ബറാഅത്ത്: പുണ്യങ്ങളുടെയും വിധിനിശ്ചയങ്ങളുടെയും രാവ്‌

Posted by SiM Media on 12:48 AM with No comments
പ്രപഞ്ചനാഥന്‍ മനുഷ്യരില്‍ നിന്ന് ചില മനുഷ്യര്‍ക്ക്‌ പവിത്രത നല്‍കിയിരിക്കുന്നു. അപ്രകാരം ചില സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വസ്തുക്കള്‍, മാസങ്ങള്‍, ദിവസങ്ങള്‍, സമയങ്ങള്‍, എന്നിവക്കും അല്ലാഹു പവിത്രത നല്‍കിയിരിക്കുന്നു. അവന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത കാര്യങ്ങളെ ബഹുമാനിക്കലും ആദരിക്കലും സത്യവിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു. ''അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിച്ചാല്‍ അത് തന്‍റെ രക്ഷിതാവിന്‍റെയടുക്കല്‍ അവന് ഗുണമായിരിക്കും''(സൂറത്തുല്‍ ഹജ്ജ്‌ -30)

ശഅബാന്‍ 
അല്ലാഹു പവിത്രത നല്‍കിയ മാസങ്ങളില്‍ ഒന്നാണ് ശഅബാന്‍ . ഈ മാസത്തിന്‍റെ പവിത്രത ധാരാളം ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ഹാഫിള് നസ്റു ബ്നു മുഹമ്മദ്‌ (റ) രേഖപ്പെടുത്തുന്നു. നബി (സ്വ) പറഞ്ഞു. ''റജബ് എന്‍റെ സമുദായത്തിന്‍റെ മാസമാണ്. മറ്റു മാസങ്ങളെ അപേക്ഷിച്ച് ജബിന്‍റെ ശ്രേഷ്ടത മറ്റു സമുദായങ്ങളെക്കാള്‍ എന്‍റെ സമുദായത്തിനുള്ള ശ്രേഷ്ടത പോലെയാണ്. ശഅബാന്‍ എന്‍റെ മാസമാണ്. മറ്റു മാസങ്ങളെ അപേക്ഷിച്ച് ശഅബാനിനുള്ള ശ്രേഷ്ടത മറ്റു അമ്പിയാക്കളെക്കാളും എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. റമളാന്‍ അല്ലാഹുവിന്‍റെ മാസമാണ്. മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനിനുള്ള ശ്രേഷ്ടത മറ്റ് സൃഷ്ടികളെക്കാളും എനിക്കുള്ള ശ്രേഷ്ടത പോലെയാണ്.'' (തന്‍ബീഹ് 117)

നബി (സ്വ) ശഅബാന്‍ മാസത്തില്‍ മറ്റ് മാസങ്ങളെക്കാള്‍ കൂടുതല്‍ ആരാധനകളില്‍ മുഴുകിയിരുന്നു. ആഇശ (റ) പറഞ്ഞു. '' നബി (സ്വ) ശഅബാനിനേക്കാള്‍ കൂടുതലായി മറ്റൊരു മാസവും നോമ്പനുഷ്ടിച്ചിട്ടില്ല. കാരണം നബി (സ്വ) ശഅബാന്‍ മാസം മുഴുവനും നോമ്പനുഷ്ടിച്ചിരുന്നു.''.(ബുഖാരി, മുസ്‌ലിം)

ബറാഅത്ത് രാവ്‌
ശഅബാന്‍ മാസത്തില്‍ വളരെ പുണ്യമായതും ആദരിക്കപ്പെടേണ്ടതുമായ രാവാണ് ശഅബാന്‍ പതിനഞ്ചാം രാവ്‌. ബറാഅത്ത് എന്ന പേരില്‍ ഈ രാവാണ് അറിയപ്പെടുന്നത്. അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആന്‍ )ഒരനുഗ്രഹ രാത്രിയില്‍ ഇറക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു.''(സൂറത്ത് ദുഖാന്‍ - 2,3,4). ഈ ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നത് കാണുക. ഇമാം റാസി (റ) പറയുന്നു. ''ഇക് രിമ (റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവാണ്. അത് ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്.''(തഫ്സീറുല്‍ കബീര്‍ 22/239)

ഇസ്മാഈലുല്‍ ഹിഖി (റ) പറയുന്നു. ''ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറയുന്നു. ബറക്കത്തുള്ള രാവ്‌ കൊണ്ട് ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണ്.''(റൂഹുല്‍ ബയാന്‍ 8/402, ജാമിഉല്‍ ബയാന്‍ 25/109, മദാരിക് 4/126)

മഹ്മൂദ് ആലൂസി എഴുതുന്നു. ''ഇക് രിമ (റ )വും ഒരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവ്‌ ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്. ഇതിന് ബറാഅത്ത് രാവ്‌ എന്നും പേരുണ്ട്.''(റൂഹുല്‍ മആനി 25-110 ഇബ്നുല്‍ ജൌസിയുടെ സാദുല്‍ മസീര്‍ - ഇമാം സുയൂഥി (റ) യുടെ അദുര്‍റുല്‍ മന്‍സൂര്‍ ഷൌകാനിയുടെ ഫത്‌ഹുല്‍ ഖദീര്‍ ഇമാം ഖുര്‍ഥുബി(റ)യുടെ അല്‍ ജാമിഅ ലില്‍ അഹ്കാമില്‍ ഖുര്‍ആന്‍ 17/166 ) തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഈ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.

മേല്‍ പറയപ്പെട്ട സൂക്തത്തിന്‍റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാത പണ്ഡിതര്‍ രേഖപ്പെടുത്തിയ വിഷയമാണ് മുമ്പ്‌ സൂചിപ്പിച്ചത്. എന്നാല്‍ പ്രസ്തുത സൂക്തത്തില്‍ മേല്‍ വ്യാഖ്യാനം നല്‍കിയ ചില പണ്ഡിതര്‍ അത് ലൈലത്തുല്‍ ഖദ് റിനെ കൂടി ഉള്‍പ്പെടുത്തുമെന്ന് വ്യാഖ്യാനിച്ചത് കാണാം. അപ്പോള്‍ ഈ സൂക്തത്തിന്‍റെ വ്യാഖ്യാന പരിധിയില്‍ ലൈലത്തുല്‍ ഖദ്‌റും ഉള്‍പ്പെടുന്നു. എന്നല്ലാതെ ഒന്ന് മറ്റൊന്നിനെ നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഒരു സൂക്തത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടായാല്‍ വൈരുദ്ധ്യമായി വിലയിരുത്തി തള്ളിക്കളയുന്നതിനു പകരം വൈവിധ്യമായി മനസ്സിലാക്കി പ്രസ്തുത അഭിപ്രായങ്ങളെ ഉള്‍കൊള്ളുകയും അംഗീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഈ നിയമം വ്യാഖ്യാനത്തിന്‍റെ നിദാനശാസ്ത്രം വിവരിക്കുന്ന പണ്ഡിതര്‍ ഉണര്‍ത്തിയത് കാണാം.(തഫ്സീറുല്‍  കബീര്‍ )

ആഇശ (റ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ആഇശ (റ) പറയുന്നു. ''നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ബലിപെരുന്നാള്‍, ചെറിയപെരുന്നാള്‍, ശഅബാന്‍ പതിനഞ്ച്, അറഫ, എന്നീ ദിവസങ്ങളുടെ രാവുകളില്‍ അല്ലാഹു നന്മയെ തുറന്നു കൊടുക്കും.''(അദുര്‍റുല്‍ മന്‍സൂര്‍ 7/402 )

ഇബ്നുല്‍ ഹാജ് (റ) പറയുന്നു. ''അതിന് (ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് )മഹത്തായ ശ്രേഷ്ടതയും  വലിയ പുണ്യവുമുണ്ട്. മുന്‍ഗാമികള്‍ ഈ രാവിനെ ആദരിക്കുകയും പ്രത്യേക പരിഗണന നല്‍കി കര്‍മ്മ നിരതരാവുകയും ചെയ്തിരുന്നു.''(മദ്ഖല്‍ 1-499) ഇബ്നു ഹജരില്‍ ഹൈതമി (റ) പറയുന്നു. ''ഈ രാവിന് പുണ്യമുണ്ട്. പ്രത്യേകമായ പാപമോചനവും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കലും ഈ രാവിന്‍റെ പ്രത്യേകതയാണ്.''(ഫതാവല്‍ കുബ്റാ 2/80)

