ഹിജ്റ: ചില പുതുവത്സര ചിന്തകള്‍
Posted by SiM Media on 11:27 PM with 1 comment
പുതുവത്സരാശംസകള്‍ / كل عام وأنتم بخير
മുസ്ലിം ലോകം പുതുവര്ഷപ്പുലരിക്കുവേണ്ടി പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണിപ്പോള്‍. അതോടൊപ്പംതന്നെ ക്രിസ്തുവര്‍ഷത്തിന്റെ പുലരിയും ലോകം കാതോര്‍ത്തു നില്‍ക്കുകയാണ്. അവയുടെ പരിസരങ്ങളിലേക്കൊരു എത്തിനോട്ടം മാത്രമാണിവിടെ ഉദ്ദേശിക്കുന്നത്.
ലോകാടിസ്ഥാനത്തിലും നമ്മുടെ നാടുകളിലൊക്കെ പണ്ടുകാലത്ത് അതാതുകാലഘട്ടത്തില് നടന്ന പ്രധാന സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അല്ലെങ്കില്‍ അവയെ ആസ്പദീകരിച്ചുകൊണ്ട് സംസാരിക്കുക പതിവാണ്. ഇതുപോലെ പ്രവാചകന് നബി തിരുമേനി (സ) പിറന്ന വര്‍ഷം നടന്ന ആനക്കലഹ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അക്കാല അറബികള്‍ കാലഗണന നടത്തിയിരുന്നത്. പ്രവാചകന് ശേഷം ഖലീഫ ഉമര്‍ (റ) ന്റെ ഭരണ കാലത്തായിരുന്നു മുസ്ലിംകള്ക്കായി കലണ്ടര്‍ സംവിധാനം രൂപം കൊണ്ടത്. ശത്രു സമൂഹത്തിന്റെ ക്രൂരത സഹിക്കവയ്യാതായപ്പോള്‍ നബിതിരുമേനി (സ) പിറന്ന നാടായ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഇതിനാണ് ഹിജ്റ എന്നുപറയുന്നത്. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഹിജ്റ വര്‍ഷ കലണ്ടര്‍ തുടങ്ങിയത്. ഇതുപ്രകാരം ഇസ്ലാമിക കലണ്ടറിലെ ആദ്യദിനം AD 622 ജൂലൈ 16 വെള്ളിയാഴ്ച മുഹറം 1 ആയിരിന്നു.
മുഹറം, സ്വഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍, ജമാദുല്‍ ഊല, ജമാദുല്‍ ആഖിര്‍, റജബ്, ശഅബാന്‍, റമളാന്‍, ശവ്വാല്‍, ദുല്‍ ഖഅദ, ദുല്‍ഹിജ്ജ എന്നിവയാണ് ഹിജ്റ കലണ്ടറിലെ 12 മാസങ്ങള്‍. "നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ട്ടിദിനത്തില് അല്ലാഹുവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിരോധിക്കപ്പെട്ടവയാണ്".(വിശുദ്ധ ഖുര്‍ആന്‍/ തൌബ: 36) ആ നാലു മാസങ്ങള്‍ ദുല്‍ ഖഅദ, ദുല്‍ഹിജ്ജ, മുഹറം, റജബ് എന്നിവയാണെന്ന് തഫ്സീറുല്‍ ജലാലൈനി വിശദീകരിക്കുന്നു. യുദ്ധമുണ്ടായിരുന്ന കാലത്ത് യുദ്ധം വിലക്കപ്പെട്ടു. ഇക്കാലത്തെ യുദ്ധം സ്വന്തം ശരീരത്തോടുള്ളതായതിനാല് തിന്മകള് കൈവെടിഞ്ഞ് നന്മകളെ പുല്കാന് താല്പര്യം കാട്ടേണ്ട മാസങ്ങള്കൂടിയാണിവ.
