമിച്ചു. വേദനകൊണ്ട് സഹികെട്ട അയാള്‍ എരുമയെപ്പോലെ മുരളാന്‍ തുടങ്ങി. ദീനരോദനം, ആര്‍ത്തനാദം. ത്വര്സൂസിലെ ബന്‍ദൂന്‍ തടാകത്തില്‍ നിന്ന് വലവീശിപ്പിടിച്ച മത്സ്യം പൊരിച്ചത് മുന്നില്‍ വെച്ച് മോഹത്തോടെ ഒരുനുള്ള് ഭക്ഷിക്കാന്‍പോലും കഴിയാതെ അദ്ദേഹം മരിച്ചവീണു.

മരണവാര്‍ത്ത ഇമാമിന്റെ കാതിലെത്തുമ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. വനസാന്ദ്രതയില്‍ നിന്നും മൃഗങ്ങള്‍ ഗഭര്‍ജ്ജിക്കുന്നത് കേള്‍ക്കാമായിരുന്നു. ധിക്കാരിയുടെ മരണത്തില്‍ സന്തോഷിച്ചുവെങ്കിലും പിന്നീടുള്ള വാര്‍ത്ത നടുക്കത്തോടെയാണ് എതിരേറ്റത്. ഭരണ സാരഥ്യം മുഅ്തസിം ഏറ്റെടുത്തിരിക്കുന്നു. ഖുര്‍ആന്‍ വിവാദം ഒന്നുകൂടി കാര്‍ക്കശ്യസ്വഭാവത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനു വേണ്ടി ഇബുനു അബീദുഅദിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. രക്ത ദാഹിയും ക്രൂരനുമായ ഇബ്നു ദുഅദിന്റെ നിര്‍ദ്ദേശാനുസരണം ഇമാമിനെ കുറെ തടവുകാരുടെ കൂടെ ബഗ്ദാദ് ജയിലിലേക്കയച്ചു. വഴിമദ്ധ്യേ സഹപണ്ഡിതനായ മുഹമ്മദ് ബിന്‍ നൂഹ് പരലോകം പൂകി. അദ്ദേഹത്തിന്റെ ജനാസ നിസ്കരിച്ചുകൊണ്ട് നീണ്ട ഇരുപത്തിയെട്ട് മാസം ഇമാം ബഗ്ദാദിലെ തടവറയില്‍ കിടന്നു നരകയാതന അനുഭവിച്ച ജയില്‍ വാസം കൊണ്ട് മാത്രം തൃപ്തി വരാത്ത ധിക്കാരികള്‍ ഇമാമിനെ ചോദ്യം ചെയ്യാനും ഭേദ്യം ചെയ്യാനുമായി മുഅതസിം ചക്രവര്‍ത്തിയുടെ മുന്നില്‍ ഹാജറാക്കാന്‍ പിടിച്ചു കൊണ്ടുപോയി.

*****
ഒരു മദ്ധ്യാഹനം, മുഅതസിം രാജാവിന്റെ രാജധാനി. ‘‘നിങ്ങളല്ലെ പറഞ്ഞത് ഇദ്ദേഹം പടുവൃദ്ധനാണെന്ന്. ആരോഗ്യവാനായ യുവാവാണല്ലോ ഇയാള്‍.’’ ഇബ്നു ദുഅദിന്റെ നേരെതിരിഞ്ഞുകൊണ്ട് ഖലീഫ മുഅതസിം പരിഹാസം തൂകി ചോദിച്ചു. ‘‘ഇങ്ങോട്ടടുത്തുവരൂ’’ ഖലീഫ ഇമാമിന്റെ നേരെ നോക്കി കല്‍പ്പിച്ചു. ധൈര്യം വീണ്ടെടുത്ത് ഇമാം മുന്നോട്ടാഞ്ഞു ചവിട്ടി ഖലീഫക്കു സലാം പറഞ്ഞു. ‘‘വരൂ എന്റെ അടുത്ത് വന്നിരിക്കൂ..’’ ഖലീഫ സനേഹസ്മ്രണമായി അടുപ്പിച്ചു.

ഇമാം അഹ്മദ്: സര്‍പ്പം വരിഞ്ഞ് മുറുക്കിയത് പോലെ ചങ്ങലകൊണ്ടെന്നെ വരിഞ്ഞതിനാല്‍ ഭാരം താങ്ങാനാകാതെ നന്നെ പാട്പെട്ട് ഞാനവിടെ ഇരുന്നു. അല്പ നേരം അവിടെ മൌനം തളംകെട്ടി. രണ്ടുംകല്‍പ്പിച്ച് ഞാന്‍ തന്നെ സംസാരത്തിനു തുടക്കമിട്ടു. ഓ അമീറുല്‍ മുഅ്മിനീന്‍! താങ്കളുടെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് നബി(സ്വ)യുടെ സന്ദേശത്തിനാണോ എന്നെ ഇവിടെ ഹാജറാക്കിയത്? 

ഖലീഫ: തൌഹദിന് സത്യസാക്ഷിയാകാന്‍.

ഇമാം: ഞാന്‍ അല്ലാഹുവിലും തിരുദൂദരിലും വിശ്വസിക്കുന്ന ആളാണ്. ശഹാദത്ത് കലിമ അത്യൂച്ചത്തില്‍ ചൊല്ലുന്നു.

ഖലീഫ: എന്റെ മുന്‍ഗാമികള്‍ കൈകാര്യം ചെയ്ത ഒരു കേസ് ആയതത് കൊണ്ടാണ് താങ്കളെ ഞാനിവിടെ ഹാജറാക്കിയത്. ഓ അബ്ദുര്‍റഹ്മാന്‍..! നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ജനദ്രോഹം അവസാനിപ്പിക്കണമെന്ന്. എന്നിട്ടെന്തുകൊണ്ട് നിറവേറ്റിയില്ല? ഖലീഫയുടെ ചോദ്യത്തില്‍ ആക്രോശം നിഴലിച്ചു.
ഇമാം: അല്ലാഹു അക്ബര്‍..ഖലീഫയുടെ ഹൃദയത്തിന്റെ ഏതോ കോണില്‍ അലിവിന്റെ നീരുറവപൊട്ടി. നാട്ടില്‍ സമാധാനം കൈവരാന്‍ പോകുന്നു.

ഖലീഫ: അബ്ദുര്‍റഹ്മാന്‍! ഇമാമിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സംവാദം നടത്തുക. കല്പന അനുസരിച്ച് അബ്ദുര്‍റഹ്മാന്‍ ഇമാമിന്റെ നേരെ തിരിഞ്ഞു. സ്ഫുരിക്കുന്ന സ്വരത്തില്‍ ചോദ്യങ്ങള്‍ തുടങ്ങി. ‘‘ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ പറ്റി താങ്കളെന്തുപറയുന്നു.?’’ മൌനം. ഇമാം മറുപടി ഒന്നും പറയാതെ സമയം കഴിഞ്ഞപ്പോള്‍ ഖലീഫ ഇടപെട്ടു. ‘‘എന്തെങ്കിലും ഒരു മറുപടി പറയൂ.’’ ‘‘ഇല്‍മിനെ സംമ്പന്ധിച്ചു താങ്കളെന്തുപറയുന്നു?’’ ഇമാം വാചാലതയോടെ തിരിച്ചു ചോദിച്ചു. മറുപടിക്കായി അബ്ദുര്‍റഹ്മാന്‍ വാക്കുകള്‍ പരതി. ഇമാം വട്ടില്ല. ‘‘ഖുര്‍ആന്‍ അല്ലാഹുവന്റെ ഇല്‍മാകുന്നു. അല്ലാഹുവിന്റെ ഇല്‍മ് സൃഷ്ടിയാണെന്ന് വാദിക്കന്നവര്‍ സത്യനിഷേധികളായ കാഫിറുകളാകുന്നു.’’ ഇമാമിന്റെ സ്വരം കനത്തു. ചുട്ടു പഴുത്ത ലോഹത്തിന്റെ തീക്ഷ്ണതയോടെ വാക്കുകള്‍ പുറത്തേക്കു വന്നു. 

‘അമീറുല്‍ മുഅ്മിനീന്‍..! ഇദ്ദേഹം താങ്കളെയും ഞങ്ങളെയും കാഫിറാക്കിയിരിക്കുന്നു. ഇയാളെ വെറുതെ വിടരുത്.’ മുറിവായില്‍ മുളക് തേക്കുന്നവിധം അവര്‍ എരിവുകൂട്ടി. ഖലീഫ അത് ശ്രദ്ധിച്ചതേയില്ല.
‘‘അല്ലാഹു പണ്ട് പണ്ടേ ഉണ്ടായിരുന്നു. അന്ന് ഖുര്‍ആന്‍ ഇല്ലല്ലോ. അതിനാല്‍ പിന്നീടുണ്ടായ സൃഷ്ടിയല്ലേ?’’

അബ്ദുര്‍റഹ്മാന്‍ സംവാദം തുടര്‍ന്നു.

‘‘അല്ലാഹു പണ്ട് പണ്ടേ ഉണ്ട്. അന്നവന്റെ ഇല്‍മില്ല എന്നാണോ വാദം?’’ ഇമാം തിരിച്ചു ചോദിച്ചു. ഉത്തരം മുട്ടിയപ്പോള്‍ ചുറ്റും കൂടിയവര്‍ ബഹളം വെക്കാന്‍ തുടങ്ങി. ‘‘അമീറുല്‍ മുഅ്മിനീന്‍..! ഇത്കൊണ്ട് കാര്യമില്ല. ഖുര്‍ആനോ സുന്നത്തോ ഈ വാദത്തിന് തെളിവ് നിരത്താനാകുമോ?’’ സകല ധൈര്യവും സംഭരിച്ച് ഇമാം ചോദിച്ചു.