ബറാഅത്ത് രാവും വിമര്‍ശകരും
ബറാഅത്ത് രാവിന്‍റെ മഹത്വത്തെ അംഗീകരിക്കാത്ത പുത്തന്‍ ചിന്താഗതിക്കാര്‍ ബഹുമാനം പാടിപ്പുകഴ്ത്തുകയും അവരുടെ നേതാവായി പരിചയപ്പെടുത്താറുള്ള ഇബ്നു തൈമിയ്യ ഈ രാവിനെ കുറിച്ച് പറയുന്നത് കാണുക. ''ശഅബാന്‍ പകുതിയുടെ രാവിന്‍റെ പുണ്യം വിവരിക്കുന്ന ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സലഫില്‍പെട്ട ഒരു വിഭാഗം ശഅബാന്‍ പതിനഞ്ചാം രാവില്‍ നിസ്കരിച്ചിരുന്നതായി സലഫില്‍ നിന്ന്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഒരാള്‍ ഈ രാവില്‍ സ്വന്തം നിസ്കരിക്കുകയാണെങ്കില്‍ അതില്‍ സലഫിന്‍റെ മാതൃകയുണ്ട്.''(ഫതാവാ ഇബ്നു തൈമിയ്യ- 23/80)

പ്രയോഗങ്ങള്‍
  1. ലൈലത്തുത്തക്ഫീര്‍
  2. ലൈലത്തുല്‍ ഖിസ്മ
  3. ലൈലത്തുല്‍ മുബാറക 
  4. ലൈലത്തുല്‍  ഇജാബ
  5. ലൈലത്തുല്‍  ഹയാത്ത്
  6. ലൈലത്തു ഈദില്‍മലാഇക 
  7. ലൈലത്തുശഫാഅ
  8. ലൈലത്തുല്‍  ബറാഅ
  9. ലൈലത്തുസ്സ്വക്ക്
  10. ലൈലത്തുല്‍  ഇജാസ
  11. ലൈലത്തുല്‍  റുജ്ഹാന്‍ 
  12. ലൈലത്തുത്തഅളീം 
  13. ലൈലത്തുല്‍  ഖദര്‍ 
  14. ലൈലത്തുല്‍  ഗുഫ്റാന്‍ 
  15. ലൈലത്തുല്‍  ഇത്ഖ്‌ 
തുടങ്ങിയവ അവയില്‍ പ്രധാനമായവയാണ്. ഇമാം റാസി (റ) പ്രധാനമായ പ്രയോഗങ്ങളെ നാലാക്കി തരംതിരിച്ചത് കാണാം. ഇമാം റാസി (റ) പറയുന്നു. ''ഈ രാവിന് നാല് പേരുകളുണ്ട്. ലൈലത്തുല്‍ മുബാറക (അനുഗ്രഹീത രാത്രി) ലൈലത്തുല്‍ ബറാഅ(മോചന രാത്രി)ലൈലത്തു സ്സ്വഖ്‌ (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലത്തു റഹ്മ(പുണ്യങ്ങള്‍ ഇറങ്ങുന്ന രാത്രി)''(തഫ്സീറുല്‍ കബീര്‍ 27/238, റൂഹുല്‍ ബയാന്‍ 8/402, റൂഹുല്‍ മ ആനി 25/110, സ്വാവി 4/51, ജമല്‍ 4/100 )

