സയ്യിദ്‌ ഇബ്റാഹീ ബാദ്ഷ, ഏര്‍വാടി/Sayyid Ibraheem Badsha, Ervadi

Posted by SiM Media on 7:20 PM with No comments

നബി (സ്വ)യുടെ പതിനേഴാം തലമുറയില്‍പെട്ട സയ്യിദ്‌ അഹമദ്‌(റ)എന്നവരുടെയും സയ്യിദത്ത് ഫാത്തിമ എന്നവരുടെയും മകനായി ഹിജ്റ 530 റമളാന്‍ മൂന്നിന് (ക്രി-1137)ജനിച്ചു. പതിമൂന്നാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കി. ഭരണാധിപനായിരുന്ന പിതാവില്‍ നിന്ന് ഭരണ നിയമങ്ങളും വ്യവസ്ഥകളും പഠിച്ചു. രാജകുമാരനാണെങ്കിലും കൂടുതല്‍ സമയത്തും മസ്ജിദുന്നബവിയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ എത്തുന്നവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുകയും വിജ്ഞാനം പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്ന മഹാന് ഒരു ദിവസം തിരുദൂതരെ സ്വപ്ന ദര്‍ശനം ഉണ്ടായി.

ഇബ്റാഹീം ബാദ്ഷാ തങ്ങള്‍ ഇശാഅ നിസ്കാരം കഴിഞ്ഞ് പതിവ് ദിക്റുകള്‍ നിര്‍വഹിച്ചു. ചിന്താ നിമഗ്നനായി മസ്ജിദുന്നബവിയുടെ വരാന്തയിലിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി. സ്വപ്നത്തില്‍ റസൂലുല്ലാഹി (സ്വ)പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ അരുള്‍ ചെയ്തു. മകനെ ഇന്ത്യയുടെ വടക്കു ഭാഗത്തുപോയി ഇസ്‌ലാമിക സന്ദേശമെത്തിക്കുക. നീ മരണമടഞ്ഞാല്‍ എന്‍റെ സമീപം മറവു ചെയ്യാന്‍ അനുമതിക്ക് നീ പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ, അതിന് നീ ഒരു കാര്യം ചെയ്യുക. ഇവിടെ നിന്ന് യാത്രപോകുമ്പോള്‍ ഇവിടത്തെ ഒരു പിടിമണല്‍ എടുക്കുക. അത് അവിടെ ചെന്ന് ഊതി പറത്തുക. ആ രാജ്യം ഒരു കൊച്ചു മദീനയാകും. അവിടെയാണ് നിന്‍റെ മറവിടം. ശേഷം പ്രകാശപൂരിതമായ ഒരു വാളും നബി (സ്വ)സമ്മാനിച്ചു.

സ്വപ്ന ദര്‍ശനത്തിനു ശേഷം അത് പ്രാവര്‍ത്തികമാകാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. യമന്‍, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള മുവ്വായിരം അനുയായികളോടൊപ്പം മക്കയില്‍ ചെന്ന് ഇറാന്‍, ഇറാഖ്‌, ബലൂചിസ്ഥാന്‍ വഴി സിന്ധിലെത്തി. ഹിജ്റ 557 ലായിരുന്നു ഈ സംഭവം. പിന്നീടങ്ങോട്ട് ഇസ്‌ലാമിക പ്രബോധനത്തിന്‍റെയും അതുകാരണമായി ശത്രുക്കളില്‍ നിന്നുണ്ടായ ആക്രമണങ്ങളുടെയും കാലമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ തമിഴ്നാടിന്‍റെ പ്രധാന ഭാഗങ്ങളില്‍ ബാദ്ഷാ തങ്ങള്‍ ഇസ്‌ലാമിക പ്രബോധനം നടത്തുകയും ആയിരത്തോളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മദീന ശരീഫിലെ ഒരു വഴിയുടെ പേരാണ് യര്‍ബദ്. അത് ലോബിച്ചാണ് പിന്നീട് ഏര്‍വാടി എന്നായത്.


ഇസ്‌ലാമിക പ്രചരണ ദൌത്യവുമായി ഇന്ത്യയിലേക്ക്‌ തിരിച്ച ബാദ്ഷാ തങ്ങളോടൊപ്പം ധാരാളം അനുചരന്‍മാരും ഉണ്ടായിരുന്നു. സയ്യിദ്‌ ശഹീദ് മുഹമ്മദുല്‍ ബാഖിര്‍ (റ), സയ്യിദ്‌ ശഹീദ് ഹുസൈന്‍ (റ), സയ്യിദ്‌ ശഹീദ് ഇസ്മാഈല്‍ (റ), സയ്യിദ്‌ ശഹീദ് ഇസ്ഹാഖ് (റ), സയ്യിദ്‌ ശഹീദ് അബൂത്വാഹിര്‍( ബാദ്ഷാ തങ്ങളുടെ പുത്രന്‍) (റ), അമീര്‍ അബ്ബാസ്‌ (റ), സയ്യിദ്‌ ശഹീദ് ശംസുദ്ധീന്‍ (റ), സയ്യിദ്‌ ശഹീദ് സൈനുല്‍ ആബിദീന്‍ (റ), സയ്യിദ്‌ ശഹീദ് മുഹിയുദ്ദീന്‍ (റ), സയ്യിദ്‌ ശഹീദ് അബ്ദുല്‍ ഖാദിര്‍ (റ), ശഹീദ് ഡോ.അബ്ദുല്‍ ഹഖീം (റ), വീരര്‍ അബ്ദുല്ല (റ), സയ്യിദ്‌ ശഹീദ് നൂറുദ്ദീന്‍ (റ), സയ്യിദ്‌ ശഹീദ് ഖമറുദ്ദീന്‍ (റ), സയ്യിദ്‌ ശഹീദ് ശംസുദ്ധീന്‍ (റ), സയ്യിദ്‌ ശഹീദ് ഡോ. മുഹമ്മദ്‌ യൂസുഫ്‌ (റ), സയ്യിദ്‌ ശഹീദ് ജഡ്ജി അലി (റ), സയ്യിദ്‌ ശഹീദ് ജഅഫര്‍ മുഹമ്മദ്‌ (റ), സയ്യിദ്‌ ശഹീദ് ഇസ്മാഈല്‍(ലുഖ്മാനുല്‍ ഹകീം) (റ), സയ്യിദത്ത് അലി ഫാത്തിമ(സൈനബ്) (റ), സയ്യിദത്ത് മര്‍യം (റ), സയ്യിദത്ത് ഫാത്തിമത്തുസുഹ്റ (റ), ശൈഖ് ശാഹുല്‍ഹമീദ്‌, റാബിഅ ബീവി, തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.


അനിവാര്യമായ ഘട്ടത്തില്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളോട് യുദ്ധം ചെയ്ത് ഏര്‍വാടിയും പരിസരത്തും മറ്റു ധാരാളം സ്ഥലങ്ങളിലും ഇസ്‌ലാമിക വെള്ളി വെളിച്ചം വിതറിയ ശേഷം ഹിജ്റ 595 ദുല്‍ഖഅദ 23 ന് മഹാന്‍ ഈ ലോകത്തോട് വിട പറഞ്ഞു. 6666 ഏക്കര്‍ വിസ്തൃതിയില്‍ ശുഹദാക്കള്‍ മറപെട്ടുകിടക്കുന്നുവെന്നാണ് ചരിത്രം.ഏര്‍വാടിയില്‍ പ്രധാന മഖ്ബറ ഈ മഹാന്‍റെതാണ്. മറ്റു ധാരാളം സയ്യിദന്‍മാരുടെയും ശുഹദാക്കളുടെയും മഖാമുകള്‍ അവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. ശാരീകികവും മാനസികവുമായ നിരവധി രോഗങ്ങള്‍ക്ക് അവിടം ആശ്വാസകേന്ദ്രമാണ്. നൂറ്റാണ്ടുകളായി രോഗികള്‍ക്ക് അവിടെനിന്ന് രോഗശമനം ലഭിച്ചു വരുന്നു. പൈശാചികമായ അസുഖങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റം പ്രസിദ്ധമായ ആതമീയ കേന്ദ്രവും കൂടിയാണ് ഏര്‍വാടി. കാലാവസ്ഥാ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഏര്‍വാടിയിലേക്ക് ഒഴുകുന്ന കാഴ്ച വിശ്വാസിക്ക് കരുത്തുപകരുന്നു.

സയ്യിദ്‌ ഇബ്റാഹീം ബാദ്ഷായുടെ സില്‍സില.
سيدنا محمد صلي الله عليه وسلم
الامام علي رضي الله عنه
الامام حسين رضي الله عنه
الامام علي زين العابدين رضي الله عنه
محمد الباقر رضي الله عنه
جعفر الصادق رضي الله عنه
محمدرضي الله عنه
سعيد جلال الدين رضي الله عن
محمد رضي الله عنه
جمال الكريم رضي الله عنه
ابو الحسين رضي الله عنه
ابو داود رضي الله عنه
اسمعيل رضي الله عنه
محمد نصير رضي الله عنه
ابو يوسف الجمال رضي الله عنه
عبد الغفور رضي الله عنه
سيد ابراهيم بادشاه يرباد رضي الله عنه
I
------------------
I I
ابوطاهر / زين العابدين

ഏര്‍വാടി ശുഹടാക്കളുടെ കൂടുതല്‍ ചരിത്രം യര്‍ബദിലെ സുല്‍ത്താന്‍ എന്ന പോസ്റ്റില്‍ വായിക്കുക.