|
പ്രധാന മഖ്ബറകള്‍ |
ഇടുക്കി ജില്ലയിലെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ ഉടുമ്പന്നൂര്‍ ടൌണ്‍ എത്തും മുമ്പ് ഇടത്തോട്ട് അല്‍പ്പം തിരിഞ്ഞാല്‍ ഈ മഖാമിലെത്താം. ആധികാരികമായ രേഖകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും പ്രദേശത്തെ കാരണവന്മാര്‍ പറഞ്ഞു പോരുന്ന വിരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ മറപെട്ടു കിടക്കുന്നവര്‍ അങ്ങ് അറബ് നാട്ടില്‍ നിന്നും വന്നെത്തിയ ശുഹദാക്കന്മാരാണത്രെ. ചുറ്റും റബ്ബര്‍ തോട്ടത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ആദ്യകാലങ്ങളില്‍ കൈവശം വെച്ചിരുന്ന അവിശ്വാസികള്‍, അവര്‍ക്കനുഭവപ്പെട്ട അസാധാരണത്വം മൂലം ശുഹദാക്കന്മാര്‍ മറപെട്ടുകിടക്കുന്ന 80 സെന്റ് ഭൂമി മുസ്‌ലിംകളെ ഏല്‍പ്പിക്കുകയായിരുന്നു. അതിനാല്‍ ഇപ്പോഴും ഇതിനു പരിസരത്ത് താമസിക്കുന്നവര്‍ അവിശ്വാസികള്‍ തന്നെയാണ്. പ്രദേശത്തെ പ്രധാന മഹല്ലിനു കീഴിലാണ് ഈ മഖാമും കൊച്ചു പള്ളിയും പരിസരവും പരിപാലിച്ചു വരുന്നത്. ഇവിടത്തെ ഏറ്റം ശ്രദ്ധേയമായ കാര്യം! അറിയപ്പെടാതെ കിടന്നിരുന്ന മഖ്ബറകള്‍ ഓരോന്നായി വെളിവായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരു മഹാന്‍ വന്നുകൊണ്ട് ഈ സ്ഥലത്ത് മറപെട്ടു കിടക്കുന്ന മഹത്തുക്കളുടെ 40 ഖബറുകള്‍ ഓരോന്നായി വെളിവാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. തദടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി നാലോളം ഖബറുകള്‍ വെളിവായിക്കഴിഞ്ഞുവന്നതാണ്. ഇതില്‍ മൂന്നെണ്ണം ഈയടുത്ത് വെളിവായതാണ്. മതില്‍കെട്ടാന്‍ കുഴിവെട്ടുന്ന സമയത്ത് അടിച്ചുവീശുന്ന പരിമളത്തോടെ കുഴിയില്‍ നിന്ന് പുകവന്നിരുന്നത് പരിവസരവാസികള്‍ നേരില്‍ ദര്‍ശിച്ചിരുന്നു. ധാരാളം ആളുകള്‍ ഇത് നേരില്‍ കണ്ടിരുന്നു. ധാരാളം ആളുകള്‍ ഇവിടം സിയാറത്തിനായി എത്തുന്നു. വാരാന്ത രാതീബ് പരിപാടികളും മറ്റും ഇവിടെ നടന്നു വരുന്നു. നബിദിനത്തോടനുബന്ധിച്ച് പരിസരത്തെ മഹല്ലുകളില്‍ നിന്ന് വിദ്ധ്യാര്‍ത്തികളുടെ റാലി ഇവിടെ സമാപിക്കുന്നു.
09/09/2013 നു വിനീതന്‍ സിയാറത്തിനായി ഇവിടെ എത്തിയപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. അല്ലാഹു സ്വാലിഹീങ്ങളെ സ്നേഹിക്കുന്നവരില്‍ നമ്മെയും കുടുംബത്തെയും ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.
0 comments:
Post a Comment