ലവ് സ്റ്റോറി

Posted by SiM Media on 1:24 AM with No comments
ബാംഗ്ലൂര്‍ ഡയറി. ഭാഗം-3

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസില്‍ ഒരുവിധത്തില്‍ ഞാന്‍ കയറിപ്പറ്റി. ഡോറിലാണ് പിടിവള്ളി കിട്ടിയത്. ട്രെയിനില്‍ അത്രയ്ക്കും തിരക്കായിരുന്നു. പാലക്കാട്‌ വരെ ഒന്നര മണിക്കൂര്‍ അതേ നില്‍പ്പുതന്നെ. അവിടെ എത്താറായപ്പോഴേക്കും അപ്പര്‍ബര്‍ത്തിലുള്ള ഒരാള്‍ എന്നെ കണ്ണിറുക്കിക്കാട്ടി. ഞാന്‍ ഇവിടെ ഇറങ്ങുന്നു നിങ്ങള്‍ ഇങ്ങോട്ടു വരുന്നോ എന്നാണു അയാള്‍ ഉദ്ദേശിച്ചതെന്നു എനിക്ക് മനസിലായി. എന്‍റെ ബാഗ് അയാള്‍ക്ക്‌ കൈമാറി ഞാനിതാ വരുന്നു എന്നരൂപത്തില്‍ അദ്ദേഹത്തിനു മറുപടി നല്‍കി. മറ്റുള്ളവര്‍ അത്ഭുതത്തോടെ ഈ രംഗം വീക്ഷിച്ചു നിന്നു. അങ്ങിനെ അല്ലാഹുവിനു സ്തുതിയര്‍പ്പിച്ചു ഞാനവിടെ ഇരിപ്പുറപ്പിച്ചു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ ഞാന്‍ ഇരിക്കുന്ന ഭാഗത്ത്‌ മുഴുവന്‍ പുരുഷന്മാര്‍ . ലോവര്‍ബെര്‍ത്തില്‍ അവര്‍ക്കിടയില്‍ രണ്ടു കോളേജ്‌ പെണ്‍കുട്ടികളുമുണ്ട്. ഇരുവരും ഇരുപത്‌ ഇരുപത്തിയഞ്ച് പ്രായം തോന്നിക്കും.

അപ്പോഴേക്കും ഐലന്‍റ് പാലക്കാട്‌ സ്റ്റേഷനില്‍ ഫൌളിഗ് പോയിന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചായ..കാപ്പി...
വാട്ടര്‍ വാട്ടര്‍ ..
ബിരിയാണി..ചപ്പാത്തി..പൊറോട്ടാ...
അലുവാ ചിപ്സ്....
കച്ചവടക്കാര്‍ ട്രെയിനിനെ വളഞ്ഞു. ഓരോരുത്തരും തങ്ങള്‍ക്കു വേണ്ടത് തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ അഞ്ചു രൂപാ കൊടുത്ത് ഒരു ചായയില്‍ ഒതുക്കി. മറ്റുചിലര്‍ തങ്ങള്‍ വീട്ടില്‍ നിന്നും കരുതിയ ഭക്ഷണപ്പൊതികള്‍ തുറന്ന് ശാപാട് തുടങ്ങി. അതിന്‍റെ ഗന്ധം മറ്റൊരുവിധത്തില്‍ അന്തരീക്ഷത്തില്‍ പടര്‍ന്നെങ്കിലും എല്ലാവരും സഹിച്ചിരുന്നു. ഞൊടിയിടയില്‍ എനിക്കീസീറ്റ്‌ കിട്ടിയതില്‍ ചിലരുടെ മുഖത്ത് അമര്‍ഷം കളിയാടുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട്‌ ശ്രദ്ധകൊടുക്കാതെ പോകറ്റിലുണ്ടായിരുന്ന തസ്ബീഹ് മാലയെടുത്തു സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി. പുലര്‍ച്ചവരെയുള്ള ഒഴിവു സമയം അങ്ങനെ ഉപയോഗപ്പെടുത്താമെന്നു കരുതി. ഭൂമിയിലെവിടെയായിരുന്നാലും ദൈവ സ്മരണ നാം കൈവെടിയരുതല്ലോ?

"കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നു." പതിവ് സ്വരം ഉയര്‍ന്നുകൊണ്ടിരുന്നു. സ്റ്റേഷനില്‍നിന്നും അധികമാരും കയറിയില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍ കയറിയത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നീല ഷര്‍ട്ട് ധരിച്ച് തോളില്‍ ഒരു ബാഗും തൂക്കി കണ്ണടയും ധരിച്ച് തിരക്കിനിടയിലും അയാള്‍ ഉള്ളിലോട്ടു തള്ളിക്കയറി വന്നു. ആദ്യം എല്ലാവരുമൊന്ന് ഭയന്നു..പിന്നെ അയാള്‍ സ്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്ത്‌ ചെന്ന് നില്‍പ്പുറപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. കാരണം ഈകാലത്ത് സ്ഫോടനം നടത്തുന്നതും തീവ്രവാദം കളിക്കുന്നവരുമെല്ലാം എന്‍ജിനീയര്‍മാരുടെയും മറ്റു ടിപ്പ് ടോപ്പ്‌ ടീമില്‍ പെട്ടവരുടെയും കൂട്ടത്തിലുള്ളവരാണല്ലോ .

അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ഗ്രീന്‍സിഗ്നല്‍ പ്രകാശിച്ചു. കറുത്തിരുണ്ട പുകച്ചുരുളുകള്‍ തുപ്പി ഐലന്‍റ് മെല്ലെ ചലിക്കാന്‍ തുടങ്ങി. കച്ചവടക്കാരുടെ ശബ്ദങ്ങളെ വിദൂരതയിലേക്ക് തള്ളി വാഹനം കുതിച്ചു...ഇനി ലക്ഷ്യം കോയമ്പത്തൂര്‍ ...കോയമ്പത്തൂര്‍ സ്റ്റേഷന്‍ അടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് മുന്നിലിരുന്ന ഒരാള്‍ എഴുന്നേറ്റു. തല്‍സ്ഥാനത്ത് ഈ ചെറുപ്പക്കാരനിരുന്നു. സമയം ഏകദേശം പതിനൊന്നു മണിയോടടുക്കുന്നു. തിരക്കിനു അല്‍പ്പം ഇളക്കം സംഭവിച്ചുവെന്നല്ലാതെ കാര്യമായ മാറ്റമൊന്നുമില്ല.

അല്പംകഴിഞ്ഞപ്പോള്‍ ഈ ചെറുക്കനും മുന്നിലിരിക്കുന്ന ഈ യുവതികളും സംസാരത്തിലേക്ക് കടക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ ഈ പെണ്ണൊരുത്തി കുരുങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല. സംസാരത്തിനു തുടക്കമിട്ടത് ഇയാള്‍ തന്നെ. പേര്‍ എന്തെന്ന ചോദ്യത്തിന് സ്നേഹ(സാങ്കല്‍പ്പികം)യെന്നു പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി. ഇതെന്‍റെ വല്യമ്മച്ചിയുടെ മകള്‍ ഷീന(സാങ്കല്‍പ്പികം)യെന്നു അഡീഷനല്‍ മറുപടിയും ഒപ്പം നല്‍കി. പേര്‍ സുബാഷ്‌ എന്നാണ്. വിളിക്കുന്നത്‌ സുബി എന്നാണ്.(സാങ്കല്‍പ്പികം) അയാള്‍ സ്വയം പരിചയപ്പെടുത്തി.

ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം. 'മോളുടെ സ്ഥലം?' "ചാലക്കുടി". 'രണ്ടുപേരും?' "അതെ, രണ്ടു പേരും ചാലക്കുടി തന്നെ". "നിങ്ങള്‍?" 'ഞാന്‍ തൃശൂര്. ഇവിടെ വല്യച്ചനെ കാണാന്‍ വന്നതാ.' 'നിങ്ങളെങ്ങോട്ടാ?' "എന്‍റെ കോഴ്സ്‌ കഴിഞ്ഞു. ഇപ്പോള്‍ ജോബ്‌ സെര്‍ച്ചിലാ. ഇവള്‍ പഠിക്കുന്നു. ഞങ്ങള്‍ രണ്ടു പേരും ബാംഗ്ലൂര്‍ക്കാ." 'അതെയോ? ഞാനും അങ്ങോട്ടു തന്നെയാ.' "ഓഹോ! എങ്കില്‍ കൂട്ടിനു ആളായല്ലോ!" 'അതെ, എനിക്കും..'


