ഹദീസിന്‍റെ പൂങ്കാവനത്തില്‍

Posted by Unknown on 1:29 AM with No comments
സമര്‍ഖന്ദില്‍ നിന്നും തുര്‍മുദ് പട്ടണത്തിലേക്ക് 375 കിലോമീറ്റര്‍ ദൂരമുണ്ട്. വൈകുന്നേരം 4 മണിയോടെ ഞങ്ങള്‍ ഷേര്‍ബോദ് (Sherobod) പട്ടണത്തിലെത്തി. ഈ പട്ടണം തുര്‍മുദിന് 61 കിലോമീറ്റര്‍ മുമ്പാണ് സ്ഥിതി ചെയ്യുന്നത്. ഷേര്‍ബോദില്‍ നിന്നും ഞങ്ങളുടെ വാഹനം കൊച്ചു റോഡിലേക്ക് തിരിഞ്ഞു. ജനത്തിരക്കില്ലാത്ത നല്ല ഗ്രാമം. കര്‍ഷകര്‍, കുതിര സവാരിക്കാര്‍ റോഡരികിലൂണ്ട്. 7 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് യക്തിയൂള്‍ (Yakhtiyul) എന്ന സ്ഥലത്തെത്തി. ഇതാണ് ഹദീസിന്‍റെ സൗരഭ്യം പരിലസിക്കുന്ന നാട്. ലോക ഗുരു മുഹമ്മദ് നബി(സ്വ)യുടെ വിശുദ്ധ ഹദീസുകള്‍ക്ക് സേവനം ചെയ്ത മഹാ മനീഷിയുടെ വിശ്രമ കേന്ദ്രം. അന്ത്യനാള്‍ വരെ ഈ നാടിനെ മുസ്ലിം ലോകം ഓര്‍ത്തു കൊണ്ടിരിക്കും. 

ഇമാം തുര്‍മുദിയുടെ നാമം ഉല്ലേഘനം ചെയ്ത വലിയ കമാനം കടന്ന് വാഹനം മുന്നോട്ട് നീങ്ങി. റോഡിനിരുവശവും സൗന്ദര്യമാര്‍ന്ന മരങ്ങള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇമാമിന്‍റെ വിശുദ്ധ ഖബര്‍ശരീഫ് ഉള്‍പ്പെടുന്ന കോമ്പോണ്ടിലേക്കുള്ള ഈ രാജ പാതയിലൂടെ വാഹനം മെല്ലെ നീങ്ങുമ്പോള്‍ മനം കുളിര്‍ത്തു. ബസ്സിറങ്ങി ഞങ്ങളെല്ലാം കോമ്പോണ്ടിലേക്ക് നടന്നു. വിജനമായി കിടക്കുന്ന ഭൂപ്രദേശം. പരിസരങ്ങളില്‍ ഭവനങ്ങളില്ല. കെട്ടിടങ്ങളില്ല. കടകളില്ല. വിജനതയുടെ നടുവില്‍ മഹാനവര്‍കളുടെ ഖബര്‍ശരീഫ് ഉള്‍കൊള്ളുന്ന കെട്ടിവും പള്ളിയും കുളവും മാത്രം. ഇവയെല്ലാം ഒരു മതില്‍ കെട്ടിനുള്ളില്‍ വളച്ചുകെട്ടിയിരിക്കുന്നു. മഹാനവര്‍കളുടെ ഖബര്‍ശരീഫും അതുള്‍കൊള്ളുന്ന കോമ്പോണ്ടും ഭംഗിയായി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പരിപാലകരുടെയും സന്ദര്‍ശകരുടെയും തിരക്ക് നന്നേ കുറവാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലായി. കുളക്കരയില്‍ നിന്നും വുളു ചെയ്ത് പള്ളിയിലേക്ക് നീങ്ങി. നിസ്ക്കാരം പൂര്‍ത്തിയാക്കി ഞങ്ങള്‍ മഖ്ബറയിലേക്ക് നടന്നു.

