Showing posts with label ഖബര്‍ സിയാറത്ത്. Show all posts
Showing posts with label ഖബര്‍ സിയാറത്ത്. Show all posts

Wednesday, September 17, 2014

ഉസ്താദിനൊപ്പം ഉസ്ബെക്കിസ്ഥാനിലേക്ക്

കാന്തപുരം ഉസ്താദ്‌ ബുഖാരി ദര്‍സില്‍ 
പിതാവ് പി.എസ്. മൊയ്തു ബാഖവി മാടവന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍വാടി-നാഹൂര്‍-മുത്തുപ്പേട്ടയില്‍ നിന്നും തുടങ്ങിയ സിയാറത്ത് ടൂര്‍ പ്രോഗ്രാം, അജ്മീറിലേക്കും പിന്നെ ഹജ്ജ് ഉംറ സേവന രംഗത്ത് വര്‍ഷങ്ങളോളവും ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഇന്ത്യക്ക് പുറത്തുള്ള മഹാന്മാരുടെ മസാറുകളിലേക്ക്, അഥവാ ഈജിപ്റ്റ്‌, ഇറാഖ്, ഫലസ്ത്തീന്‍, ജോര്‍ദ്ദാന്‍, ഉസ്ബെക്കിസ്ഥാന്‍, യമന്‍, മൊറോക്കോ, തുര്‍ക്കി, സ്പയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ജനങ്ങളെയുമായി പോയിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ കാന്തപുരം ഉസ്താദ്, പേരോട് ഉസ്താദ്, ചുള്ളിക്കോട് ഉസ്താദ്‌, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയ പ്രഗത്ഭരായ നേതൃനിരയുമായാണ് ഉസ്ബെക്കിസ്ഥാനിലേക്ക് യാത്രപുറപ്പെട്ടിരിക്കുന്നത്. 50 പേരടങ്ങുന്ന യാത്ര അഞ്ചു ദിവസം(17/09/14/ - 22/09/14) നീണ്ട് നില്ല്‍ക്കുന്നതാണ്. ഈ യാത്രയിലെ പ്രത്യേകത ശ്രദ്ധേയമാണ്. ബുഖാറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവായ ഇമാം ബുഖാരി മഖ്ബറ സന്ദര്‍ശിക്കാന്‍ വര്‍ഷങ്ങളോളമായി മര്‍ക്കസില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സ് നടത്തുന്ന കാന്തപുരം ഉസ്താദ് ഉണ്ട് എന്നുള്ളതാണ്. ഉസ്ബെക്കിസ്ഥാനിലെ പ്രസിദ്ധമായ പട്ടണമാണ് ബുഖാറ. ദുര്‍മുദി ഇമാം അന്ത്യവിശ്രമം കൊള്ളുന്നത് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ടെര്‍മിസ് എന്ന സ്ഥലത്താണ്. താഷ്കന്റ്, സമര്‍കന്ദ് തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരെ ലക്‌ഷ്യമിട്ടാണീ യാത്ര. ഉസ്താദിന്റെ അരുമ ശിഷ്യന്‍ പേരോട് ഉസ്താദും ഈ യാത്രയിലെ ശ്രധയാണ്. എല്ലാവര്ക്കും ഖിദ്മയായിട്ടാണ് പിതാവാണ് യാത്ര നയിക്കുന്നത്. അല്ലാഹു ആരോഗ്യമുള്ള ദീര്‍ഘായുസ്സ്‌ മാതാപിതാക്കള്‍ക്കും ഉസ്താടുമാര്‍ക്കും നേതാക്കള്‍ക്കും ഏറ്റിക്കൊടുക്കട്ടെ. സിയാറത്തുക്കൊണ്ടുള്ള ലക്‌ഷ്യം വ്യക്തമാണ്. അവരുടെ ശഫാഅത്ത് ലഭിക്കണം. സ്വര്‍ഗ്ഗപ്രവേശം എളുപ്പമാകണം. അല്ലാഹു നമ്മെയും ആ കൂട്ടത്തില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ.

പേരോട് ഉസ്താദ്‌ 
ചുള്ളിക്കോട് ഉസ്താദ്‌
മുഹമ്മദ്‌ കുഞ്ഞി സഖാഫി 
പി. എസ്. കെ മാടവന 
2012 ല്‍ തന്നെ ഇറാഖ്, ഈജിപ്റ്റ്‌, ജോര്‍ദ്ദാന്‍, ഫലസ്തിന്‍ യാത്രയില്‍ 100 പേരടങ്ങിയ വലിയ സംഘം ഉപ്പയോടൊപ്പം പുറപ്പെട്ടപ്പോള്‍ ആകൂട്ടത്തിലും ശൈഖുനാ കാന്തപുരം ഉസ്താദ് ഉണ്ടായിരുന്നു. കൂടാതെ പൊന്മള ഉസ്താദ്‌, പകര മുഹമ്മദ്‌ ആഹ്സനി, അലവി സഖാഫി കൊളത്തൂര്‍, കൊമ്പം മുഹമ്മദ്‌ മുസ്ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, കോടമ്പുഴ ബാവ മുസ്ലിയാര്‍, പ്രൊ. അബ്ദുല്‍ ഹമീദ് സാഹിബ്, തുടങ്ങിയ പ്രഗത്ഭരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. വീഡിയോ താഴെ കാണുക.




2013 ബൈത്തുല്‍ മുഖദ്ദസ്  യാത്രയിലും  കാന്തപുരം ഉസ്താദ് ഭാര്യ, ബഹുമാനപ്പെട്ട പേരോട് ഉസ്താദ് ഭാര്യ, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അപ്പോളോ ജ്വല്ലറിയുടെ ഉടമ മൂസാഹാജി ഭാര്യ തുടങ്ങി 50 പേരടങ്ങുന്ന പ്രഗത്ഭസംഘത്തെയും നയിച്ചത് പിതാവ് പി. എസ്. കെ. മാടവന തന്നെയായിരുന്നു. 

പി.എസ്.കെ. മാടവന ഉസ്താദിനൊപ്പം ഫലസ്തീനിലേക്കും ഇറാഖിലേക്കും   നടത്തിയ സിയാറത്ത് യാത്രകളുടെ ചില ഫോട്ടോകള്‍.

ഇറാഖ് യാത്ര 2012. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഷെയ്ഖ്‌ ജീലാനിയെ സംബന്ധിച്ച് രചിച്ച അറബി ഗ്രന്ഥപ്രകാശനം.
 ജീലാനി മസ്ജിദ് ഇമാം സമീപം.

ഇറാഖ് യാത്ര 2012.കാന്തപുരം ഉസ്താദ്‌, പൊന്മള ഉസ്താദ്‌, പി.എസ്.കെ. മാടവന, കല്‍ത്തറ ഉസ്താദ്‌,
അലവി സഖാഫി കൊളത്തൂര്‍,തുടങ്ങിയവര്‍.
ദുബായ് എയര്‍പോര്‍ട്ടില്‍ 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

ബൈത്തുല്‍ മുഖദ്ദസിനരികിലെ കുബ്ബത്തുസഖ്റയുടെ അരികില്‍ 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

ബൈത്തുല്‍ മുഖദ്ദസില്‍ കാന്തപുരം ഉസ്താദിന്റെ ദറസ് 


ജറൂസലമിലെ  ഹിബ്രോനിലെ മസ്ജിദ് ഇബ്രാഹിം ഖലീലില്‍ തൃശൂര്‍ ജില്ലാ നബിദിന സമ്മേളന പതാകയുടെ പ്രകാശനം 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

വിനീതന്‍ ഇമാം ബുഖാരി(റ) അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ കുബ്ബയുടെ ചാരെ.2013 October. 23.
 അല്ലാഹു സിയാറത്ത് സ്വീകരിക്കട്ടെ ആമീന്‍.


ഇമാം ബുഖാരി (റ) യുടെ ഖബര്‍ ശരീഫ്‌ ഉപഗ്രഹ ചിത്രം.

Sunday, September 22, 2013

പറപ്പാടി മഖാം

കാസര്‍ഗോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ എന്ന സ്ഥലത്തെ പുണ്യഭൂമിയാണ്‌ പറപ്പാടി. ഒരേക്കറിലധികം വിശാലമായി കിടക്കുന്ന ഈ പ്രദേശം നിരവധി മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഇത് അനിഷേധ്യമായ വസ്തുതയാണ്. മൊഗ്രാല്‍ പുത്തൂര്‍ ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം 3 കി.മി. ദൂരമേ ഇങ്ങോട്ടെക്കൊള്ളൂ.  ഇവിടെ പ്രധാനമായ ഒരു മഖ്ബറയും അതിന്‍റെ പരിസരങ്ങളില്‍ വേറെയും ചില മഖ്ബറകള്‍ ഇപ്പോള്‍ നമുക്ക് കാണാനാകും. ആരാണ് ഇവിടെ മറപെട്ടു കിടക്കുന്നതെന്ന് പേരോ മറ്റു രേഖാപരമായ തെളിവുകളോ നിലവിലില്ലെങ്കിലും പണ്ടുമുതലേ കൈമാറിവരുന്ന വിവരങ്ങളാണ് നിലവിലെ തെളിവുകള്‍ . എല്ലാത്തിനും പുറമേ മഹാനായ സി.എം. വലിയുല്ലാഹി ഇവിടെ മറപെട്ടുകിടക്കുന്നത് മഹാന്മാരാണെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയതുമാണ്.

1977 ല്‍ പറപ്പാടിയെ വെറും പാറക്കുന്ന്  മാത്രമെന്ന് പറഞ്ഞ് പരിഹാസമുയര്‍ത്തിയപ്പോള്‍ മൊഗ്രാല്‍ പുത്തൂരിലെ മര്‍ഹൂം യാസീന്‍ മുത്തുക്കോയ തങ്ങള്‍ മുഖേനയാണ് സി.എം വലിയുല്ലാഹി ഇവിടെയെത്തുന്നത്. ഞാന്‍ സ്ഥിരമായി സിയാറത്ത് ചെയ്യാറുണ്ടെന്നും ഉറൂസും മറ്റു കര്‍മ്മങ്ങളും കഴിക്കേണ്ടതാണെന്നും ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണീ സ്ഥലമെന്നും മഹാനവര്‍കള്‍ അന്ന് പറഞ്ഞിരുന്നു. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സി.എം. വലിയുല്ലാഹി നിര്‍ദ്ദേശിച്ചത് കുമ്പോള്‍ സയ്യിദ് ആറ്റക്കോയ തങ്ങളോടായിരുന്നു. ഈ വിഷയത്തില്‍ മഖാം-മസ്ജിദ് കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയായ കുമ്പോള്‍ തങ്ങളുടെ പ്രതികരണം താഴെ നല്‍കുന്നുണ്ട്.

സി.എം. വലിയുല്ലാഹിക്ക് പുറമേ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, താജുല്‍ ഉലമ, വടകര മുഹമ്മദാജി തങ്ങള്‍, വലിയുല്ലാഹി അന്ത്രുപ്പാപ തുടങ്ങിയവരും പലപ്പോഴായി ഇവിടെ സിയാറത്തിനെത്താറുണ്ടായിരുന്നു. ഇവിടെ സി.എം. വലിയുല്ലാഹി ക്ഷണിതാവായി ഒരുതവണ മാത്രമേ എത്തിയിട്ടുള്ളൂ എങ്കിലും അവിടുത്തെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇവിടം. ഇസ്മാഈല്‍ ബിന്‍ അബ്ദുല്‍ ഖാദിര്‍ മദനി എന്നവര്‍ രചിച്ച മൌലിദുന്നൂര്‍ ഫീ മനാഖിബി സി.എം. വലിയുല്ലാഹില്‍ മടവൂരി എന്ന ഗ്രന്ഥത്തില്‍ ഇത് വിവരിക്കുന്നുണ്ട്.

സി.എം. വലിയുല്ലാഹി ഇവിടെ ക്ഷണിതാവായി എത്തിയസമയത്ത് ഇപ്പോഴത്തെ മഖാമിന്‍റെ വലത് വശത്തായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. മഹാനവര്‍കളെ സ്റ്റേജിലേക്ക് ആനയിച്ഛപ്പോള്‍ സ്റ്റേജിലേക്ക് കയറാതെ മാറിനിന്നു. ക്ഷുഭിതനായി...''അവിടെ കയറിയിരിക്കാന്‍ പറ്റിയ സ്ഥലമല്ല'' എന്ന് പറഞ്ഞു മഹാനവര്‍കള്‍ മാറിനിന്നു. അതിനാല്‍ ഇന്ന് ഈ സ്ഥലവും ആദരവോടെ മറച്ചുകെട്ടി സൂക്ഷിച്ചു വരുന്നു. ചിത്രത്തില്‍ കാണുന്ന കെട്ട് അതാണ്‌.

ഇവിടെ ഖബറുമില്ല പ്രസക്തിയുമില്ല എന്ന് പറഞ്ഞ് പുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ മഖാം പരിപാലകര്‍ ഇപ്പോഴത്തെ പ്രധാന ഖബറുകളില്‍ ഒന്ന് തുറന്നു. അതില്‍ അത്ഭുതപ്പെടുത്തുമാര്‍ ഒരുകേടും സംഭവിക്കാത്ത മുസ്‌ലിം ശൈലിയില്‍ മറമാടിയ മയ്യിത്ത് കാണുകയും ചെയ്തു. ഉറൂസ് വേളയില്‍ ഇത് ദിവസങ്ങളോളം തുറന്ന് വെക്കുകയും സംശയ രോഗികളെ വെല്ലുവിളിച്ച് കൊണ്ട് ഈ നില ദിവസങ്ങളോളം തുടര്‍ന്നുവെങ്കിലും സംശയാലുക്കളാരും രംഗത്ത് വന്നില്ല. ഇത് പറപ്പാടിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമാണ്.

ദീര്‍ഘകാലമായി പറപ്പാടി മഖാം കമ്മിറ്റി സെക്രട്ടറിയായി സേവനം ചെയ്യുന്ന ഹമീദ് പറപ്പാടിയുടെ പിതാവാണ് ദേശംകുളം അബ്ദുല്ല കുഞ്ഞി എന്നയാള്‍ . ഇദ്ദേഹമാണ് ആദ്യകാലങ്ങളില്‍ ഇവിടുത്തെ നിത്യ സിയാറത്ത്കാരനും പരിപാലകനും.

പ്രധാന മഖ്ബറയിലേക്ക് കയറുവാനുള്ള സ്റ്റെപ്പ് നിര്‍മ്മിക്കുവാന്‍ ആസൂത്രണം നടത്തിയ വ്യക്തി രാത്രി ഉറങ്ങാന്‍ കിടപ്പോള്‍ ഒരു സ്വപ്നം കണ്ടു. ''എന്‍റെ തലക്ക് കല്ലിടുകയോ?'' എന്ന ചോദ്യമാണ് തനിക്ക് നേരെ വന്നത്. പുലര്‍ച്ചെ അവിടെ സന്ദര്‍ശിച്ചപ്പോള്‍, സ്വപ്നത്തില്‍ കണ്ട സ്ഥലം പ്രത്യേകമായി മണ്ണ് നീങ്ങിയ രൂപത്തില്‍ അടയാളപ്പെട്ടതായി അവര്‍ക്ക് ബോധ്യപ്പെട്ടു.  അങ്ങിനെ ആ പദ്ധതി ഒഴിവാക്കുകയും അവിടെ ഖബര്‍ കെട്ടി അടയാളപ്പെടുത്തുകയും ചെയ്തു. ചിത്രത്തില്‍ കാണുന്ന ഖബര്‍ അതാണ്‌ .

ചിത്രത്തില്‍ കാണുന്നതുപോലെ മൈതാനിയില്‍ പ്രധാന മഖാമിന്‍റെ ഇടഭാഗത്ത് കിഴക്കുഭാഗത്തായി ഉയര്‍ത്തപ്പെട്ട ഖബര്‍ സംശയിക്കുന്നവര്‍ക്ക് വേണ്ടി തുറന്ന് കൊടുത്ത് മൂട് കല്ല്‌ വരെ എത്തിയപ്പോള്‍ തുറക്കാന്‍ ശംശയിക്കുന്നവര്‍ക്ക് അനുമതികൊടുത്ത് വെല്ലുവിളിച്ച ശേഷം ഉയര്‍ത്തപ്പെട്ടതാണ്. വിശാലമായ മൈതാനിയില്‍ നിരവധി മഖ്ബറകളുണ്ട്. മൈതാനിയില്‍ മാത്രമല്ല പരിസരത്തു വരെ ചില ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴി കുത്തിയപ്പോള്‍ ഖബറുകള്‍ കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഉറൂസുകളും മറ്റു പരിപാടികള്‍കൊണ്ടും ഇവിടെ ഇന്ന് സജ്ജീവമാണ്.

