കേരളം ഹിന്ദി പഠിക്കുന്നു
Posted by SiM Media on 1:45 PM with No comments
മാതൃഭൂമിയില്‍ അകക്കാഴ്ച എന്ന പംക്തിയില്‍ കെ.എം .ബീന എഴുതിയ പ്രസക്തമായ ഒരു കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
''റാപ്പിഡെക്‌സ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ് പോലെ ഹിന്ദി സ്പീക്കിംഗ് ബുക്കുണ്ടെങ്കില്‍ അതും ഒരു മലയാളം ഹിന്ദി ഡിക്ഷണറിയും വേണം. ഹിന്ദി സംസാരിക്കാന്‍ പഠിപ്പിക്കുന്ന ക്ലാസ്സ് അടുത്ത് എവിടെങ്കിലും ഉള്ളതായി നിനക്കറിയേ്വാ?'' ആവശ്യങ്ങള്‍ അമ്മയുടേതാണ്.
''ഇതൊക്കെ അമ്മയ്‌ക്കെന്തിനാണ്? മലയാളം ശ്രേഷ്ഠഭാഷയായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഹിന്ദി ഭാഷാ ചിന്ത. അമ്മയ്ക്ക് കാശിയ്‌ക്കെങ്ങാനും പോകാന്‍ പരിപാടിയുണ്ടോ?''
'' ഞാന്‍ എങ്ങും പോകുന്നില്ല, ഇവിടെ തന്നെ ജീവിച്ചു പോകാനാ, മലയാളം ശ്രേഷ്ഠഭാഷയൊക്കെ ആയാലും ഇനി കേരളത്തില്‍ ജീവിക്കാന്‍ ഹിന്ദി അറിഞ്ഞേ പറ്റൂ.''
സാന്‍സ എന്ന നേപ്പാളി പെണ്‍കുട്ടി വീട്ടുകാര്യങ്ങളില്‍ സഹായിക്കാന്‍ എത്തിയതാണ് അമ്മയ്ക്ക് ഹിന്ദി പരിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരണ നല്‍കിയിരിക്കുന്നത് .
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മയ്ക്ക് ഒരു സഹായിയെ തപ്പിയെടുത്തത്. വീട്ടു ജോലിക്കാരെ നല്‍കുന്ന ഏജന്‍സികളൊക്കെ ബുദ്ധിമുട്ട് അറിയിച്ചു.
''കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഷോപ്പിംഗ് മാളുകളിലും കടകളിലും മറ്റും സെയില്‍സ് ഗേള്‍സ് പണി ഇവിടുത്തെ സ്ത്രീകള്‍ക്കിപ്പോള്‍ വീട്ടുജോലിക്ക് താല്‍പ്പര്യക്കുറവാണ്. വലിയ പ്രയാസമാണ് വീട്ടുസഹായികളെ കിട്ടാന്‍.''
കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന സുഹൃത്താണ് അന്യസംസ്ഥാനക്കാരായ സ്ത്രീകളെവീട്ടുജോലികള്‍ക്ക് കിട്ടാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞത്. കണ്‍സ്ട്രക്ഷന്‍ പണിക്കെത്തുന്ന അന്യനാട്ടുകാര്‍ക്കൊപ്പം വരുന്ന ഭാര്യമാരില്‍ പലരും വീട്ടുപണിക്ക് വരാന്‍ തയ്യാറാണ്. അങ്ങനെയാണ് സാന്‍സ വന്നത്. വൃത്തിയും വെടിപ്പും കൃത്യനിഷ്ഠതയുമുള്ള സാന്‍സ ഉത്തരവാദിത്ത്വത്തോടെ പണിയെടുക്കുന്ന കഠിനാദ്ധ്വാനിയാണ്. അമ്മയ്ക്ക് സാധാരണ ഏതു പണിക്കാരിയെക്കുറിച്ചും പരാതിയുണ്ടാവും. ഇവളെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ഒരു സങ്കടം മാത്രം. ഒന്നും മിണ്ടാന്‍ വയ്യ, അമ്മയ്ക്ക് ഹിന്ദി അറിയില്ലല്ലോ.
