ഒരുദിനം ആയിരം സുന്നത്തുകൾ; അഭിപ്രായങ്ങൾ രേഖപ്പെടുത്താം

Posted by SiM Media on 11:39 AM with 3 comments





വിശുദ്ധ മദീനയിലെ തെരുവുകളിലൂടലൂടെ നടക്കുക ഒരു ഹരമായിരുന്നു. 2009 - 2019 കാലയളവിനിടയിൽ അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമൊക്കെ ഉംറക്കാരോടൊപ്പം സേവകനായി ഇരു ഹറമുകളിലേക്ക് പോകുമ്പോൾ ഒഴിവു സമയങ്ങളിൽ ആ നടത്തം വല്ലാത്തൊരു അനുഭൂതി നൽകുമായിരുന്നു. യാത്രക്കാരായ സുഹൃത്തുക്കളുടെ കുടുംബക്കാർ വാഹനവുമായി വന്ന് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും മദീനയിലെ ഗ്രാമങ്ങൾ കാണാൻ.. ചിതൽപുറ്റ് പോലെ തലയുയർത്തിനിൽക്കുന്ന മൺചുമരുകൾ.. കോട്ടകൾ.. ഈന്തപ്പഴ തോട്ടങ്ങൾ.. തോട്ടങ്ങളിലൂടെ ഒഴുകുന്ന ജലസേചന പദ്ധതികൾ.. ഒട്ടകക്കൂട്ടങ്ങൾ അവയുടെ പാൽ.. അങ്ങിനെ പലതും..


മദീനയുടെ മഹത്വം പറയുന്ന നമ്മുടെ ഉസ്താദുമാരുടെ കൃതികൾ വായിച്ച് മദീനാ പള്ളിയുടെ പരിസരത്തുകൂടെ നടക്കാനെന്തു രസമാണ്. ഇതിഹാസങ്ങൾ പിറന്ന മണ്ണിലൂടെ ഖൽബറിഞ്ഞു നടന്ന രാത്രികളെത്ര.. പകലുകളെത്ര.. അതിനെല്ലാം ആ കൃതികൾ ഏറെ സഹായിച്ചു. ഉഹ്ദ് മലയുടെ താഴ്വാരം എണ്ണമറ്റ ധീരരുറങ്ങുന്ന രണഭൂമിയാണ്.  അവിടെയുറങ്ങുന്ന മഹോന്നതരുടെ ചരിത്രങ്ങൾ ആവേശപൂർവം വായിക്കാനും പറയാനും അവ പ്രചോദനമായിട്ടുണ്ട്.

മദീനയുടെ പാരമ്പര്യവും ചരിത്രനാളുകളും പഴയ ചിത്രങ്ങളുമെല്ലാം ഉൾപ്പെടുന്ന നല്ല ഒന്നാംതരം അറബ് ഗ്രന്ഥങ്ങൾ പള്ളിയുടെ പരിസരങ്ങളിൽനിന്ന് പലപ്പോഴായി ഞാൻ വാങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ മസ്ജിദുൽ ഗമാമയുടെ പരിസരത്തെ കടയിൽ നിന്ന് വാങ്ങിയ ഒരു അറബ് ഗ്രന്ഥമാണ് ഇങ്ങനെ ഒന്ന് മലയാളത്തിൽവേണം എന്ന ചിന്തയിലെത്തിച്ചത്. 


താമസിച്ചില്ല 'ഒരുദിനം ആയിരം സുന്നത്തുകൾ' എന്ന തലവാചകം മനസ്സിൽ തറച്ചു.. അങ്ങിനെ ഒരു ഗ്രന്ഥം മലയാളത്തിൽ വേണമെന്ന ആശ വർദ്ധിച്ചു. അബുദാബിയിൽ നിന്നും മദീനയിലേക്ക് വന്ന മറ്റൊരു യാത്രയിൽ വിശുദ്ധ റൗളാ ശരീഫിലിരുന്ന് ആ ഗ്രന്ഥത്തിന് തുടക്കം കുറിച്ചു. ബാക്കി ഒഴിവുപോലെ എഴുതി ചേർത്തു... 


പലകാരണങ്ങളാൽ ഇടക്കാലത്ത് നിലച്ചുപോയെങ്കിലും കഴിഞ്ഞ ഏഴുമാസത്തെ പരിശ്രമത്തിനൊടുവിൽ ഇപ്പോൾ റബീഉൽ അവ്വലിൽ അഥവാ 2023 ഒക്ടോബർ 14 ശനി ത്രിശൂർ ജില്ലാ മീലാദ് സംഗമത്തിൽ ഈ ഗ്രന്ഥം പ്രകാശിതമായി. 


ഒരുപാട് മദീനയിലെത്താനും ഇങ്ങനെയൊക്കെ ചെയ്യാനും പ്രചോദനം ലഭിച്ചത് ഉപ്പിച്ചി എന്ന മാടവന ഉസ്താദിൽ നിന്ന് തന്നെ. അതിനാൽ അവതാരിക നൽകിയതും അവിടുന്ന് തന്നെ. അതിനു വഴിയൊരുക്കിത്തന്ന ഉസ്മാൻ സഖാഫി തിരുവത്ര ഉസ്താദിനെയും മറക്കാൻ കഴിയില്ല. ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദ് മുതൽ അറിവ് പഠിപ്പിച്ചു തന്ന എല്ലാ ഗുരുക്കന്മാരെയും സ്മരിച്ചു കൊണ്ട്, ആശംസകൾ നൽകി ഗ്രന്ഥത്തിന് മാറ്റുപകർന്ന സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, പാണാവള്ളി ഉസ്താദ് എന്നിവർക്കെല്ലാം കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട്  കൈരളിക്ക് സമ്മാനിക്കുകയാണ്. അല്ലാഹു ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ഏറ്റിത്തരട്ടെ. അല്ലാഹു ഇതൊരു സ്വാലിഹായ സത്കർമമായി സ്വീകരിക്കട്ടെ. ആമീൻ. 


കാലങ്ങളേറെയായി ഈ ബ്ലോഗിലൂടെ എന്റെ കൊച്ചു കൊച്ചു ആശയങ്ങൾ ഞാൻ എഴുതിവരുന്നു. യൂട്യൂബിന്റെ വരവോടെ ഇത്‌ മെല്ലെ സ്തംഭിച്ചു എന്ന് മാത്രം. ഏതായാലും എന്റെ ഈ പുസ്തകം നിങ്ങൾ മുഴുവനായും വായിച്ചു കഴിഞ്ഞാൽ അഭിപ്രായങ്ങൾ കമെന്റ് അയി താഴെ രേഖപ്പെടുത്താൻ മറക്കരുതേ..