ഈയുള്ളവര്ന്‍ സുഹൃത്ത് താഹിര്‍ ഭായിയുടെ വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് ഈ ദേശത്തിന്‍റെ മഹത്വം അദ്ദേഹം എന്നെ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക്  ഞങ്ങള്‍ ബൈക്കെടുത്ത് എത്തി. ആത്മ നിര്‍വൃതിയോടെ സിയാറത്ത് നടത്തി. എന്‍റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഈ നാട്ടുകാരനായ സഈദ് സഅദി കാരക്കുന്ന് ഇവിടത്തെ ചരിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു ലഖു കൃതി മലയാളത്തില്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തെയും അവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പര്‍ 95673246935. ഈ വിവരണങ്ങള്‍ക്ക് ഇദ്ദേഹത്തിന്‍റെ പുസ്തകത്തോടാആണ്  കടപ്പാട്. 

ഈ കഥനത്തിനു സമയം നീക്കി വെച്ചത് അവരോടുള്ള സ്നേഹം കൊണ്ടാണ്. സ്നേഹിച്ചവര്‍ സ്നേഹിക്കപ്പെട്ടവരോടൊപ്പം നാളെ പരലോകത്തുണ്ടാകുമ്പോള്‍ അല്ലാഹു നമ്മെയും കുടുംബത്തെയും വേണ്ടപ്പെട്ടവരെയും ആ കൂട്ടത്തില്‍ പെടുത്തി അനുഗ്രഹിക്കട്ടെ..ആമീന്‍.




മഖ്ബറക്ക് പരിസരത്തെ പ്രകൃതി 

സ്റ്റെപ്പ് പണിതപ്പോള്‍ വെളിപ്പെട്ട ഖബര്‍ 

01/09/2013നു വിനീതന്‍ ഈ പുണ്യ സ്ഥലത്തെത്തി.



Wednesday, September 11, 2013

വാച്ചാക്കല്‍ മഖാം

പ്രധാന മഖ്ബറകള്‍ 
ഇടുക്കി ജില്ലയിലെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ ഉടുമ്പന്നൂര്‍ ടൌണ്‍ എത്തും മുമ്പ് ഇടത്തോട്ട് അല്‍പ്പം തിരിഞ്ഞാല്‍ ഈ മഖാമിലെത്താം. ആധികാരികമായ രേഖകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും പ്രദേശത്തെ കാരണവന്മാര്‍ പറഞ്ഞു പോരുന്ന വിരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ മറപെട്ടു കിടക്കുന്നവര്‍ അങ്ങ് അറബ് നാട്ടില്‍ നിന്നും വന്നെത്തിയ ശുഹദാക്കന്മാരാണത്രെ. ചുറ്റും റബ്ബര്‍ തോട്ടത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ആദ്യകാലങ്ങളില്‍ കൈവശം വെച്ചിരുന്ന അവിശ്വാസികള്‍, അവര്‍ക്കനുഭവപ്പെട്ട അസാധാരണത്വം മൂലം ശുഹദാക്കന്മാര്‍ മറപെട്ടുകിടക്കുന്ന 80 സെന്റ്‌ ഭൂമി മുസ്‌ലിംകളെ ഏല്‍പ്പിക്കുകയായിരുന്നു. അതിനാല്‍ ഇപ്പോഴും ഇതിനു പരിസരത്ത് താമസിക്കുന്നവര്‍ അവിശ്വാസികള്‍ തന്നെയാണ്. പ്രദേശത്തെ പ്രധാന മഹല്ലിനു കീഴിലാണ് ഈ മഖാമും കൊച്ചു പള്ളിയും പരിസരവും പരിപാലിച്ചു വരുന്നത്. ഇവിടത്തെ ഏറ്റം ശ്രദ്ധേയമായ കാര്യം! അറിയപ്പെടാതെ കിടന്നിരുന്ന മഖ്ബറകള്‍ ഓരോന്നായി വെളിവായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരു മഹാന്‍ വന്നുകൊണ്ട്‌ ഈ സ്ഥലത്ത് മറപെട്ടു കിടക്കുന്ന മഹത്തുക്കളുടെ 40 ഖബറുകള്‍ ഓരോന്നായി വെളിവാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. തദടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി നാലോളം ഖബറുകള്‍ വെളിവായിക്കഴിഞ്ഞുവന്നതാണ്. ഇതില്‍ മൂന്നെണ്ണം ഈയടുത്ത് വെളിവായതാണ്. മതില്‍കെട്ടാന്‍ കുഴിവെട്ടുന്ന സമയത്ത് അടിച്ചുവീശുന്ന പരിമളത്തോടെ കുഴിയില്‍ നിന്ന് പുകവന്നിരുന്നത് പരിവസരവാസികള്‍ നേരില്‍ ദര്‍ശിച്ചിരുന്നു. ധാരാളം ആളുകള്‍ ഇത് നേരില്‍ കണ്ടിരുന്നു. ധാരാളം ആളുകള്‍ ഇവിടം സിയാറത്തിനായി എത്തുന്നു. വാരാന്ത രാതീബ് പരിപാടികളും മറ്റും ഇവിടെ നടന്നു വരുന്നു. നബിദിനത്തോടനുബന്ധിച്ച് പരിസരത്തെ മഹല്ലുകളില്‍ നിന്ന് വിദ്ധ്യാര്‍ത്തികളുടെ റാലി ഇവിടെ സമാപിക്കുന്നു.

09/09/2013 നു വിനീതന്‍ സിയാറത്തിനായി ഇവിടെ എത്തിയപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. അല്ലാഹു സ്വാലിഹീങ്ങളെ സ്നേഹിക്കുന്നവരില്‍ നമ്മെയും കുടുംബത്തെയും ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.








Friday, May 31, 2013

പൂര്‍വികര്‍ ഖബര്‍ സിയാറത്ത് യാത്ര നടത്താറുണ്ടായിരുന്നു

ബിലാല്‍ (റ)ന്‍റെ മഖ്ബറ, സിറിയ
ഭാഗം:4
നബി (സ്വ)യും തിരുമേനിയുടെ നാളിതുവരെയുള്ള അനുയായികളും നടത്തിപ്പോന്നിട്ടുള്ള ഒരു പുണ്യകര്‍മ്മമാണ്‌ ഖബര്‍സിയാറത്ത്. എന്നാല്‍ സിയാറത്ത് അഥവാ സന്ദര്‍ശനം എന്ന പദം തന്നെ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള നീക്കത്തെയാണ് കുറിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കു നീങ്ങാതെ സന്ദര്‍ശനം എങ്ങനെ സാധിതമാകും? ഈ നീക്കം യാത്രയെന്നു പറയപ്പെടുന്ന നിലക്ക് അല്പം ദീര്‍ഘിച്ചുപോയാല്‍ അതു കുറ്റകരമാണെന്ന വാദം നിരര്‍ത്ഥകരമാണ്.

മുസ്‌ലിംകള്‍ കാലദേശ വ്യത്യാസമില്ലാതെ പൂര്‍വ്വകാലം മുതല്‍ ഇന്നു വരെ ഇതിനായി യാത്ര ചെയ്തു വരുന്നു. നബി (സ്വ)യുടെ ബാങ്കുകാരനായ ഹസ്രത്ത് ബിലാല്‍ (റ)ഒരിക്കല്‍ നബി (സ്വ)യുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടി, സിറിയയില്‍ നിന്ന് മദീനയില്‍ വരികയുണ്ടായി. ശരിയായ പരമ്പരയോടുകൂടി ഉദ്ധരിക്കപ്പെടുന്ന ഈ സംഭവം ഹാഫിളുമാരായ ഇബ്നു അസാകിര്‍, അബ്ദുല്‍ ഗനിയ്യില്‍ മുഖദ്ദസി, അബുല്‍ ഹജ്ജാജില്‍ മുസ്സി എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(ശിഫാഉസ്സഖാം പേ: 44)

ഭാഗം: 5 സിയാരത്തു യാത്രാ നിരോധത്തിനു യാതൊരു തെളിവുമില്ല.