ആ പോരായ്മ പരിഹരിക്കാനാണ് അമ്മ ഹിന്ദി ക്ലാസ്സില്‍ ചേരാന്‍ തീരുമാനിച്ചത്.
''ഹിന്ദി അറിയാതെ കേരളത്തില്‍ തുടര്‍ന്നു പോകാന്‍ ബുദ്ധിമുട്ടാവും'' എന്ന അമ്മയുടെ ചിന്തയെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
ഹോട്ടലുകളില്‍ കുശിനിപ്പണിക്കും വിളമ്പുന്നതിനും സഹായത്തിനും തമിഴന്മാരായിരുന്നപ്പോള്‍ തട്ടിയും മുട്ടിയും തമിഴ് പറഞ്ഞ് രക്ഷപ്പെടാനെളുപ്പമായിരുന്നു. ഇന്ന് അകത്തും പുറത്തും ഹിന്ദിക്കാരാണ്. സപ്ലെയര്‍മാരായ ഹിന്ദിക്കാരോട് നേരെ ചൊവ്വെ ഹിന്ദിയില്‍ പറഞ്ഞില്ലെങ്കില്‍ വെജിറ്റേറിയന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നതാണ് സ്ഥിതി. താഴേക്കിടയിലുള്ള ഹോട്ടലുകള്‍ മുതല്‍ പഞ്ചനക്ഷത്രഹോട്ടലുകള്‍ വരെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു.
നല്ല രസമാണ് നമ്മുടെ നാട്ടുകാര്‍ ഇവരോട് സംസാരിക്കുന്നതു കേള്‍ക്കാന്‍. ഈയിടെ ഒരു സുഹൃത്തും ഭര്‍ത്താവുമൊത്ത് ഹോട്ടലില്‍ പോയി.
പണ്ട് ഡല്‍ഹിയില്‍ യാത്ര പോയപ്പോള്‍ കിട്ടിയ ഹിന്ദി പരിജ്ഞനം ഓര്‍ത്തെടുത്ത് കൂട്ടുകാരിയുടെ ഭര്‍ത്താവ് ഞങ്ങളെ വിസ്മയിപ്പിക്കാന്‍ നോക്കുകയായിരുന്നു.
''അരേ ഭായ്, ലാവോ ഭായ്. രണ്ട് പ്ലേറ്റ് ചിക്കന്‍, തീന്‍, നോ, സാത് നഹീം പത്ത് ചപ്പാത്തി. ഓര്‍ ഹമാരേ കൊ ചാര്‍ ഗ്ലാസ് നാരങ്ങാ വെള്ളം ഭീ ചാഹിയേ. ജല്‍ദീ ലാ, ഹം കോ ജാനാ ഹെ, അല്ലാ, ഹും, അല്ല ഹൈം.''
ഹിന്ദിക്കാരന്‍ സപ്ലൈയര്‍ കണ്ണും മിഴിച്ച് നിന്നു, ഞങ്ങള്‍ തലകുനിഞ്ഞിരുന്ന് ചിരിച്ചു . കൂട്ടുകാരി എന്റെ ചെവിയില്‍ പറഞ്ഞു:
''ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്'' കളിക്കാനുള്ള ശ്രമമാണ്.
''ഇടയ്ക്കിടെ ഇങ്ങനെ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ സ്‌പോക്കണ്‍ ഹിന്ദി മെച്ചപ്പെടുത്താം.'' അവളുടെ ഭര്‍ത്താവ് അഭിമാനത്തോടെ സ്വയം അഭിനന്ദിച്ചു.
ഹോട്ടലുകളില്‍ പുരുഷന്മാര്‍ മാത്രമല്ല, അന്യസംസ്ഥാനക്കാരായ സ്ത്രീകളുമുണ്ട് സപ്ലൈയര്‍മാരായി. ഹിന്ദി അറിയാതെ ഹോട്ടലില്‍ കയറിയാല്‍ പെട്ട്‌പോവുന്ന കാലം വരുമോ എന്ന് കൂടി സന്ദേഹം തോന്നിപ്പോകുന്നതില്‍ തെറ്റില്ല.
ബ്യൂട്ടി പാര്‍ലറില്‍ ഹിന്ദി അറിയാതെ ''ഫേഷ്യല്‍'' ചെയ്യാന്‍ പോയി ''ബ്ലീച്ച്'' ആയിപ്പോയ കഥയാണ് മറ്റൊരു കൂട്ടുകാരി പറഞ്ഞത്:
''ചൈനക്കാരി'' യോട് (നേപ്പാളികളെയും വടക്കുകിഴക്കന്‍ മേഖലയിലുള്ളവരെയും ചൈനക്കാരികളായി കണക്കാക്കുന്നത് ഈ കൂട്ടുകാരി മാത്രമല്ല) പലവട്ടം പറഞ്ഞതാ ''ബ്ലീച്ച്'' ചെയ്യണ്ടാന്ന്; അലര്‍ജി വരുമെന്ന്. മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.എനിക്കൊട്ടു ഹിന്ദിയും അറിയില്ല. അവള്‍ പിടിച്ച് ചാരിയിരുത്തി ബ്ലീച്ചിന്റെ പൗഡര്‍ കുഴച്ച് വാരിയിട്ടു. ഒടുവില്‍ ഞാനെണീറ്റോടി മുഖം കഴുകുകയായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീ പുറത്ത് പോയിരിക്കുകയായിരുന്നു. അവര് വന്നിട്ടാ ഞാന്‍ ഫേഷ്യല്‍ ചെയ്തത്.
കുറെ നാളായി പറമ്പ് കിളയ്ക്കാന്‍ വരുന്നത് ഛത്തീസ്ഗഡ്കാരനായ സുധാകര്‍ മണ്ഡല്‍ ആണ്. എഴുതാനോ വായിക്കാനോ അറിയാത്ത 30 വയസ്സുകാരന്‍. ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണും പിടിച്ചാണ് വരവ്. സ്വന്തം നമ്പര്‍ പറഞ്ഞു തരാനറിയാത്ത പാവം.
വീട് പെയിന്റടിക്കാന്‍ വന്നവരില്‍ ബീഹാറികളായ മുകേഷ്, നികേഷ്, ശര്‍മ്മേഷ് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ സദാ സമയവും മൊബൈലില്‍ ഹിന്ദിപ്പാട്ടു മുഴക്കിക്കൊണ്ടേയിരിക്കും.
നമ്മുടെ കെട്ടിടനിര്‍മ്മാണമേഖലയില്‍ എമ്പാടും മുഴങ്ങുന്നത് ഹിന്ദിപ്പാട്ടുകള്‍ . പാറമടകളിലും,പ്‌ളൈവുഡ് ഫാക്ടറികളിലുമെന്നു വേണ്ട കേരളത്തിന്റെ അദ്ധ്വാനശേഷി ഇന്ന് വലിയതോതില്‍ തന്നെ അന്യനാട്ടുകാരില്‍ നിക്ഷിപ്തമാണ്. ഹിന്ദിക്കാര്‍ക്കു പുറമെ തമിഴ്‌നാട്ടുകാര്‍ അവര്‍ കാലാകാലങ്ങളായി ചെയ്തുപോന്ന തൊഴിലുകള്‍ ചെയ്യാന്‍ ഇപ്പോഴും വരുന്നുണ്ട്. തുണികള്‍ ഇസ്തിരിയിടാനും, കുപ്പി പേപ്പര്‍ തകരം വാങ്ങാനുമൊക്കെ തമിഴര്‍ തന്നെ ഇപ്പോഴും. പക്ഷേ പണ്ടുണ്ടായിരുന്നത്ര വിപുലമല്ല അവരുടെ സാന്നിദ്ധ്യം.
കേരളം മലയാളികളുടേതല്ലാത്ത ഒരു കാലത്തിലേക്ക് നടക്കുന്നതു പോലെ പലപ്പോഴും തോന്നാറുണ്ട്.പുലരികളിലും സന്ധ്യകളിലും പല തെരുവോരങ്ങള്‍ക്കും ഉത്തരേന്ത്യന്‍ ഛായയാണ്. മലയാളികള്‍ അന്യനാടുകളില്‍ പോയി യാത്രാവിവരണമെഴുതുമ്പോള്‍ മലയാളികള്‍ നിറഞ്ഞ തെരുവോരങ്ങളെയും മാര്‍ക്കറ്റുകളെയും കുറിച്ച് എഴുതിയിട്ടുള്ളത് ഓര്‍മ്മവരാറുണ്ട്.
പ്രവാസി തൊഴിലാളികളെ മറ്റാരെക്കാളും നമുക്കറിയാനും ഉള്‍ക്കൊള്ളാനും കഴിയും. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതു മുതല്‍ നമ്മള്‍ തൊഴിലു തേടി യാത്ര തുടങ്ങിയതാണ്. പുറത്തേക്ക് യാത്ര ചെയ്തു നാമുണ്ടാക്കിയ ധനം നമ്മുടെ നാടിന്റെ തൊഴില്‍ മേഖലയെ മാറ്റിമറിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മാറിമറിഞ്ഞ ് തൊഴില്‍മേഖല ശാരീരികാദ്ധ്വാനത്തിന് ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ടാക്കി. ഇവിടേക്കാണ് ദാരിദ്ര്യത്തിന്റെ കൊടിയ ഇരുളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിച്ചേര്‍ന്നത്. ഇന്ന് നമുക്ക് അവരില്ലാതെ വയ്യ. നമുക്ക് നന്ദി പറയാം. അവര്‍ അവരുടെ നാട്ടില്‍ ജോലി ചെയ്ത് ഇങ്ങോട്ടയച്ച സാധനങ്ങള്‍ തിന്നു നമ്മള്‍ ജീവിക്കുന്നു, നമ്മുടെ കാര്യങ്ങള്‍ നോക്കാന്‍ അവര്‍ ഇവിടെയും വന്ന് കഠിനാദ്ധ്വാനം ചെയ്യുന്നു. വ്യവസായ മേഖലയും കാര്‍ഷികമേഖലയും ചെറുകിട വ്യവസായ രംഗവും എന്ന് വേണ്ട വീട്ടുമുറ്റത്തെ തേങ്ങയിടാന്‍ പോലും ഇന്ന് അവര്‍ വേണം.
ഈയിടെ തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടത് വിദേശത്തുള്ള മലയാളിത്തൊഴിലാളികളുടെ അത്രതന്നെ ആളുകള്‍ ഇവിടെ വന്ന് പണിയെടുക്കുന്നുണ്ടെന്നാണ്. പുറത്തേക്കും അകത്തേക്കുമുള്ള ഒഴുക്ക് കേരളം പ്രവാസികളുടെ നാട് പുറത്തേക്ക് പോകുന്നവര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദം ഉയര്‍ത്താറുണ്ട്, അതേ വികാരത്തോടെ പുറത്ത് നിന്ന് വരുന്നവര്‍ക്കും വേണ്ട തൊഴില്‍ സാഹചര്യങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, താമസസൗകര്യങ്ങള്‍ എന്നിവ നല്‍കേണ്ടതല്ലേ? തികച്ചും മോശമായ സാഹചര്യങ്ങളില്‍ കഴിയുന്നവരാണ് ഏറെ പേരും. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യങ്ങളില്ലാതെ, രോഗവും മരണവും ഒക്കെ കൂട്ടാവുന്നവര്‍. കടുത്ത ദാരിദ്ര്യത്തെ നേരിടാന്‍ നമുക്ക് ഗള്‍ഫ് രാജ്യങ്ങള്‍ സ്വര്‍ഗ്ഗമായതു പോലെയാണ് അവര്‍ക്ക് കേരളം .
അന്യനാട്ടുകാര്‍ വര്‍ദ്ധിക്കുമ്പോള്‍ ഏതു നാട്ടിലും ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ ഇവിടെയും കണ്ടുതുടങ്ങുന്നുണ്ട്.അക്രമം, മോഷണം തുടങ്ങി പല കേസുകളും റിപോര്‍ട്ടു ചെയ്യുന്നുണ്ട്.അന്തര്‍സംസ്ഥാന കുടിയേറ്റ നിയമമനുസരിച്ച് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും മറ്റും ഗവണ്‍മെന്റ് മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
നമ്മുടെ സമ്പദ്‌വ്യവസ്ഥ വിദേശത്ത് നിന്നുള്ള ധനത്തിലൂടെയാണ് കരുത്താര്‍ജ്ജിച്ചത്. ആ പണമാണ് അന്യനാട്ടുകാര്‍ക്ക് ഇങ്ങോട്ടു വരാന്‍ പ്രേരണ നല്‍കിയതും. അന്യനാട്ടുകാരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന മനോഭാവം മനുഷ്യസഹജമാണ്,നമ്മളെ മറ്റ് നാട്ടുകാരും നമ്മള്‍ മറ്റ് നാട്ടുകാരെയും ആ കണ്ണുകളോടെയാണ് കാണുന്നത്. വിദേശരാഷ്ട്രങ്ങള്‍ നിതാഖത്ത് ഒക്കെ പ്രഖ്യാപിക്കുമ്പോള്‍ സംഘര്‍ഷം അനുഭവിക്കുന്നവരാണ് മലയാളികള്‍. ആ വികാരം ഉള്‍ക്കൊണ്ടുകൊണ്ടാവണം ഇവിടെ പണിയെടുക്കാന്‍ വരുന്നവരോട് ഇടപെടാനും.
കുറച്ച്‌നാള്‍ മുമ്പ് ആലുവാ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. സ്റ്റേഷനില്‍ സൂചികുത്താനിടമില്ലാത്ത തിരക്ക്. എങ്ങും കേള്‍ക്കുന്നത് ഹിന്ദി മാത്രം. കേരളമാണോ ഇതെന്ന് സന്ദേഹം തോന്നി. അസമിലേക്ക് വണ്ടി വന്ന് അഞ്ച് മിനിട്ടിനകം ഉറുമ്പിന്‍കൂട്ടം പോലെ മനുഷ്യര്‍ ട്രെയിനില്‍ കയറിപ്പറ്റി, സ്റ്റേഷന്‍ ശൂന്യമായി. ട്രെയിനിനുള്ളില്‍ ഒരിഞ്ചുപോലും ഇടമില്ലാത്ത മട്ടില്‍ മനുഷ്യക്കൂട്ടം നില്‍ക്കുന്നു.
''ഇവര്‍ അങ്ങെത്തും വരെ ഇങ്ങനെ തന്നെ സഞ്ചരിക്കും. നിന്നും, ഇരുന്നും അങ്ങെത്തും. ഈ ട്രെയിനില്‍ സീറ്റ് റിസര്‍വ്വ് ചെയ്തിട്ട് ഒരു കാര്യവുമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഇതുതന്നെ ഗതി. ആലുവാ സ്റ്റേഷനില്‍ എത്തുമ്പോള്‍ കിഴക്കോട്ടു പോവുന്ന തീവണ്ടികളൊക്കെ ഇപ്പോള്‍ നിറഞ്ഞു കവിയുകയാണ്.സംസ്ഥാനത്ത് പെരുമ്പാവൂരില്‍ ആണ് ഏറ്റവും കുടുതല്‍ മറുനാട്ടുകാരുള്ളത്.ഇവിടെ ബസ്സുകളുടെ ബോര്‍ഡുകള്‍ ഹിന്ദിയിലും എഴുതിത്തുടങ്ങിയിട്ടുണ്ട്. ആരാണ് ഏതാണ് എന്താണ് എന്നൊന്നും അറിയാത്ത ലക്ഷക്കണക്കിനാളുകള്‍ സ്വന്തം നാട്ടില്‍ വീട്ടിനു ചുറ്റും താമസിക്കുമ്പോള്‍ ഒരു ഭീതി ഇവിടെ ഒരുപാട് പേര്‍ക്കുണ്ട്.''
കൂടെയുണ്ടായിരുന്ന ആലുവാക്കാരന്‍ സുഹൃത്ത് ഉള്ളിലെ ഭയം പന്കു വച്ചു.
കുറച്ച് നാള്‍ അസമില്‍ താമസിച്ച കാലം ഓര്‍മ്മവന്നു. അന്യനാട്ടുകാരെ പണിയെടുക്കാന്‍ ആവശ്യമുള്ളപ്പോള്‍ തന്നെ അവരോടുള്ള അസ്വസ്ഥത നിലനില്‍ക്കുന്ന ജനസമൂഹമാണ് അവിടെയുള്ളത്. ശാരീരികാദ്ധ്വാനം ആവശ്യമുള്ള പണികള്‍ അവിടെയും പുറംനാട്ടുകാരാണ് ചെയ്യുന്നത്. എന്നാല്‍ അസമികളെക്കാള്‍ അന്യനാട്ടുകാരാണുള്ളത് എന്നതില്‍ അവര്‍ എന്നും ആശങ്കാകുലരാണ്. ഒരിക്കല്‍ ബീഹാറികള്‍ക്കെതിരെയുണ്ടായ അസ്വസ്ഥത കലാപമായും അക്രമം മൂത്ത് പട്ടാളമിറങ്ങി കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതുവരെയും വളര്‍ന്നത് നേരില്‍ കണ്ടിട്ടുണ്ട്.
അസമിലെ ബീഹാറികള്‍ അന്ന് രായ്ക്കുരാമാനം നാടുവിടുകയായിരുന്നു. കര്‍ഫ്യൂകാലത്ത് ഗുവഹത്തിയിലെ എന്‌റെ ഓഫീസിലെ കലിത ലീവെടുത്തതിന് കാരണമായി എഴുതിത്തന്നത് ''തലമുടി വെട്ടിക്കാന്‍ 4 മണിക്കൂര്‍ ദൂരം യാത്ര ചെയ്ത് ഷില്ലോംഗില്‍ പോയി'' എന്നായിരുന്നു. ബീഹാറികളാണ് ഗുവാഹത്തിയിലെ ബാര്‍ബര്‍മാരിലേറെയും. കലാപം കാരണം ബീഹാറികള്‍ ഒഴിഞ്ഞുപോയപ്പോള്‍ ഗുവാഹത്തി നഗരം വിജനമായി.കടകള്‍ അടഞ്ഞു കിടന്നു.
പഴം, പച്ചക്കറിക്കച്ചവടക്കാര്‍, തുണി ഇസ്തിരിയിടുന്നവര്‍, പറമ്പ് കിളക്കുന്നവര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങി പലചരക്കുകടയില്‍ സാധനമെടുത്തു കൊടുക്കുന്നവര്‍വരെ അന്ന് പേടിച്ച് പലായനം ചെയ്തു. അസം സ്തംഭിച്ചു പോയ നാളുകള്‍. ജീവിതം ചലനമറ്റു നിന്നു. ഒന്നും ചെയ്യാന്‍ ആളില്ലാത്ത സ്ഥിതി. അന്യ നാട്ടുകാര്‍ ഇല്ലെന്കില്‍ പട്ടിണി എന്ന അവസ്ഥ.ഒടുവില്‍ ബീഹാറില്‍ നിന്ന് സാക്ഷാല്‍ ലാലുപ്രസാദ് യാദവ് വന്ന് തെരുവോരങ്ങളിലൂടെ സമാധാനമഭ്യര്‍ത്ഥിച്ച് നടന്നാണ് പ്രശ്‌നം പരിഹരിച്ചത്.
പ്രവാസം അരക്ഷിതത്വത്തിന്റെയും കൂടി കാലമാണ്,ആര്‍ക്കും. സഹിഷ്ണുതയോടെ സഹജീവികളായി നമുക്ക് ഇവിടെ പണിയെടുക്കാന്‍ വരുന്നവരെ കാണാന്‍ നമുക്ക് കഴിയണം.ഒപ്പം നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളും കാര്യക്ഷമമാക്കണം.ഈയടുത്ത കാലത്തൊന്നും ഇവരില്ലാതെ നമ്മുടെ കാര്യങ്ങള്‍ നടത്തി കൊണ്ടു പോകാനാവില്ല എന്നുറപ്പാണ്.അവരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാനുള്ള പരിപാടികളാണ് നമുക്കാവശ്യം.
കേരളത്തില്‍ ഏറെ മുടക്കു മുതലില്ലാതെ കാശുണ്ടാക്കാനുള്ള ഒരു സാധ്യതയും തെളിഞ്ഞു വരുന്നു, ഹിന്ദി ക്‌ളാസുകള്‍ തുടങ്ങുക ഹിന്ദി പഠിച്ചാലേ ഇനി ഇവിടെ ജീവിക്കാനാവൂ എന്ന് മുന്‍കൂട്ടി കാണുന്നത് എന്റെ അമ്മ മാത്രമായിരിക്കില്ലല്ലോ.
0 comments:
Post a Comment