ഇമാം ശാഫിഈ(റ)

Posted by SiM Media on 10:45 PM with 2 comments
കബറിനു മീതെയുള്ള ഖുബ്ബ 
അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്നു ഇദ്രീസു ശ്ശാഫിഈ എന്നാണറിയപ്പെടുന്നത്. നാലു മദ്ഹിബിന്റെ ഇമാമുകളിലൊരാള്‍. കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. ഖുറൈഷികളിലെ ഒരു പണ്ഡിതന്‍ വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് തിരു നബി(സ്വ) പറഞ്ഞത് ശാഫിഈ ഇമാമിനെ സബന്ധിച്ചാണെന്ന് പണ്ഡിത•ാര്‍ വ്യക്തമാക്കി. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. രണ്ട് വയസ്സ് പ്രായത്തില്‍ ഉമ്മ കുട്ടിയെ വിശുദ്ധ മക്കയിലേക്ക് കൊണ്ടുപോയി. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. പ്രായത്തില്‍ കവിഞ്ഞ അത്യപൂര്‍വ്വ പക്വതയോടെ വിശുദ്ധ ഭൂമിയില്‍ വളര്‍ന്നു. വിവിധ വിജ്ഞാന കലകളില്‍ അവഗാഹം നേടി. മുസ്ലിമിബ്നുഖാലിദുസ്സന്‍ഞ്ചിയുടെ പ്രധാന ശിഷ്യത്വം നേടി. ശേഷം മാലികി ഇമാമില്‍ നിന്ന് വിജ്ഞാനം നേടാനായി മദീനാശരീഫിലേക്കു യാത്രയായി. പത്താം വയസ്സില്‍ മാലികി ഇമാമിന്റെ മുവത്വ എന്ന ഗ്രന്ഥം മനപ്പാഠമാക്കി.  മാലികി ഇമാമിന്റെ പ്രശസ്ത ഗ്രന്ഥമായ മുവത്വ എന്ന ഹദീസ് സമാഹാരം അദ്ദേഹം ശിഷ്യഗണങ്ങള്‍ക്ക് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ശാഫിഈ(റ) അതില്‍ ഒരംഗമായി. ക്ളാസ്സ് കഴിഞ്ഞപ്പോള്‍ അന്നത്തെ പാഠം മാത്രമല്ല ഗ്രന്ഥം മുഴുവന്‍ ശാഫിഈ ഇമാം മന:പ്പാടമായി കേള്‍പ്പിച്ചു കൊടുത്തു. മാലിക്(റ) അത്ഭുതം കൂറി. മകനെ നിനക്ക് നല്ല ഭാവിയുണ്ട്. സൂക്ഷിച്ച് ജീവിക്കുക. എന്ന് പറഞ്ഞുകൊടുത്തു.

ശാഫിഈ ഇമാമിന്റെ പിതൃവ്യനായിരുന്നു യമനില്‍ അക്കാലത്ത് ഭരണം നടത്തിയിരുന്നത്. അവിടെ കഴിഞ്ഞു കൂടാം എന്ന് കരുതി ഇമാം അങ്ങോട്ട് പോയെങ്കിലും  താമസിയാതെ വിജ്ഞാന ദാഹവുമായി ഇറാഖിലേക്ക് യാത്രയായി. ഫിഖ്ഹ്, ഹദീസ് തുടങ്ങി വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. പതിനഞ്ചാം വയസ്സു മുതല്‍ തന്നെ സങ്കീര്‍ണ്ണമായ വിവിധ മത വിധികളില്‍ ഫത്വ നല്‍കാന്‍ തുടങ്ങി. വിജ്ഞാന ദാഹികള്‍ അദ്ദേഹത്തെ തേടിയെത്താന്‍ തുടങ്ങി. ഓരോ ദിവസവും 700ലധികം വാഹനങ്ങള്‍ ഇമാമിന്റെ വീട്ടു പടിക്കല്‍ ഊഴംകാത്ത് കിടപ്പിലായി. ഇമാമിന്റെ അല്‍ രിസാല പോലോത്ത ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ വന്നവരായിരുന്നു ഏറെയും.

വശ്രമമില്ലാത്ത ജീവിതം. രാത്രിയില്‍ കുറഞ്ഞസമയം മാത്രം നിദ്ര. ബാക്കി മുഴുസമയവും വിജ്ഞാനം, ആരാധന.. ദീനേന ഓരോ തവണ വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തി ഖത്മ് ചെയ്യുമായിരുന്നു. കളവ് തീരെ പറഞ്ഞിട്ടില്ല. സത്യമായാലും കളവായാലും സത്യം ചെയ്യാറില്ല. കുറഞ്ഞ ഭക്ഷണം, കൂടുതല്‍ അദ്ധ്വാനം. വലിയ ധര്‍മിഷ്ടന്‍. സാധുക്കള്‍ വരുമ്പോള്‍ വല്ലതും നല്‍കി സന്തോഷിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുഖം തുടുത്ത് വിവര്‍ണ്ണമാകുമായിരുന്നു. മൂലക്കുരു രോഗത്താല്‍ അവശ നിലയില്‍ രക്തം ഉറ്റി വീഴുന്ന സമയത്തും താഴെ പടിക്കം വെച്ച് അതില്‍ കയറിയിരുന്ന് തുണിയിട്ട് മൂടി വിജ്ഞാനം പകര്‍ന്നുകൊടുക്കുമായിരുന്നു. സഹിക്കവയ്യാത്ത വല്ല പ്രയാസങ്ങളും നേരിടുമ്പോള്‍ ഇമാം അബൂ ഹനീഫ(റ)ന്റെ ഖബറിനരികില്‍ ചെല്ലുകയും  ദുആ ചെയ്യുകയും ചെയ്തിരുന്നു. മറ്റു ചിലപ്പോള്‍ ബീവി നഫീസ(റ)യെ കൊണ്ട് ദുആ ചെയ്യിപ്പിക്കുമായിരുന്നു. ലോകം മുഴുക്കെ പരകോടി വിശ്വാസികള്‍ക്ക് കര്‍മ്മ ശാസ്ത്ര രേഖ പഠിപ്പിച്ച ആ മഹാന്‍ ഹി. 204 റജബ് മാസത്തില്‍ പരലോകത്തേക്ക് യാത്രയായി. അന്നേരം മഹാനുഭാവന്  54 വയസ്സായിരുന്നു.

അല്‍ഹംദുലില്ലാഹ് 2012 മെയ് 21 തിങ്കളാഴ്ച ദിവസം മുപ്പത് പേരടങ്ങുന്ന സംഘത്തോടൊപ്പം  ഈയുള്ളവന്‍ മാനുഭാവന്റെ ചാരത്തെത്തി. പിതാവ് പി. എസ്. മാടവനയായിരുന്നു അമീര്‍ . ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോയില്‍ മഖ്ബറയും ഇമാം ഷാഫി മസ്ജിദും നിലകൊള്ളുന്നു. കോടമ്പുഴ ബാവ ഉസ്താദ് കല്‍തറ അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ യാത്രാ സംഘത്തിനു പ്രൌടിയേകി. ഷാഫി ഇമാമിനെ സംബന്ധിച്ച് ബാവ ഉസ്താദ് രചിച്ച അറബി ഗ്രന്ഥം അവിടെ വെച്ച് പ്രകാശനം നിര്‍വഹിച്ചു.

ശാഫി ഇമാമിന്‍റെ ജീവിതത്തിലെ വിശുദ്ധതയുടെ പാരാവാരത്തില്‍നിന്നും ഒരു തുള്ളി മാത്രമാണിവിടെ  ഞാന്‍ കോരിയെടുത്തത്. അത് തന്നെ അവിടത്തോട് നീതി പുലര്‍ത്തുന്നതായോ എന്നെനിക്കറിയില്ല. എന്നാലും മഹാന്മാരെ പ്രകീര്‍ത്തിക്കല്‍ അല്ലാഹു പൊരുത്തപ്പെട്ട കര്മ്മമാണല്ലോ. അതാണ്‌ ഞാനിവിടെ ഉദേശിച്ചത്. അവിടുത്തെ കീര്‍ത്തി കുറഞ്ഞ വരികളിലാണെങ്കിലും എന്‍റെ സ്വന്തം കൈപ്പടകൊണ്ട് ടൈപ്പ് ചെയ്ത് ഈ ധര്‍മ്മ തീരത്ത് കൊത്തിവെക്കാന്‍ സമയം ചിലവഴിച്ചത് അവിടത്തോടുള്ള പ്രിയം കൊണ്ട് മാത്രമാണ്. ശാഫി ഇമാമിന്‍റെ പ്രസക്തമായ ഒരു കവിതാ ശലകം ഇവിടെ ഞാന്‍ ഓര്‍ക്കുന്നു.
 احب الصالحين ولست منهم     لعلي ان انال بهم شفاعة
"ഞാന്‍ സജ്ജനങ്ങളില്‍ പെട്ട ആളല്ലെങ്കിലും അവരെ ഞാന്‍ സ്നേഹിക്കുന്നു. അതു കാരണമായി പരലോകത്ത് അവരുടെ ശുപാര്‍ശ ലഭിക്കാന്‍ " വിനയം കൊണ്ടാണ് മഹാനുഭാവന്‍ ഇങ്ങനെ പറഞ്ഞതെങ്കിലും പിന്‍തലമുറക്കാര്‍ക്ക് ഇതില്‍ വലിയ പാഠമുണ്ട്. സജ്ജനങ്ങളോടുള്ള സ്നേഹവും സഹവര്‍ത്തിത്വവും അവര്‍ക്ക് വേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങളും നമ്മുടെ വിജയത്തിന് നിദാനമെന്ന് ചുരുക്കം. ''മഹബ്ബത്ത് സുഹ്ബത്ത് ഖിദ്മത്ത്'' എന്ന എന്റെ മറ്റൊരു പോസ്റ്റില്‍ അതിനെ പറ്റി വിശദമായി വായിക്കാവുന്നതാണ്. ആര് ആരെ സ്നേഹിച്ചുവോ അവര്‍ നാളെ അവരോടൊപ്പം പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് നബി (സ്വ) പഠിപ്പിച്ചത് നമുക്ക് പ്രചോദനമാകണം. അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ.ആമീന്‍. 

ഇമാം ഷാഫി മസ്ജിദ് 
പള്ളിയുടെ വിദൂര ദൃശ്യം 
പള്ളിയില്‍ സ്ഥാപിരിക്കുന്ന ഷാഫി ഇമാമിന്‍റെ ചരിത്രം 
ഷാഫി ഇമാമിന്‍റെ കബര്‍ ഉള്‍കൊള്ളുന്ന സ്ഥലം


കോടമ്പുഴ ബാവ മുസലിയാരുടെ അറബി ഗ്രന്ഥം പ്രകാശനം നിര്‍വഹിച്ചപ്പോള്‍.
ഇമാം ശാഫി മസ്ജിദിനു പരിസരത്തെ അങ്ങാടി കാഴ്ച.