ബാറാഅത്ത് രാവ്

Posted by SiM Media on 3:35 PM with No comments
ശഅബാന്‍ മാസത്തില്‍ വളരെ പുണ്യമായതും ആദരിക്കപ്പെടേണ്ടതുമായ രാവാണ് ശഅബാന്‍ പതിനഞ്ചാം രാവ്‌. ബറാഅത്ത് എന്ന പേരില്‍ ഈ രാവാണ് അറിയപ്പെടുന്നത്. അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആന്‍ )ഒരനുഗ്രഹ രാത്രിയില്‍ ഇറക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു.''(സൂറത്ത് ദുഖാന്‍ - 2,3,4). ഈ ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നത് കാണുക. ഇമാം റാസി (റ) പറയുന്നു. ''ഇക് രിമ (റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവാണ്. അത് ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്.''(തഫ്സീറുല്‍ കബീര്‍ 22/239)

ഇസ്മാഈലുല്‍ ഹിഖി (റ) പറയുന്നു. ''ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറയുന്നു. ബറക്കത്തുള്ള രാവ്‌ കൊണ്ട് ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണ്.''(റൂഹുല്‍ ബയാന്‍ 8/402, ജാമിഉല്‍ ബയാന്‍ 25/109, മദാരിക് 4/126)

മഹ്മൂദ് ആലൂസി എഴുതുന്നു. ''ഇക് രിമ (റ )വും ഒരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവ്‌ ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്. ഇതിന് ബറാഅത്ത് രാവ്‌ എന്നും പേരുണ്ട്.''(റൂഹുല്‍ മആനി 25-110 ഇബ്നുല്‍ ജൌസിയുടെ സാദുല്‍ മസീര്‍ - ഇമാം സുയൂഥി (റ) യുടെ അദുര്‍റുല്‍ മന്‍സൂര്‍ ഷൌകാനിയുടെ ഫത്‌ഹുല്‍ ഖദീര്‍ ഇമാം ഖുര്‍ഥുബി(റ)യുടെ അല്‍ ജാമിഅ ലില്‍ അഹ്കാമില്‍ ഖുര്‍ആന്‍ 17/166 ) തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഈ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.

മേല്‍ പറയപ്പെട്ട സൂക്തത്തിന്‍റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാത പണ്ഡിതര്‍ രേഖപ്പെടുത്തിയ വിഷയമാണ് മുമ്പ്‌ സൂചിപ്പിച്ചത്. എന്നാല്‍ പ്രസ്തുത സൂക്തത്തില്‍ മേല്‍ വ്യാഖ്യാനം നല്‍കിയ ചില പണ്ഡിതര്‍ അത് ലൈലത്തുല്‍ ഖദ് റിനെ കൂടി ഉള്‍പ്പെടുത്തുമെന്ന് വ്യാഖ്യാനിച്ചത് കാണാം. അപ്പോള്‍ ഈ സൂക്തത്തിന്‍റെ വ്യാഖ്യാന പരിധിയില്‍ ലൈലത്തുല്‍ ഖദ്‌റും ഉള്‍പ്പെടുന്നു. എന്നല്ലാതെ ഒന്ന് മറ്റൊന്നിനെ നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഒരു സൂക്തത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടായാല്‍ വൈരുദ്ധ്യമായി വിലയിരുത്തി തള്ളിക്കളയുന്നതിനു പകരം വൈവിധ്യമായി മനസ്സിലാക്കി പ്രസ്തുത അഭിപ്രായങ്ങളെ ഉള്‍കൊള്ളുകയും അംഗീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഈ നിയമം വ്യാഖ്യാനത്തിന്‍റെ നിദാനശാസ്ത്രം വിവരിക്കുന്ന പണ്ഡിതര്‍ ഉണര്‍ത്തിയത് കാണാം.(തഫ്സീറുല്‍  കബീര്‍ )

ആഇശ (റ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ആഇശ (റ) പറയുന്നു. ''നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ബലിപെരുന്നാള്‍, ചെറിയപെരുന്നാള്‍, ശഅബാന്‍ പതിനഞ്ച്, അറഫ, എന്നീ ദിവസങ്ങളുടെ രാവുകളില്‍ അല്ലാഹു നന്മയെ തുറന്നു കൊടുക്കും.''(അദുര്‍റുല്‍ മന്‍സൂര്‍ 7/402 )

ഇബ്നുല്‍ ഹാജ് (റ) പറയുന്നു. ''അതിന് (ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് )മഹത്തായ ശ്രേഷ്ടതയും  വലിയ പുണ്യവുമുണ്ട്. മുന്‍ഗാമികള്‍ ഈ രാവിനെ ആദരിക്കുകയും പ്രത്യേക പരിഗണന നല്‍കി കര്‍മ്മ നിരതരാവുകയും ചെയ്തിരുന്നു.''(മദ്ഖല്‍ 1-499) ഇബ്നു ഹജരില്‍ ഹൈതമി (റ) പറയുന്നു. ''ഈ രാവിന് പുണ്യമുണ്ട്. പ്രത്യേകമായ പാപമോചനവും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കലും ഈ രാവിന്‍റെ പ്രത്യേകതയാണ്.''(ഫതാവല്‍ കുബ്റാ 2/80) കൂടുതല്‍ വായിക്കുക.

ശഅബാന്‍ പകുതിയുടെ രാവിലെ നിസ്കാരവും അതിന്റെ പകലിലെ നോമ്പും ശരിയാണോ എന്ന ചോദ്യത്തിന് യു.എ.ഇ മതകാര്യ വകുപ്പ്‌ അവരുടെ വെബ്സൈറ്റില്‍ നല്‍കിയ മറുപടി കാണുക.

ഈ വിഷയകമായി ബഹുമാനപ്പെട്ട കെ.കെ.എം. സഅദി ഉസ്താദ് നടത്തിയ വളരെ ഉപകാരപ്രദമായ പ്രസംഗം നിങ്ങള്‍ക്കിവിടെ സമര്‍പ്പിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍ .





ആട്ടീരി തങ്ങള്‍.