കടപ്പാട്,
കെടാവിളക്കുകള്‍ 
കോടമ്പുഴ ബാവമുസ്‌ലിയാര്‍

Saturday, May 18, 2013

ഖബര്‍ സന്ദര്‍ശന യാത്ര

ഭാഗം:3
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755

''വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.'' (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)

عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756

''വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)

من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن

''എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)

ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)


കടപ്പാട്,
കെടാവിളക്കുകള്‍ 
കോടമ്പുഴ ബാവമുസ്‌ലിയാര്‍

നബി (സ്വ)ഖബര്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു

ഭാഗം:2
നബി (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുത്ത് താമസിക്കുന്ന രാത്രികളിലെല്ലാം, നിശാന്തത്തില്‍ (മദീനയിലെ മഖ്ബറയായ) ബഖീഇലേക്ക് പുറപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു.

السلام عليكم دار قوم مؤمنين واتاكم ما توعدون غدا مؤجلون وانا انشاء الله بكم لاحقون اللهم اغفر لاهل بقيع الغرقد- رواه مسلم 2039
സത്യവിശ്വാസികളുടെ ഭാവനമേ, നിങ്ങള്‍ക്ക് സലാം! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം നിങ്ങള്‍ക്ക് വന്ന് കഴിഞ്ഞു; അല്ലാഹു ഉദ്ദേശിച്ചു കഴിഞ്ഞാല്‍, ഞങ്ങളും നിങ്ങളോട് വന്ന് ചേരുന്നതാണ്. അല്ലാഹുവേ, ബഖീഇല്‍ ഗര്‍ഖദിലെ നിവാസികള്‍ക്ക് നീ പൊറുത്ത് കൊടുക്കണമേ! (മുസ്‌ലിം 2039)


കടപ്പാട്,
കെടാവിളക്കുകള്‍ 
കോടമ്പുഴ ബാവമുസ്‌ലിയാര്‍ 

Sunday, May 12, 2013

ഖബര്‍ സിയാറത്തിന്‍റെ വിധി

ഭാഗം:1
അറബികള്‍ ബഹുദൈവത്വത്തിലും തജ്ജന്യമായ ദുരാചാരങ്ങളിലും മുഴുകിയവരായിരുന്നതിനാല്‍ ഇസ്‌ലാം ആദ്യ ഘട്ടത്തില്‍ ഖബര്‍ സന്ദര്‍ശനത്തെ ശക്തിയായി നിരോധിച്ചിരുന്നു. ശിര്‍ക്കിന്‍റെ അതിസൂക്ഷ്മങ്ങളായ പഴുതുകളെകുറിച്ചു പോലും ജാഗ്രത പാലിക്കാത്ത നിലക്ക്, തൌഹീദ് ബോധം സമുദായത്തില്‍ വേരൂന്നി കഴിഞ്ഞപ്പോള്‍, ഇസ്‌ലാം ആ നിരോധം പിന്‍വലിക്കുകയും ഖബര്‍ സിയാറത്ത് സുന്നത്തായി കല്‍പ്പിക്കുകയും ചെയ്തു. നബി തിരുമേനി (സ്വ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.

عن ابن مسعود , ان رسول الله صلي الله عليه وسلم قال: كنت نهيتكم عن زيارة القبور ,فزوروها, فانها تزهد في الدنيا, وتذكر الاخرة. _رواه ابن ماجه/ 1571

റസൂലുല്ലാഹി (സ്വ) പ്രസ്താവിച്ചു: ഖബര്‍ സന്ദര്‍ശനം നിങ്ങള്‍ക്കു ഞാന്‍ നിരോധിച്ചിട്ടുണ്ടായിരുന്നു. ഇനി നിങ്ങള്‍ ഖബര്‍ സന്ദര്‍ശനം നടത്തിക്കൊള്ളുക. കാരണം തീര്‍ച്ചയായും ഖബര്‍ സന്ദര്‍ശനം ഐഹിക വിരക്തി ഉണ്ടാക്കുകയും പരലോക സ്മരണ ഉണ്ടാക്കുകയും ചെയ്യും.(ഇബ്നു മാജ.1571) ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളുടെ ഖബര്‍ സന്ദര്‍ശിക്കല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണെന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു.(തുഹ്ഫ 3/199) 


കടപ്പാട്,
കെടാവിളക്കുകള്‍ 
കോടമ്പുഴ ബാവമുസ്‌ലിയാര്‍