ആഘോഷങ്ങളെ ആഭാസങ്ങളാക്കരുത്

Posted by SiM Media on 12:01 PM with 1 comment

വിശ്വാസത്തിന്റെ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസി വൃന്ദത്തിനു കളമൊരുക്കി വീണ്ടുമൊരു ബലിപെരുന്നാള്‍ സമാഗതമാവുകയാണ്. മനുഷ്യ സമൂഹം പല വീക്ഷണത്തില്‍ ലോകത്ത്‌ വിവിധങ്ങളായ ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നു. മതമുള്ളവനും മതമില്ലാത്തവനും ആഘോഷമുണ്ട്. മനസ്സ് ഇച്ചിക്കുന്ന രൂപത്തില്‍ ആഘോഷങ്ങളെ രൂപപ്പെടുത്തിയെടുക്കാനാണ് അധിക മനസുകളും കൊതിക്കുക. എന്നാല്‍ ഇസ്‌ലാം ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു മുസ്‌ലിം എങ്ങിനെ ആഘോഷത്തെ സ്വീകരിക്കണമെന്ന് ഇസ്‌ലാം വ്യക്തമായി പഠിപ്പിക്കുന്നു.

ഇസ്‌ലാമിലെ ആഘോഷം വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാകുന്നു. മറ്റൊന്ന് പ്രവാചകന്‍ തിരുനബി (സ്വ) ജനിച്ച ദിനം മുസ്‌ലിം ലോകം അനുസ്മരണത്തോടെ സന്തോഷിക്കുന്നു. ആഘോഷം കൊണ്ടുള്ള വിവക്ഷ; തന്നിഷ്ടപ്പ്രകാരം പ്രവര്‍ത്തിക്കുകയെന്നല്ല. അങ്ങിനെ തന്നിഷ്ടപ്പ്രകാരം ഇസ്ലാമികാഘോഷങ്ങളെ കീഴ്മേല്‍ മറിച്ചതാണ് ഇന്ന് മുസ്‌ലിംകള്‍ തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റം വലിയ ഭീഷണി.

മുസ്ലിമേതര മതക്കാരും മതമില്ലാത്തവരും ആഘോഷങ്ങള്‍ കൊണ്ടാടുന്നത് കണ്ട് വിവരദോഷികളായ ചില മുസ്‌ലിം നാമധാരികള്‍ അവ കടമെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇസ്ലാമിനെതിരെ ഉണ്ടാക്കിയെടുത്ത അജ്ഞതയുടെ ചില്ലുഗോപുരങ്ങള്‍ തകര്‍ത്ത്‌ യഥാര്‍ത്ഥ ഇസ്‌ലാം കാണിച്ചുകൊടുക്കല്‍ നമ്മുടെ ബാധ്യതയാണ്.

ബലി പെരുന്നാള്‍ ദിനം മുസ്‌ലിംകള്‍ കുളിച്ച് പുതുവസ്ത്രമണിഞ്ഞു സുഗന്ധം പൂശി തക്ബീര്‍ മുഴക്കി നമസ്ക്കാരത്തിനായി പള്ളിയിലേക്ക് നീങ്ങുന്നു..ബലി മൃഗത്തെ അറുക്കുന്നു..കുടുംബ വീടുകളില്‍ കയറിയിറങ്ങി ബന്ധങ്ങള്‍ അരക്കെട്ടുറപ്പിക്കുന്നു...പാവങ്ങള്‍ക്ക് സഹായവിതരണം നടത്തുന്നു...ആശംസകള്‍ കൈമാറുന്നു...ഇതിനെല്ലാം പുറമെ, അടിമകള്‍ ചോദിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്രഷ്ടാവായ അല്ലാഹു തയാറായി നില്‍ക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന നല്ല ദിനം കൂടിയാണീ പെരുന്നാള്‍ ദിനം. ഒന്നുകൂടെ താഴോട്ട് ഇറങ്ങിവന്നാല്‍, നാട്ടുകാര്‍ സംഘടിച്ച് വാഹനം പിടിച്ച് മഹാന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്‌ബറകള്‍ സന്ദര്‍ശിച്ച് പുണ്യം നേടുവാന്‍ വിവിധ സ്ഥലങ്ങളില്‍ പോകുന്നു. അതുപോലെത്തനെ ഈയടുത്തിടെയായി പെരുന്നാള്‍ സുദിനങ്ങളില്‍ ബുര്‍ദ മജ്‌ലിസുകളും രംഗപ്രവേശനം നടത്തിയതും സ്വാഗതാര്‍ഹമാണ്. ഈ പുണ്യ ദിനം അനാവശ്യത്തിനു വേണ്ടി ചെലവഴിക്കുന്ന ചെറുപ്പക്കാരെയും ഫാമിലികളെയും അതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി നന്മയുടെ തീരത്തേക്കെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുന്നു. ഇവയൊക്കെയാണ് ഇസ്‌ലാമിക വൃത്തത്തിലുള്ള ആഘോഷങ്ങള്‍. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ നല്ലത് പറഞ്ഞു നന്മയിലേക്ക് കൂട്ടികൊണ്ടു വരല്‍ നമ്മുടെ കടമയാണ്.

അന്നെദിനം കുടുംബസമേതം സിനിമക്കുപോകുന്നതും ചെറുപ്പക്കാര്‍ ബാറുകളില്‍പോയി തിമിര്‍ത്താടുന്നതും എന്തുവില കൊടുത്തും നാം എതിര്‍ത്തേമതിയാകൂ. ഇസ്‌ലാം വിലക്കിയ ഗാനങ്ങളുമായി മുസ്‌ലിം പെണ്‍കൊടിമാരെ സ്റ്റേജ് കയറ്റിച്ചും അതിനോപ്പിച്ചുള്ള നര്‍ത്തനങ്ങളും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതിനു ഈദ്‌ നൈറ്റെന്നോ പട്ടുറുമ്മാലെന്നോ എന്ത് പേരിട്ടാലും ശരി, തിന്മകളുടെ ലിസ്റ്റിലേക് അവയുടെ സ്ഥാനം നാം മാറ്റിയെഴുതണം.

പെരുന്നാള്‍ സൗന്ദര്യം നഷ്ട്ടപ്പെടുത്തുന്ന രൂപത്തില്‍ അന്നെദിനം പടക്കവസ്തുക്കള്‍ പൊട്ടിച്ചുകൊണ്ടുള്ള രീതികളും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അനാവശ്യമായി പണം പൊട്ടിച്ചു തീര്‍ക്കുന്നതിനു പുറമെ മറ്റു മതക്കാരെ കടമെടുക്കാനുംകൂടിയാണീ പ്രവണതയെന്നു മുസ്‌ലിം സമൂഹം വിസ്മരിച്ചുപോകരുത്.

ഒരു മുസ്‌ലിം മറ്റേതെങ്കിലും സമൂഹത്തോട്‌ സാദൃശ്യമായാല്‍ അവന്‍ അതില്‍ പെട്ടവന്‍ തന്നെയാണെന്നാണ് ഇസ്ലാമിന്‍റെ പാഠം. അതിനാല്‍ നമ്മുടെ നല്ലരീതിയിലുള്ള ആഘോഷങ്ങളില്‍ ആഭാസങ്ങളെ കൂട്ടിക്കുഴക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കുക. നമ്മില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈമാനിക ജ്വാല കെടുത്താതെ കാത്തു സൂക്ഷിക്കണമെന്നാണ് ബലി പെരുന്നാള്‍ സന്ദേശമേന്നോണം എന്‍റെ സുഹൃത്തുക്കള്‍ക്ക് കൈമാറാനുള്ളത്.

ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍..
Categories: