ബദ്ര്‍ ദിനം
Posted by SiM Media on 12:40 AM with No comments
സത്യത്തിന്‍റെയും അസത്യത്തിന്‍റെയും സമരഭൂമികയില്‍ മൂര്‍ച്ചയേറിയ വിശ്വാസം കൊണ്ട് കൊയ്തെടുത്ത വിജയമാണ് ബദ്ര്‍. പീഡന പര്‍വ്വങ്ങളുടെ നെല്ലിപ്പടി കണ്ട നബിയോടും സ്വഹാബാക്കളോടും നിലനില്‍പിനായി പോരുതുകയെന്ന സ്രഷ്ടാവിന്‍റെ ആഹ്വാനം വന്നതോടെയാണ് ബദ്ര്‍ രണാങ്കണത്തിന് കളമൊരുങ്ങുന്നത്. സര്‍വ്വായുധവിഭൂഷിതരായി വന്ന ശത്രു പാളയത്തെ വിറപ്പിക്കുവാനോ വെല്ലാനോ മുസ്‌ലിം പക്ഷത്തിന് കൈമുതലായി ഒന്നുമില്ലാതിരുന്നിട്ടും കേവലം മരക്കഷണങ്ങള്‍കൊണ്ട് പൊരുതി നേടിയ വിജയരഹസ്യം എന്താണെന്നതാണ് ചിന്തോദ്ദീപകമായ വസ്തുത. ആയിരത്തോളം പേരടങ്ങുന്ന ശത്രുപക്ഷത്തെ കേവലം മുന്നൂറോളം വരുന്ന സ്വഹാബികള്‍ തുരത്തിയോടിച് വിജയം പിടിച്ചുവാങ്ങിയ ചങ്കൂറ്റം ഉജ്ജ്വലമായ വിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്നതാണ് സമരത്തിന്‍റെ ബാക്കി പത്രമെന്നോണം നാം ഉള്‍കൊള്ളേണ്ട പാഠം.
ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ 17 വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. തലേദിനം പ്രവാചകന്‍ (സ്വ)ടെന്റില്‍ സുജൂദില്‍ വീണ് മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും പിടിമുറുക്കിയിരിക്കുമ്പോഴും ഇസ്‌ലാമിന്‍റെ അസ്തിത്വം കാക്കാന്‍ മജ്ജയും മാംസവും ഉഴിഞ്ഞുവെച്ച ആ വിശുദ്ധ ജീവിതങ്ങളെ അല്ലാഹു എങ്ങനെ കൈവിടാന്‍? വിജയം മുസ്‌ലിംകള്‍ക്കൊപ്പം നിന്നു. യുദ്ധക്കൊതിയരെന്നു പറയാന്‍ എന്തുണ്ട് ന്യായം? ലക്ഷങ്ങള്‍ ഞെട്ടറ്റു വീഴുന്ന ആധുനീക യുദ്ധമുഖങ്ങള്‍ക്കെവിടെ ന്യായം? ശത്രുപക്ഷത്ത് നിന്ന് എഴുപതു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മുസ്‌ലിംപക്ഷത്തുനിന്ന് പതിനാലുപേര്‍ മാത്രം രക്തസാക്ഷികളായി നാഥനിലേക്ക് പറന്നുയര്‍ന്നു. അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ച് മുന്നേറിയപ്പോള്‍ അവന്‍ തന്‍റെ അദൃശ്യപ്പട്ടാളത്തെ ഇറക്കിവിട്ട് കാര്യം എളുപ്പമാക്കിത്തീര്‍ത്തു.
ഇസ്‌ലാമിന്‍റെ അസ്തിത്വം കാത്ത ആ വിശുദ്ധാത്മാക്കള്‍ക്കാണ് ബദ് രീങ്ങള്‍ എന്ന് പറയുന്നത്. പ്രവാചകന്‍മാര്‍ക്ക് ശേഷം അവരാണ് ഏറ്റം ആദരണീയരെന്നതില്‍ രണ്ടു പക്ഷമില്ല. അനസ് (റ) വില്‍ നിന്ന് നിവേദനം: 'കുട്ടിയായിരുന്ന ഹാരിസത്തിനു(റ)ബദ്ര്‍ യുദ്ധത്തില്‍ അമ്പേറ്റു. അപ്പോള്‍ ഹാരിസത്തിന്‍റെ ഉമ്മ നബി (സ്വ)യുടെ അരികില്‍ വന്ന് വേവലാതിപ്പെട്ടതിന് നബി (സ്വ) ഇപ്രകാരം മറുപടി നല്‍കി. നിശ്ചയം ഹാരിസ (റ)ജന്നത്തുല്‍ ഫിര്‍ദൌസിലാകുന്നു.'(ബുഖാരി)
അവര്‍ക്ക് പ്രാധാന്യമുള്ളത് പോലെ അവരുടെ നാമങ്ങള്‍ക്കും പ്രാധാന്യമുണ്ട്. അവ എഴുതി വെക്കുന്നിടത് വിഷമങ്ങള്‍ ദൂരീകരിക്കപ്പെടുകയും മഹാന്മാരുടെ കാവല്‍ ഉണ്ടാവുകയും ചെയ്യുമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ബദ് രീങ്ങളുടെ നാമങ്ങള്‍ ചൊല്ലി ദഫ്മുട്ടിക്കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ നബി (സ്വ )യെ കണ്ടപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി നബി (സ്വ)യുടെ മദ്ഹ് കാവ്യത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നേരത്തെ ചൊല്ലിക്കൊണ്ടിരുന്ന അസ്മാഉല്‍ ബദ്ര്‍ തന്നെ ചൊല്ലാന്‍ നബി (സ്വ) അവരോടു നിര്‍ദേശിച്ചതായി ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഹദീസിലുണ്ട്.(ഫത്ഹുല്‍ബാരി9/16)
ആകയാല്‍ അവര്‍ചെയ്ത ത്യാഗങ്ങളെ സ്മരിച്ചുകൊണ്ട് പുണ്യം നേടുകയാണ് നാം ചെയ്യേണ്ടത്. ബദ് രീങ്ങളോട് ഏറ്റുമുട്ടി നിലംപതിച്ച്, ഒടുവില്‍ കാന്‍സര്‍ ബാധിച്ച് ശരീരം ചീഞ്ഞളിഞ്ഞു മക്കള്‍ പോലും കുഴിച്ചുമൂടാന്‍ മടിച്ചപ്പോള്‍ ആരോ എടുത്ത് മറവു ചെയ്ത അബൂലഹബിന്‍റെ ദാരുണഅന്ത്യം ബദ് രീങ്ങളെ ഇകഴ്ത്തുന്ന വഹാബികള്‍ക്കൊരു പാഠമാകണം. ബദ് രീങ്ങളെ അനുസ്മരിക്കുക, മൌലിദ് പാരായണം നടത്തുക, ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുക ഇതെല്ലാമാണ് നാം ചെയ്യേണ്ടത്. വിശുദ്ധ റമസാനിനെ പോലും അപമാനിക്കുന്ന രീതിയില്‍ നമ്മുടെ വീടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ടി. വി. പ്രോഗ്രാമുകള്‍ക്ക് പകരം മണ്മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഇത്തരം അനുഷ്ഠാനങ്ങള്‍ തിരിച്ചുകൊണ്ടു വരാനാണ് നാം ശ്രമിക്കേണ്ടത്. അവരുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കട്ടെ-ആമീന്‍.
Categories: ബദ്ര്‍
0 comments:
Post a Comment