യര്‍ബദിലെ സുല്‍ത്താന്‍

Posted by SiM Media on 2:15 AM with 2 comments
ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍. തമിഴ് നാട്ടിലെ രാമനാഥപുരത്ത് നിന്നും 15മൈല്‍ അപ്പുറത്ത് കടലോരം ചേര്‍ന്ന് കിടക്കുന്ന കൊച്ചു പ്രദേശമാണ് ഏര്‍വാടി. ചരിത്രത്തിലെ യര്‍ബദ് എന്ന നാമമാണ് പിന്നീട് ഏര്‍വാടിയായി പരിണമിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ തമിഴ്നാടിനെ അടക്കിവാണിരുന്ന ഉന്നത രാജ കുടുംബമായിരുന്നു പാണ്ഡ്യകുലം. ഇന്നത്തെ മധുര രാമനാഥപുരം തിരുന്നല്‍വേലി ജില്ലകള്‍ അടങ്ങുന്നതായിരുന്നു അന്നത്തെ പാണ്ഡ്യനാട്.  വിക്രമപാണ്ഡ്യന്, വീരപാണ്ഡ്യന്, കുലശേഖരപാണ്ഡ്യന്‍ ഇവരൊക്കെയായിരുന്നു പാണ്ഡ്യകുലത്തിന്‍റെ ചെങ്കോലണിഞ്ഞിരുന്നത്. വിഗ്രഹാരാധനയില്‍ ഭ്രാന്തുപിടിച്ചുപോയ ഈയൊരു സമൂഹത്തെ നേര്‍വഴിയിലൂടെ സംസ്കരിച്ചെടുക്കുക എന്ന ദൌത്യവുമായി ഇന്ത്യയിലെത്തിയവരാണ് സയ്യിദ് ഇബ്റാഹീം ബാദ്ഷയും അനുയായികളും. അവരിവിടെ ഇസ്‌ലാം പ്രചരിപ്പിക്കുകയും യുദ്ധക്കൊതിയുമായി വന്ന ശത്രുക്കളോട് ഏറ്റുമുട്ടി രക്തസാക്ഷികളാകുകയും ചെയ്തു. അവര്‍ക്കാണ് ഏര്‍വാടി ശുഹദാക്കള്‍ എന്ന് പറയുന്നത്.

പ്രവാചകര്‍(സ്വ)യുടെ 17ാമത്തെ പേരമകനായി ജനിച്ച് വളര്‍ന്ന് ഉന്നതനായ ബാദ്ഷാ തങ്ങളുടെ ഇന്ത്യായാത്ര കേവലം യാദൃശ്ചികമായിരുന്നില്ല. പ്രത്യുത, തിരുമേനി(സ്വ)യുടെ സ്വപ്ന നിര്‍ദ്ദേശപ്പ്രകാരമായിരുന്നു. വഴികേടിലായിരുന്ന ജനസമൂഹത്തെ ഇസ്‌ലാമിന്‍റെ  ശാദ്വലതീരത്തേക്ക് നയിക്കാന്‍ ഉലകിന്‍റെ സകല ദിക്കിലേക്കും തന്‍റെ അനുചരരെ തിരുമേനി(സ്വ) നിയോഗിച്ചപ്പോള്‍ അതില്‍ ഒന്ന് മാത്രമായിരുന്നു ഇതും. അവിടുത്തെ ജീവിത കാലത്ത് നിയോഗിക്കപ്പെട്ടവരുമുണ്ടായിരുന്നു. സ്വപ്ന നിര്‍ദ്ദേശം മൂലം നിയോഗിക്കപ്പെട്ടവരുമുണ്ടായിരുന്നു. ഹിജ്റ 580 ല്‍ മദീനത്തെ മസ്ജിദുന്നബവി ആ സ്വപ്ന സന്ദേശത്തിന് സാക്ഷ്യം വഹിച്ചു. വന്‍സൈന്യവുമായി ഇന്ത്യയിലെ ഗുജറാത്ത് ഭാഗത്തേക്കായിരുന്നു മഹാനുഭാവനും സംഘവും ആദ്യം പുറപ്പെട്ടത്. വിജയക്കൊടിപ്പാറിച്ച് മദീനയിലെത്തിയ ബാദ്ഷാ തങ്ങള്‍ക്ക് രണ്ടാമത്തെ സ്വപ്നമുണ്ടായി. അങ്ങിനെയാണ് തന്‍റെ കുടുംബവും നാട്ടുകാരും സൈന്യവുമടങ്ങുന്ന വന്‍സംഘം തമിഴ്നാട് ലക്ഷ്യമിട്ട് എത്തിച്ചേരുന്നത്. ഹിജ്റ 582 ല്‍ കേരള തുറമുഖത്തിലൂടെയാണ് തമിഴ് നാട്ടിലെത്തിയത്.

തിരുന്നല്‍വേലി ഭരിച്ചിരുന്ന കുലശേഖര പാണ്ഡ്യനെയാണ് ബാദ്ഷാ തങ്ങള്‍ ആദ്യം സമീപിച്ചത്. അധികാര മോഹത്തിന്‍റെ വടംവലിയില്‍ കുടുംബ പോരും, പരസ്പരം കടിച്ച് കീറലും, രക്തച്ചൊരിച്ചിലും അവിടെ പതിവ് കാഴ്ചയായിരുന്നു. ഈയൊരു സാഹചര്യം മുസ്‌ലിംകളുടെ പെട്ടെന്നുള്ള വേരോട്ടത്തിന് നിമിത്തമേകി. ഇസ്‌ലാം മുന്നോട്ടു വെച്ച സുന്ദര മുഖം അവരില്‍ അങ്ങേയെറ്റം സ്വാധീനം ചെലുത്തി.

തിരുന്നല്‍വേലിയില്‍ ഇസ്‌ലാമിക സന്ദേശം ചലനം സൃഷ്ടിച്ചപ്പോള്‍ ബാദ്ഷാ തങ്ങളും സംഘവും മധുര ലക്ഷ്യമാക്കി നീങ്ങി. അവിടം വാണിരുന്ന വീരപാണ്ഡ്യന്‍ കോപം കൊണ്ട് വിറച്ചു. മുസ്‌ലിംകള്‍ക്കും അവര്‍ക്ക് പ്രചരണാനുമതി നല്‍കിയ കുലശേഖരനും മുന്നിലേക്ക് യുദ്ധത്തിന്‍റെ വടം നീട്ടിയെറിഞ്ഞു. ആമുഖ സംഭാഷണങ്ങളെ വകഞ്ഞുമാറ്റി യുദ്ധകാഹളം മുഴക്കി രാജാവ് ഏറ്റുമുട്ടല്‍ തുടങ്ങി. ആക്രമണത്തില്‍ പ്രതിരോധവും അനിവാര്യഘട്ടത്തില്‍ പ്രത്യാക്രമണവും അന്തസ്സാണ്. അല്ലാത്തവ ഭീരുത്വവുമാണ്. രാജാവ് തോറ്റോടിയതോടെ യുദ്ധത്തിന് താല്‍ക്കാലിക പര്യാവസാനമായി.

പാണ്ഡ്യകുലത്തിന്‍റെ ചോരത്തിളപ്പായിരുന്ന വിക്രമപാണ്ഡ്യന്‍ സടകുടഞ്ഞെഴുനേറ്റു. അവരില്‍ നിന്ന് ഇസ്‌ലാം പുല്‍കിയവര്‍ ജീവിതം എന്തെന്ന് പഠിച്ചു. ഭാക്കിയുള്ള പാണ്ഡ്യപ്പട്ടാളം ഒറ്റക്കെട്ടായി മുസ്‌ലിംകള്‍ക്കെതിരെ ആയുധം മിനുക്കി. യുദ്ധക്കൊതിയരുടെ കൊതി യുദ്ധം തന്നെ. വൈപ്പാറില്‍ സത്യാസത്യവിവേചനത്തിന്‍റെ കാഹളം മുഴങ്ങി. ബദ്റിന്‍റെ ചരിത്രത്തിലേക്ക് വിശ്വാസം മിന്നല്‍ പിണറായി പടര്‍ന്നു. എങ്ങും ആള്‍കൂട്ടങ്ങളുടെയും ആയുധങ്ങളുടെയും ഒരമാനങ്ങള്‍ മാത്രം.

യുദ്ധം അതിന്‍റെ സര്‍വ്വ ശൌര്യത്തോടെയും ആക്രോശിച്ചുകൊണ്ടിരുന്നു. പത്ത് ദിനത്തോളം അത് നീണ്ടുനിന്നു. ഒടുവില്‍ പാണ്ഡ്യകുലത്തിന്‍റെ അധിപന്‍ വിക്രമപാണ്ഡ്യന്‍ ബാദ്ഷാ തങ്ങളുടെ വാളിന്നിരയായി.

പാണ്ഡ്യനാട് കീഴടക്കിയ ശേഷം പന്ത്രണ്ടുകൊല്ലത്തോളം ബാദ്ഷാ തങ്ങള്‍ നീതി പൂര്‍ണ്ണമായ ഭരണം നടത്തി. അങ്ങനെ ആനാടിനെ യസിരിബിലെ ‘യര്‍ബദ്’ എന്ന നാമംകൊണ്ടാദരിച്ചു. അടിമത്വത്തിലും, പീഢനമുറകളിലും ഞെരിഞ്ഞമര്‍ന്നിരുന്ന പാണ്ഡ്യ ജനതക്കുമുന്നില്‍ ആരാണ് മനുഷ്യനെന്നും മാനുഷികമൂല്യമെന്താണെന്നും ഒരു മതകീയ സ്കെയിലിലൂടെ വരച്ചു കാട്ടിക്കൊടുക്കാനും അവിടുന്ന് മറന്നില്ല.

ഇസ്‌ലാമിലേക്ക് ജനം ഒഴുകി. പള്ളികളും മതപഠനശാലകളും അങ്ങിങ്ങായി തലയുയര്‍ത്താന്‍ തുടങ്ങി. അല്ലെങ്കിലും ബൌദ്ധിക മണ്ഡലങ്ങളില്‍ ഇംഗിതങ്ങള്‍ക്കും നിര്‍ബന്ധ പരിവര്‍ത്തനങ്ങള്‍ക്കും സ്ഥാനമില്ലല്ലോ? ദര്‍ശന സംസ്കാരങ്ങളുടെ ഉത്തമ മൂല്യങ്ങള്‍ക്കാണ് എന്നും എവിടെയും സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ബാദ്ഷാ തങ്ങളുടെ ഭരണത്തിന്‍റെ സമാപനഘട്ടത്തിലായിരുന്നു മധുര യുദ്ധത്തില്‍ തോറ്റോടിയ വീരപാണ്ഡ്യന് പുതിയൊരു മോഹം മൊട്ടിടുന്നത്. എന്ത് കൊണ്ട് നമുക്കും ജയിച്ചുകൂട? മുസ്‌ലിംകളെല്ലാം ക്ഷയിച്ചിരിക്കുന്ന സമയമല്ലേ? വീരപാണ്ഡ്യന്‍ മാനസക്കോട്ട കെട്ടി. തദടിസ്ഥാനത്തില്‍ ഒരു വന്‍സൈന്യവുമായി മുസ്‌ലിംകളെ അക്രമിക്കാന്‍ വീരപാണ്ഡ്യന്‍ യര്‍ബദ് ലക്ഷ്യമാക്കി നീങ്ങി. ശത്രു സൈന്യത്തിന്‍റെ വരവ് കണ്ടറിഞ്ഞ ബാദ്ഷാ തങ്ങള്‍ അംഗുലീപരിമിതരാണെങ്കിലും തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ യര്‍ബദിന്‍റെ സുല്‍ത്താന്‍ സയ്യിദ് ഇബ്റാഹീം ബാദ്ഷാ(റ) വീരപാണ്ഡ്യന്‍റെ വാളിന്നിരയായി.(ഹിജ്റ: 596 ദുല്‍ഖഅ്ദ: 23 തിങ്കള്‍) അന്നേരം ആ മഹാനുഭാവന് അമ്പത്തിയാറു വയസ്സ് പ്രായമായിരുന്നു. തന്‍റെ ഉപ്പാപ്പ തിരു നബി (സ്വ)യുടെ സ്വപ്ന നിര്‍ദ്ദേശം സമ്പൂണ്ണമായും നെഞ്ചകമേറ്റി കണിശതയോടെ പ്രവര്‍ത്തന പഥത്തില്‍ തെളിയിച്ചു കാട്ടിയായിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങളുടെ മകന്‍ അബൂത്വാഹിര്‍(റ), മന്ത്രിയായിരുന്ന അബ്ബാസ്(റ), ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം(റ) അവരില്‍ പ്രധാനികളാണ്. ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു.

ശാന്തിയുടെ വിളനിലമായ ആ മണ്ണ് ഇന്ന് പതിനായിരങ്ങളുടെ അഭയ കേന്ദ്രമാണ്. നീറിപ്പുകയുന്ന ഒരായിരം കേസുകള്‍ക്ക് ഒരു കോടതി സംമ്പ്രദായം പോലെയാണ് ശുഹദാക്കള്‍ അവിടെ വിധി തീര്‍പ്പാക്കുന്നത്. മാനസിക നില തെറ്റിയവരും, മാറാ വ്യാധികള്‍ പിടിപെട്ടവരും, പൈശാചിക ബാധയേറ്റ് മുരടിച്ചുപോയവരും അവിടെ സര്‍വ്വസാധാരണയാണ്. മാറാവ്യാധികളായ വിവിധയിനം കാന്‍സറുകളും മറ്റു പല രോഗങ്ങളുമെല്ലാം ക്ഷിപ്രസാധ്യം മാറിക്കൊണ്ടിരിക്കുന്നത് അവിടത്തെ നിത്യസംഭവങ്ങളാണ്. പൈശാചിക ബാധയേറ്റ് മനോനില തെറ്റിയവരെ ശുഹദാക്കള്‍ വിചാരണ ചെയ്യുന്നതും വിധി തീര്‍പ്പാക്കുന്നതും വിവിധയിനം ശിക്ഷാമുറകള്‍ നടപ്പില്‍ വരുത്തുന്നതും കാണുമ്പോള്‍ തികച്ചും ഒരു കോടതിസമ്പ്രദായം മനസ്സില്‍ ഓടിവരും.ഖുര്‍ആന്‍ പറയുന്നു.: ‘നിശ്ചയം, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയെന്ന് നിങ്ങള്‍ കരുതരുത്. പ്രത്യുത, അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്.’അല്ലാഹു അവരോടൊപ്പം നമ്മെയെല്ലാവരെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.