വിശുദ്ധ മക്കയിലെ സൗറ് പര്‍വ്വതത്തില്‍ നിന്നും മദീനാ പട്ടണത്തിലെ ഖുബാ ഗ്രാമത്തിലേക്ക് എട്ടു ദിനം കൊണ്ടാണ് തിരു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും പ്രിയ കൂട്ടുകാരന്‍ സ്വദ്ദീഖ്(റ)വും പലായനം ചെയ്തതെന്നാണ് ചരിത്രം. നാലു മണിക്കൂര്‍ സമയദൈര്‍ഘ്യമെന്നതാണ് ഇന്നത്തെ അനുഭവം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ദൂരം കേവലം ഒന്നര മണിക്കൂര്‍ കൊണ്ട് സഞ്ചാരയോഗ്യമാകുകയാണ്.. വിശാലമായ സൗദിഅറേബ്യന്‍ പട്ടണങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള റയില്‍വേ ശൃഘലക്ക് ചുക്കാന്‍ പിടിക്കുന്ന 'സൗദി റയില്‍വേയ്സ് ഓര്‍ഗനേസേഷന്‍റെ'(SRO) വിവിധ പ്രൊജക്ടുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍(HHR)
ഹിജാസ് റയില്‍ എന്നപേരില്‍ 1908 മുതല്‍ 1920 വരെയുള്ളതാണ് സൗദി റയില്‍വേയുടെ പൗരാണിക ചരിത്രം. ഡമസ്ക്കസില്‍ നിന്നും ഹിജാസ് വഴി മദീനയിലേക്കായിരുന്നു ഹിജാസ് റയില്‍ നിലകൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1947 ല്‍ ചരക്ക് ഗതാഗത ആവശ്യാര്‍ത്ഥം അമേരിക്കന്‍ ഒയില്‍ കമ്പനിയായ അരാംകോ(Aramco) ആരംഭിച്ച റെയില്‍ സംവിധാനമാണ് ആധുനിക റെയില്‍വേയുടെ അടിസ്ഥാനം. പിന്നീട് ധനകാര്യ വകുപ്പ് ഇത് ഏറ്റെടുക്കുകയായിരുന്നു. റയില്‍ സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി 1966 ല്‍ കിങ്ഡം സൗദി റയില്‍വേയ്സ് ഓര്‍ഗനേസേഷന്(SRO) രൂപം നല്‍കി.
എസ്.ആര്‍.ഒ യുടെ റയില്‍പദ്ധതി വിപ്ലവാത്മകമാണ്. 2010 മുതല്‍ 2040 വരെയുള്ള കാലയളവിനെ മൂന്നായി തരംതിരിച്ചുകൊണ്ടാണ് റയില്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. റിയാദ്, ദമ്മാം, ജുബൈല്‍ ജിദ്ദ, ഹുഫൂഫ് തുടങ്ങിയെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചരക്ക് ഗതാഗതാവശ്യാര്‍ത്ഥം കണ്ടയ്നറുകള്‍ നീക്കം ചെയ്യുന്നതിനായുള്ള സൗദി റയില്‍വേ ലാന്‍ഡ്ബ്രിഡ്ജ് എന്നതാണ് ഇതില്‍ പ്രധാനം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസ്, തെക്ക് വടക്കന്‍ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മിനറല്‍ ലൈന്‍, ജി.സി.സി രാജ്യങ്ങളിലേക്കുള്ള ലിങ്ക് പാതകള്‍, വിശുദ്ധ ഗേഹങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റയില്‍, വിവിധ പട്ടണങ്ങളിലെ മെട്രോ ട്രയിന്‍ തുടങ്ങിയവ പ്രസ്തുത പദ്ധതിക്ക് കീഴില്‍ കടന്നു വരുന്നു.
വിശുദ്ധ ഗേഹങ്ങളെ ലക്ഷ്യമിട്ടു വരുന്ന സന്ദര്‍ശകരുടെയും സ്വദേശികളുടെയും ഗതാഗതക്കുരുക്ക് പൊതുവെ ഗവര്‍മെന്‍റിന് തലവേദന സൃഷ്ടിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ വിശുദ്ധ മക്കയെ സംബന്ധിച്ച് പൊതു ഗതാഗത സൗകര്യം സ്ഥലപരിമിതികളാല്‍ അത്രമേല്‍ ജനപ്രിയമല്ലാത്തതിനാല്‍ സ്വന്തം വാഹനങ്ങള്‍, ടാക്സി എന്നിവയാണ് സ്വദേശികളും വിദേശികളും ആശ്രയിച്ചു വരുന്നത്. ഇതിനു ബദലായി പൊതു ഗതാഗതത്തിലൂടെ മില്യന്‍ കണക്കിനു ജനങ്ങള്‍ക്ക് സുതാര്യമായ യാത്രാ സൗകര്യം ഒരുക്കുകയെന്നതാണ് ഹറമൈന്‍ റയിലു കൊണ്ട് ഗവര്‍മെന്‍റെ ഉദ്ദേശിക്കുന്നത്.
ശക്തമായ ചൂടും, തണുപ്പും, പൊടിക്കാറ്റും നിറഞ്ഞ അറേബ്യന്‍ മണല്‍ കാട്ടില്‍ വെല്ലുവിളികളോട് പൊരുതാന്‍ മാത്രമുള്ള പ്ലാനാണ് നിര്‍മാണ കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ രംഗത്ത് സൗദിയുടെ പുത്തന്‍ കാല്‍വെപ്പ് അറബ് രാജ്യങ്ങള്‍ക്ക് അഭിമാനമാണ്. ഈ പ്രൊജക്ട് ലഭിച്ചത് രണ്ടായിരത്തി പത്ത് ഫെബ്രുവരിയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കോട്ട് വില്‍സണ്‍ (Scott Wilson Company) എന്ന കമ്പനിക്കാണ്. 89.8 മില്യന്‍ സൗദി റിയാലാണ് കരാര്‍ തുക. 55 മാസമാണ് കാവാവുധി നല്‍കിയിട്ടുള്ളത്. എന്നാല്‍ നിര്‍മ്മാണക്കരാര്‍ പന്ത്രണ്ടോളം സ്പാനിഷ് കമ്പനികളും, ദാര്‍ അല്‍ ഹന്ദസ കമ്പനിയും ചേര്‍ന്നു കൊണ്ടാണ് ഏറ്റെടുത്തിട്ടുള്ളത്.
മക്ക, മദീന പട്ടണങ്ങളെ ജിദ്ദ വഴി ലിങ്ക് ചെയ്തുകൊണ്ടാണ് റയില്‍ പാത കടന്നുപോകുന്നത്. ഇതിനിടയില്‍ മൊത്തം അഞ്ചു സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. ജിദ്ദ സെന്‍റ്രല്‍, ജിദ്ദ എയര്‍പോര്‍ട്ട്, മക്ക, റാബഗ്, മദീന എന്നിവയാണവ. 450 കിലോമീറ്ററാണ് മൊത്തം ദൂരം. ഇലക്ട്രിക് നിര്‍മ്മിത ഇരട്ടപ്പാതകളിലൂടെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓരോ ഒന്നര മണിക്കൂര്‍ ഇടവവിട്ട് 35 'ടാല്‍ഗോ'(Talgo 350 SRO) ട്രയിനുകള്‍ ചീറിപ്പായുമ്പോള്‍ ഹറമൈന്‍ റയില്‍ അറബ് നാട്ടില്‍ വേഗതയുടെ പുതുചരിതം രചിക്കും. മക്കയില്‍ നിന്നവര്‍ കേവലം 21 മിനിറ്റ് കൊണ്ട് ജിദ്ദ പട്ടണം കാണുമ്പോള്‍ ജിദ്ദയില്‍ നിന്നും റാബഗിലേക്ക് 36 മിനിറ്റ് മാത്രം. അവിടെ നിന്നും മദീനയിലെത്താന്‍ വെറും 61 മിനിറ്റ്.
