ഡോ.എ. പി. ജെ. അബ്ദുല്‍ കലാം മര്‍കസ് സന്ദര്‍ശിച്ചു
Posted by SiM Media on 12:54 PM with No comments
കോഴിക്കോട് :അഞ്ചാം ക്ലാസില്‍ രാമേശ്വരത്തെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കവെ അധ്യാപിക ബോര്‍ഡില്‍ വരച്ച പക്ഷിയുടെ ചിത്രത്തില്‍ നിന്നാണ് പറക്കുകയെന്ന സ്വപ്നം മെനെഞ്ഞതും പിന്നീട് നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്നും മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കാലം. കാരന്തൂര്‍ മര്‍കസില്‍ നല്‍കിയ സ്വീകരണത്തിനിടെ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയാണ് അദ്ദേഹം തന്‍റെ ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിച്ചതെങ്ങനെയെന്ന് വിശദീകരിച്ചത്. കൂടംകൂളം ആണവനിലയം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ആണവനിലയം സന്ദര്‍ശിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ പഠിക്കുകയും ചെയ്‌തതാണ്.സുരക്ഷ സംബന്ധിച്ചു പാലിക്കേണ്ട നാലു പ്രധാന കാര്യങ്ങളും കൂടംകുളം നിലയം പാലിക്കുന്നുണ്ട്. .നമുക്ക് ഊര്‍ജം ആവശ്യമാണ്. നവ ഊര്‍ജമാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. അത് ആണവോര്‍ജം ആണെങ്കിലും സൌരോര്‍ജം ആണെങ്കിലും –അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ ജാമിയ മര്‍കസില്‍ നടന്ന ‘ടെക്‌സ്‌പിറേഷന്‍ പരിപാടിയില്‍ വിദ്യാര്‍ഥികളോടു സംവദിക്കുകയായിരുന്നു ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. ലോകത്തെ ആണവശക്‌തിയായി ഇന്ത്യയെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നു കലാം പറഞ്ഞു. ഹിരോഷിമയില്‍ ആറ്റംബോബ് വീണപ്പോള്‍ ഐന്‍സ്‌റ്റീനു പുനര്‍വിചിന്തനം ഉണ്ടായ പശ്‌ചാത്തലത്തില്‍ ഇന്ത്യയുടെ ‘മിസൈല്‍ മാന്‍ എന്ന് അറിയപ്പെടുമ്പോള്‍ എന്തു തോന്നുന്നുവെന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആറ്റംബോബ് ഉണ്ടാക്കണമെന്ന് ഐന്‍സ്‌റ്റീന്‍ പറഞ്ഞിട്ടില്ലെന്നും കൂടുതല്‍ ഫലപ്രദമായ രീതിയിലേക്കു കണ്ടെത്തലുകളെ ഉപയോഗിക്കുകയാണു വേണ്ടതെന്നും കലാം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം പറക്കാനുള്ള ചിറകു നല്‍കും. എല്ലാ നേട്ടങ്ങളും വിദ്യാഭ്യാസത്തിലൂടെയാണു വരുന്നത്. ശാസ്‌ത്രത്തിന്റെ ഡിക്‌ഷനറിയില്‍ അസാധ്യം എന്ന വാക്കിനു സ്‌ഥാനമില്ല. അതുകൊണ്ടുതന്നെ ശാസ്‌ത്രജ്‌ഞരുടെ മുന്നില്‍ അസാധ്യമായി ഒന്നുമില്ല. എല്ലാവരും ഒട്ടേറെ കഴിവുകളുമായാണു ജനിക്കുന്നത്. ആശയങ്ങളും ആത്മവിശ്വാസവും സ്വപ്‌നങ്ങളുമാണ് മഹാന്മാരെ സൃഷ്‌ടിക്കുന്നത്. പിന്‍തലമുറ അവരെ ഓര്‍മിക്കുന്നത് അവരുടെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ്. അതിനാല്‍ പ്രത്യേകതകളുള്ള വ്യക്‌തിയായി മാറണമെങ്കില്‍ രാപകല്‍ കഠിനാധ്വാനം ചെയ്യാന്‍ തയാറാവണം. നിരന്തരമായി തുടരുന്ന ഈ യുദ്ധം ഒരിക്കലും അവസാനിപ്പിക്കരുത്. ലക്ഷ്യബോധവും അറിവും കഠിനാധ്വാനവും ദൃഢനിശ്‌ചയവുമാണ് യുവാക്കള്‍ക്കു നേട്ടത്തിലേക്ക് എത്താനുള്ള നാലു മാര്‍ഗങ്ങളെന്നും ചെറുപ്പകാലത്ത് തന്‍റെ പിതാവ് ഇമാം ഗസ്സാലി (റ)യെ കുറിച്ച് പഠിപ്പിച്ചത് പ്രചോദനമായെന്നും ഡോ. കലാം പറഞ്ഞു.
മര്‍കസിന്റെ യുവശാക്‌തീകരണ പദ്ധതിയായ എക്‌സ് ഫോര്‍ നെസ്‌റ്റിന്റെ ഉദ്‌ഘാടനവും ‘ഹെഡ്‌ലൈന്‍ ഇംഗ്ലിഷ് മാഗസിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ അധ്യക്ഷനായിരുന്നു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജാമിയ മര്‍കസ് ചാന്‍സലര്‍ അബൂബക്കര്‍ അഹമ്മദ്, സയ്യിദ് യൂസുഫ് ബുഖാരി, സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി, ഡോ. ഹുസൈന്‍ സഖാഫി, ഡോ. എം.എ.എച്ച്. അസരി, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹീം, എ.പി. അബ്‌ദുല്‍ കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു. താന്‍ രചിച്ച അഞ്ചു പുസ്‌തകങ്ങള്‍ അബ്‌ദുല്‍ കലാം മര്‍കസ് ലൈബ്രറിയിലേക്കു നല്‍കി.
ഡോ.എ. പി. ജെ. അബ്ദുല്‍ കലാമിന്‍റെ പ്രസംഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കടപ്പാട്,
manorama
siraj
you tube
0 comments:
Post a Comment