പ്രത്യേകതകള്‍ 
  • മനുഷ്യരുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നു. നബി (സ്വ)പറഞ്ഞു.''ശ അബാന്‍ പകുതിയുടെ രാത്രിയില്‍ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ തീരുമാനിക്കപെടും''( റൂഹുല്‍ മ ആനി  25/113)  അബാന്‍ പകുതിയുടെ രാവില്‍ ആ വര്‍ഷത്തില്‍ മരിപ്പിക്കാന്‍ ഉദ്ദേശിച്ച മുഴുവന്‍ ആളുകളെയും മലകുല്‍ മൌതിനു അല്ലാഹു അറിയിച്ചു കൊടുക്കുന്നത് ആ രാവിന്‍റെ പ്രത്യേകതയായി നബി (സ്വ)യില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടത് ഇതിനോട് ചേര്‍ത്തു വായിക്കാം ( റൂഹുല്‍ മ ആനി 25/113)
  • അനുഗ്രഹം വര്‍ഷിക്കുന്നു.  നബി (സ്വ)പറഞ്ഞു.''കലബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ ഈ രാവില്‍ എന്‍റെ സമുദായത്തില്‍പെട്ടവര്‍ക്ക്‌ അല്ലാഹു റഹ്മത്ത് (അനുഗ്രഹം)ചെയ്യും.''( തഫ്സീറുല്‍ കബീര്‍ 27/239 ) മുല്ലാഅലിയ്യുല്‍ ഖാരി പറയുന്നു.''ഇവിടെ കലബ് ഗോത്രത്തെ പ്രത്യേകമായി പറയാനുള്ള കാരണം അക്കാലത്ത് മറ്റു അറബികളെക്കാള്‍ കൂടുതല്‍ ആടുകളുണ്ടായിരുന്ന ഗോത്രമായിരുന്നു കലബ്''(മിര്‍ഖാത്ത് 2/172)
  • പാപങ്ങള്‍ പൊറുക്കപ്പെടുന്നു. മുആദ്ബ്നു ജബല്‍ (റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു. ''ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്‍റെ അടിമകള്‍ക്ക്‌ കാരുണ്വര്‍ഷം ചൊരിയുകയും ബഹു ദൈവ വിശ്വാസിയും കുഴപ്പക്കാരനുമല്ലാത്ത മുഴുവന്‍ അടിമകള്‍ക്കും അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.''(അത്തര്‍ഗീബു വത്തര്‍ഹീബ് 2/18). ഇവിടെ കുഴപ്പക്കാരന്‍ എന്നതിന്‍റെ പരിധിയില്‍ പുത്തനാശയക്കാരെ പണ്ഡിതന്മാര്‍ പ്രത്യേകമായി എടുത്തു പറഞ്ഞതു കാണാം.( റൂഹുല്‍ ബയാന്‍ 8/40). ആഇശ (റ) പറയുന്നു.''നബി (സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റ് നിസ്കരിച്ചു. ദീര്‍ഘമായ സുജൂദ്‌ ചെയ്തു നബി (സ്വ) വഫാത്തായിരിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. നബി (സ) സുജൂദില്‍ നിന്ന് തല ഉയര്‍ത്തി നിസ്ക്കാരം അവസാനിപ്പിച്ചു, എന്നോട് ചോദിച്ചു.'' ''നബി (സ്വ)നിന്നെ വഞ്ചിക്കുമെന്ന് നീ കരുതിയോ?'' ഞാന്‍ പറഞ്ഞു  ''അല്ലാഹുവാണ ഞാന്‍ അങ്ങിനെ വിചാരിച്ചിട്ടില്ല പ്രവാചകരെ.'' പക്ഷെ നിങ്ങളുടെ സുജൂദിന്‍റെ ദൈര്‍ഘ്യം കാരണം നിങ്ങള്‍ വഫാത്തായിരിക്കുമോയ്യെന്നു ഞാന്‍ ഭയപ്പെട്ടതാണ്. പിന്നീട് എന്നോട് നബി (സ്വ)ചോദിച്ചു. ''ഈ രാത്രി ഏതാണെന്ന് നിനക്ക് അറിയുമോ? ഞാന്‍ പറഞ്ഞു അല്ലാഹുവിനും അവന്‍റെ റസൂലിനുമറിയാം.'' നബി (സ്വ) പറഞ്ഞു. ''ഇത് ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്. അവനോട് പൊറുക്കലിനെ ചോദിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തു കൊടുക്കുകയും അവനോട് കാരുണ്യം തേടുന്നവര്‍ക്ക്‌ അവന്‍ കരുണ ചെയ്യുകയും ഉള്‍പകയുള്ളവരെ അതേ അവസ്ഥയില്‍ പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ്.''( അത്തര്‍ഗീബു വത്തര്‍ഹീബ്2/119 ).  ആഇശ (റ) പറയുന്നു. ''ഒരു രാത്രിയില്‍ നബി (സ്വ)യെ ഞാന്‍ വിരിപ്പില്‍ കാണാതായപ്പോള്‍ നബി (സ്വ)യെ അന്വേഷിച്ച് ഞാന്‍ പുറപ്പെട്ട സമയം കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖബര്‍ സ്ഥാനമായ ബഖീഇല്‍ നബി (സ്വ)നില്‍ക്കുന്നതായാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.'' നബി (സ്വ)ചോദിച്ചു. ''ആഇശാ അല്ലാഹുവും അവന്‍റെ റസൂലും നിന്നോട് അനീതി ചെയ്യുമെന്ന് നീ ഭയപ്പെടുന്നുണ്ടോ?'' ഞാന്‍ പറഞ്ഞു. ''അല്ലാഹുവിന്‍റെ റസൂലെ നിങ്ങള്‍ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക്‌ പോയതായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു.'' അപ്പോള്‍ നബി (സ്വ)പറഞ്ഞു. ''തീര്‍ച്ചയായും ശഅബാനിന്‍റെ പതിനഞ്ചാം രാവില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം ഒന്നാനാകാശത്തിലേക്ക് ഇറങ്ങും എന്നിട്ട് കലബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്‍റെ രോമത്തെക്കാള്‍ ദോഷം ചെയ്തവരാണെങ്കിലും അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും.'' നബി (സ്വ)പറഞ്ഞു. ''അല്ലാഹു ഈ രാത്രിയില്‍  മുഴുവന്‍ മുസ്‌ലിംകള്‍ക്കും പൊറുത്ത് കൊടുക്കും  വ്യഭിചാരി, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവന്‍, ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്നവന്‍, ജ്യോത്സ്യന്‍, ശത്രുതാമനോഭാവമുള്ളവന്‍ ഇവര്‍ക്കൊഴികെ (അവര്‍ പാശ്ചാതപിച്ചു മടങ്ങുന്നതു വരെ പൊറുക്കുകയില്ല എന്നുസാരം.)'' ( തഫ്സീറുല്‍ കബീര്‍ 27/238).
  • നബി (സ്വ)ക്ക് ശഫാഅത്തിനുള്ള പൂര്‍ണ്ണമായ അനുവാദം ലഭിച്ചു. ഇമാം റാസി (റ) പറയുന്നു. ''നബി (സ്വ)ശഅബാന്‍ പതിമൂന്നിന്‍റെ രാവില്‍ നബി (സ്വ)യുടെ മുഴുവന്‍ ഉമ്മത്തിന്‍റെയും കാര്യത്തില്‍ ശഫാഅത്ത് ചെയ്യാനുള്ള പൂര്‍ണ്ണമായ അനുവാദം ചോദിച്ചു. അപ്പോള്‍ മൂന്നില്‍ ഒരു വിഭാഗത്തില്‍ ശഫാഅത്തിനുള്ള അനുവാദം നബി (സ്വ)ക്ക് നല്‍കപ്പെട്ടു. പതിനാലിന്‍റെ രാവില്‍ വീണ്ടും നബി (സ്വ)ചോദിച്ചു. അപ്പോള്‍ മൂന്നില്‍ രണ്ടു ഭാഗത്തില്‍ ശഫാഅത്ത് ചെയ്യാനുള്ള അനുവാദം നല്‍കപ്പെട്ടു. പിന്നീട് പതിനഞ്ചിന്‍റെ രാവില്‍ നബി (സ്വ) വീണ്ടും ചോദിച്ചു. അപ്പോള്‍ ഒട്ടകം വഴിതെറ്റിയതുപോലെ അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കാത്ത മുഴുവന്‍ ആളുകളിലും ശഫാഅത്ത് ചെയ്യാനുള്ള അനുവാദം നല്‍കപ്പെട്ടു.( തഫ്സീറുല്‍ കബീര്‍ 27/239,  റൂഹുല്‍ മ ആനി 25/112)
  • പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു. ഇബ്നു ഹജറില്‍ ഹൈതമി(റ) പറയുന്നു. ഇമാം ശാഫിഈ (റ) പറഞ്ഞു. ''ജുമുഅ, ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍, റജബ് മാസം ഒന്ന്‍, ശഅബാന്‍ പതിനഞ്ച്, എന്നീ ദിവസങ്ങളുടെ രാവുകളില്‍ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം നല്‍കപ്പെടുന്നു.'' (ഫതാവല്‍ കുബ്റ 2/80 ഇത്ഹാഫ്‌ 5/565)
  • നരക മോചനം. ഇമാം ബൈഹഖി (റ) ആഇശ (റ)യില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസില്‍ നബി (സ്വ)പറഞ്ഞതായി കാണാം. നബി (സ്വ)പറഞ്ഞു. ''ജിബ്‌രീല്‍ (അ)എന്നെ സമീപിച്ചു പറഞ്ഞു. ഇത് ശഅബാന്‍ പകുതിയുടെ രാവാണ്. ഈ രാവില്‍ കലബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ ആളുകളെ നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. കുടുംബ ശൈഥില്യം സൃഷ്ട്ടിക്കുന്നവന്‍, ബഹുദൈവാരാധകന്‍, മാതാപിതാക്കള്‍ക്ക്‌ വഴിപ്പെടാത്തവന്‍, അഹങ്കാരത്തോടെ ഞെരിയാണിക്കുതാഴെ തുണിതാഴ്ത്തിയിടുന്നവന്‍, ലഹരിപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നവന്‍ തുടങ്ങിയവരിലേക്ക് അവന്‍റെ കാരുണ്യം കടാക്ഷിക്കുകയില്ല.'' ( അത്തര്‍ഗീബു വത്തര്‍ഹീബ് 2/118)
  • മരിച്ചവരുടെ ആത്മാക്കള്‍ വീട്ടിലേക്ക്‌ വരുന്നു. ഈ രാവില്‍ വീടുകളില്‍ നിന്ന്‍ മരണപ്പെട്ടു പോയവരുടെ ആത്മാക്കള്‍ നമ്മുടെ വീടിന്‍റെ കവാടത്തില്‍ വന്ന്‍ അവര്‍ വിളിച്ച് പറയും. ''ഈ പുണ്യ രാവില്‍ ഞങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍ വല്ല സ്വദഖയും ചെയ്യുക. ഞങ്ങള്‍ സ്വദഖയെ വളരെയധികം ആഗ്രഹിക്കുന്നു. നിങ്ങള്‍ സ്വദഖ നല്‍കാതെ പിശുക്ക് കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി ഫാത്തിഹ ഓതി ദുആ ചെയ്യുക. നിങ്ങള്‍ ഒരിക്കലും ഞങ്ങളെ മറന്ന്‍ പോവരുത്.'' അങ്ങിനെ മയ്യിത്തിന് വേണ്ടി അവര്‍ സ്വദഖ നല്‍കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്‌താല്‍ സന്തോഷപൂര്‍വം ആതമാക്കള്‍ തിരിച്ച് പോവുകയും അപ്രകാരം ചെയ്യാത്ത പക്ഷം ആതമാക്കള്‍ വളരെ ദുഖിതരായും നിരാശരായും മടങ്ങി പോവുന്നതാണ്. (ദഖാഇഖുല്‍ അഖ്ബാര്‍ 19)
