പറപ്പാടി മഖാം

Posted by SiM Media on 3:43 PM with No comments
കാസര്‍ഗോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ എന്ന സ്ഥലത്തെ പുണ്യഭൂമിയാണ്‌ പറപ്പാടി. ഒരേക്കറിലധികം വിശാലമായി കിടക്കുന്ന ഈ പ്രദേശം നിരവധി മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഇത് അനിഷേധ്യമായ വസ്തുതയാണ്. മൊഗ്രാല്‍ പുത്തൂര്‍ ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം 3 കി.മി. ദൂരമേ ഇങ്ങോട്ടെക്കൊള്ളൂ.  ഇവിടെ പ്രധാനമായ ഒരു മഖ്ബറയും അതിന്‍റെ പരിസരങ്ങളില്‍ വേറെയും ചില മഖ്ബറകള്‍ ഇപ്പോള്‍ നമുക്ക് കാണാനാകും. ആരാണ് ഇവിടെ മറപെട്ടു കിടക്കുന്നതെന്ന് പേരോ മറ്റു രേഖാപരമായ തെളിവുകളോ നിലവിലില്ലെങ്കിലും പണ്ടുമുതലേ കൈമാറിവരുന്ന വിവരങ്ങളാണ് നിലവിലെ തെളിവുകള്‍ . എല്ലാത്തിനും പുറമേ മഹാനായ സി.എം. വലിയുല്ലാഹി ഇവിടെ മറപെട്ടുകിടക്കുന്നത് മഹാന്മാരാണെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയതുമാണ്.

1977 ല്‍ പറപ്പാടിയെ വെറും പാറക്കുന്ന്  മാത്രമെന്ന് പറഞ്ഞ് പരിഹാസമുയര്‍ത്തിയപ്പോള്‍ മൊഗ്രാല്‍ പുത്തൂരിലെ മര്‍ഹൂം യാസീന്‍ മുത്തുക്കോയ തങ്ങള്‍ മുഖേനയാണ് സി.എം വലിയുല്ലാഹി ഇവിടെയെത്തുന്നത്. ഞാന്‍ സ്ഥിരമായി സിയാറത്ത് ചെയ്യാറുണ്ടെന്നും ഉറൂസും മറ്റു കര്‍മ്മങ്ങളും കഴിക്കേണ്ടതാണെന്നും ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണീ സ്ഥലമെന്നും മഹാനവര്‍കള്‍ അന്ന് പറഞ്ഞിരുന്നു. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സി.എം. വലിയുല്ലാഹി നിര്‍ദ്ദേശിച്ചത് കുമ്പോള്‍ സയ്യിദ് ആറ്റക്കോയ തങ്ങളോടായിരുന്നു. ഈ വിഷയത്തില്‍ മഖാം-മസ്ജിദ് കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയായ കുമ്പോള്‍ തങ്ങളുടെ പ്രതികരണം താഴെ നല്‍കുന്നുണ്ട്.

സി.എം. വലിയുല്ലാഹിക്ക് പുറമേ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, താജുല്‍ ഉലമ, വടകര മുഹമ്മദാജി തങ്ങള്‍, വലിയുല്ലാഹി അന്ത്രുപ്പാപ തുടങ്ങിയവരും പലപ്പോഴായി ഇവിടെ സിയാറത്തിനെത്താറുണ്ടായിരുന്നു. ഇവിടെ സി.എം. വലിയുല്ലാഹി ക്ഷണിതാവായി ഒരുതവണ മാത്രമേ എത്തിയിട്ടുള്ളൂ എങ്കിലും അവിടുത്തെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇവിടം. ഇസ്മാഈല്‍ ബിന്‍ അബ്ദുല്‍ ഖാദിര്‍ മദനി എന്നവര്‍ രചിച്ച മൌലിദുന്നൂര്‍ ഫീ മനാഖിബി സി.എം. വലിയുല്ലാഹില്‍ മടവൂരി എന്ന ഗ്രന്ഥത്തില്‍ ഇത് വിവരിക്കുന്നുണ്ട്.

സി.എം. വലിയുല്ലാഹി ഇവിടെ ക്ഷണിതാവായി എത്തിയസമയത്ത് ഇപ്പോഴത്തെ മഖാമിന്‍റെ വലത് വശത്തായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. മഹാനവര്‍കളെ സ്റ്റേജിലേക്ക് ആനയിച്ഛപ്പോള്‍ സ്റ്റേജിലേക്ക് കയറാതെ മാറിനിന്നു. ക്ഷുഭിതനായി...''അവിടെ കയറിയിരിക്കാന്‍ പറ്റിയ സ്ഥലമല്ല'' എന്ന് പറഞ്ഞു മഹാനവര്‍കള്‍ മാറിനിന്നു. അതിനാല്‍ ഇന്ന് ഈ സ്ഥലവും ആദരവോടെ മറച്ചുകെട്ടി സൂക്ഷിച്ചു വരുന്നു. ചിത്രത്തില്‍ കാണുന്ന കെട്ട് അതാണ്‌.

ഇവിടെ ഖബറുമില്ല പ്രസക്തിയുമില്ല എന്ന് പറഞ്ഞ് പുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ മഖാം പരിപാലകര്‍ ഇപ്പോഴത്തെ പ്രധാന ഖബറുകളില്‍ ഒന്ന് തുറന്നു. അതില്‍ അത്ഭുതപ്പെടുത്തുമാര്‍ ഒരുകേടും സംഭവിക്കാത്ത മുസ്‌ലിം ശൈലിയില്‍ മറമാടിയ മയ്യിത്ത് കാണുകയും ചെയ്തു. ഉറൂസ് വേളയില്‍ ഇത് ദിവസങ്ങളോളം തുറന്ന് വെക്കുകയും സംശയ രോഗികളെ വെല്ലുവിളിച്ച് കൊണ്ട് ഈ നില ദിവസങ്ങളോളം തുടര്‍ന്നുവെങ്കിലും സംശയാലുക്കളാരും രംഗത്ത് വന്നില്ല. ഇത് പറപ്പാടിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമാണ്.

ദീര്‍ഘകാലമായി പറപ്പാടി മഖാം കമ്മിറ്റി സെക്രട്ടറിയായി സേവനം ചെയ്യുന്ന ഹമീദ് പറപ്പാടിയുടെ പിതാവാണ് ദേശംകുളം അബ്ദുല്ല കുഞ്ഞി എന്നയാള്‍ . ഇദ്ദേഹമാണ് ആദ്യകാലങ്ങളില്‍ ഇവിടുത്തെ നിത്യ സിയാറത്ത്കാരനും പരിപാലകനും.

പ്രധാന മഖ്ബറയിലേക്ക് കയറുവാനുള്ള സ്റ്റെപ്പ് നിര്‍മ്മിക്കുവാന്‍ ആസൂത്രണം നടത്തിയ വ്യക്തി രാത്രി ഉറങ്ങാന്‍ കിടപ്പോള്‍ ഒരു സ്വപ്നം കണ്ടു. ''എന്‍റെ തലക്ക് കല്ലിടുകയോ?'' എന്ന ചോദ്യമാണ് തനിക്ക് നേരെ വന്നത്. പുലര്‍ച്ചെ അവിടെ സന്ദര്‍ശിച്ചപ്പോള്‍, സ്വപ്നത്തില്‍ കണ്ട സ്ഥലം പ്രത്യേകമായി മണ്ണ് നീങ്ങിയ രൂപത്തില്‍ അടയാളപ്പെട്ടതായി അവര്‍ക്ക് ബോധ്യപ്പെട്ടു.  അങ്ങിനെ ആ പദ്ധതി ഒഴിവാക്കുകയും അവിടെ ഖബര്‍ കെട്ടി അടയാളപ്പെടുത്തുകയും ചെയ്തു. ചിത്രത്തില്‍ കാണുന്ന ഖബര്‍ അതാണ്‌ .

ചിത്രത്തില്‍ കാണുന്നതുപോലെ മൈതാനിയില്‍ പ്രധാന മഖാമിന്‍റെ ഇടഭാഗത്ത് കിഴക്കുഭാഗത്തായി ഉയര്‍ത്തപ്പെട്ട ഖബര്‍ സംശയിക്കുന്നവര്‍ക്ക് വേണ്ടി തുറന്ന് കൊടുത്ത് മൂട് കല്ല്‌ വരെ എത്തിയപ്പോള്‍ തുറക്കാന്‍ ശംശയിക്കുന്നവര്‍ക്ക് അനുമതികൊടുത്ത് വെല്ലുവിളിച്ച ശേഷം ഉയര്‍ത്തപ്പെട്ടതാണ്. വിശാലമായ മൈതാനിയില്‍ നിരവധി മഖ്ബറകളുണ്ട്. മൈതാനിയില്‍ മാത്രമല്ല പരിസരത്തു വരെ ചില ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴി കുത്തിയപ്പോള്‍ ഖബറുകള്‍ കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഉറൂസുകളും മറ്റു പരിപാടികള്‍കൊണ്ടും ഇവിടെ ഇന്ന് സജ്ജീവമാണ്.

ഈയുള്ളവര്ന്‍ സുഹൃത്ത് താഹിര്‍ ഭായിയുടെ വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് ഈ ദേശത്തിന്‍റെ മഹത്വം അദ്ദേഹം എന്നെ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക്  ഞങ്ങള്‍ ബൈക്കെടുത്ത് എത്തി. ആത്മ നിര്‍വൃതിയോടെ സിയാറത്ത് നടത്തി. എന്‍റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഈ നാട്ടുകാരനായ സഈദ് സഅദി കാരക്കുന്ന് ഇവിടത്തെ ചരിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു ലഖു കൃതി മലയാളത്തില്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തെയും അവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പര്‍ 95673246935. ഈ വിവരണങ്ങള്‍ക്ക് ഇദ്ദേഹത്തിന്‍റെ പുസ്തകത്തോടാആണ്  കടപ്പാട്. 

ഈ കഥനത്തിനു സമയം നീക്കി വെച്ചത് അവരോടുള്ള സ്നേഹം കൊണ്ടാണ്. സ്നേഹിച്ചവര്‍ സ്നേഹിക്കപ്പെട്ടവരോടൊപ്പം നാളെ പരലോകത്തുണ്ടാകുമ്പോള്‍ അല്ലാഹു നമ്മെയും കുടുംബത്തെയും വേണ്ടപ്പെട്ടവരെയും ആ കൂട്ടത്തില്‍ പെടുത്തി അനുഗ്രഹിക്കട്ടെ..ആമീന്‍.




മഖ്ബറക്ക് പരിസരത്തെ പ്രകൃതി 

സ്റ്റെപ്പ് പണിതപ്പോള്‍ വെളിപ്പെട്ട ഖബര്‍ 

01/09/2013നു വിനീതന്‍ ഈ പുണ്യ സ്ഥലത്തെത്തി.