പ്രഥമ ഇമാം നവവി അവാര്‍ഡ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക്

Posted by SiM Media on 10:54 AM with No comments

കൊച്ചി: അല്‍കോബാര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രഥമ ഇമാം നവവി പുരസ്‌കാരത്തിന് പ്രമുഖ ഗ്രന്ഥകാരനും മതപണ്ഡിതനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അര്‍ഹനായി. ഇസ്‌ലാമിക ഗ്രന്ഥരചനാ രംഗത്ത് അറബി, മലയാള ഭാഷകളില്‍ ബാവ മുസ്‌ലിയാര്‍ അര്‍പ്പിച്ച സംഭാവനയെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളായ സയ്യിദ് അബ്ദുര്‍റഹിമാന്‍ ആറ്റക്കോയ, എ പി അബ്ദുര്‍റഹീം പാപ്പിനിശ്ശേരി, സുബൈര്‍ സഖാഫി തലയോലപ്പറമ്പ് എന്നിവര്‍ അറിയിച്ചു.

എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തില്‍വെച്ച് ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കും. ലോകോത്തര ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി കെയ്‌റോ അല്‍ അസ്ഹര്‍ സ്ഥിതിചെയ്യുന്ന ഈജിപ്തില്‍ നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനമായ ‘സീറതു സയ്യിദുല്‍ ബശര്‍’ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനക്കാണ് ഇമാം നവവി അവാര്‍ഡിന് ബാവ മുസ്‌ലിയാരെ അര്‍ഹനാക്കിയത്. ആധുനിക അറബി പദശേഖരങ്ങളും ആശയ വൈപുല്യവും ഭാഷാശുദ്ധിയും കോടമ്പുഴ ബാവ മുസ്‌ലിയാരുടെ ഈ രചനയെ വേറിട്ടുനിര്‍ത്തുന്നു. ഇമാം നവവി പുരസ്‌കാരത്തിനു പുറമെ കായല്‍പട്ടണം മഹഌറത്തുല്‍ ഖാദിരിയ്യ: ശൈഖ് ജീലാനി അവാര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുരസ്‌കാരം, ജാമിഅ ഇഹ്‌യാഉസ്സുന്ന മഖ്ദൂമിയ്യ: അവാര്‍ഡ്, മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ: അഹ്മദുല്‍ ബുഖാരി അവാര്‍ഡ് തുടങ്ങി വിദേശ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്‍പ്പെടെ അനേകം ബഹുമതികള്‍ ബാവ മുസ്‌ലിയാരെ തേടിയെത്തിയിട്ടുണ്ട്.

കേരളത്തിലെയും വിദേശത്തെയും ഇസ്‌ലാമിക പഠനത്തിന് ഏര്‍പ്പെടുത്തിയ സിലബസിന്റെ മുഖ്യ ശില്‍പ്പിയായ ബാവ മുസ്‌ലിയാര്‍ ‘സീറതു സയ്യിദുല്‍ ബശറി’നു പുറമെ അമൂല്യമായ നിരവധി അറബി ഗ്രന്ഥങ്ങളും ക്ലോണിംഗ്, പോസ്റ്റ്‌മോര്‍ട്ടം, അവയവമാറ്റം തുടങ്ങി സമകാലിക കര്‍മശാസ്ത്ര വിധികള്‍, സ്‌പെയിന്‍ ഇന്ത്യ ഇസ്‌ലാമിക ചരിത്രം, കുരിശുയുദ്ധം, വിശ്രുത പദ്യഗദ്യ വ്യാഖ്യാനങ്ങള്‍, സപ്ത പ്രപഞ്ചം, നശിക്കാത്ത ജഡം തുടങ്ങി നിരവധി വിഷയങ്ങളും ആനുകാലികങ്ങളില്‍ വായനാലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ അറബി പാഠപുസ്തക രചനപരിശോധക സമിതിയംഗമായിരുന്ന ബാവ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗം, കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി നിലകളില്‍ സേവനമനുഷ്ഠിക്കുന്നു.

കടപ്പാട്, സിറാജ് ന്യൂസ്‌.