ഹദീസിന്റെ നറുമണം പരത്തി തുര്‍മുദ് ഗ്രാമം PART-1

Posted by SiM Media on 9:08 PM with No comments
ഇത് തുര്‍മുദ് നഗരം. ഡെല്‍ഹിയില്‍ നിന്നും വിമാന മാര്‍ഘം സഞ്ചരിച്ചാല്‍ കേവലം നാലു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. ഉസ്ബക്കിസ്താന്‍ രാഷ്ട്രത്തിലെ സര്‍ഖന്‍ദ്രിയോ (Surxondaryo) സ്റ്റേറ്റിലെ ഒരു ജില്ലയാണ് ടെര്‍മിസ് (Termez) അഥവാ തുര്‍മുദ്. അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമാനിസ്താന്‍, കിര്‍ഗിസ്ഥാന്‍, കസാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ മധ്യത്തില്‍ നിലകൊള്ളുന്ന ഉസ്ബക്കിസ്താന്‍റെ തെക്ക് ഭാഗത്തായി അഫ്ഗാനിസ്ഥാനോട് തോളുരുമ്മിക്കിടക്കുന്ന കൊച്ചു പ്രദേശം. ജډംകൊണ്ടും മരണം കൊണ്ടും ഒരു നാടിന്‍റെ കീര്‍ത്തി വാനോളമുയര്‍ത്തിയ വിശ്വ പണ്ഡിതന്‍ ജീവിച്ച ദേശം. തിരുനബി(സ്വ)യുടെ ഹദീസുകള്‍ക്ക് സേവനം ചെയ്ത് മുസ്ലിം ലോകത്തിന് വിലമതിക്കാനാകാത്ത സംഭവാവകളര്‍പ്പ മഹാ മനീഷിയുടെ നാട്.

അബൂ ഈസ മുഹമ്മദ് ബ്നു ഈസ തുര്‍മുദി(റ) അഥവാ ഇമാം തുര്‍മുദി അന്ത്യവിശ്രമം കൊള്ളുന്ന തുര്‍മുദിലേക്ക് നാല്‍പ്പത് പേരടങ്ങുന്ന ഞങ്ങളുടെ ബസ് അധിവേഗം സഞ്ചരിച്ചു. ഉസ്ബകിസ്താനിലെ പ്രസിദ്ധ പട്ടണമായ സമര്‍ഖന്ദില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. പകലിന്‍റെ സിംഹ ഭാഗവും ബസ്സില്‍ തന്നെ. കോടമ്പുഴ ബാവ മുസ്ലിയാര്‍, കല്‍ത്തറ ഉസ്താദ്, പി.എസ്.കെ മാടവന തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യവും നേതൃത്വവും യാത്രയില്‍ തെല്ലും മുഷിപ്പേകിയില്ല. പഠനാര്‍ഹമായ ചര്‍ച്ചകളും മദ്ഹുഗീതങ്ങളും യാത്രയെ ത്രസിപ്പിച്ചു. വഴിയോരക്കാഴ്ചകളില്‍ കണ്ണും നട്ടിരിന്നവര്‍ക്ക് അതിലേറെ കണ്‍കുളിര്‍മ്മയാണ് ലഭിച്ചുകൊണ്ടിരിന്നുന്നത്.

റോഡിന് ഇരുവശങ്ങളിലും പരന്നു കിടക്കുന്ന പരുത്തി കൃഷിത്തോട്ടങ്ങള്‍ ഉസ്ബകിസ്താന്‍ യാത്രയിലെ വേറിട്ട കാഴ്ചയായിരുന്നു. പരുത്തിയെ വൈറ്റ് ഗോള്‍ഡ് എന്ന മറുനാമത്തില്‍ ഈ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നു. ലോകാടിസ്ഥാനത്തില്‍, പരുത്തി ഉല്‍പാദനത്തില്‍ ആറാം സ്ഥാനവും കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ഉസ്ബകിസ്ഥാന്‍. ഏപ്രില്‍ മെയ് മാസങ്ങളില്‍ കൃഷി ചെയ്താല്‍ സെപ്തമ്പര്‍ മാസത്തില്‍ വിളവെടുപ്പ് നടത്തുകയാണ് പതിവ്. റോഡ് സൈഡില്‍ അല്പനേരം നിറുത്തിയ ബസ്സില്‍ നിന്നും യാത്രികര്‍ പുറത്തിറങ്ങി. തോട്ടത്തിലിറങ്ങി കാഴ്ചകള്‍ ആസ്വദിച്ചു.  തോട് പൊട്ടി പാതി പുറത്തു വന്ന പരുത്തിയെ എല്ലാവരും തൊട്ടറിഞ്ഞു.

യാത്രതുടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ചില സാങ്കേതിക ആവശ്യത്തിനായി വാഹനം വീണ്ടും നിറുത്തിയിട്ടു. എല്ലാവരും പുറത്തിറങ്ങി. ചുറ്റും വലിയ മലകള്‍. വിദൂരതയില്‍ വശ്യസുന്ദരമായ ഗ്രാമക്കാഴ്ച്ചകള്‍. മലമുകളിലെ കൊച്ചു കൊച്ചു കുടിലുകളും വൈക്കോല്‍ കൂനകളും ഓടിച്ചാടിക്കളിക്കൂന്ന കുട്ടികളും ഗ്രാമസൗന്ദര്യത്തിന് പകിട്ടേകി. അവശ്യസാധനങ്ങള്‍ കഴുതപ്പുറത്ത് കയറ്റി നീങ്ങുന്ന ഗ്രാമീണര്‍. വലിയ ആട്ടിന്‍ പറ്റത്തെ തെളിച്ചു നീങ്ങുന്ന ആട്ടിടയډാര്‍. എല്ലാം കണ്ട് നില്‍ക്കവേ അപ്രതീക്ഷിതമായി ചൂളം വിളിച്ചെത്തിയ തീവണ്ടി എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു. വലിയ കുന്നുകള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും കറുത്ത പുകതുപ്പി ഇന്ധനച്ചരക്കുകള്‍ വഹിച്ച് കുതിച്ചെത്തിയ ആ ട്രയിന്‍ ഞൊടിയിടയില്‍ വീദൂരതയിലേക്ക് മറഞ്ഞു.

കേരളത്തിന്‍റെ ജനസംഖ്യാ നിരക്കിനോളമില്ല ഉസ്ബക്കിസ്ഥാന്‍ രാഷ്ട്രത്തിലെ മൊത്തം ജനസംഖ്യ. ടുറിസ്റ്റുകളെ മാറ്റിനിറുത്തിയാല്‍, അക്ഷരാര്‍ത്ഥത്തില്‍ വഴിയോരങ്ങളും അങ്ങാടികളും പട്ടണങ്ങളും അത്ര ജനനിബിഡമല്ല. അറ്റമറ്റുകിടക്കുന്ന റോഡിലൂടെ വാഹനം അതിവേഗം സഞ്ചരിച്ചു. തുര്‍മുദിലേക്ക് അടുക്കും തോറും മൊട്ടക്കുന്നുകളായി മടക്കുകള്‍ കണക്കേ കൂറ്റന്‍ പര്‍വ്വതങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഗ്രാമീണതയുടെ ചന്തം വിരിഞ്ഞു നില്‍ക്കുന്ന ചെറിയ അങ്ങാടിയിലൂടെ വാഹനം കടന്നുപോയി. മണ്‍കട്ടകള്‍കൊണ്ട് പടുത്തുയര്‍ത്തിയ വീടുകള്‍, കളിമണ്ണുകൊണ്ടും പുല്ലുകൊണ്ടും മേഞ്ഞിരിക്കുന്ന മേല്‍പുരകള്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രം ആസ്പറ്റോസ് കൊണ്ട് മേല്‍പുര നിര്‍മ്മിച്ച ഭവനങ്ങള്‍. കന്നുകാലികളും കൃഷിത്തോട്ടങ്ങളും ധാരാളം. കഴുതസവാരിയിലാണ് അധിക ഗ്രാമീണരും. പെട്ടിക്കടകള്‍ സജീവം. തണ്ണിമത്തനും ഷമാമും റോഡരികില്‍ കൂട്ടിയിട്ട് വില്‍പ്പന നടത്തുന്നു. ഉസ്ബക്കിസ്ഥാന്‍ ഷമാമിന് തേനൂറും മധുരമാണെന്ന് ഞ്ഞങ്ങള്‍ രുചിച്ചറിഞ്ഞു.

വൈകുന്നേരം നാലുമണിയോടെ ഞങ്ങള്‍ തുര്‍മുദ് പട്ടണത്തിനോടടുത്തെത്തി.ഉസ്ബക്കിസ്ഥാനിലെ ഏറ്റം ചൂട് കൂടിയ പ്രദേശമാണിവിടം. ഗ്രീക്ക് പദമായ തെര്‍മോസ് (thermos)  അഥവാ ചൂട് എന്നര്‍ത്ഥം വരുന്ന പദത്തില്‍ നിന്നാണ് തിര്‍മിദ് എന്ന പദം ലോപിച്ചതെന്ന് പറയപ്പെടുന്നു. അഫ്ഗാന്‍ അതിര്‍ത്ഥി പങ്കിടുന്ന തിര്‍മിദ് പട്ടണം അമൂദാരിയ നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 2400 കി.മി നീണ്ടു കിടക്കുന്ന നദിയെപൗരാണിക ഗ്രീക്കുകാര്‍ (Oxus) ഓക്സസ് എന്നാണ് വിളിച്ചിരുന്നത്. അറബികള്‍ ജൈഹൂന്‍ (جيحون) എന്നും പറഞ്ഞുവരുന്നു. അഫ്ഗാനിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്കുമാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലൂടെ നദീ കടന്നു പോകുന്നു. ഇവിടെ തിര്‍മിദ് പട്ടണത്തെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിച്ചുകൊണ്ടാണ് അമൂദാരിയ നദിയുടെ സഞ്ചാരം.

ഉസ്ബക്കിസ്ഥാന്‍, കസാകിസ്ഥാന്‍ അടങ്ങുന്ന പ്രദേശങ്ങളെ പത്താം നൂറ്റാണ്ടിന്‍റെ ആദ്യ കാലം വരെയും യൂറോപ്പ്യന്‍മാര്‍ ട്രാന്‍സോക്സിയാന (Transoxiana) എന്നായിരുന്നു വിളിച്ചിരുന്നത്. ഹിജ്റക്ക് ശേഷം അറബികള്‍ ഈ നാടുകള്‍ കീഴടക്കിയപ്പോള്‍ ബിലാദു മാവറാഅന്നഹ്റ് (بلاد ما وراء النهر) എന്ന് വിളിക്കാന്‍ തുടങ്ങി. നദിക്കപ്പുറത്തെ പ്രദേശങ്ങള്‍ എന്നാണിതിന് അര്‍ത്ഥം. ഈ നദികൊണ്ടുള്ള ഉദ്ദേശ്യം അമൂദാരിയ നദിയായിരുന്നു.

പൗരാണികകാലം മുതല്‍ ഇന്നോളമുള്ള ചരിത്രം പരതിയാല്‍ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ ഭരാധികാരികള്‍ക്കും സാമ്രാജ്യങ്ങള്‍ക്കുമാണ് തുര്‍മുദ് പട്ടണം വിരിമാറ് കാട്ടിയിട്ടുള്ളത്. ചെങ്കിസ്ഘാന്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തി, ബനൂ അബ്ബാദ്, സാമാനി ഭരകൂടങ്ങള്‍, അവയില്‍ ചിലത് മാത്രം. പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യന്‍ ഭരണവും പത്തൊമ്പതാം നൂറ്റാണ്ടില്‍ സോവിയറ്റ് യൂണിയന്‍റെ അധികാരവും വിട്ടൊഴിഞ്ഞപ്പോള്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ രാജ്യത്തിന്‍റെ ഭാഗമെന്നോണം ഈ പട്ടണവും സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിച്ചു.

സോവിയറ്റ് ഭരണകാലത്ത് ഗതാഗതരംഗത്ത് വലിയ പുരോഗതി സിറ്റിയിലുണ്ടായി. റൈല്‍, റോഡ്, പാലം ധാരാളം പണിതീര്‍ക്കപ്പെട്ടു. അതില്‍ അറിയപ്പെട്ട ഒന്നാണ് 'ഉസ്ബക് അഫ്ഗാന്‍ സൗഹൃദ പാലം' തുര്‍മുദ് പട്ടണത്തിന്‍റെയും അഫ്ഗാന്‍ അതിര്‍ത്ഥിയുടെയും ഇടയിലൂടെ ഒഴുകുന്ന അമൂദാരിയ നദിക്ക് കുറുകെയാണ് ഈ സൗഹൃദ പാലം പണിയപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ബല്‍ക്ക് പ്രവിശ്യയിലെ ഹൈറത്താന്‍ (Hairatan) പട്ടണത്തിലേക്കാണ് പാലം ചെന്നെത്തുന്നത്. താലിബാന്‍ ഭീഷണിയെ തുടന്‍ന്ന് ഇടക്കാലത്ത് അടച്ചിടുകയും പിന്നീട് തുറന്നു കൊടുക്കുകയും ചെയ്തു. അലി(റ)ന്‍റെ മഖ്ബറ ഉണ്ടെന്ന് പറയപ്പെടുന്ന അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ നിന്നും തുര്‍മുദ് വഴി ഉസ്ബക്കിസ്ഥാനിലേക്ക് 2011 ല്‍ റെയില്‍ ഗതാഗതം ആരംഭിച്ചു. ചരക്ക് കടത്താന്‍ വേണ്ടി അഫ്ഗാനിസ്ഥാനാണ് റെയില്‍ നിര്‍മ്മിച്ചത്.

ലോക സഞ്ചാരി ഇബ്നു ബതൂത്ത, തന്‍റെ മൂന്നാം ഘട്ട സഞ്ചാരത്തിനിടെ തുര്‍മുദ് പട്ടണം സന്ദര്‍ശിക്കുകയുണ്ടായി.  മധ്യ കാലത്തെ തുര്‍മുദ് പട്ടണത്തെ അദ്ദേഹം വിവരിക്കുന്നത് ലളിതവും രസകരവുമായാണ്. "സമര്‍ഖന്തില്‍ നിന്നും ഞങ്ങള്‍ തുര്‍മുദ് പട്ടണത്തിലെത്തി. ജാമിഉല്‍ കബീര്‍ എന്ന ഹദീസ് ഗ്രന്ഥത്തിന്‍റെ രചയിതാവായ അബൂ ഈസ തുര്‍മുദിയുടെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. ഈ പട്ടണവും അങ്ങാടികളും രൂപ ഭംഗിയില്‍ മികച്ച് നില്‍ക്കുന്നു. പുഴകളും സൗരഭ്യം നിറഞ്ഞ പൂന്തോട്ടങ്ങളും ധാരാളമാണ്. സബര്‍ജില്‍, മുന്തിരിത്തോട്ടങ്ങള്‍ വളരെയധികം കാണപ്പെട്ടു. ധാരാളം മാംസങ്ങള്‍, പാല്‍ സംഭരണ കേന്ദ്രങ്ങള്‍ എല്ലാം സുലഭം. കുളിപ്പുരകളില്‍ വലിയ ജാറുകളില്‍ പാല്‍ സംഭരിച്ചിരിക്കുന്നു. കൊച്ചു പാത്രംകൊണ്ട് ജാറില്‍ നിന്നും മുക്കി തലയില്‍ പാലൊഴിച്ച് കഴുകുന്ന കാഴ്ച്ച കാണാമായിരുന്നു." (തുടരും)

രണ്ടാം ഭാഗം (ഹദീസിന്‍റെ പൂങ്കാവനത്തില്‍)വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.