അപ്പര്‍ബെര്‍ത്തിലിരിക്കുന്ന ഞങ്ങളടക്കം കേള്‍ക്കുമാര്‍ ഉച്ചത്തില്‍ അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. പരിസരത്തുള്ളവര്‍ ഇടയ്ക്കിടെ ഇവരെ നോക്കിക്കൊണ്ടിരുന്നു. പരിസരം മറന്ന് അവര്‍ സംസാരത്തിലേക്ക് വീണ്ടും...അവള്‍ ചോദിച്ചു: "ബാംഗ്ലൂരില്‍ നിങ്ങളെവിടെയാ?" 'ഞാന്‍ കെ.ആര്‍ .പുരം.' "ഓഹോ! ഞങ്ങള്‍ അള്‍സൂരിലാ. സുബി എന്ത് ചെയ്യുന്നു?" സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ .' "സാലറി?" 'തരക്കേടില്ല.' ടെന്‍ഷനടിക്കേണ്ട കോണ്‍ഫിഡന്‍സ് ഉണ്ടാകണം. ജോലി ഞാന്‍ ശരിയാക്കിത്തരാം. സുബി പറഞ്ഞു. "ഓഹോ! ഉറപ്പായിട്ടും?" 'അതെ, സുബിയെ വിശ്വസിച്ചോളൂ..' "വിശ്വസിച്ചോട്ടെ?"(അവള്‍ പരിസരം മറന്ന് ചിരിക്കുന്നു) 'ആസ് യു ലൈക്‌' "ഓക്കെ. എനിക്ക് നിങ്ങളെ വിശ്വാസമായി."

ഇസ്‌ലാം മുന്നോട്ടു വെച്ച ഒരു തിയറി വളരെ എളുപ്പത്തില്‍ സമര്‍ഥിക്കാന്‍ ഈ സംഭാഷണം പര്യാപ്തമാണെന്നെനിക്ക് തോന്നി. ആയതിനാല്‍ ഞാനീ സംഭാഷണം മുഴുവന്‍ കുറിച്ചെടുത്തു. ആ രാത്രി അവര്‍ ഉറങ്ങിയില്ല. മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ള അവരുടെ സംഭാഷണത്തിന്‍റെ മാനുസ്ക്രിപ്റ്റ് എന്‍റെ പക്കലുണ്ട്. അവ മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. അതിവിടെ ആവശ്യവുമില്ല. താനെന്തിനു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകണമെന്ന മട്ടില്‍ ഷീന മെല്ലെ ഉറക്കിലേക്ക് വഴുതിവീണു. ചേച്ചിയുടെ തോളില്‍ ചാരിക്കിടന്നു.

കുറേകഴിഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ക്കിടയിലെ ഇടവേള കുറഞ്ഞുതുടങ്ങി. അടുത്ത സ്റ്റേഷനില്‍ വാഹനം നിറുത്തിയപ്പോള്‍ കച്ചവടക്കാര്‍ വീണ്ടും സജീവമായി. ഇരുവരും നല്ല ചുടുകാപ്പി വാങ്ങിച്ച് സംസാരത്തിന്‍റെ ഗിയര്‍ മാറ്റിയിട്ടു. അവള്‍ ചോദിച്ചു: "വിവാഹം കഴിഞ്ഞോ?" 'ഇല്ല.' "എന്താ കാത്തിരിക്കുന്നത്?" 'ഒന്നുമില്ല. എന്‍റെ വീട്ടുകാര്‍ കുറെയായി നിര്‍ബന്ധിക്കുന്നുത് ഞാന്‍ സമ്മതിക്കാഞ്ഞിട്ടാ.' "എന്താ സമ്മതിക്കാത്തത്? മനസ്സില്‍ വല്ലവരുമുണ്ടോ?"(രണ്ടുപേരും ചിരിക്കുന്നു)


സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. ചിലര്‍ നല്ല ഉറക്കില്‍ . മറ്റുചിലര്‍ ഇവരുടെ തമാശകള്‍ കണ്ടിരിക്കുന്നു. വേറെചിലര്‍ ഉറക്കംതൂങ്ങി അടുത്തുള്ളയാളുടെ മേലോട്ട് വീഴുമ്പോള്‍ ശല്ല്യപ്പെടുത്തല്ലേ ഈ കാമകേളിയൊന്നു കാണട്ടെയെന്ന മട്ടില്‍ അയാളെ അടക്കി നിര്‍ത്തുന്നു...അവര്‍ പിന്നെ ഒരുപാട് കുടുബകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, പഠനവിഷയങ്ങള്‍ അങ്ങിനെ പലതും ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. അഭിമുഖമായിരിക്കുന്ന ഇരുവരും അല്പം മുന്നോട്ടു നീങ്ങി മുട്ടോട് മുട്ട് ചേര്‍ന്നിരുന്നു. ഇരുവരുടെയും പക്കലുള്ള ഹാന്‍ഡ്‌ബാഗ് തങ്ങളുടെ മടിയിലുണ്ട്. അതിന്‍മുകളില്‍ കൈവെച്ച് പരസ്പരം സ്പര്‍ശിക്കുവാനും തലോടാനും തുടങ്ങി. അവളുടെ കയ്യിലെ മോതിരം അവന്‍ മൃതുവായി അഴിച്ച് വീണ്ടും അതില്‍ ധരിപ്പിച്ചു. അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം സംസാരവും മധുരതരമായി നടക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ മത്തുപടര്‍ന്നു തുടങ്ങി..അവള്‍ അവന്‍റെ ബാഗിനു മുകളില്‍ തലവെച്ചു കിടന്നു. കുറച്ചുനേരം അവന്‍ കാവലിരുന്നെങ്കിലും ശേഷം അവനും അവള്‍ക്കുമീതെ കുഴഞ്ഞുവീണു. ഉറക്കമല്ലെങ്കിലും ഉറക്കംനടിച്ച് അവര്‍ കിടന്നു. അതിനിടയില്‍ അവര്‍ മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി സേവ്ചെയ്യുന്നത് കാണാമായിരുന്നു.

എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന് അടുത്തുള്ള തമിഴന്‍ എന്നോട് ചോദിച്ചു. ഒരു തുണിയെടുത്ത് മൂടിയിടാമെന്ന് ഒരു ഉത്തരേന്ത്യക്കാരന്‍ പറഞ്ഞു. പറ്റില്ല അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഒരു മലയാളി കയര്‍ത്തു പറഞ്ഞു. ആകെക്കൂടെ അന്തരീക്ഷം മലീമസമാകാന്‍ തുടങ്ങി.


പരിസരബോധം വീണുകിട്ടിയിട്ടാകണം; സ്നേഹയും ഷീനയും സീറ്റില്‍ നിന്നെഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നീങ്ങി. ഷീന ബാത്ത്റൂമില്‍ പോയി തിരിച്ചു വന്നു. സ്നേഹ ടോയ്‌ലറ്റിന്‍റെ ഡോറില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതും ഇപ്പുറത്ത്‌ സുബി ഫോണ്‍ അറ്റന്‍റ് ചെയ്യുന്നതും എല്ലാവര്‍ക്കും കാണാമായിരുന്നു. എന്‍റെ ദൈവമേ എന്നുപറഞ്ഞ് ചിലര്‍ തലയില്‍ കൈവച്ചു. സുബി അടുത്തെത്തിയപ്പോള്‍ ടോയ്‌ലറ്റ്‌ ഡോര്‍ തുറന്ന് അവള്‍ അകത്ത് കടന്നു. നീ പോയിവാ എന്നിട്ട് ഞാന്‍ പോകാം എന്ന മട്ടില്‍ നിന്നിരുന്ന സുബിയെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ചു. ശക്തമായി കതകടച്ച് ഉള്ളില്‍ നിന്ന് ലോക്ക് ചെയ്ത ശബ്ദം പുറത്തുള്ളവരുടെ കാതടപ്പിക്കുമാറായിരുന്നു.

എല്ലാവരും നെടുവീര്‍പ്പോടെ നില്‍ക്കുമ്പോള്‍ ഐലന്‍റ് സേലം സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നേരം ശക്തമായൊരു സീനിന്‍റെ ക്ലൈമാക്സില്‍ ലഭിച്ച ഇടവേള പോലെ ജനങ്ങള്‍ കൈകാലുകള്‍ നിവര്‍ത്താനും ചായകുടിക്കാനും സിഗററ്റ് പുകയ്ക്കാനും മാറിനിന്നു. അവിടെയെത്തിയപ്പോഴേക്കും ട്രെയിനിലെ തിരക്ക്‌ പകുതിയായി കുറഞ്ഞു. അരമണിക്കൂര്‍ ഇടവേളക്ക് ശേഷം വാഹനം വീണ്ടും അടുത്ത സ്റ്റേഷനില്‍നിലേക്ക് കുതിച്ചു.