മുഹറം ഒന്നാണ് മുസ്ലിമിന്റെ പുതുവത്സരദിനം. ഈ ദിനത്തോടനുബന്ധിച്ച് ആശംസകള്‍ കൈമാറല്‍ സുന്നത്താണെന്ന് ശര്‍വാനിയില്‍(3/56) കാണാം. تقبل الله منا ومنكم, كل عام وأنتم بخير, ഈ രൂപത്തില്‍ നാം ആശംസകള്‍ കൈമാറാന്‍ ഉത്സാഹം കാണിക്കണം. ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന പുതുവര്‍ഷ ആഘോഷങ്ങള്‍ ഇസ്ലാമിക വീക്ഷണത്തില്‍ അതിരുവിട്ടതാണെന്നു പറയേണ്ടതില്ല. തലേദിനം കരിമരുന്നുകള്‍ പ്രയോഗിച്ചും മദ്യപിച്ച് മ്യൂസിക് അകമ്പടിയോടെ തിമിര്താടിയും ആഘോഷത്തെ വരവേല്‍ക്കുന്നത് തീര്‍ത്തും വങ്കത്തരമാണ്. അന്നേദിനത്തെ വേണ്ടാവൃത്തികള്‍ ഇവിടെ നിരത്താന്‍ ഞാന്‍ തുനിയുന്നില്ല. ഇവിടെ ദുഖകരമായ മറ്റോരു വസ്തുത. മുസ്ലിംകള്ക്ക് ആഘോഷിക്കാന്‍ ഹിജ്റ പുതുവത്സരമുണ്ടായിരിക്കെ അവ വലിച്ചെറിഞ് മറ്റു തോന്നിവാസങ്ങള്‍ക്കു പിറകെ പായുന്ന കാഴ്ചയാണ്. ഏതായാലും മുസ്ലിംകളായ നമ്മള് അവ തിരിച്ചറിഞ്ഞ് നമ്മുടെ ആഘോഷത്തെ സമ്പുഷ്ടമാക്കാന്‍ തുനിയണമെന്നാണ് ഇവിടെ ഊന്നിപ്പറയുവാനുള്ളത്.
ഹിജ്റ വര്ഷപ്പിറവിയെ എങ്ങിനെയാണ് നാം വരവെല്ക്കേണ്ടത്? പെരുന്നാള്‍ പോലെയുള്ള ഒരാഘോഷത്തിന്റെ സ്കേലിലേക്ക് നമ്മുടെ ഈ ആഘോഷം കടന്നുവരരുത്. തെറ്റുകളില്‍നിന്നെല്ലാം പിന്തിരിഞ്ഞുകൊണ്ടുള്ള പാശ്ചാതാപ മനസ്സാണ് ആദ്യമായി നമുക്കുണ്ടാകേണ്ടത്. അങ്ങിനെയെങ്കില്‍ അല്ലാഹു നമ്മെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. മുന്‍കാല ചരിത്രം നമുക്കതിന് സാക്ഷിയാണ്. ഒരുപാട് സന്തോഷങ്ങള്‍ക്കും സന്താപങ്ങള്ക്കും നിമിത്തമായ മാസമാണീ മുഹറം. അര്ഷിനെ സൃഷ്ട്ടിച്ചു, ലൌഹുല്‍ മഹ്ഫൂളിനെ സൃഷ്ട്ടിച്ചു, ജിബ്രീല്‍ (അ)മിനെ സൃഷ്ട്ടിച്ചു, ഭൂമിയെ സൃഷ്ട്ടിച്ചു, ആദ്യമായി മഴ വര്‍ഷിച്ചു, ആദം നബിയും ഭാര്യ ഹവ്വയും ഭൂമിയില്‍ പരസ്പരം കണ്ടുമുട്ടി, നൂഹ് നബി (അ) യുടെ കപ്പല്‍ ജൂതീ പര്‍വതത്തില്‍ നങ്കൂരമിട്ടു, ഇബ്റാഹീം നബി(അ) യെ തീ കുണ്ടാരത്തിന്ല് നിന്ന് രക്ഷപ്പെടുത്തി, യൂസുഫ് നബി (അ)യെ ജയില്‍ മോചിതനാക്കി, യഅഖൂബ് നബി (അ) ക്ക് കാഴ്ച തിരിച്ചുകിട്ടി, അയ്യൂബ് നബിയുടെ രോഗം സുഖപ്പെട്ടു, മൂസാ നബി (അ) നെ പിന്തുടര്‍ന്ന ഫറോവയും സംഘവും നടുകടലില്‍ മുങ്ങി നശിച്ചത്, സുലൈമാന്‍ നബി (അ) നെ ലോക ചക്രവര്‍ത്തിയാക്കി, യൂനുസ് നബി (അ) യെ മത്സ്യത്തിന്റെ വയറ്റില്‍ നിന്നും പുറത്താക്കി, ഈസാ നബി (അ) നെ ആകാശത്തേക്കുയര്‍ത്തി, മുഹമ്മദ് നബി (സ) യില്‍ നിന്ന് തെറ്റുകളൊന്നും ഉണ്ടാകില്ലെന് അല്ലാഹു ഉറപ്പുനല്‍കി, ഹുസൈന് (റ) കര്‍ബലയില്‍ രക്തസാക്ഷിയായി, ഖലീഫ ഉമര്‍ (റ) രക്തസാക്ഷിയായത്, ഇനി നാളെ അന്ത്യനാള്‍ സംഭവിക്കുന്നതും ഈ മാസത്തിലായിരിക്കും. ഇങ്ങനെ നിരവധി പ്രവാചകര്‍ പലവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമായ, അവരുടെ പാശ്ചാതാപങ്ങള് സ്വീകരിക്കപ്പെട്ട, അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ മാസമെന്ന നിലക്ക് നമുക്കീ മാസത്തില്‍ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്ത്താനുണ്ട്.