മനസ്സ് ചോദിക്കുന്നു നീ ആരുടെ അടുത്തേക്കാണ് പോകുന്നതെന്ന്. തിരുനബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തുകള്‍ക്ക് കാവല്‍ നില്‍ക്കുക വഴി അന്ത്യനാള്‍ വരെ വരുന്ന മുസ്ലിംകളുടെ മനസ്സില്‍ ഇടം നേടിയ മഹാമനീഷിയുടെ ദര്‍ബാറില്‍ കേവലം കുമിളപോലൊരുവന്‍ ഈ ഞാന്‍!! ഇടറുന്ന പാദത്താല്‍ ദര്‍ഘാ കവാടത്തില്‍ നിന്നു. അവിടത്തെ ജീവിതം എത്ര മഹോന്നതം!!! സ്രഷ്ടാവ് നല്‍കിയ 70 വര്‍ഷം അദ്ദേഹം തിരുനബിക്കായി സമര്‍പ്പിച്ചു. മുന്നാം നൂറ്റാണ്ടില്‍ അഥവാ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജീവിച്ച മഹാന്‍. ഹിജ്റ 209 ല്‍ ജനിച്ച് 279 ലാണ് വഫാത്തായത്. അപാരമായ ഓര്‍മ്മ ശക്തിയാണ് തിര്‍മിദി ഇമാമിന്‍റെ പ്രത്യേകത. ജനനവും മരണവും ഈ നാട്ടില്‍ തന്നെ. വിജ്ഞാനത്തിനായി ദേശങ്ങള്‍ താണ്ടി. വാഹന സൗകര്യങ്ങളുടെ പരിമിതി നിറഞ്ഞ ആ കാലത്ത് ഇറാഖ്, ഖുറാസാന്‍, ഹിജാസ് തുടങ്ങിയ നാടുകള്‍ താണ്ടി ഉസ്താദുമാരെ തേടിയെത്തി. മഹാനവര്‍കളുടെ സമകാലികരായിരുന്നു ഇമാം ബുഖാരി(റ), മുസ്ലിം, അബൂദാവൂദ്, ഇബ്നു മാജ തുടങ്ങിയ ഹദീസ് പണ്ഡിതര്‍. തിര്‍മിദി ഇമാമിന്‍റെ പ്രഗത്ഭ ഗുരുവര്യര്‍ ഇമാം ബൂഖാരി(റ) തന്നെയായിരുന്നു. എന്നാല്‍ ബുഖാരി ഇമാമിന് തിര്‍മിദി ഇമാമം തന്‍റെ പക്കലില്ലാത്ത രണ്ടു ഹദീസുകള്‍ സ്വീകരിച്ചതിനാല്‍ ഗുരുവുമാണ്. തന്‍റെ നാല്‍പ്പത്തി ഒന്നാം വയസ്സില്‍ ഖുറാസാനിലെത്തുകയും രചനാ രംഗത്തേക്ക് തിരിയുകയും ചെയ്തു. തന്‍റെ മാസ്റ്റര്‍ പീസ് കൃതിയാണ് ജാമിഉത്തുര്‍മുദി. മഹാനവര്‍കള്‍ തന്നെ ഈ ഗ്രന്ഥത്തെ പറ്റി പറയുന്നത് ഇങ്ങനെ: 'ആരുടെയെങ്കിലും വീട്ടില്‍ ഈ ഗ്രന്ഥമുണ്ടെങ്കില്‍ അവിടെ സംസാരിക്കുന്ന തിരുനബിയുള്ളത് പോലെയാണ്.' പണ്ഡിതലോകത്തിന്‍റെ അംഗീകാരം ഏറ്റു വാങ്ങിയ ഈ ഗ്രന്ഥത്തിനു പുറമെ വെറെയും ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ക്കുണ്ട്. അതില്‍ പെട്ടതാണ് ശമാഇലുല്‍ മുഹമ്മദിയ്യ. പുരോഗമനം കൈവരിച്ച ഈ നൂറ്റാണ്ടിലും തിര്‍മിദെന്ന ഈ നാട്ടില്‍ ഇന്നും പഴമ തന്നെയാണ്. ആധുനികതയുടെ പ്രസരിപ്പൊന്നും ഇവിടെ കാണാനായില്ല. എങ്കില്‍ ഇമാമര്‍കള്‍ ജീവിച്ച നൂറ്റാണ്ടില്‍ നേരിട്ട യാത്രാസൗകര്യങ്ങളുടെ അപര്യപ്തത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപര്യാപ്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് മഹാനവര്‍കള്‍ തിരുനബിയുടെ വചനങ്ങള്‍ക്ക് സേവനം ചെയ്യാനായി പുറപ്പെട്ടു. അല്ലാഹു വഴികള്‍ എളുപ്പമാക്കിക്കൊടുത്തു.