  • സംസം വെള്ളം കൂടുന്നു. ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു. ''ഈ രാത്രിയില്‍ സംസം വെള്ളത്തെ പ്രത്യക്ഷമായി കൊണ്ട് തന്നെ കൂടുതലാക്കല്‍ അല്ലാഹുവിന്‍റെ പതിവില്‍ പെട്ടതാകുന്നു.''( റൂഹുല്‍ ബയാന്‍ 8/404) വിശുദ്ധ ഖുര്‍ആന്‍ ഹദീസ്‌ പണ്ഡിത മഹത്തുക്കളുടെ ഉദ്ദരണി  എന്നീ പ്രമാണങ്ങളില്‍ നിന്ന്‍ ശഅബാന്‍ പതിനഞ്ചാം രാവ്‌ പവിത്രതയുള്ളതാണെന്നും നിരവധി പ്രത്യേകതയുള്ള രാവാണെന്നും സുവ്യക്തമാണ്. പ്രസ്തുത രാവിനെ രമ്യമാക്കുവാനും കേവലം ആചാര വല്‍ക്കരണത്തില്‍ നിന്നും ആരാധനകളിലേക്കുയര്‍ന്ന്‍ ഇരുലോക വിജയം കരസ്ഥമാക്കുവാനും അനുവര്‍ത്തിക്കേണ്ട പ്രത്യേക കര്‍മ്മങ്ങള്‍ താഴെ പറയുന്നവയാണ്.
അനുവര്‍ത്തിക്കേണ്ട പ്രത്യേക കര്‍മ്മങ്ങള്‍
  1. മൂന്ന്‍ യാസീന്‍ ഒതുക. മുഹമ്മദ്‌ അബുല്‍ ഖുലൈര്‍ (റ) പറയുന്നു. ''ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ-മഗ് രിബിന്നിടയില്‍ മറ്റ് ഒരു സംസാരവും കൂടാതെ തുടര്‍ച്ചയായി മൂന്ന്‍ യാസീന്‍ പാരായണം ചെയ്യല്‍ പുണ്യകര്‍മ്മമാണ്. ഒന്നാമത്തേത് തന്‍റെയും താന്‍ സ്നേഹിക്കുന്നവരുടെയും ആയുസ്സില്‍ ബറക്കത്തുണ്ടാകാന്‍ വേണ്ടിയും രണ്ടാമത്തേത് ബറക്കത്തോട്കൂടി ഭക്ഷണത്തില്‍ വിശാലത ഉണ്ടാവാന്‍ വേണ്ടിയും മൂന്നാമത്തേത് അവന്‍ വിജയികളുടെ ശ്രിംഖലയില്‍ പെടാനുമാണ്.''(നിഹായത്തുല്‍ അമല്‍ 280). ഇഹ് യയുടെ വ്യാഖ്യാനത്തില്‍ പറയുന്നു. ''വയസ്സില്‍ ബറക്കത്ത് ലഭിക്കുക. ഭക്ഷണത്തില്‍ അഭിവൃതിയുണ്ടാവുക. സല്‍മരണം കരസ്ഥമാകുക എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഓരോ യാസീന്‍ ഒതുക എന്നുള്ളത് മുന്‍ഗാമികളില്‍ നിന്നും കൈമാറി പോന്ന ആചാരമാകുന്നു.''(ഇത്ഹാഫ്‌ 3/427)
  2. പൊറുക്കലിനെ തേടുക. 
  3. അഗതികളെയും അനാഥകളെയും സഹായിക്കുക.
  4. മാതാപിതാക്കള്‍, ഉസ്താദുമാര്‍ മറ്റു മുഅമിനുകള്‍ ഇവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക.
  5. അന്നദാനം നടത്തല്‍.
  6. പശ്ചാത്താപം
  7. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക്‌ തൃപ്തിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുകയും ജീവിച്ചിരിപ്പില്ലെങ്കില്‍ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
  8. സഹപാഠികളോടും ബന്ധുക്കളോടും സദുപദേശം ചെയ്യല്‍.
  9. ധാന്യം, വസ്ത്രം, സ്വര്‍ണ്ണം, തുടങ്ങിയ വസ്തുക്കള്‍ സ്വദഖ ചെയ്യുക.
  10. കുടുംബബന്ധം പുലര്‍ത്തുക
  11. സജ്ജന സമ്പര്‍ക്കവും സന്ദര്‍ശനവും നടത്തല്‍
  12. ദൈവീക ഭക്തി കൈകൊള്ളല്‍
  13. മരിച്ചര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക.
  14. അവര്‍ക്ക്‌ വേണ്ടി സ്വദഖ നല്‍കുക.
വര്‍ജ്ജിക്കേണ്ട കാര്യങ്ങള്‍ 
  1. ഏഷണി, പരദൂഷണം, കളവ് പോലെയുള്ള കാര്യങ്ങള്‍ ഈ രാവില്‍ പ്രത്യേകം പറയാതിരിക്കുക.
  2. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുക.
  3. പുത്തനാശയം കയ്യൊഴിയുക.
  4. നിഷിദ്ധമായ സാധനങ്ങള്‍ ഭക്ഷിക്കാതിരിക്കുക.
  5. മോശമായ പ്രവര്‍ത്തങ്ങള്‍ ചെയ്യാതിരിക്കുക.
നോമ്പ്‌ 
നബി (സ്വ)പറഞ്ഞു. ''ശഅബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്കരിക്കുക അതിന്‍റെ പകലില്‍ നിങ്ങള്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.''(ഇബ്നു മാജ. മിശ്കാത്ത് 1/155) ഈ ഹദീസിനെകുറിച്ച് ഇമാം റംലി(റ)യോട്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ''ഈ ഹദീസ്‌ കൊണ്ട് ലക്ഷ്യം പിടിക്കപ്പെടാവുന്നതാണ്.''(ഫതാവാ റംലി 2/79) ഇമാം റംലി പറയുന്നു. ''ശഅബാന്‍ പതിനഞ്ചിന്‍റെ നോമ്പ്‌ സുന്നത്താക്കപെടും.'' (ഫതാവാ റംലി 2/79)


ദുആ  
അന്നേ ദിവസത്തിലുള്ള പ്രാര്‍ത്ഥന സ്വഹാബാക്കളില്‍ നിന്നും മുന്‍ഗാമികളായ പണ്ഡിതന്മാരില്‍ നിന്നും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. മുല്ലാ അലിയ്യുല്‍ഖാരി (റ)പറയുന്നു. ''ഉമറുബ്നുല്‍ ഖത്താബ്, ഇബ്നുമസ്ഊദ് മറ്റ് മുന്‍ഗാമികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു.(മിര്‍ഖാത്ത് 2/178)
اَللّهُمَّ اِنْ كُنْتَ كَتَبْتَنَا اَشْقِيَاءَ فَامْحُهُ وَاكْتُبْنَا سُعَدَاءَ وَاِنْ كُنْتَ كَتَبْتَنَا سُعَدَاءَ فَاثْبِتْنَا فَاِنَّك تَمْحُو مَاتَشَاءُ وَعِنْدَكَ اُمُّ الِكتَاب 

(അല്ലാഹുവേ നീ ഞങ്ങളെ പരാജയപ്പെട്ടവരായി എഴുതിവെച്ചിട്ടുണ്ടെങ്കില്‍ നീ അതിനെ മായ്ച്ച് കളയുകയും വിജയികളില്‍ പെട്ടവരായി നീ ഞങ്ങളെ എഴുതി വെക്കുകയും ചെയ്യണേ..നീ ഞങ്ങളെ വിജയികളില്‍ പെട്ടവരായി എഴുതിവെച്ചിട്ടുണ്ടെങ്കില്‍ നീ അതിനെ സ്ഥിരപ്പെടുത്തുകയും ചെയ്യണേ.. ഉദ്ദേശിച്ചതിനെ സ്ഥിരപ്പെടുത്തുന്നവനും മായിക്കുന്നവനും നീയാകുന്നു. നിന്‍റെയടുക്കലാകുന്നു ഉമ്മുല്‍ കിതാബ്. )

ബറാഅത്ത് രാവില്‍ ചൊല്ലേണ്ട ദിക്റുകളും ദുആകളും 
اَللّهُمَّ اِنَّكَ حَلِيمٌ ذُو اِنَائَةٍ لَا طَاقَةَ لَنَا فَاعْفُ عَنَا بِحِلْمِكَ يَا اَلله بِرَحْمَتِكَ يَا اَرْحَمَ الرَحِمِين 
(എഴുപത് പ്രാവശ്യം ചൊല്ലുക )

يَا حَيُّ يَاقَيَومُ بِرَحْمَتِكَ اَسْتَغِيث
(നൂറു പ്രാവശ്യം ചൊല്ലുക)

യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം പാരായണം ചെയ്യുക.
  1. ദീര്‍ഘായുസ്സിനു വേണ്ടി
  2. അന്നപാനീയങ്ങളില്‍ വിശാലത ലഭിക്കാന്‍
  3. സല്‍മരണം കരസ്ഥമാക്കാന്‍.  
സൂറത്ത് ദുഖാന്‍ പാരായണം ചെയ്യുക.
ദുആ 
اللّهم يا ذا المن ولا يمن عليه يا ذا الجلال و الإكرام يا ذا الطول والإنعام 
لا إله ألا أنت ظهر اللاجئين وجار المستجيرين و أمان الخائفين
اللّهم إن كنت كتبتني عندك في أم الكتاب شقيا أو محروما أو مطرودا أو مقترا عليّ في الرزق فامح اللّهم بفضلك شقاوتي وحرماني وطردي وإقتار رزقي 
وأثبتني عندك في أم الكتاب سعيدا مرزوقا موفقا للخيرات
فإنّك قلت وقولك الحق في كتابك المنزل على لسان نبيّك المرسل يمحو الله ما يشاء ويثبت وعنده أم الكتاب
إلهي بالتجلي الأعظم في ليلة النصف من شعبان المكرم التي يفرق فيه كل أمر حكيم ويبرم
أن تكشف عنّا من البلاء ما نعلم وما لا نعلم وما أنت به أعلم إنّك أنت الأعز والأكرم وصلّى الله على سيدنا محمد وعلى آله وصحبه وسلّم
إنّك على كل شيء قدير يا نعم المولى ويا نعم النّصير أسألك يا الله العفو والعافية في الدّين و الدّنيا والآخرة ربنا آتنا في الدّنيا حسنة والآخرة حسنا وقنا عذاب النّار 
ولذكر الله أكبر والله يعلم ما تصنعون سبحان ربّك ربّ العزّة عمّا يصفون وسلام 
على المرسلين والحمد لله ربّ العالمين.
----------------------------------------
കടപ്പാട് ;
സുന്നി ദഅവ സംഘം H.A.L  ബാംഗ്ലൂര്‍