ഈ മാസത്തില്‍ പുണ്യമായ മറ്റൊരു കര്‍മമാണ് വ്രതാനുഷ്ഠാനം. പ്രവാചകനെ ഉദ്ധരിച്ച് അബൂ ഹുറൈറ (റ) പറയുന്നു. "റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക് വിശേഷം അല്ലാഹുവിന്റെ മാസമായ മുഹറം ആകുന്നുവെന്നു നബി (സ) പറഞ്ഞിട്ടുണ്ട്". (മുസ്ലിം) മുസ്ലിമിന്റെ മറ്റൊരു ഹദീസില്‍ കാണാം. "ആശുറാഅ നോമ്പ്, തൊട്ടുമുമ്പുള്ള ഒരു വര്‍ഷക്കാലത്തെ ദോഷം പൊറുപ്പിക്കുമെന്ന് അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു." മുഹറം മുഴുവനും നോമ്പ് നോല്‍ക്കല്‍ സുന്നത്താണ്. ഇതില്‍ ആദ്യത്തെ പത്തു ദിനങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ട്. മുസ്ലിംകള് പണ്ടുപണ്ടേ ആദരിക്കുന്ന മൂന്നു പത്തുകളാണ് റമളാന്‍ ഒടുവിലെ പത്ത്, ദുല്‍ഹിജ്ജ , മുഹറം ആദ്യ പത്തുകളും. ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം "മുഹറമിലെ ഓരോ ദിവസത്തെ നോമ്പിനും മുപ്പത് സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്". ആകയാല്‍ റമളാന്‍ കഴിഞ്ഞാല്‍ ഏറ്റം മഹത്വമുള്ള നോമ്പാണ് മുഹറമിലേത്. പിന്നെ റജബ്, ദുല്‍ഹിജ്ജ, ദുല്‍ഖഅദ എന്നിങ്ങനെയാണ്.(ഫത്ഹുല്‍ മുഈന്‍. 204)
മുഹറം പത്തിന്റെ നോമ്പിന് ആശൂറാഅ എന്നും ഒമ്പതിന്റെ നോമ്പിന് താസുആഅ എന്നും പറയുന്നു. മദീനയില്‍ പ്രവാചകന് ചെന്നപ്പോള്‍ അവിടെ ജൂതന്മാര് മുഹറം പത്തിന് നോമ്പനുഷ്ട്ടിക്കുന്നത് കണ്ടു. അതെപറ്റി പ്രവാചകന് ചോദിച്ചപ്പോള്‍ അവര്‍ മൂസാ നബി (അ) നെ ബന്ധപ്പെടുത്തി സംസാരിക്കുന്നത്കണ്ടു. അന്നേരം നബി തങ്ങള്‍ പറഞ്ഞു മൂസാ നബിയോട് നിങ്ങളെക്കാള്‍ ഏറ്റം ബന്ധപ്പെട്ടത് ഞങ്ങളാണെന്ന് പറഞ്ഞ് മുഹറം പത്തിനും ജൂതരോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഒമ്പതിനും പതിനൊന്നിനും നോമ്പ് നോല്ക്കാന് കല്പിച്ചു. ബുഖാരി 1865 ല്‍ ഈ സംഭവം കാണാം.
ആശൂറാഅ ദിനത്തില്‍ حسبي الله ونعم الوكيل نعمل المولي ونعم النصير എന്ന് എഴുപതു തവണ പറയുന്നവരെ ആ വര്‍ഷത്തിലെ എല്ലാവിധ ആപത്തുകളില്‍ നിന്നും അല്ലാഹു സുരക്ഷിതമാക്കുമെന്ന് ഇമാം ഉജ്ഹൂരി (റ) പറഞ്ഞിട്ടുണ്ട്. (തഖ്രീറു ഇആനത്ത്. 2/267) അതുപോലെ അന്നെദിനം സ്വദഖ ചെയ്യലും ഭക്ഷണ വിതരണം നടത്തലും മഹത്തായ സുന്നത്തായ കര്‍മങ്ങളാണ്.
'ആശൂറാ പായസം' എന്ന പേരില്‍ ചില സ്ഥലങ്ങളില്‍ പായസവിതരണം കാണാറുണ്ട്. അതിന്റെ ചരിത്രപരമായ രേഖ ചെന്നെത്തുന്നത് നൂഹ് നബിയുടെ കാലത്തുണ്ടായ സംഭവത്തിലേക്കാണ്. വെള്ളപ്പൊക്കത്തില്‍ കപ്പലിലോഴികെയുള്ളവയെല്ലാം നശിക്കുകയും കപ്പലിലുള്ളവര്‍ രക്ഷപ്രാപിക്കുകയും ചെയ്തു. ഇങ്ങനെ കപ്പലിലുണ്ടായിരുന്നവരുടെ നോബ് തുറക്ക് ഭക്ഷണമില്ലാതെ വന്നപ്പോള്‍ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളെല്ലാം ഒരുമിച്ചുകൂട്ടി നൂഹ് നബി (അ) പായസമുണ്ടാക്കിയിരുന്നു. മുഹറം പത്തിനായിരുന്നു ആ കപ്പല്‍ നങ്കൂരമിട്ടത്. എന്ന് 'തഖ്രീറു ഇആനത്ത്' 2:267 ല്‍ വിവരിക്കുന്നുണ്ട്. ഈ പായസത്തിന് പ്രാമാണിക തെളിവുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല. ആയതിനാല്‍ പായസത്തിനു പ്രത്യേക മഹത്വമൊന്നുമില്ല. എങ്കിലും സാധാരണ ഭക്ഷണമെന്ന നിലക്ക് വര്ജ്ജിക്കേണ്ടതുമില്ല.
ആശൂറഇന്റെ ദിനത്തോടനുബന്ധിച്ച് ഷിയാക്കള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. ഇസ്ലാമിലെ അവാന്തര വിഭാഗമായ ഇവര്‍ അന്നെദിനം രണ്ടു ചേരിയാണ്. ഒരുകൂട്ടര്‍ ഹുസൈന് (റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ദുഖിക്കുമ്പോള് മറുവിഭാഗം ആ ദിനത്തില്‍ സന്തോഷമായി കൊണ്ടാടുന്നു. ദുഖമാചരിക്കുന്നവര് കറുത്ത വസ്ത്രമണിഞ്ഞ് ഹുസൈന് തങ്ങളുടെ പേരില്‍ പലതും എണ്ണിപ്പറഞ്ഞു അട്ടഹസിക്കുന്നു..ശരീരത്തെ ആക്രമിച്ച് രക്തമൊലിപ്പിക്കുന്നു..തീയില്‍ ചാടുന്നു..ഇങ്ങനെ പലവിധ ആഭാസങ്ങളും നടത്തിവരുന്നു. ഇതോടനുബന്ധിച്ചുള്ള ദുഖാചരണവും ഇവര്‍ കൊണ്ടാടുന്നുണ്ട്. ഇസ്ലാമിക കാഴ്ചപ്പാടില്‍ ഒരിക്കലും അവ അനുവദനീയമാകുന്നില്ല. അതുപോലെ ഈ ആചാരങ്ങളെ ബന്ധപ്പെടുത്തിയുള്ള സുറുമ ഇടുന്ന രൂപവും കണ്ടുവരുന്നു. അതും പാടില്ലാത്തതാകുന്നു.
നമ്മുടെ പുതുവത്സരം ഹിജ്റ വര്ഷപ്പിറവിയാണെന്ന ഓര്‍മ്മ എല്ലാവരുടെയും മനസ്സിലുണ്ടായിരിക്കട്ടെ അല്ലാത്തവയോട് പുറംതിരിഞ്ഞുള്ള സമീപനം നാം കൈകൊള്ളുക. അവയുടെ ആഘോഷ രീതികള്‍ നാം കടമെടുക്കാതെ ശ്രദ്ധിക്കുക. നമ്മുടെ ജീവിത പരിസരങ്ങളില്‍ ഇസ്ലാമിനെ കൈയൊഴിയാതിരിക്കാന്‍ ശ്രമിക്കുക. നമ്മുടെ നല്ല നാളേക്കുവേണ്ടി...എല്ലാവര്ക്കും നല്ലൊരു വര്‍ഷാരംഭം ആശംസിക്കുന്നു....
Categories: ഹിജ്റ
قبل الله منا ومنكم, كل عام وأنتم بخير
ReplyDelete