‘മറ്റൊരു ന്യായവും തങ്കള്‍ക്കു പറ്റില്ലെ?’ ഇബ്നു അബീദുഅദ് രംഗം ചുടാക്കി. ‘‘ഖുര്‍ആന്‍ സുന്നത്തു കൊണ്ടാണ് ഇസ്ലാമിന്റെ നിലനില്‍പ്.’’ ഇമാം വിടാനൊരുക്കമില്ല. ന്യായത്തില്‍ മുട്ടിയ കൊട്ടാര പണ്ഡിതര്‍ ബഹളം വെക്കാന്‍ തുടങ്ങി.

‘‘ഇദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമായ പുത്തനാശയക്കാരനാണ്. തക്കശിക്ഷകൊടുത്ത് ഇയാളെ പിന്തിരിപ്പിക്കണം.’’ അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. ശാന്തത കൈവിടാതെയും സ്വരം താഴ്ത്താതെയും ഇമാം നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്ത് തന്റെ വാദം സ്ഥാപിച്ചുകൊണ്ടിരുന്നു. ഇമാമിന്റെ സുദൃഢതക്കു മുന്നില്‍ ആകൃഷ്ടനായി ഖലീഫയുടെ മനസ്സ് മാറപ്പോകുമോയെന്ന് ഭയന്ന ബഗ്ദാദ് ഗവര്‍ണ്ണര്‍ ഇസ്ഹാഖ് ബിന്‍ ഇബ്റാഹീം നല്ലൊരു കമന്റ് പാസ്സാക്കി.

‘‘അമീറുല്‍ മുഅ്മിനീന്‍, ഇമാമിനെ വെറുതെ വിടുകയും താങ്കളെയും മുന്‍ ഖലീഫയെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയും ചെയ്യുകയെന്നത് ഭരണപ്രക്രിയയുടെ സുരക്ഷക്ക് നിരക്കുന്നതല്ല. ’’ അതോടെ രംഗം ചൂടായി. ഖലീഫ പെട്ടന്ന് ക്ഷുഭിതനായി. ക്ഷോഭംകൊണ്ട് ഖലീഫയുടെ നാസിക വിറച്ചു. പിടിക്കൂ അയാളെ..! വിവസ്ത്രനാക്കി വലിച്ചുകൊണ്ടു വരൂ. ഖലീഫ ഗര്‍ജ്ജിച്ചു. അയാളുടെ നെറ്റിയില്‍ ഞെരമ്പുകള്‍ പിടച്ചു നിന്നു. പാതാളത്തിലേക്കാണ് ഓരോ ചുവടുവെപ്പും എടുത്ത് വെക്കുന്നതെന്ന് ഇമാമിന് ബോധ്യമായി. കണ്ണില്‍ അന്ധകാരം പരക്കുന്നു. ഒരാശ്രയത്തിനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. തിരുനബി(സ്വ)യുടെ സ്വപ്നം അദ്ദേഹം ഓര്‍ത്തു സാന്ത്വനപ്പെട്ടു. ഇമാം ശാഫിഇ കൊടുത്തയച്ച കത്ത് തികട്ടി വന്നു. എല്ലാം സഹിക്കാന്‍ തീരുമാനിച്ചു. ബര്‍ക്കത്തിനു വേണ്ടി നബി (സ്വ) യുടെ തിരുകേശം ഇമാമിന്റെ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ടായിരുന്നു. പോലീസുകാര്‍ അതെല്ലാം വലിച്ചുകീറിക്കളഞ്ഞു. ചാട്ടവാറുമായി രണ്ടുഭാഗത്ത് രണ്ടാള്‍ നിന്ന് പൊതിരെ അടിക്കാന്‍ തുടങ്ങി. ഇടക്കിടെ ഇമാമിന് സ്വബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ബോധം തെളിയുമ്പോള്‍ വീണ്ടും അടി തുടര്‍ന്നു. അതിനിടെ ഒന്നുരണ്ടു തവണ ഖലീഫ നേരിട്ടെത്തി അവരുടെ പക്ഷം ചേരാനാവശ്യപ്പെട്ടു. ഇമാമത് പുഛിച്ചു തള്ളി. മര്‍ദ്ദനങ്ങള്‍ക്കു മുന്നില്‍ പതറില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ ഇമാമിനെ വിട്ടയച്ചു. അടികൊണ്ട് പൊട്ടിപൊളിഞ്ഞ മുറിവുകളില്‍ നിന്ന് ചുടുരക്തം വാര്‍ന്നൊഴികിയിരുന്നു. പച്ചമാംസത്തിന്റെ ഗന്ധം രൂക്ഷമായിരുന്നു. റോസാപൂ വിരിഞ്ഞത് പോലെ മുറിവായ്കള്‍ ചെമന്നിരുന്നു. ഇടക്കിടെ ഭിക്ഷഗ്വര•ാര്‍ ഇമാമിന്റെ വീട്ടിലെത്തി മരുന്നു പുരട്ടി മുറിവുണക്കുകയും തുറിച്ചു നില്‍ക്കുന്ന മാംസകഷ്ണങ്ങള്‍ കട്ട് ചെയ്ത് കളയുകയും ചെയ്തിരുന്നു.

ഇമാമിനെ അടിച്ചു പീഡിപ്പിച്ചതില്‍ പിന്നീട് മനം നൊന്ത ഖലീഫ അതീവ ദു:ഖത്തിലാകുകയും ഇമാമിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
പി.എസ്.കെ. മാടവന

Wednesday, September 12, 2012

ചോരയില്‍ കുതിര്‍ന്ന താടിരോമം


നീണ്ട് ഇടതൂര്‍ന്ന താടി രോമങ്ങളില്‍ നബി(സ്വ)യുടെ കൈവിരലുകളോടിയപ്പോള്‍ പാദം മുതല്‍ ഉച്ചിവരെ കോരിത്തരിച്ചു. പൂവിടര്‍ന്നതുപോലെ പുഞ്ചിരിച്ചുകൊണ്ട് അലി(റ) തിരുനബിയുടെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു. നാണം കുണുങ്ങുന്ന ആ സുന്ദരമുഖം കൈ കൊണ്ട് താങ്ങി നിവര്‍ത്തി പിടിച്ചുകൊണ്ട് തിരുനബി(സ്വ) നെടുവീര്‍പ്പിട്ടു. തിരുനബി(സ്വ)യുടെ ചുണ്ടുകള്‍ ചലിച്ചു.
‘മോനെ അലി’,
അലി(റ) കണ്‍പോളകള്‍ ഉയര്‍ത്തി നബിയുടെ വിളിക്കുത്തരം ചെയ്യുന്ന സ്വരത്തില്‍ മൂളി. പൂര്‍വ്വ സമുദായങ്ങളിലെ ഏറ്റവും വലിയ ദുഷ്ടന്‍ ആരാണെന്നറിയാമോ?
‘അറിയാം’, അലി(റ)പറഞ്ഞു.
‘‘എങ്കില്‍ പറയൂ’’
തിരുനബി(സ്വ) അപ്പോഴും അലിയുടെ മുഖവും കീഴ്താടിയും കരങ്ങളില്‍ നിന്ന് വിട്ടിട്ടുണ്ടായിരുന്നില്ല.
‘‘സ്വാലിഹ് നബിയുടെ ഒട്ടകത്തെ വധിച്ച ഖുദാര്‍ എന്ന് പേരുള്ളയാള്‍.’’ അലി(റ) വിനയപൂര്‍വ്വം മറുപടി പറഞ്ഞു. ഒരു ദീര്‍ഘനിശ്വാസത്തോടെ നബി(സ്വ)അലിയുടെ താടിരോമത്തിലും നെറ്റിയിലും തടവിക്കൊണ്ട് വീണ്ടും ചോദിച്ചു.
‘‘ഈ സമുദായത്തിലെ ഏറ്റം വലിയ ദുഷ്ടനാരാണെന്നറിയോമോ?’’
‘‘അിറയില്ല’’ അലി(റ)യുടെ മറുപടി.
‘‘മകനെ, ഇതാ ഈ നെറ്റിയില്‍ വെട്ടുന്നവന്‍. വെട്ടേറ്റ് രക്ത കണങ്ങള്‍ ഊഴ്ന്നിറങ്ങി ഈ താടിരോമങ്ങള്‍ രക്തത്തില്‍ കുതിരുന്നതാണ്. ’’ അലി(റ)കൃഷ്ണമണികള്‍ മറിയാതെ നബി(സ്വ)യെ തന്നെ തുറിച്ചു നോക്കിനിന്നു.
തിരുനബി(സ്വ)യുടെ ദീര്‍ഘ ദര്‍ശനമല്ലേ. പറഞ്ഞ വാക്കാണ് ശരി. അത് പുലരുക തന്നെ ചെയ്യും. കാലം അതിന് സാക്ഷിയാകും. തന്റെ മുന്‍ഗാമികള്‍ ശഹീദായതുപോലെ താനും രക്തസാക്ഷിയാകും.. അലി(റ)യുടെ മനസ്സ് എങ്ങോ സഞ്ചരിക്കുകയായി.
****

‘‘ഇതാ, ഈ തീരുമാനം അതീവ രഹസ്യമാണേ. അതിനാല്‍ സ്വന്തക്കാരോട് പോലും ആരും ഇത് പറയരുത്’’ മക്കയിലെ കരിംപാറക്കെട്ടില്‍ വട്ടമിട്ടിരുന്നവരോട് ഇബ്ന് മുല്‍ജിം പറഞ്ഞു.
‘‘ഹേയ് ആരും മിണ്ടിപ്പോകരുത്.’’ രണ്ടാമന്‍ ബുറക്ക്ബിന്‍ അബ്ദില്ല എഴുന്നേറ്റ് വസ്ത്രത്തിന് പിന്നിലെ പൊടി തട്ടിക്കൊണ്ടു പറഞ്ഞു.
‘‘ഞാനും അങ്ങിനെ തന്നെ,’’ മൂന്നാമന്‍ അംറ്ബിന്‍ ബുറൈദിന്റെ അംഗീകാരം. നാലാം ഖലീഫ അലി(റ)യുടെ പ്രഖ്യാപിത തീരുമാനങ്ങള്‍ പലതും ധിക്കരിച്ച ‘ഖവാരിജ’ പ്രസ്ഥാനക്കാരാണ് മൂവ്വരും. മക്കയിലെ ആളൊഴിഞ്ഞ പ്രദേശത്ത് കരിമണല്‍ പുതച്ച പാറപ്പുറത്ത് വിശ്രമിക്കാനിരിക്കെ പല കഥകളും അവര്‍ അയവിറക്കി. അലി(റ)യുമായി ഖവാരിജുകള്‍ ഏറ്റുമുട്ടിയ ചില സംഘട്ടനങ്ങളും അതില്‍ കൊല്ലപ്പെട്ട ബന്ധുമിത്രാദികളും ചര്‍ച്ചയില്‍ കയറിവന്നു. അലി(റ)യോടും മറ്റും ഇസ്ലാമിന്റെ നേതാക്കളോടും പ്രതികാരത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചു നടക്കുകയാണിവര്‍. ആ പ്രതികാരത്തില്‍ കൊല്ലാനുള്ളവരെയൊക്കെ ചതിക്കണം. സര്‍വ്വവും വെട്ടിപ്പിടിക്കണം.
‘‘അലിയെ ഞാന്‍ ശരിയാക്കി തരാം’’ ചുട്ടുപഴുത്ത ലോഹത്തിന്റെ തീഷ്ണതയോടെ ഇബ്നുമുല്‍ജിമിന്റെ വാക്കുകള്‍ പുറത്തേക്ക് വന്നു. ‘‘ശാമിലെ ഗവര്‍ണര്‍ മുആവിയയെ ഞാന്‍ വധിച്ചു കൊള്ളാം’’ ബുറക്ക് പറഞ്ഞു. ‘‘എങ്കില്‍ ഈജിപ്തില്‍ പോയി അംറ്ബിന്‍ ആസി(റ)യെ വധിക്കുന്ന കാര്യം ഞാനേറ്റു.’’
ഇബ്നുബുകൈര്‍ പറഞ്ഞു: ‘‘മൂന്നുപേരും ഏറ്റ കൃത്യം ഒരേ ദിവസം ഒരേ സമയം നടത്തണം. റമളാന്‍ പതിനേഴിനായിരിക്കണം സംഭവം നടത്തേണ്ടത്. മൂന്നുപേരും ഉപയോഗിക്കുന്ന വാളില്‍ വിഷം മുക്കി കടഞ്ഞെടുക്കണം. വാള്‍തല രക്തവുമായി സ്പര്‍ശിക്കുമ്പോള്‍ തന്നെ വിഷം ശരീരത്തില്‍ വ്യാപിക്കണം. ’’ ഇബ്നുമുല്‍ജിം തീരുമാനങ്ങള്‍ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. ഇരുവരും തല കുലുക്കി സമ്മതിച്ചു. മൂവ്വരും മൂന്നു നാട്ടിലേക്കായി മുല്‍ജിം ഇറാഖിലെ കൂഫയിലേക്ക്.
ആകാശത്തില്‍ പ്രഭാതത്തിന്റെ വെള്ള കീറ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ബുറക്കും ഇബ്നുബുകൈറും നിര്‍ദ്ദിഷ്ട പള്ളികളില്‍ എത്തിയിരുന്നു. ഇരുളിന്റെ മറയില്‍ കഠാരിയുമായി കാത്ത് നിന്ന രണ്ടുപേരുടെയും ഉന്നം പിഴച്ചുപോയി. മുആവിയ(റ) സുബ്ഹി നിസ്കരിക്കുവാന്‍ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ ബുറക്ക് ആഞ്ഞുവെട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഊരയിലാണത് പതിച്ചത്. വെട്ടിന്റെ വേദനയില്‍ മുആവിയ(റ)ആര്‍ത്ത് കരഞ്ഞു. ജനങ്ങള്‍ ഓടിക്കൂടി ബുറക്കിനെ പിടി കൂടുകയും പിന്നീടവനെ വധിക്കുകയും ചെയ്തു. മുആവിയ(റ)യുടെ മുറിവ് മരുന്നുവെച്ചു മാറുകയും ചെയ്തു. ശാമില്‍ ഈ സംഭവം നടക്കുന്നന അതേസമയം ഈജിപ്തില്‍ അംറ് ബിന്‍ ആസി നിസ്കരിക്കാന്‍ വരുന്ന പള്ളിയില്‍ രക്തദാഹത്തോടെ ഇബ്നുബുകൈര്‍ കാത്ത് നില്‍ക്കുകയായിരുന്നു. കൃത്യമായി നിസ്കരിക്കാന്‍ എത്താറുള്ള അംറിന് അന്ന് പുലര്‍ച്ചെ ഒരു വയറ് വേദന. രോഗം പന്തിയില്ലെന്ന് മനസ്സിലാക്കി അംറ് അന്ന് പള്ളിയിലേക്ക് പുറപ്പെട്ടില്ല. പകരക്കാരനായി തന്റെ പോലീസ് മേധാവിയായ ഖാരിജത്ത് ബിന്‍ അബീഹബീബയെ പറഞ്ഞയച്ചു. ഇരുളില്‍ മറഞ്ഞുനിന്നു ഘാതകന്‍ ആളെ തിരിച്ചറിയാതെ അംറാണെന്ന ധാരണയില്‍ ആ നിരപരാധയെ വെട്ടി നുറുക്കി. പിന്നീട് ആ ഘാതകനും വധിക്കപ്പെട്ടു.
****
കൂഫയിലെ അിറയപ്പെട്ട സുന്ദരിയാണ് ഖത്വാമി. വെണ്‍ പ്രാക്കളുടെ അഴകാണവള്‍ക്ക്. മിഴികള്‍ക്ക് നെയ്തിരി നാളങ്ങളുടെ തിളക്കം. വിടര്‍ന്ന ചെന്താമരപോലെ പുഞ്ചിരിക്കുന്ന ചുണ്ടുകള്‍. വടിവൊത്ത ശരീരം. ആരെയും ആകര്‍ഷിക്കുന്ന പാദപതനം. ആദ്യനോട്ടത്തില്‍ തന്നെ ഇബ്നുമുല്‍ജിം അവളില്‍ ആകൃഷടനായി. അലി(റ)യുടെ വധ ഉദ്യമവുമായി നാമ്പിട്ടു. അവളുടെ ശരീരത്തില്‍ നിന്ന് പടരുന്ന കാച്ചെണ്ണയുടെ സുഖകരമായ ഗന്ധം ഇബ്നുമുല്‍ജിമിനെ കുറെശ്ശെ ഭ്രാന്ത് പിടിപ്പിക്കാന്‍ തുടങ്ങി. അയാള്‍ അവളെ സമീപിച്ചു. വിവാഹാഭ്യാര്‍ത്ഥന നടത്തി. ഖത്വാമി ചില നിബന്ധനകളോടെ സമ്മതം മൂളി. ഏറ്റം പ്രധാനപ്പെട്ട നബന്ധന അലി(റ)യെ താങ്കള്‍ വധിക്കണമെന്നായിരുന്നു. കൊതിച്ചതും വിധിച്ചതും ഒന്നുതന്നെ. അതിനല്ലെ മക്കയില്‍ നിന്ന് ഞാനീ നാട്ടില്‍ എത്തിയിട്ടുള്ളത്. അയാള്‍ പറഞ്ഞു. വിവാഹാനന്തരം അവള്‍ ഇബ്നു മുല്‍ജിമിനെ സഹായിക്കുന്നതിന് ഒരാളെ നിശ്ചയിച്ചു. ഇബ്നുമുല്‍ജിം തന്റെ വകയായി മറ്റൊരാളെയും കൂട്ടുപിടിച്ചു. ശബീബ് എന്നായിരുന്നു അയാളുടെ പേര്. തന്ത്രപരമായി ശബീബിനെ കൃത്യത്തിനു പ്രേരിപ്പിക്കുകയായിരുന്നു അയാള്‍. ഒരിക്കല്‍ അയാള്‍ പരീക്ഷണാര്‍ഥം ചോദിച്ചു: 
‘ശബീബ്, നിനക്ക് ഇഹലോകത്ത് പ്രശസ്തി ആഗ്രഹമുണ്ടോ? ’
‘എന്താണ് കാര്യം? ’ ശബീബ് ചോദിച്ചു.
‘‘അലിയെ വധിച്ചാല്‍ വലിയ പ്രശസ്തനാകും’’ ഇബ്നുമുല്‍ജിം പ്രേരിപ്പിച്ചു. പക്ഷെ അപ്രതീക്ഷിത മറുപടിയാണ് ശബീബ് നല്‍കിയത്. 
‘‘ഫ, കുരുത്തം കെട്ടവരേ, ആ ഉത്തമ മനുഷ്യനെ വധിക്കുകയോ ഇസ്ലാമില്‍ അദ്ദേഹത്തിന്റെ പാരമ്പര്യവും നബി(സ്വ)യുമായുള്ള അടുപ്പവും നിനക്കറിയാമോ ഇസ്ലാമിന്റെ ഖലീഫയാണദ്ദേഹം. സമാധാനപ്രിയന്‍. നീതിയുടെ നിദര്‍ശനമാണ് അലി(റ)യുടെ ഭരണം. ’’ ശബീബിന്റെ മുഖത്ത് ആത്മാര്‍ത്ഥത നിഴലിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതറിയാത്തതുകൊണ്ടല്ലല്ലോ താന്‍ ഇങ്ങോട്ട് വന്നിരിക്കുന്നത്. ഇബ്നുമുല്‍ജിം ഓര്‍ത്തു. വജ്രത്തിന്റെ മൂര്‍ച്ചയുള്ള ശബീബിന്റെ വാക്കുകളില്‍ തട്ടി തടഞ്ഞ് അയാളുടെ ഓര്‍മകള്‍ അല്‍പം പിന്നോട്ട് ഖാളിയായ ശുറൈഹിന്റെ കോടതിയില്‍ നടന്ന സംഭവങ്ങളിലേക്ക് തിരിഞ്ഞു.
അലി(റ)യുടെ ഒരു പട കുപ്പായം കാണാതായി. അന്വേഷണത്തില്‍ അത് ഒരു കൃസ്ത്യാനിയുടെ കൈവശം കണ്ടെത്തി. അവനെ അറസ്റ് ചെയ്തു മര്‍ദ്ദിച്ച് സമാധാനം കൊണ്ടുവരാന്‍ പോലീസിനോട് ഉത്തിരവിട്ടാല്‍മതി ഖലീഫക്ക്. പക്ഷേ നീതിമാനായ ഒരു ഭരണാധികാരിയുടെ സ്വഭാവമല്ലത്. അദ്ദേഹം കൃസ്ത്യാനിയെയും കൂട്ടി കോടതിയിലെത്തി. ജഡ്ജി ശുറൈഹാണ്. അലി(റ)അദ്ദേഹത്തോട് പറഞ്ഞു: ‘‘എന്റെ പടക്കുപ്പായം കൈമോശം വന്നിട്ടുണ്ട്. അത് ഇവന്റെ കൈവശമുണ്ട്. ഞാനവന് വില്‍ക്കുകയോ സൌജന്യമായി നല്‍കുകയോ ചെയ്തിട്ടില്ല. ’’
ജഡ്ജി പ്രതിയെ പാദം മുതല്‍ ശിരസ്സ് വരെ ഒന്ന് സൂക്ഷിച്ചുനോക്കി. ‘‘നീ എന്ത് പറയുന്നു’’ ജഡ്ജി ചോദിച്ചു.
‘‘അലി പറയുന്നത് കളവാണ്. ഈ പടക്കുപ്പായം എന്റെതാണ്. ’’ കൃസ്ത്യാനി കോടതിയെ തെറ്റുദ്ധരിപ്പിച്ചു. വാദം ഉന്നയിച്ചവരാണല്ലോ തെളിവ് ഹാജറാക്കേണ്ടത്. ആ അടിസ്ഥാനത്തില്‍ ഖാളി അലി(റ)യോട് ചോദിച്ചു. ‘അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ക്ക് തെളിവോ സാക്ഷിയോ ഉണ്ടോ? ഹാജറാക്കാന്‍ കഴിയുമോ.?’
‘‘ഇല്ല. എനിക്കൊരു തെളിവുമില്ല. പക്ഷെ സാധനം എന്റെതു തന്നെ’’ അലി(റ)പറഞ്ഞു.
‘‘തെളിവില്ലാത്ത സ്ഥിതിക്ക് കൈവശക്കാരന്റെതാണ് സാധനമെന്ന് വിധിക്കാനേ കോടതിക്ക് കഴിയൂ.’’ കോടതിവിധി വന്നു. തല്‍ക്കാലം വിജയാഹ്ളാദത്തോടെ കൃസ്ത്യാനി ഇറങ്ങിപ്പോയെങ്കിലും അയാളുടെ അകതാരില്‍ ചില കോരിത്തരിപ്പുണ്ടായി. ഒരു ഭരണാധികാരി നീതിസ്ഥാപിച്ചു കിട്ടുന്നതിന് കോടതി കയറുന്നു. തന്റെ കീഴ് ജീവനക്കാരനായ ഖാളി തിനക്കെതിരെ വിധിക്കുന്നു. അന്യമതക്കാരനായിട്ടുപോലും തന്നെ അവഗണിക്കുന്നില്ല. ഇത് തീര്‍ച്ചയായും പ്രവാചക•ാരുടെ വിധിയാണ്. ഖലീഫ എന്ന മനുഷ്യനില്‍ ഈ നീതിബോധമുണ്ടാക്കിയത് ഇസ്ലാമാണ്. ഞാനും ആ മതം സ്വീകരിക്കുന്നു. അശ്ഹദു അന്‍..പടക്കുപ്പായവുമായി തിരികെ വന്ന കൃസ്ത്യാനി അലി(റ)യോട് പറഞ്ഞു: ‘‘ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. പടച്ചവനാണെ ഇത് താങ്കളെ കുപ്പായമാണ്. എനിക്കിത് വേണ്ട.’’
‘നീ ഇസ്ലാം സ്വീകരിച്ചത് നിന്റെ ഭാവിക്ക് നന്നായി’ എന്ന് പറഞ്ഞ ഖലീഫ അദ്ദേഹത്തെ സ്വന്തം കുതിരപ്പുറത്ത് കയറ്റി ഇറങ്ങേണ്ടിടത്ത് ഇറക്കി കൊടുത്തു.
സ്വപ്നത്തില്‍ നിന്നുണര്‍ന്നതുപോലെ ഇബ്നുമുല്‍ജിം ഓര്‍മ്മകളില്‍ നിന്ന് ശ്രദ്ധ തിരിച്ചു. മനസ്സിന്റെ കരുവാളിപ്പില്‍ അയാള്‍ ആ ക്രൂരതക്ക് തയ്യാറെടുത്തു. നാല്‍പതു ദിവസം വിഷത്തില്‍മുക്കി കാച്ചി കടഞ്ഞുണ്ടാക്കിയ വാളുമായി ഇരുട്ടിന്റെ മറയില്‍ ഒളിച്ചുനിന്നു. ഹിജ്റാബ്ദം നാല്‍പത് റമളാന്‍ പതിനേഴ് വെള്ളിയാഴ്ചയുടെ പ്രഭാതം ആകാശത്തിന്റെ കിഴക്ക് ഉദിക്കുമ്പോള്‍ ആ ദുരന്തം നടന്നു കഴിഞ്ഞിരുന്നു. സുബ്ഹി നിസ്കാരത്തിന് പുറപ്പെട്ട അലി(റ)യുടെ നെറ്റിയില്‍ ആ ദുഷ്ടന്‍ ആഞ്ഞുവെട്ടി. കരിവീട്ടി പോലെ കരുത്തുള്ള അവന്റെ കരവാള്‍ ആഴ്ന്നിറങ്ങി രക്തം ചീറ്റി. തല പിളര്‍ന്നു ചാലിട്ടൊഴുകിയ രക്തപ്പുഴ താടിയിലൂടെ ഒലിച്ചിറങ്ങി നനഞ്ഞ് കുളിച്ചു.
ജനങ്ങള്‍ അങ്ങിങ്ങായി നിസ്കാരത്തിനുവരുന്നതേയുള്ളു. രക്തം പുരണ്ട വാളുമായി കോമരം തുള്ളിയ അവനെ ബഹളം കേട്ട് ഓടിക്കൂടിയവര്‍ പിടിച്ചു തളച്ചു. ആ നിസ്കാരത്തിന് ജഅ്ദത്തുബിന്‍ ഹബൈറയെ പകരമാക്കി. രക്തം വാര്‍ന്നൊഴുകുന്ന നെറ്റിയില്‍ കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചു ഖലീഫയെ താങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോള്‍ മകന്‍ ഹസനെ വിളിച്ചു പറഞ്ഞു:
‘‘മോനെ ഹസന്‍ ഈ അക്രമത്തില്‍ ഉപ്പ മരണപ്പെടുകയാണെങ്കില്‍ എന്നെ വെട്ടിയതുപോലെ ഒറ്റ വെട്ടിന് അവനെയും കൊലപ്പെടുത്തുക. അംഗഛേദം നടത്തുകയോ മറ്റു വല്ല ദ്രോഹം ചെയ്യുകയോ ചെയ്യരുത്. കടിക്കുന്ന പട്ടിയെപ്പോലും അംഗഛേദം നടത്തരുതെന്ന് നബി(സ്വ)പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് മകനെ. അഥവാ ഞാന്‍ രമിച്ചിട്ടില്ലെങ്കില്‍ ഞാനവനെ ശിക്ഷിച്ചുകൊള്ളാം.’’ അല്‍പ സമയം കഴിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളെ മുഴവന്‍ വിളിച്ചിരുത്തി സുദീര്‍ഘമായ വസിച്ചത്ത് നടത്തുകയുണ്ടായി. അല്ലാഹുവിനെ ഭയന്ന് ജീവിക്കേണ്ടതും ജനങ്ങളെയും രാഷ്ട്രത്തേയും സേവിച്ച് ന• നേടേണ്ടതുമായ ഉപദേശങ്ങള്‍. വേദന കൊണ്ട് പുളഞ്ഞ അലി(റ) അവസാന ശ്വാസം വലിക്കുന്നതുവരെ ദിക്ര്‍ ചൊല്ലിക്കൊണ്ടേയിരുന്നു. റമളാന്‍ 19ന് ഞായറാഴ്ച അദ്ദേഹം വിട പറയുമ്പോള്‍ അറുപത്തിമൂന്ന് വയസ്സ് പ്രായമുണ്ടായിരുന്നു. പുത്ര•ാരായ ഹസന്‍(റ), ഹുസൈന്‍(റ)മയ്യിത്ത് കുളിപ്പിക്കാന്‍ നേതൃത്വം നല്‍കി. ഹസന്‍(റ), ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കി. കൂഫയിലെ ഖസ്റുല്‍ ഇമാറയില്‍ പണി തീര്‍ത്ത ഖബ്റിലേക്ക് മൃതശരീരം ഇറക്കുമ്പോള്‍ രാത്രി ഏറെ ഇരുട്ടിയിരുന്നു. ഇന്നാലില്ലാഹി..

കടപ്പാട്,
(പ്രകാശതാരങ്ങള്‍ എന്ന ചരിത്രാഖ്യായികയില്‍ നിന്ന് 
 -പി.എസ്.കെ മാടവന)