ബാത്ത്റൂമില്‍ നിന്നിറങ്ങി വരുന്ന ഇരുവരെയും ജനം സാകൂതം വീക്ഷിച്ചു. ഒന്നുമറിയാത്ത മട്ടില്‍ അവര്‍ തങ്ങളുടെ സീറ്റുകളില്‍ സ്ഥാനം പുതുക്കി. ജനം പിന്നെ അവരെ കാണുന്നത് വളരെ ഹാപ്പിയായാണ്. ദുര്‍മേദസ്സുകളെല്ലാം ഒഴിവായെന്ന മട്ടില്‍ ചായകുടിച്ച്, പൊട്ടിച്ചിരിച്ച്, വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവര്‍ നേരം വെളുപ്പിച്ചു. ഷീന അപ്പോഴും എല്ലാം തകര്‍ന്ന മട്ടില്‍ ഇരിപ്പുണ്ടായിരുന്നു.

സുബഹിയായപ്പോള്‍ നിസ്കരിക്കുവാന്‍വേണ്ടി ഞാന്‍ വുളു ചെയ്തുവന്നു. ഞാനൊന്നു നിസ്കരിചോട്ടെ? ഒരല്പം സൗകര്യം തരുമോയെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ലോവര്‍ബെര്‍ത്തിലെ സഹയാത്രികര്‍ ആദരവോടെ അതിനു സൗകര്യം തന്നു. ഇരു സീറ്റുകള്‍ക്കിടയില്‍ പേപ്പര്‍ വിരിച്ച് ഞാന്‍ സുബഹി നിസ്കാരം പൂര്‍ത്തിയാക്കി.


ഏഴുമണിയോടെ ഐലന്‍റ് ബാംഗ്ലൂര്‍ സിറ്റിയില്‍ എത്തിച്ചേര്‍ന്നു. കെ.ആര്‍ .പുരത്തിറങ്ങേണ്ട സുബി അവിടെയിറങ്ങിയില്ല. സ്നേഹയുടെ ക്ഷണപ്രകാരം അയാള്‍ മെജസ്റ്റിക്കിലിറങ്ങി. ഇരുവരും കൈകോര്‍ത്തുപിടിച്ച് വിദൂരതയിലേക്ക് മറഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം നിങ്ങളുടെ മനസിലുണ്ടാകുമെങ്കിലും ഇനിയാണെല്ലാം എന്ന മറുപടി അവരുടെ മനസിലുണ്ടാകില്ലെ?


ഒരു കൊല്ലത്തുകാരന്‍ കിഴവന്‍ അരയിലെ ബീഡിപേക്കില്‍ നിന്ന് ഒരെണ്ണമെടുത്തു വായില്‍വെച്ചു. അയാള്‍ വായിലെ ബീഡിയിളക്കി സംസാരിച്ചു. "അപ്പൊ സ്റ്റുടന്‍റ്സുകള്‍ എന്നുപറഞ്ഞാല്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവര്‍ . എന്‍റെ പൊന്നുമക്കളേ ചുമ്മാ പക്ഷികളുടെയും മൃഗങ്ങളുടെയും വില നിങ്ങള്‍ കളയരുതേ.."സിഗരറ്റ്‌ലാമ്പ്‌ അമര്‍ത്തി അയാള്‍ ബീഡിക്ക് തീ കൊളുത്തി..പക്ഷെ ബാംഗ്ലൂരിലെ തണുത്ത അന്തരീക്ഷം തീപോരിയെ മറികടന്നു..ശക്തമായൊന്നമര്‍ത്തി അയാള്‍ വീണ്ടും തീ കൊളുത്തി. പുകയൂതിക്കൊണ്ടയാള്‍ പറഞ്ഞു: "അല്ലെങ്കിലും ഈ ഐലന്‍റ് സ്റ്റുടന്‍റ്സുകളുടെ മണിയറയാ...."

കുറിപ്പ്‌, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവാഹപൂര്‍വ്വ ലൈംഗികബന്ധം വര്‍ധിച്ചുവരുന്നു. വിവാഹമെന്ന ധാര്‍മ്മിക ചട്ടക്കൂടിനെ പൊളിച്ചെഴുതുന്ന സമൂഹം വളര്‍ന്നുവരുന്നു. കാണുന്നവരെ പ്രേമിക്കുവാനും അവരെ കാമിക്കുവാനും വീണ്ടും ആ പണി തുടരാനും സ്റ്റുടന്‍റ്സുകളെന്ന പേരില്‍ സ്വാതന്ത്ര്യം. അതിനു സ്ഥലകാല ഭേദമില്ല. രക്ഷിതാക്കള്‍ ജാകരൂകരാവുക.!

അടുത്ത ലക്കം "ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി"