പ്രകീര്‍ത്തനം ആസ്വദിക്കുന്ന പ്രവാചകന്‍
Posted by SiM Media on 4:26 PM with No comments
നബി(സ്വ) അവിടത്തെ പ്രകീര്‍ത്തനം ചെയ്യുന്നത് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമാണ്. നബി കീര്‍ത്തന സദസ്സുകളില്‍ പ്രവാചകന്‍റെ ആത്മീയ സാന്നിധ്യമുണ്ടാകുമെന്ന് ഇമാമുകള്‍ അഭിപ്രായപ്പെടുന്നു.(നസീമുര്‍ റിയാള് 3:464അല്‍ ഖൌലുല്‍ മുന്‍ജി അലല്‍ മൌലിദില്‍ ബര്‍സഞ്ചി പേ:14) ഇമാം തഖ്‌യുദ്ദീനിസ്സുബുകി (റ)യുടെ സാന്നിധ്യത്തില്‍ ഒരു കൂട്ടം പണ്ഡിതരുള്‍പ്പെടുന്ന സദസ്സില്‍ ഒരാള്‍ അബൂസകരിയ്യാ സ്വര്‍സരി ചൊല്ലിയ കീര്‍ത്തന ഗാനം ആലപിച്ചു:
"നബി (സ്വ)യെ പറ്റി കേള്‍ക്കുമ്പോള്‍ മഹത്തുക്കള്‍ അണികളായി മുട്ടു കുത്തിയോ നിന്നോ എഴുന്നേല്‍ക്കുന്നുവെങ്കില്‍; അല്ലാഹു, അതാ നബി (സ്വ)യുടെ നാമം അവിടത്തെ ആദരിച്ചുകൊണ്ട് അര്‍ശിന്മേല്‍ എഴുതിയിരിക്കുന്നു. എലാ പദവികളെക്കാളും ഉയര്‍ന്ന പദവി!"
ഇത് കേട്ടപ്പോള്‍ ഇമാം സുബുകി എഴുന്നേറ്റു നിന്നു. അതോടൊപ്പം സദസൊന്നാകെ നിന്നു. അവാച്യമായ ഒരു അനുഭൂതിയും ആവേശവും അവര്‍ക്ക് അനുഭവപ്പെട്ടു.(ജവാഹിറുല്‍ ബിഹാര്‍ 1127 )

ബൂസൂരി (റ) കീര്‍ത്തന കാവ്യം രചിക്കുമ്പോള്‍ അത് നബി സന്നിധിയില്‍ ആലപിക്കപ്പെടുന്നതും നബി (സ്വ) അത് ആസ്വദിച്ചു ആനന്ദിക്കുന്നതും ബൂസൂരി (റ)യുടെ സ്നേഹിതന്‍ സ്വപ്നം കണ്ടു. നബി (സ്വ)യുടെ തലോടലേറ്റ് തന്‍റെ രോഗം മാറിയ അനുഭവമുണ്ടായ ഉറക്കില്‍ നിന്നും ബൂസൂരി (റ) ഉണര്‍ന്നപ്പോള്‍ ആ സ്നേഹിതന്‍ വന്നു ആവശ്യപ്പെട്ടു. "ആ കാവ്യം എന്നെ ഒന്ന് കേള്‍പ്പിക്കുമോ? നബി നന്നിധിയില്‍ അത് ആലപിക്കപ്പെടുന്നത് ഞാന്‍ കേട്ടു. അപ്പോള്‍ അവിടന്ന് മരച്ചില്ല പോലെ ചാഞ്ചാടുന്നു.(ഹാശിയത്തുല്‍ ബാജൂരി അലാമത്നില്‍ ബുര്‍ദ പേ: 78)
സ്വഹാബികളുടെ പ്രവാചക കീര്‍ത്തനം
സ്വഹാബികള്‍ നബി കീര്‍ത്തനങ്ങള്‍ പറയുകയും പാടുകയും ചെയ്തിരുന്നു. ഹസ്സാനുബ്നു സാബിത്, അബ്ദുല്ലാഹിബ്നു റവാഹ, കഅബ്ബ്നു മാലിക് (റ: ഹും:) തുടങ്ങിയവര്‍ അങ്ങനെയുള്ളവരില്‍ പ്രമുഖരായിരുന്നു. ശത്രുക്കള്‍ നബി (സ്വ) യെ ഇകഴ്ത്തിപാടുമ്പോള്‍ അവര്‍ക്ക് മറുപടിയായി പുകഴ്ത്തി ഗാനമാലപിക്കാന്‍ നിബി (സ്വ)ഹസ്സാനിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു വേണ്ടി ഹസ്സാന് പ്രത്യേക പീഠം സ്ഥാപിച്ചു കൊടുക്കുകയും വിശുദ്ധ ആത്മാവിനെ കൊണ്ട് ഹസ്സാനെ പിന്തുണക്കണമേ എന്ന് നബി (സ്വ) പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
കവിതയിലൂടെ നബി (സ്വ)യെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന കഅബ് ബ്നു സുഹൈറിനെ വധിക്കാന്‍ നബി (സ്വ) ഉത്തരവിട്ടു. കഅബ് നാട് വിട്ട് ദൂരെ പോയെങ്കിലും കടുത്ത ഭീതി അയാളെ വേട്ടയാടി. സഹോദരന്‍ ബുജൈറിന്‍റെ നിര്‍ദ്ദേശപ്പ്രകാരം വേഷപ്പ്രച്ഛന്നനായി കഅബ് നബി (സ്വ)യുടെ അടുക്കല്‍ വന്നു അഭയം തേടി. പിന്നെ പ്രശസ്തമായ തന്‍റെ പ്രവാചക കീര്‍ത്തന കാവ്യം -ബാനത്ത് സുആദ ആലപിച്ചു.

പിന്നീട് മുആവിയ (റ) പതിനായിരം ദിര്‍ഹം കൊടുത്തു ആ പുതപ്പ് വാങ്ങാന്‍ ശ്രമിച്ചുവെങ്കിലും കഅബ് കൊടുത്തില്ല. "നബി (സ്വ) തനിക്ക് തന്ന വസ്ത്രം മറ്റാര്‍ക്കും കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല." കഅബ് പറഞ്ഞു. കഅബിന്‍റെ മരണശേഷം അനന്തരവകാശികളില്‍ നിന്നും ഇരുപതിനായിരം (മുപ്പതിനായിരമെന്നും അഭിപ്രായമുണ്ട്) ദിര്‍ഹം കൊടുത്തു മുആവിയ അത് കൈവശപ്പെടുത്തി. ജുമുഅ ദിനങ്ങളിലും പെരുന്നാള്‍ പോലോത്ത ആഘോഷവേളകളിലും ഖലീഫമാര്‍ ആ പുതപ്പ് ഉപയോഗിച്ചിരുന്നു. താര്‍ത്താരികളുടെ ആക്രമണ സംഭവങ്ങളില്‍ അത് നഷ്ടമായി.
സ്വഹാബികള്‍ കീര്‍ത്തന കാവ്യം ആലപിക്കുമ്പോള്‍ നബി (സ്വ) അത് നന്നായി ആസ്വദിച്ചിരുന്നു. താന്‍ വധിക്കാന്‍ ഉത്തരവിട്ട കഅബിന് നബി (സ്വ) അഭയം നല്‍കിയെന്നു മാത്രമല്ല; തന്നെ പുകഴ്ത്തി കഅബ് പാടുന്നത് ശ്രദ്ധിച്ചു കേള്‍ക്കാന്‍ അനുയായികളോട് ആംഗ്യം കാണിക്കുകയും ചെയ്തു.
"ശ്രേഷ്ടതയിലും ഔദാര്യത്തിലും നേതൃപദവിയിലും ഞങ്ങള്‍ ആകാശത്തോളമെത്തി അതിനപ്പുറം ഞങ്ങള്‍ മേഖല തേടുന്നു..."
എന്നിങ്ങനെ നാബിഗ: നബി (സ്വ) യുടെ സന്നിധിതിയില്‍ വെച്ച് പ്രകീര്‍ത്തിച്ചു കൊണ്ട് പാടിയപ്പോള്‍ നബി (സ്വ) ചോദിച്ചു.
"എവിടം വരെയാണ് അബൂലൈല?"
"ദൈവദൂതരെ! താങ്കളുടെ കൂടെ സ്വര്‍ഗ്ഗത്തിലെത്തുന്നത് വരെ" നാബിഗ: മറുപടി പറഞ്ഞു. "ഇന്‍ശാ അല്ലാഹ്, അങ്ങനെ തന്നെ!" അപ്പോള്‍ നബി (സ്വ) പ്രതിവചിച്ചു.
നാബിഗ: പ്രവാചകനെ പ്രശംസിച്ചു വീണ്ടും പാടി. സന്തോഷത്തോടെ നബി (സ്വ) പറഞ്ഞു: " നിന്‍റെ വായ അല്ലാഹു കേടു വരുത്താതിരിക്കട്ടെ" ആ പ്രാര്‍ത്ഥനയുടെ ഫലമായി നാബിഗ:യുടെ വായില്‍ പല്ല് കൊഴിയുമ്പോഴെല്ലാം ആ സ്ഥാനത്ത് പുതിയത് മുളക്കുമായിരുന്നു. നാബിഗ: മുന്നൂറു വര്‍ഷത്തോളം ജീവിച്ചുവെന്ന് പറയപ്പെടുന്നു.(നസീമുര്‍റിയാള് 3:119)
ലൈല ബിന്‍ത്ഹാരിസ്, ഹംസത്തുബ്നു അബ്ദില്‍ മുത്തലിബ്, അംറുബ്നു സാലിമില്‍ ഖുസാഈ, ഖുര്‍റത്തുബ്നു ഹുബൈറ, അബ്ബാസുബ്നു മിര്‍ദാസ്, അനസുബ്നു സനീം, അബ്ദുല്ലാഹിബ്നു സ്സുബഅരി, അബൂ ഇസ്സത്തില്‍ ജംഹി, അബ്ദുബ്നു സലമ (റ:ഹും:) തുടങ്ങിയ സ്വഹാബികള്‍ പ്രവാചക കീര്‍ത്തനമാലപിച്ചവരില്‍ പെടുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഫാത്തിമ, സഫിയ്യബിന്‍ത് അബ്ദുല്‍ മുത്തലിബ്, അബൂ സുഫ്‌യാന്‍, അബ്ബാസ് (റ:ഹും:) തുടങ്ങിയവര്‍ പ്രവാചകന്‍റെ വിയോഗ ശേഷം ആലപിച്ച വിലാപ കാവ്യങ്ങള്‍ ഹൃദയമഥനക്ഷമമായ കീര്‍ത്തനങ്ങളാണ് (സീറ: ഇബ്നു ഹിശാം)
പ്രകീര്‍ത്തനത്തിന്‍റെ തത്വശാസ്ത്രം
.jpg)
അല്ലാഹുവിന്‍റെ ആത്മ മിത്രമായ ഇബ്റാഹീം നബി (അ) അവസാനത്തെ സമുദായത്തില്‍ തന്നെ പ്രകീര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. (ഖു:29:84) ആകാശ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള എല്ലാമതക്കാരും ഇബ്റാഹീം നബി (അ)യെ ആദരിക്കുന്നു. ജൂതരും ക്രിസ്തീയരും ഇബ്റാഹീം നബി (അ)യുടെ പൈതൃകം അവകാശപ്പെടുന്നു. സത്യവിശ്വാസികളും സച്ചരിതരുമായ മുസ്‌ലിംകള്‍ അഞ്ചു നേരത്തെ നിസ്കാരങ്ങളില്‍ ഇബ്റാഹിം നബി (അ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. അദ്ദേഹത്തിന്‍റെ പാത പിന്തുടരുന്നു. ഇബ്റാഹിം നബി (അ)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചുവെന്ന് ഈ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നു. "ഇഹത്തില്‍ അദ്ദേഹത്തിന് പ്രതിഫലം നാം നല്‍കി" എന്ന ഖുര്‍ആന്‍ വാക്യത്തിന്‍റെ (29:28) താല്പര്യവും അതുതന്നെയാണ്.(ജലാലൈനി ഹാമിശുജമല്‍ 3:374)
അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ജിബ് രീല്‍ (അ)ന്‍റെ പോലും സഹായ ഹസ്തം തിരസ്കരിക്കുകയും അല്ലാഹു തന്‍റെ സ്ഥിതി അറിയുമെന്ന വിശ്വാസത്തില്‍ അവനോട് പോലും സഹായം അപേക്ഷിക്കാതിരിക്കുകയും ചെയ്ത ഇബ്റാഹിം നബി (അ), എന്തു കൊണ്ട് നാം ഉമ്മത്ത് മുഹമ്മദ് (സ്വ) അദ്ദേഹത്തെ പ്രശംസിക്കണമെന്ന് ആഗ്രഹിച്ചു? അതിനു വേണ്ടി എന്തിനു പ്രാര്‍ത്ഥിച്ചു?
![]() |
ഏറണാകുളത്ത് നടന്ന ഹുബ്ബുര്‍റസൂല്‍ സമ്മേളനം |
രണ്ട്:ഇങ്ങനെ ജനമധ്യത്തില്‍ പ്രകീര്‍ത്തിക്കപെടുന്ന വിധം ഒരാള്‍ മഹത്വമാര്‍ജ്ജിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രശസ്തിയും ജനങ്ങള്‍ ചൊരിയുന്ന പ്രശംസയും അദ്ദേഹത്തെ അനുകരിക്കാനും അദ്ദേഹത്തെ പോലെ മഹത്വം കൈവരിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു.(തഫ്സീര്‍ റാസി 23:134)
ആശയങ്ങള്‍ക്ക് ആതമാവ് നല്‍കുന്ന മഹദ് വ്യക്തിത്വങ്ങളിലൂടെ ജനങ്ങളെ സംസ്കരിച്ചെടുക്കുക എന്ന തത്വമാണ് പ്രവാചകന്മാരെ നിയോഗിക്കുന്നതില്‍ അടങ്ങിയിട്ടുള്ളത്. അവരുടെ പാപ മുക്തവും പരിശുദ്ധവുമായ ജീവിതത്തിലാകൃഷ്ടരായി ജനങ്ങള്‍ അവരെ അനുധാവനം ചെയ്യുന്നു; സംസ്കൃതരാകുന്നു.
പ്രവാചകന്മാര്‍ ഇവിടെ നിര്‍വഹിച്ച ദൌത്യവും പരിശുദ്ധ ആത്മാക്കളെ സൃഷ്ട്ടിക്കലായിരുന്നു. കേവലം ഖുര്‍ആനും സുന്നത്തും ജനങ്ങള്‍ക്കെത്തിച്ചു കൊടുത്തു രംഗത്തു നിന്നു പിന്മാറുകയല്ല മുഹമ്മദ് നബി (സ്വ) ചെയ്തത്. ഖുര്‍ആന്‍ പാരായണവും അതിന്‍റെ അര്‍ത്ഥ വ്യാഖ്യാനവും അനുയായികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. നബി (സ്വ)യുടെ നിരന്തര നിരീക്ഷണത്തിലും ശിക്ഷണത്തിലും വളര്‍ന്ന സ്വഹാബത്ത് അത് വള്ളി പുള്ളി വിത്യാസമില്ലാതെ ജീവിതത്തില്‍ പകര്‍ത്തി. അങ്ങനെ അവര്‍ ജീവിക്കുന്ന ഖുര്‍ആനും സഞ്ചരിക്കുന്ന തിരുസുന്നത്തുമായി ലോകത്തിന്‍റെ നാനാ കോണുകളിലും ഇസ്‌ലാമിക ദീപശിഖയുമായി പ്രയാണം ചെയ്ത സ്വഹാബത്തിന്‍റെയും ശേഷമുള്ള സജ്ജനങ്ങളുടെയും നീലാകാശം പോലെ നിര്‍മ്മലവും താരകങ്ങളുടെ തിളക്കവുമുള്ള ജീവിതത്തിന്‍റെ മാസ്മരികവലയത്തിലേക്ക് ജനപദങ്ങള്‍ ആഘര്‍ഷിക്കപ്പെട്ടു. ആയിരക്കണക്കിന് വാളുകള്‍ക്കും പതിനായിരക്കണക്കിന് ഗ്രന്ഥങ്ങള്‍ക്കും സാധിക്കാത്തത് ഒരു മഹാത്മാവിന് സ്വന്തം ജീവിതത്തിലൂടെ സാധിച്ചു. ഏഷ്യയുടെയും ആഫ്രിക്കയുടെയും മറ്റു മുക്കുമൂലകളില്‍ ഇസ്‌ലാം പ്രചരിച്ചതിന്‍റെ പിന്നില്‍ ഒരു മഹാത്മാവിന്‍റെയെങ്കിലും മാതൃകാജീവിതത്തിന്‍റെ സ്വാധീനം കാണാം.
നബി (സ്വ)പറയുന്നു: അല്ലാഹു ഒരു ദാസനെ ഇഷ്ട്ടപ്പെട്ടാല്‍ ജിബ് രീലിനോട് പറയും ഞാന്‍ ഇന്നാലിന്നവനെ സ്നേഹിക്കുന്നു. താങ്കളും അദ്ദേഹത്തെ സ്നേഹിക്കുക. അങ്ങനെ ജിബ് രീല്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. പിന്നെ, ജിബ് രീല്‍ ആകാശ വാസികളോട് വിളിച്ചു പറയും. നിശ്ചയം അല്ലാഹു ഇന്നാലിന്നവനെ സ്നേഹിച്ചിരിക്കുന്നു. നിങ്ങളും അദ്ദേഹത്തെ സ്നേഹിക്കുക. അപ്പ്രകാരം ആകാശവാസികളെല്ലാം അദ്ദേഹത്തെ സ്നേഹിക്കുന്നു. ശേഷം ഭൂമിയിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ടാകുന്നു. ഭൂമുഖ നിവാസികളുടെ മനസ്സില്‍ അദ്ദേഹത്തോട് സ്നേഹവും ആദരവും ജനിക്കുകയും അവര്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യും.(സ്വഹീഹുല്‍ ബുഖാരി)
വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെ പ്രവാചകന്മാരുടെയും ഖിളിര്‍, ലുഖ്മാന്‍, ദുല്‍ഖര്‍ നൈന്, അസ്ഹാബുല്‍ കഹ്ഫ്, മര്‍യം ബീവി (റ:ഹും:) തുടങ്ങിയ മഹാത്മാക്കളുടെയും ചരിത്രം പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും അല്ലാഹു അവരെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചക ചരിത്ര കഥനത്തിന്‍റെ ലക്ഷ്യം അല്ലാഹു വിവരിക്കുന്നു. "താങ്കളുടെ ഹൃദയത്തിന് സ്വൈര്യം പകരാന്‍ പ്രവാചക വൃത്താന്തങ്ങളില്‍ നിന്നും ഓരോരുത്തരെപറ്റി താങ്ങള്‍ക്ക് നാം കഥനം ചെയ്തു തരുന്നു."(ഖു: 11:120) ഹൃദയ ശാന്തിയും ആത്മധൈര്യവും സജ്ജനകീര്‍ത്തനത്തിലൂടെ ലഭ്യമാകുന്നുവെന്ന് ചുരുക്കം.
![]() |
കോഴിക്കോട് നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് |
വിശുദ്ധ ഖുര്‍ആനിലെ " താങ്കളുടെ സ്മരണ നാം ഉയര്‍ത്തിയിരിക്കുന്നു" എന്ന വാക്യം (90:3) ഇമാം റാസി (റ) ഇങ്ങനെ വ്യാഖ്യാനിക്കുന്നു. "താങ്കളുടെ അനുയായികളാല്‍ ഞാന്‍ ലോകം നിറക്കും എല്ലാവരും താങ്കളെ പ്രശംസിക്കുകയും സ്വലാത്ത് ചൊല്ലുകയും താങ്കളുടെ ചര്യ സംരക്ഷിക്കുകയും ചെയ്യും. പണ്ഡിതന്മാരും രാജാക്കന്മാരും താങ്ങള്‍ക്ക് സേവനമര്‍പ്പിക്കാന്‍ വന്നുചേരുകയും താങ്കളുടെ കവാടത്തിന്‍റെ പിന്നില്‍ നിന്ന് സലാം ചൊല്ലുകയും താങ്കളുടെ റൌളയുടെ മണ്ണ് കൊണ്ട് അവരുടെ മുഖം തടവുകയും താങ്കളുടെ ശുപാര്‍ശ കാംഷിക്കുകയും ചെയ്യും. അങ്ങനെ താങ്കളുടെ മഹത്വം അന്ത്യനാള്‍ വരെ നിലനില്‍ക്കും"(തഫ്സീര്‍ റാസി 36:6)
കടപ്പാട്;
മദീനയിലേക്കുള്ള വഴിത്താര
യൂസുഫ് ഫൈസി.
Categories: തിരുനബി സ്നേഹം
0 comments:
Post a Comment