ഹറമൈന്‍ റയില്‍ നിര്‍മ്മാണം പ്രധാനമായും രണ്ടു രൂപത്തിലാണ് തരം തിരിച്ചിട്ടുള്ളത്. അതില്‍ ഒന്നാം ഘട്ടം രണ്ടു പക്കേജാണ്. ഒന്നാമത്തേത് സിവില്‍ വര്‍ക്കാണ്. അല്‍ റാജിഹി, ബിന്‍ ലാദിന്‍, സൗദി ഓജര്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് അതിന്‍റെ ചുമതല. രണ്ടാം പാക്കേജ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. സൗദി ഓജര്‍, ബിന്‍ ലാദന്‍ കമ്പനികള്‍ക്കു തന്നെയാണ് അതിന്‍റെയും ചുമതല. രണ്ടാം ഘട്ടം റയില്‍വേ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്. ഡിസൈന്‍, സിസ്റ്റം ഓപ്പറേഷന്‍, സിഗ്നല്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. സ്പാനിഷ് കമ്പനികള്‍ക്കാണ് ഇതിന്‍റെ ചുമതല. മക്കയില്‍ ക്രയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് ബിന്‍ലാദന്‍ കമ്പനിക്ക് നേരെ രൂക്ഷവിമര്‍ശനം ഉയരുകയും താല്‍ക്കാലികമായി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതോടെ ഹറമൈന്‍ റയില്‍ പ്രവര്‍ത്തികള്‍ ഏകദേശം 8 മാസത്തോളം മന്ദഗതിയിലായിരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.
മണല്‍കൂനകളും കരിമ്പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ പുതിയ റയില്‍ പാത വെട്ടിത്തെളിക്കുകയെന്നത് അതി സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്നതില്‍ ശങ്കക്കിടയില്ല. മക്കയില്‍ നിന്നും ഇരുനൂറ്റി എഴുപതോളം കീലോമീറ്ററുകള്‍ക്കുള്ളില്‍ 103 പാലങ്ങളും 571 ഡ്രയിനേജ് സംവിധാനങ്ങളും, ഓവുപാലങ്ങളുമാണ് നിര്‍മ്മാണം കഴിഞ്ഞിരിക്കുന്നത്. 270 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ, മദീനയിലേക്കുള്ള പാതയില്‍ 33 പാലങ്ങളും 268 ഓവുപാലങ്ങളുമാണ് യാത്രക്കായി സജ്ജമായിരിക്കുന്നത്. ഇതിനും പുറമെ കേമല്‍ ക്രോസ്സിങ്ങ്, റോഡ് ബ്രിഡ്ജ്, വാദി ബ്രിഡ്ജ് തുടങ്ങിയവ വേറെയും.
പള്ളികള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ സ്റ്റേഷന്‍, ഹെലിപ്പാട്, വി.ഐ.പി. ലോഞ്ച്, റെസ്റ്റോറന്‍റുകള്‍, ചുരുങ്ങിയതും ദൈര്‍ഘ്യമേറിയതുമായ കാര്‍പാര്‍ക്കിംങ് സൗകര്യം, പൊതു ഗതാഗത സൗകര്യത്തിനുള്ള സുതാര്യത, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് സ്റ്റേഷനുകല്‍ ഉയര്‍ന്നു വരുന്നത്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഹോപ്പോള്‍ഡ്
(BuroHappold) കമ്പനിയാണ് സ്റ്റേഷന്‍ ഡിസൈനുകള്‍ ചെയ്തിട്ടുള്ളത്. ഇസ്ലാമിക ശില്‍പകലയില്‍ തന്നെ അഞ്ചു സ്റ്റേഷനുകള്‍ക്കും അതാതു നാടിന്‍റെ പ്രൗഡി നല്‍കിയിട്ടുണ്ട്. മക്ക സ്റ്റേഷന് കറുത്തതും സുവര്‍ണ്ണ നിറവും ചേര്‍ത്തു കൊണ്ടുള്ള നിറ ചാരുതയാണ് നല്‍കിയത്. മദീനയിലെ പച്ച ഖുബ്ബയിലേക്ക് വിരല്‍ ചൂണ്ടി വിവിധങ്ങളായ പച്ച നിറങ്ങളോടെയാണ് മദീന സ്റ്റേഷന്‍. ജിദ്ദ സ്റ്റേഷന്‍ ചുവപ്പ് ഡിസൈനിലും റാബഗ് സ്റ്റേഷന്‍ നീലയും സില്‍വറും ചേര്‍ന്ന നിറങ്ങളിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
മക്കയിലെ സ്റ്റേഷന്‍ ഹറമില്‍ നിന്നും കേവലം 3 കി.മി ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അല്‍ റുസൈഫ പ്രദേശത്ത് അബ്ദുല്ല അരീഫ് റോഡിലാണിത്. മക്കയിലേക്കുളള പ്രധാന കവാടം കൂടിയാണിവിടം. സ്റ്റേഷനില്‍ ഏകദേശം അയ്യായിരം വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് സൗകര്യവും കൂടി ഒരുക്കിയിട്ടുണ്ട്. മദീനാ സ്റ്റേഷന്‍, കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ദാര്‍ അല്‍ മദീന മ്യൂസിയത്തോട് ചേര്‍ന്നു കൊണ്ടാണ് നിലകൊള്ളുന്നത്. ഹറമൈന്‍ റയില്‍ മക്കയിലെയും മദീനയിലെയും മറ്റൊരു സുപ്രധന പ്രൊജക്ടായ മക്ക മെട്രോ, മദീന മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ല. മക്കയില്‍ നിന്നും മദീനയിലേക്ക് സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 110 റിയാലാണ് തുക ഈടാക്കുക. എസ്. ആര്‍. ഒ യുടെ അഭിപ്രായത്തില്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ലോകത്ത് ആദ്യമായിട്ടായിരിക്കും ഹൈസ്പീഡ് പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസ് നടത്തുക. അല്ലാഹുവിന്‍റെ അതിഥികളായി വരുന്നവരെ സ്വീകരിക്കാന്‍ ഖാദിമുല്‍ ഹറമൈനി കാണിക്കുന്ന വിശാല മനസ്കതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
രണ്ടായിരത്തി പതിനാറ് നവംബര്‍ മാസത്തില്‍ സുപ്രധാനമായ ടെസ്റ്റ് റണ്ണിങ്ങ് പൂര്‍ത്തിയാക്കി വിജയപ്രധമാണെന്ന് അതോറിറ്റി വ്യക്തമാക്കിക്കഴിഞ്ഞു. സഞ്ചാരയോഗ്യമായ എല്ലാ കാബിനുകളും സ്പാനിഷ് കമ്പനി ഇതിനകം സൗദിയിലെത്തിച്ചു കഴിഞ്ഞു. ഈ ഫീല്‍ഡ് കൈകാര്യം ചെയ്യുന്നതിനായി സ്വദേശികളായ എണ്ണമറ്റ യുവാക്കളാണ് വിദേശത്ത് പഠനം നടത്തിവരുന്നത്. എല്ലാ സ്റ്റേഷനുകളുടെയും തൊണ്ണൂറ് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നാണ് സൗദി പത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുറഞ്ഞ വിഷയങ്ങളില്‍ നിന്ന് കൂടുതല്‍ മിച്ചം എന്ന തത്വമാണ് ഹറമൈന്‍ റയിലിനു പിന്നില്‍. യാത്രികരുടെ എകോപനം വഴി തിരക്ക് ലഘൂകരിക്കുവാനും അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് കുറയ്ക്കുവാനും സാധിക്കുന്നു. പൊതുവെ ബസ് യാത്രികര്‍ ഏകദേശം എഴോ എട്ടോ മണിക്കൂറ് കൊണ്ടാണ് മക്കയില്‍ നിന്നും മദീനയിലേേക്ക് എത്തുന്നതെങ്കില്‍ ഇനി കേവലം ഒന്നര മണിക്കൂര്‍ മാത്രം. അതും അത്യാധുനിക സൗകര്യങ്ങളോടെയും. ടെലിവിഷന്‍, വൈഫെ, ഭക്ഷണ ശാലകള്‍, വാഷ്റൂം എല്ലാം ഈ അതിവേഗ പാതയില്‍ ലഭ്യമാകും.
മണിക്കൂറില്‍ 3800 യാത്രികരെയും വഹിച്ച് മക്കയുടെയും മദീനയുടെയും ഇടയിലൂടെ ഹറമൈന്‍ റയില്‍ സഞ്ചരിക്കുമ്പോള്‍ ഹിജ്റയുടെ ചരിത്രമുറങ്ങുന്ന പാത സ്രഷ്ടാവിന്‍റെ അതിഥികളെയുമായി വേഗതയുടെ പുതുചരിത്രം കുറിക്കും. ഇന്‍ഷാഅല്ലാഹ്.. കാത്തിരുന്നു കാണാം ഈ രണ്ടായിരത്തി പതിനേഴിന്‍റെ അവസാനത്തില്‍.
(അവലഭം: ഹറമൈന്‍ റയില്‍ ഔദ്യോഗിക വെബ്സൈറ്റ്)