ഖാജാ ഗരീബ് നവാസ്‌ (ഖ.സി)

Posted by SiM Media on 11:48 AM with No comments
ഇത് അജ്മീര്‍ എന്ന പുണ്യ പട്ടണം. ആധുനികരും പൌരാണികരുമായ എണ്ണമറ്റ ഭരണാധികാരികളെ കണ്ണുതുറപ്പിക്കുകയും അവര്‍ക്ക് ആതിഥ്യമരുളുകയും ചെയ്ത മഹാ നഗരം. ചരിത്രത്തിലെ തിരുശേഷിപ്പുകള്‍ കൊണ്ട് മകുടം ചൂടിനില്‍ക്കുന്ന താരാഘട്‌ പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ നഗരം ഇന്ന് രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ആയിരത്തി ഒരുന്നൂരില്‍ രജപുത്ര രാജാവായ അജയ്‌ ചൗഹാനാണ് വാസ്തവത്തില്‍ ഈ നഗരത്തിന് അസ്ഥിവാരമിട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല കൂടിയാണ് അജ്മീര്‍.

ജനനം
ആര്‍ദ്ര മനോഭാവത്തിന്‍റെ സങ്കേതമായ ഒരു വിശ്രുത ജീവിതം പരത്തിയ വെളിച്ചവും അതിനെ ചുറ്റിപ്പറ്റിയുള്ള കാല്‍പ്പാടുകളുമാണ് ഈ നഗരത്തിന് ഇത്രമേല്‍ ഖ്യാതി നേടിക്കൊടുക്കാനുണ്ടായ കാരണം. ഹിജ്റ 530 റജബ് 14ന് ഇറാനിലെ സഞ്ചര്‍ എന്ന കുഗ്രാമത്തില്‍ നിന്ന് തുടങ്ങുന്ന ചരിത്രം, ഒടുവില്‍ ലോകചരിത്രത്തില്‍ അനിഷേധ്യമായ അത്ഭുത സിദ്ധികള്‍ക്കുടമയെന്ന സ്ഥാനങ്ങള്‍ക്കപ്പുറം എത്തിനില്‍ക്കുന്ന വലിയ്യും മുജദ്ദിദുമായ വിശ്രുത പണ്ഡിതന്‍, അഥവാ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖ.സി) എന്നവരിലേക്കാണീ പെരുമ ചെന്നെത്തുന്നത്.

സ്വപ്നദര്‍ശനം
യാദൃശ്ചികതയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സുപ്രഭാതത്തില്‍ പെട്ടന്നുണ്ടായ തോന്നലുകളോ അല്ല; ബിംബാരാധനയുടെ ഈറ്റില്ലമായി മുരടിച്ചിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് സത്യപ്രകാശം പകര്‍ന്നു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നത വ്യക്തിയായിരുന്നു ഉപര്യുക്ത പുരുഷന്‍. മറ്റാരാലുമല്ല; ലോകഗുരു മുഹമ്മദ്‌ നബി (സ്വ)തന്നെയാണ് ആ നിര്‍ദ്ദേശം മഹാനുഭാവന് നല്‍കിയത്. തിരുനബി (സ്വ)യുടെ ഉള്‍വിളിയെന്നോണം വിശുദ്ധ റൗളാ ശരീഫിലെത്തിയ ഖാജാ തങ്ങള്‍ ചിന്തയിലായിരിക്കെ ഒരശരീരി കേട്ടു. " ഓ! ഖുത്ബുല്‍ മശാഇഖ്‌ റൌളയുടെ അകത്തേക്ക് വരൂ" റൌളയിലെത്തിയ ശേഷം തിരുനബി (സ്വ)പറഞ്ഞു:" ഓ! മുഈനുദ്ദീന്‍ താങ്കളെ നാം ഇന്ത്യയിലെ ചക്രവര്‍ത്തിയായി നിശ്ചയിച്ചിരിക്കുന്നു. താങ്ങള്‍ അജ്മീരില്‍ പോകുക. താങ്കളുടെ വാസസ്ഥലവും അന്ത്യവിശ്രമവും അവിടെത്തന്നെയാണ്. ഇസ്‌ലാമിക പ്രബോധനം നടത്തുക." ഇതൊരു കേവല കല്പനയല്ല. മറിച്ച് ആധികാരിക ഉത്തരവായിരുന്നു. മാതൃ പിതൃ വഴിക്ക് തിരു നബി (സ്വ)യിലേക്ക് ചെന്നെത്തുന്ന വിശുദ്ധ പരമ്പരയുടെ ഉടമയായതാണിതിന്ന് നിമിത്തമായത്.

വയസ്സ് പതിനാല് പ്രാപിക്കുമ്പോഴേക്കും കച്ചവടക്കാരനായ പിതാവ് ഗിയാസുദ്ദീന്‍ എന്നവരും മാതാവ് മാഹിനൂര്‍ ബീവിയും ഇഹലോകത്തോട് വിടപറഞ്ഞു. ഇളംപ്രായത്തിലെ പരിലാളനക്ക്‌ പകരം പ്രാരാബ്ധങ്ങള്‍ മാത്രമായിരുന്നു തനിക്ക് മുന്നില്‍ വിരിഞ്ഞു നിന്നത്. അനന്തരമായി കിട്ടിയ മുന്തിരിത്തോപ്പും ആസ്സും കല്ലും ജീവിതമാര്‍ഗമാക്കി മുന്നേറി. അതുതന്നെയായിരുന്നു അവിടുത്തെ ജീവിതത്തിന് വഴിത്തിരിവേകിയ പാശ്ചാത്തലം.

വഴിത്തിരിവ്
ഇബ്റാഹീം ഖന്‍ദൂസി (റ) എന്ന പ്രസിദ്ധ സൂഫിവര്യന്‍ ഒരിക്കല്‍ ഖാജയുടെ മുന്തിരിത്തോപ്പിലേക്ക് കടന്നു വന്നു. ഖാജാ തങ്ങള്‍ മഹാന് ഉല്‍കൃഷ്ട രീതിയില്‍ ആതിഥ്യമരുളി. കഴിക്കാന്‍ നല്ല കാരക്കകള്‍ ഒരുക്കിവെച്ചു. ആഗതന്‍ അത് നന്നായി ഭക്ഷിച്ചു. ശേഷം തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു ഉണങ്ങിയ റൊട്ടിക്കഷ്ണമെടുത്ത് വായിലിട്ട് ചവച്ച ശേഷം ഖാജക്ക് നല്‍കി. അതോടെ അദ്ദേഹത്തിന്‍റെ ഹൃദയം വലിയൊരു മാറ്റത്തിന് വിധേയമാവുകയായിരുന്നു.

ഗുരുവര്യര്‍
വിജ്ഞാന ദാഹവുമായി അദ്ദേഹം ദേശങ്ങള്‍ ചുറ്റി. ഒടുവില്‍ ശൈഖ് ഉസ്മാനുല്‍ ഹാറൂനി (റ) എന്ന പണ്ഡിത കേസരിയെ പറ്റി കേള്‍ക്കുകയും തന്‍റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്‍റെ കരങ്ങളില്‍ ഭദ്രമായി ഏല്‍പ്പിക്കുകയും ചെയ്തു. നീണ്ട ഇരുപതു വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ പക്കല്‍ നിന്ന് വിജ്ഞാനം നുകര്‍ന്നു. ത്വരീഖത്തിന്‍റെ ഔന്നിത്യത്തിലേക്കും ആഴങ്ങളിലെക്കും അദ്ദേഹം കടന്നു ചെന്നു. അബൂ യൂസുഫുല്‍ ഹമദാനി (റ) മഹ്മൂദുല്‍ ഇസ്ഫഹാനി (റ) തുടങ്ങിയ മഹോന്നതര്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥരില്‍ ചിലര്‍ മാത്രമായിരുന്നു.


അജ്മീരില്‍
ഹിജ്റ 561 ല്‍ ഖാജാ തങ്ങളും നാല്‍പതോളം മുരീദന്മാരും ഇന്ത്യയില്‍ കാലുകുത്തുന്നത് പ്രിത്വിരാജും ശിഹാബുദ്ധീന്‍ ഗോരിയും തമ്മിലുള്ള വൈര്യത്താല്‍ ഒരുക്കിവെച്ച രണഭൂമിയിലേക്കായിരുന്നു. ജനമാകെ ഇടിവെട്ടേറ്റ സര്‍പ്പത്തെ പോലെയായി! കോപത്താല്‍ ജ്വലിച്ചു നിന്നു. മുസ്‌ലിംകളോടുള്ള വിദ്വേഷമായിരുന്നു അടിസ്ഥാന കാരണം.

അജ്മീരിലെത്തിയ ഖാജയും ശിഷ്യരും ഒരു മരച്ചുവട്ടില്‍ തമ്പടിച്ചു വിശ്രമിച്ചു. അത് രാജാവിന്‍റെ ഒട്ടകങ്ങളെ ബന്ധിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകപാലകര്‍ ഓടിവന്ന് ഖാജയോടു കയര്‍ത്തു. പോകാന്‍ ആവശ്യപ്പെട്ടു. മഹാന്‍ പറഞ്ഞു: 'ശരി ഞങ്ങള്‍ പോയ്കൊള്ളാം. ഒട്ടകങ്ങള്‍ അവിടെ കിടക്കട്ടെ'. കുറച്ചു കഴിഞ്ഞ് പരിപാലകര്‍ ഒട്ടകത്തെ അഴിച്ചു കൊണ്ടുപോകാന്‍ വന്നു. പക്ഷെ ഒട്ടകമൊന്നും എഴുന്നേല്‍ക്കുന്നില്ല. കിടന്ന കിടപ്പുതന്നെ. പരിഭ്രാന്തരായ പരിപാലകര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. വിവരം അറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. അറേബ്യയില്‍ നിന്ന് ഒരു പണ്ഡിതന്‍ ഇവിടെ വരുമെന്നും അദ്ദേഹം നിന്‍റെ നാശത്തിന് ഹേതുവാകുമെന്നും തന്‍റെ അമ്മ പ്രവചിച്ചത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നവെന്ന് രാജാവ് മനസിലാക്കി. ഉടന്‍ ഖാജയോട് ക്ഷമ ചോദിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഖാജാ തങ്ങള്‍ പറഞ്ഞു: ' നിങ്ങള്‍ പൊയ്ക്കോളൂ ദൈവ നിശ്ചയമുണ്ടെങ്കില്‍ അവ എഴുന്നേറ്റിട്ടുണ്ടാകും.' അന്നേരം അവരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒട്ടകമെല്ലാം എഴുനേറ്റിട്ടുണ്ടായിരുന്നു.

ഈ സംഭവം രാജാവില്‍ കോപവും ഭീതിയും വര്‍ദ്ധിപ്പിച്ചു. ഖാജയെ വധിക്കുകയെന്ന പോം വഴി മാത്രമായി അദ്ദേഹത്തിന്‍റെ ചിന്ത. ഇതേ സമയം അവിശ്വാസികള്‍ പവിത്രമായി കരുതിപ്പോന്നിരുന്ന അനാസാഗര്‍ തടാകക്കരയില്‍ നിന്ന് അറേബ്യന്‍ ഫഖീറുകള്‍ അംഗസ്നാനം നടത്തി തടാകം അശുദ്ധമാക്കിയെന്ന വാര്‍ത്ത രാജകൊട്ടാരത്തെ ഇളക്കിമറിച്ചു. വിറളിപൂണ്ട രാജാവ് തന്‍റെ ആവനാഴിയില്‍നിന്ന് ആദ്യ അസ്ത്രം ഖാജക്കെതിരില്‍ തൊടുത്തുവിട്ടു. അതായിരുന്നു ശാദിദേവന്‍ എന്ന ആഭിചാര പണ്ഡിതന്‍. അജ്മീറിലെ കൊച്ചു കുടില്‍ മുതല്‍ രാജകൊട്ടാരം വരേക്കും അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്നു. തന്‍റെ പരിവാരങ്ങളുമായി ഖാജാ തങ്ങളുടെ മുന്നിലെത്തിയ ശാദിദേവന്‍ സ്തബ്ധനായി നിന്നു. ഖാജയുടെ ജ്യോതിര്‍ഗോള വദനം അദ്ദേഹത്തെ നിഷ്പ്രഭമാക്കിത്തീര്‍ത്തു. ആ മുഖത്ത് നിന്നും സ്ഫുരിക്കുന്ന നിഷ്കളങ്കതയുടെ കിരണങ്ങളെറ്റ് അദ്ദേഹം വാടിക്കരിഞ്ഞു. ഒടുവില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഖാജക്ക് ഉശിരന്‍ താമസസ്ഥലം ഒരുക്കി. അതാണ്‌ ഇന്ന് ഖാജ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം.

അനാസാഗര്‍ തടാകം ഉപയോഗിച്ചതില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജാവ്‌ അവിടെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്കൂറ്റത്തോടെ തടാകത്തില്‍ നിന്ന് ഖാജയുടെ മുരീദ്‌ ഒരു തളികയില്‍ അല്പം വെള്ളം ശേഖരിച്ചു. അതോടെ തടാകം വറ്റിവരണ്ടു. രാജ്യത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാല്‍ വരേക്കും വറ്റി വരണ്ടു. വിഷമത്തിലായ ജനം ഖാജയുടെ മുന്നില്‍ അടിയറവെച്ചു. അലിവ് തോന്നിയ ഖാജ തളികയിലെ ബാക്കി വെള്ളം തടാകത്തിലൊഴിച്ചതോടെ അത് പൂര്‍വ്വസ്ഥതി പ്രാപിച്ചു. ഇതു കണ്ട ജനം ഇസ്‌ലാമിന്‍റെ മാര്‍ദ്ദവ മടിത്തട്ടില്‍ അഭയം തേടിക്കൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് തന്‍റെ രണ്ടാമത്തെ അസ്ത്രം തൊടുത്തുവിട്ടു. അതായിരുന്നു മാരണവിദ്യക്കാരനായിരുന്ന അജപാലന്‍. സര്‍പ്പങ്ങളെയും തേളുകളെയും തോടുത്തുവിട്ടാണ് അദ്ദേഹം ഖാജയെ വിറപ്പിച്ചത്. പക്ഷെ മഹാനുഭാവന് അതൊരു ഓലപ്പാമ്പായി മാത്രമേ തോന്നിയുള്ളൂ. ഗത്യന്തരമില്ലാതായപ്പോള്‍ അബ്ദുള്ള എന്ന നാമം സ്വീകരിച്ച് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. ഖാജാ തങ്ങള്‍ ത്വരീഖത്തിന്‍റെ മൂശയിലിട്ട് വാര്‍ത്തെടുക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേര്‍ന്നു. അബ്ദുല്ല ബയാബാന്‍ എന്ന പേരില്‍ അജ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അവിടെയെത്തുന്നവരെ സഹായിച്ചുകൊണ്ട് ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്‌.

വഫാത്ത്
അബൂ ഇസ്ഹാഖുശീറാസി സ്ഥാപിച്ച ചിശ്തി ത്വരീഖത്തിന്‍റെ ഏഴാം ഖലീഫയായ ഖാജാ തങ്ങള്‍ ആത്മസംസ്കരണത്തിലൂടെ പതിനായിരക്കണക്കിന് ജീവിതങ്ങളെ സംശുദ്ധമാക്കിയിട്ടുണ്ട്. ദല്‍ഹി ഭരിച്ചിരുന്ന നിസാമുദ്ദീന്‍ രാജാവിനെ രാജസിംഹാസനത്തില്‍ നിന്നും പിടിച്ചിറക്കി വിലായത്തിന്‍റെ പദവിയിലേക്ക് കയറ്റിയിരുത്തിയത് തന്നെ അതിനുള്ള മകുടോദാഹരണമാണ്. സദാ വുളു പുതുക്കുകയും രണ്ടുരക്അത്ത് സുന്നത്ത് നിസ്കരിക്കുകയും ദിനംപ്രതി രണ്ടു തവണ ഖുര്‍ആന്‍ പാരായണം ചെയ്യലുമെല്ലാം അദ്ദേഹത്തിന്‍റെ ജീവിത ചിട്ടകളായിരുന്നു. മഹാന്‍ 45 തവണ കാല്‍നടയായി വിശുദ്ധ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. 67 മനുഷ്യരും 58 ജിന്നുകളും ഖലീഫകളുള്ള ഖാജാ തങ്ങള്‍ റജബ് 6 നു അല്ലാഹുവിന്‍റെ സമീപത്തേക്ക് നടന്നു നീങ്ങി. അന്നേരം മഹാനുഭാവന് 96 വയസ്സ് പ്രായമായിരുന്നു. പ്രഭാതത്തില്‍ ശിഷ്യന്മാര്‍ മുറി തുറന്നു നോക്കിയപ്പോള്‍ മഹാനുഭാവന്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ആ വിശുദ്ധ നെറ്റിത്തടത്തില്‍ ഇപ്രകാരം ഉല്ലേഖനം ചെയ്യപ്പെട്ടിരുന്നു. " ഹാദാ ഹബീബുല്ല മാത ഫീ ഹുബ്ബില്ല" (അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍ അവന്‍റെ പ്രീതിയോടെ മരണപ്പെട്ടിരിക്കുന്നു.)

ചിന്തോദ്ദീപകം
എഴുന്നൂറോളം വര്‍ഷങ്ങള്‍ പിന്നിട്ട് നില്‍ക്കുന്ന ആ വിശുദ്ധ ഖബ്ര്‍ ശരീഫും പരിസര പ്രദേശങ്ങളും ഇന്ന് ആത്മീയ മുസ്‌ലിംകളുടെ സിരാകേന്ദ്രമാണ്. വിഷമങ്ങളനുഭവിക്കുന്നവരുടെ അത്താണിയാണ്. വാളുകളും ബോംബുകളും കൂട്ടക്കൊലയും മറയാക്കി സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് മുന്നില്‍ ഖാജ ഒരു വിസ്മയമാണ്. അവിടത്തെ ആ വ്യക്തിപ്രഭാവം! അതൊന്നു മാത്രമായിരുന്നു അവിടത്തെ കയ്യിലെ ആയുധം. അവിടത്തെ ജീവിത വിശുദ്ധിയിലാണ് സമൂത്തിന്‍റെ കണ്ണുരുക്കിപ്പോയത്. തങ്ങളുടെ ഒരു നോട്ടം മാത്രം! അതൊരുപക്ഷേ ഒരു ജീവിതത്തിന്‍റെ അല്ലെങ്കില്‍ ഒരുപാട് ജീവിതങ്ങളുടെ രക്ഷയിലെക്കുള്ള ടേണിംഗ് പോയിന്റായിരുന്നു. അത് മാത്രം മതി അവിടത്തെ ജീവിത വിശുദ്ധി അളന്നെടുക്കാന്‍. ആത്മീയ മുസ്‌ലിംകളുടെ സുപ്രിംകോടതിയാണ് ഖാജയുടെ അജ്മീര്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ സുല്‍ത്താനാണ് മഹാനായ ഖാജ തങ്ങള്‍. പാവങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഖാജയെ "ഖാജാ ഗരീബ് നവാസ്‌" എന്ന നാമം കൊണ്ടാണ് സാമൂഹം ആദരിച്ചത് . മഹാനവര്‍കളുടെ പവിത്രത കൊണ്ട് അല്ലാഹു നമ്മുടെ ഈമാന്‍ സലാമാത്താക്കി തരുമാറാകട്ടെ-ആമീന്‍.

പണ്ഡിതരും പാമരും എന്നുവേണ്ട രാജാക്കന്മാരും പ്രസിഡന്റുമാരും ഇന്നിവിടെ പുണ്യം തേടിയെത്തുന്നു. ഔറംഗസീബ്‌, അക്ബര്‍, ഷാജഹാന്‍, ഇല്‍ത്തുമിഷ് തുടങ്ങിയ ചക്രവര്‍ത്തിമാരെല്ലാം മാഹനായ ഖാജയോട് ബന്ധം സ്ഥാപിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഐ. പി. എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ ഇങ്ങനെ കാണാം. "1572 ല്‍ ഗുജറാത്ത്‌ ആക്രമണവേളയില്‍ ശത്രുവിനെതിരെ പോരാടുന്നതിന് മുമ്പ്‌ 'അല്ലാഹു അക്ബര്‍' യാ മുഈന്‍(ഖാജാ മുഈനുദ്ദീന്‍ ചിശ്തി) എന്ന് അക്ബര്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയുണ്ടായി. അനുയായികളില്‍ ചിലര്‍ 'അജ്മീരി' 'അജ്മീരി' എന്ന് ഉറക്കെപറഞ്ഞിരുന്നു. മസാറുകളിലേക്ക് തീര്‍ഥാടനം നടത്തുന്നതില്‍ തല്‍പരനായിരുന്ന അക്ബര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെയും മറ്റും മഖ്ബറകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1508 ല്‍ ചിത്തോര്‍ ആക്രമണത്തില്‍ വിജയിച്ചു. അക്ബര്‍ കാല്‍നടയായാണ്. അജ്മീര്‍ ദര്‍ഗയിലേക്ക് പോയത്. 1570 ല്‍ സലിം എന്ന മകന്‍റെ ജനനത്തില്‍ സന്തുഷ്ടനായ അക്ബര്‍ അജ്മീരില്‍ ദര്‍ഗ സന്ദര്‍ശിക്കുകയും അവിടെ കെട്ടിടങ്ങള്‍ പണി കഴിപ്പിക്കുകയും ചെയ്തു.(IPH/ഇ. വി/പേ .66/വോ.1)