അതെ, ആ മഹാമനീഷിയുടെ ചാരെയാണല്ലോ? നെടുവീര്‍പ്പോടെ കവാടത്തില്‍ നിന്നും ഖബര്‍ ശരീഫിനടുത്തേക്ക് ചെന്നു. പിതവ് പി.എസ്.കെ മാടവന ഇമാമവര്‍കള്‍ക്ക് സലാം ചെല്ലിത്തന്നു. എല്ലാവരും അതേറ്റു ചൊല്ലി. പ്രഗത്ഭ ചിന്തകനും ഗ്രന്ഥകാരനും എന്‍റെ ഒമ്പത് വര്‍ഷത്തെ ഗുരുവര്യരും പണ്ഡിതനുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ ഇമാമവര്‍കളെ അനുസ്മരിച്ചു. ഇമാമവര്‍കളുടെ ജീവിതം ആഴത്തില്‍ പരാമര്‍ശച്ചു കൊണ്ട് ഉസ്താദിന്‍റെ വിവരണം മനസ്സില്‍ തറച്ചു. തലഉയര്‍ത്തി നില്‍ക്കുന്ന വലിയ താഴകക്കുടത്തിനു താഴെ ഒരാള്‍ പൊക്കത്തില്‍ ഇമാമവര്‍കളുടെ മഖ്ബറ തൂവെള്ള മാര്‍ബിളില്‍ പണിതീര്‍ത്തിരിക്കുന്നു. ഉസ്താദ് കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനിയുടെ പ്രാര്‍ത്ഥനയില്‍ എല്ലാരും സായൂജ്യരായി. ഇമാമവര്‍കള്‍ക്ക് സലാം പറഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. വിതുമ്പുന്ന മനസ്സോടെ..ഇത്ര ദൂരെ, ഈ മഹോന്നത സൂനത്തിനു മുന്നില്‍ നിന്ന് സലാം പറയാന്‍ ഭാഗ്യം നല്‍കിയ നാഥന് സ്ഥുതിപറഞ്ഞ്...

ഒരു ബറ്റാലിയന്‍ പട്ടാളക്കാര്‍ വന്നിറങ്ങി നേരെ മഖ്ബറക്കുള്ളിലേക്ക് പ്രവേശിച്ചു. ഞങ്ങള്‍ എല്ലാരും മാറി നിന്നു. അല്‍പ്പം ഭയത്തോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി. അവര്‍ സിയാറത്ത് ചെയ്തു. ഒരു മുത്വവ്വ അവര്‍ക്ക് ദുആ ചെയ്തു കൊടുത്തു. ശേഷം അവര്‍ വാഹനത്തില്‍ കയറി മടങ്ങി.

ഇമാമവര്‍കളുടെ മഖ്ബറ നില്‍ക്കുന്ന കെട്ടിടത്തിന് പരിസരത്ത് വലിയ ഖബര്‍സ്ഥാന്‍ കാണപ്പെട്ടു. ധാരാളം നല്ലഇനം മരങ്ങളും വിവിധഇനം പഴങ്ങളും വിളഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

നമ്മില്‍ പലരും പല മഹാډാരുടെ മഖ്ബറകളിലും പോയിട്ടുണ്ടാവുമെങ്കിലും ഇങ്ങനെ, ഈ നട്ടില്‍, പലരും വന്നെത്തല്‍ തുലോം വിരളമായിരിക്കും. അതും തുര്‍മുദ് പട്ടണത്തില്‍. കാരണം ഇതൊരു പ്രധാന സഞ്ചാര പാതയല്ല. അതിനാല്‍ ഇങ്ങോട്ട് അധിക പേരും ശ്രദ്ധവെക്കാറില്ല. ഉസ്ബക്കിസ്താനലെത്താന്‍ എളുപ്പമാണ്. പക്ഷേ പലരും തുനിയാറില്ല. ഇനി എത്തിയാല്‍ തന്നെ തുര്‍മുദ് പട്ടണവും മഖ്ബറ സിയാറയൂം സാഹസികമായതിനാല്‍ പലരും ഒവിവാക്കലാണ് പതിവ്. നാം ഇവിടെ വരണം. തിരുനബിയുടെ ഹദീസുകള്‍ക്ക് സേവനം ചെയ്യാന്‍ മഹാനവര്‍കള്‍ നടത്തിയ സാഹസത്തിന്‍റെ പാതയിലെത്താന്‍ നമുക്കൊന്നും സാധിക്കില്ലെങ്കിലും സാഹസികം ചെയ്ത് തിര്‍മിദി ഇമാമിന്‍റെ തിരു മുന്നിലെത്തി ഒരു അസ്സലാമു അലൈക്കും പറഞ്ഞാല്‍ അതിലെ നേട്ടം നമുക്ക് വലുത് തന്നെയാണ്.  അല്ലാഹു സ്വീകരിക്കട്ടെ ആമീന്‍

ബസ്സില്‍ കയറിയ ഞങ്ങള്‍ അവിടെ നിന്നും മടങ്ങി. ഇമാമവര്‍കളുടെ വിശ്രമസ്ഥാനം ഒരു നോക്കുകൂടി പുറം തിരിഞ്ഞു നോക്കി.. അങ്ങ് വിദൂരതയില്‍ ആ വിശുദ്ധ സഥലം മറഞ്ഞു. ഞങ്ങളുടെ വാഹനം ടെര്‍മിസ് പട്ടണം ലക്ഷ്യമാക്കി കുതിച്ചു. ഇനി 60 കിലോമീറ്റര്‍. രാത്രി ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഹോട്ടലിലെത്തി.

Reactions: