പ്രവാസത്തിനു വിട; ഷൌക്കത്തലി ഹാജി നാട്ടിലേക്ക്

Posted by SiM Media on 4:19 PM with No comments
മൂന്നരപ്പതിറ്റാണ്ടിന്റെ ഗള്‍ഫുജീവിതത്തിനു വിരാമമിട്ട് ഷൌക്കത്തലി ഹാജി നാട്ടിലേക്ക് മടങ്ങുന്നു. 1976ലാണ് ഹാജിക്ക പ്രവാസ ദ്വീപില്‍ കരയണയുന്നത്. വൈവാഹിക ജീവിതത്തിന്റെ പുതുമണം വിട്ടുമാറും മുമ്പേ മണല്‍ക്കാറ്റ് ഹാജിക്കയെ തേടിയെത്തി. ജീവിതഭാരം ഇറക്കിവെക്കാന്‍ മണല്‍ക്കാട് സ്വപ്നം കണ്ടാണ് മംഗലാപുരത്ത് നിന്നും മുംബൈയിലേക്ക് ബസ് കയറിയത്. രണ്ടു ദിവസം കൊണ്ട് ബോംബെയിലെത്തി. മുംബൈയില്‍ നിന്നും ദുബൈ സീപോര്‍ട്ടിലേക്കുള്ള മുഹമ്മദലി കപ്പലില്‍ സ്ഥാനം പിടിച്ചുയാത്രയാരംഭിച്ചു. ദിവസങ്ങള്‍ക്കൊടുവില്‍ ദുബൈ സീപോര്‍ട്ടില്‍ കപ്പലിറങ്ങിയപ്പോള്‍ സഹയാത്രികരെല്ലാം ശര്‍ദ്ദിച്ചവശരായത് ഹാജിക്ക ഓര്‍ത്തെടുത്തു.

ദുബൈയിലും ഷാര്‍ജയിലുമായി കഷ്ടതകള്‍ നിറഞ്ഞ ജോലികളുമായി അല്‍പ്പകാലം ചെലവഴിച്ചു. ശേഷം അബൂദാബിയിലേക്കാണ് പോയത്. ആറു വര്‍ഷത്തോളം മുന്‍സിപ്പാലിറ്റിയിലും ഡിഫന്‍സിലുമായി ജോലി ചെയ്തു.

1983 മുതല്‍ ഇതുവരെ നീണ്ട 29 വര്‍ഷക്കാലം അബൂദാബി നാഷണല്‍ ബാങ്കില്‍ ഓഫീസ് ബോയിയായി ജോലിചെയ്തുവരുന്നതിനിടയിലാണ് ഹാജിക്ക നാട്ടിലേക്കു മടങ്ങാന്‍ തീരുമാനമെടുക്കുന്നത്.

ഇതിനിടയില്‍ യു.എ.യില്‍ നിന്നും പലതവണ ഹജ്ജിനു പോകാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യത്തോടെ അദ്ദേഹം ഓര്‍ത്തെടുത്തു. ആനക്കര ഉസ്താദിനോട് കൂടെയുള്ള ഹജ്ജ് യാത്രയും അദ്ദേഹം പ്രത്യേകം സ്മരിച്ചു.

അഞ്ച് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന സംതൃപ്ത കുടുംബമാണ് ഹാജിക്കയുടെത്. റുഖിയ എന്നവരാണ് ഭാര്യ. രണ്ട് ആണ്‍മക്കള്‍ യു.എ.യില്‍ ജോലി ചെയുതുവരുന്നു.

ജൂലൈ 11നു ഈയുള്ളവനോട് കൂടെ അല്‍ യര്‍മൂക്ക് ഉംറ ഗ്രൂപ്പില്‍ ഹാജിക്കയുമുണ്ടായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. പ്രായത്തിന്റെ തടസ്സങ്ങള്‍ ഏറെയുണ്ടായിട്ടും ചെറുപ്പക്കാരേക്കാളുപരി കര്‍മോത്സുകനായി ഇരു ഹറമുകളിലും ആരാധനകളില്‍ വ്യാപൃതമാകുന്നത് കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടുപോയി. 36 വര്‍ഷത്തെ ഗള്‍ഫുജീവിതം മതിയാക്കി നാടണയുമ്പോള്‍ സ്രഷ്ടാവായ അല്ലാഹുവിന് ഹറമില്‍ ചെന്ന് സ്തുതിയര്‍പ്പിച്ചാണ് ഹജിക്ക നാട്ടിലേക്ക് വിമാനം കയറുന്നത്. ''ഭാര്യയേയും കൂട്ടി ഹജ്ജിനൊന്നു വരണം. അതാണൊരാഗ്രഹം.'' -ഹാജിക്ക പറയുന്നു.

ഈവരുന്ന ആഗസ്റ് ഏഴിനാണ്  അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. യു.എ.യില്‍ ജോലി തേടിയെത്തിയതും ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതും ഒരു റമളാനിലാണെന്നത് ശ്രദ്ധേയമാണ്. അല്‍പം ചില വിഷമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുവെങ്കിലും സ്രഷ്ടാവ് നല്‍കിയ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ഹാജിക്ക ശൈഖ് സാഇദിന്റെ മണ്ണിനോട് വിട പറയുന്നത്. നാട്ടിലെ നമ്പര്‍ 0091 4942567352 Z1225041
Categories: