ഖുത്ബുസ്സമാന്‍ മമ്പുറം തങ്ങള്‍/ Mamburam thangal

Posted by SiM Media on 8:51 AM with No comments
ശൈഖ് ജിഫ്‌രി തങ്ങളുടെ (മരണം ഹി. 1222 ദുല്‍ ഖഅദ്‌ 8) സഹോദരി സയ്യിദത്ത് ഫാത്വിമ ജിഫ്‌രിയുടെയും സയ്യിദ്‌ മുഹമ്മദ്‌ബ്നു സഹല്‍ മൌലദ്ദവീലയുടെയും മകനായി ഹി. 1166 ദുല്‍ഹജ്ജ് 23 ന് ഹളര്‍മൌത്തിലെ തരീം പ്രദേശത്ത്‌ ജനിച്ചു.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. 1183 ല്‍ അമ്മാവന്മാരായ ശൈഖ് ജിഫ്‌രിയെ (ഖബര്‍, കോഴിക്കോട്‌ ജിഫ്‌രി ഹൗസ്)കാണാനും ശൈഖ് ഹസന്‍ ജിഫ്‌രിയെ (ഖബര്‍, മമ്പുറം മഖാമിനുള്ളില്‍) സിയാറത്ത് ചെയ്യാനുംവേണ്ടിയാണ്. മലബാറിലെത്തിയത്.

തന്‍റെ മകളെ സഹോദരി പുത്രനായ സയ്യിദ്‌ അലവിക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നും അദ്ദേഹം ഇവിടെ വരുമെന്നും ഹസന്‍ ജിഫ്‌രി പറഞ്ഞിരുന്നു. സയ്യിദ്‌ ഹസന്‍ ജിഫ്‌രിയുടെ വസിയ്യത്ത് പോലെത്തന്നെ സയ്യിദ്‌ അലവി തങ്ങള്‍ ഹസന്‍ ജിഫ്‌രിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു. ഫാത്വിമയുടെ മരണശേഷം മമ്പുറം തങ്ങള്‍ കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത് അബൂബക്കര്‍ മദനിയുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയതങ്ങള്‍ ജനിച്ചത്‌. മഹാനായ വെളിയങ്കോട് ഉമര്‍ ഖാളി മമ്പുറം തങ്ങളുടെ സ്നേഹിതനും മുരീദുമായിരുന്നു. ഉമര്‍ഖാളി ജയിലില്‍നിന്ന്‌ മമ്പുറം തങ്ങള്‍ക്കയച്ച കത്ത് പ്രസ്താവ്യമാണ്. നിരവധി കറാമത്തിന്‍റെ ഉടമയായിരുന്ന മമ്പുറം തങ്ങള്‍ പല ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത്‌ നേതൃത്വം നല്‍കി. അവയില്‍ പ്രധാനപ്പെട്ടവയാണ് മുട്ടിയറയിലും ചേറൂരും നടന്നത്.

സ്വന്തം കുതിരപ്പുറത്ത് കയറി ബ്രിട്ടീഷ്‌സേനക്ക് നേരെ കുതിച്ച് ശത്രുക്കളെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു മമ്പുറം തങ്ങള്‍ ചേറൂരില്‍ ചെയ്തത്. മുട്ടിയറയില്‍ പതിനൊന്നും ചേറൂരില്‍ ഏഴും ആളുകള്‍ രക്തസാക്ഷികളായി. കേരളത്തില്‍ നിരവധി പള്ളികള്‍ മമ്പുറം തങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ഏറനാട്ടിലും വള്ളുവനാട്ടിലും മുസ്‌ലിം കുടുംബങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇന്നും തങ്ങളുടെ പേര്‍ വിളിക്കുന്നതായികാണാം.

ഹി. 1260 മുഹറം ഏഴിന് മഹാനായ ആ നേതാവ് ഈ ലോകത്തോട് വിടപറഞ്ഞു. മഹാനവര്കളുടെ പോരിശകൊണ്ട് അല്ലാഹു നമ്മെ ഇരുവീട്ടിലും വിജയികളില്‍ പെടുത്തട്ടെ-ആമീന്‍.