ആദര്‍ശ നായകന് കൊടുങ്ങല്ലുരിലേക്ക് സ്വാഗതം

Posted by SiM Media on 2:13 AM with 4 comments
മുസ്‌ലിം ഇന്ത്യയുടെ പ്രവേശന കവാടമാണ് കൊടുങ്ങല്ലൂര്‍. തിരുനബി (സ്വ)യുടെ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ കൊടുങ്ങല്ലൂരില്‍ ഇസ്‌ലാം എത്തിയത് ശ്രദ്ധേയമാണ്. ഇന്നത്തെ കൊടുങ്ങല്ലൂര്‍ പഴയകാലത്ത് മുസ് രിസ് എന്നാണറിയപ്പെട്ടിരുന്നത്. മക്കയില്‍ തിരുനബി (സ്വ)യുടെ അത്ഭുതസിദ്ധിയിലൂടെ ചന്ദ്രനെ ഇരു പിളര്‍പ്പാക്കി ശത്രുക്കള്‍ക്ക്‌ കാട്ടിക്കൊടുക്കുകയും കൊടുങ്ങല്ലൂരില്‍ നിന്ന് ചേരമാന്‍ പെരുമാള്‍ രാജാവ് അത് വീക്ഷിക്കുകയും മക്കയില്‍ പോയി ഇസ്‌ലാം സ്വീകരിച്ചുവെന്നു ചരിത്രം.

ഇന്ത്യയില്‍ ഇസ്‌ലാം വളരുന്നത് മതസൗഹാര്‍ദ്ദം എന്ന വിത്തില്‍ നിന്നാണ്. അല്ലാത്ത ഒരു ശൈലിയും ചരിത്രത്തിലെവിടെയും കാണാനാകില്ല. ശുദ്ധമായ കരിക്കിന്‍ വെള്ളം വെട്ടി താഴെയിടുന്നതിനുപകരം നിലം തൊടാതെ കൈയോടെ താഴെയിറക്കി അതിന്‍റെ മോറ് ചെത്തി വെള്ളം മുസ്‌ലിംകള്‍ക്ക്‌ പകര്‍ന്ന് കൊടുത്ത് ആതിഥ്യമരുളിയത് ഇവിടുത്തെ ഹിന്ദുക്കളായിരുന്നു. 

പ്രവാചകന്‍ (സ്വ)യില്‍  നിന്ന് കൊളുത്തിയ വിശ്വാസത്തിന്‍റെ പ്രഭ സ്ഫുരിക്കുന്ന നബി സഖാക്കളുടെ ജീവിത വിശുദ്ധി കണ്ട് ജനം ഇസ്‌ലാം പുല്‍കാന്‍ തുടങ്ങി. അത് കേരളമാകെ പടര്‍ന്നുകൊണ്ടിരുന്നു. അവരുടെ സ്നേഹ പ്രപഞ്ചത്തിനു നന്ദി പറയാന്‍ വാക്കുകളില്ലാതിരുന്ന കേരളീയ സമൂഹം അവരോട് ഇഷ്ടമുള്ളതെല്ലാം ചോതിച്ചോളൂവെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവര്‍ അല്ലാഹുവിനെ ആരാധിക്കാന്‍ പള്ളികള്‍ വേണമെന്നു പറഞ്ഞു. സന്തോഷത്തോടെ ഇവിടത്തെ അമുസ്‌ലിംകള്‍ പള്ളികള്‍ക്ക്‌ വേണ്ടി സ്ഥലങ്ങളും മറ്റും തീറെഴുതിക്കൊടുത്തു. കേരളത്തില്‍ മുസ്‌ലിം പള്ളികള്‍ ഉയരാന്‍ തുടങ്ങി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ്‌ ഈ കൂട്ടത്തിലെ തറവാടാണ്. ഇന്ത്യയിലെ ആദ്യ പള്ളിക്ക് ഏക്കറുകണക്കിന് സ്ഥലങ്ങളും മറ്റു സൌകര്യങ്ങളും ചെയ്തുകൊടുത്തത് ചേരമാന്‍ പെരുമാള്‍ എന്ന താജുദ്ദീന്‍ എന്നവരായിരുന്നു.

കൊടുങ്ങല്ലൂര്‍ ഇന്ന് മതങ്ങളുടെ സംഗമഭൂമിയാണ്. മുസ്‌ലിംകളുടെ, ക്രിസ്ത്യന്‍സിന്‍റെ, ജൂതന്മാരുടെ ആദ്യ ആരാധനാലയങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. ഹിന്ദുക്കളുടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം പ്രസിദ്ധമാണ്. എല്ലാ മതവിഭാഗക്കാരും ഇവിടെ തോളുരുമ്മി ജീവിക്കുന്നു.. മതസൌഹാര്‍ദ്ദം പങ്കുവെയ്ക്കുന്നു... ഈയുള്ളവന്‍ തന്നെ കൊടുങ്ങല്ലൂര്‍ ക്ഷേത്ര പരിസരത്തുള്ള പല ഹിന്ദു സുഹൃത്തുക്കളുടെ കടകളിലും കയറിയിട്ടുണ്ട്. അവരുമായി പഴയകാല ചരിത്രങ്ങള്‍ ചോദിച്ചു മനസിലാക്കിയിട്ടുണ്ട്. അവര്‍ക്കെല്ലാം ചേരമാന്‍ മസ്ജിദിനെപറ്റി പറയുമ്പോള്‍ ഇന്നും നിഷ്കളങ്കതയുടെയും ആത്മാര്‍ത്ഥതയുടെയും നൂറുനാവാണ്. ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്താന്‍ ചേരമാന്‍ പള്ളിയിലേക്ക് കൊണ്ടുവരികയും പള്ളി ഇമാമിനെ കൊണ്ട് എഴുത്തിനിരുത്തുന്നതും നാം പത്രങ്ങളിലൂടെ കണ്ടവരാണ്.

മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന ഒരുപാട് നല്ല ജനത ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. നബിദിനറാലി കടന്നുപോകുമ്പോള്‍ വെള്ളവും മിഠായിയും വിതരണം നടത്തുന്ന പല അമുസ്‌ലിംകളും നമുക്കിടയിലുണ്ട്. നേരെ തിരിച്ചും. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭായാത്ര കടന്നുപോകുമ്പോള്‍ അവരെ അഭിവാദ്യമര്‍പ്പിക്കുന്ന എത്രയോ മുസ്‌ലിംകള്‍..പെരുന്നാള്‍ സുദിനം പള്ളിയിലേക്ക് പോകുന്ന മുസ്‌ലിംകളോട് ഈദ്‌ മുബാറക്‌ പറയുന്ന എത്രയോ അമുസ്ലിംകള്‍..ക്രിസ്തുമസിന് അവരുടെ വീടുകളില്‍ ഉണ്ടാക്കിയ കേക്കുകള്‍ അയല്‍വാസിയായ ഹിന്ദുവിനും മുസ്‌ലിമിനും കൊടുത്ത് മതസൗഹാര്‍ദ്ദം കെട്ടുറപ്പിക്കുന്ന എത്രയോ നല്ല മനസ്സിന്‍റെ ഉടമകള്‍! രാജ്യത്തിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സര്‍വ്വര്‍ക്കും ഭാവുകങ്ങള്‍! രാജ്യത്ത് മുസ്‌ലിംകള്‍ മാത്രമേ പാടുള്ളൂ അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ മാത്രം. അല്ലെങ്കില്‍ ഹിന്ദുക്കള്‍ മാത്രം. എന്ന് പറയുന്നത് ഒരിക്കലും ഭൂഷണമല്ല. അത്തരം വാദങ്ങള്‍ രാജ്യത്തിന്‍റെ ഹൃദയത്തിലേക്ക് കഠാരകുത്തിയിറക്കുന്നതിനോട് തുല്ല്യമാണെന്ന്‍ നാം മറന്നു കൂടാ.

കേരളയാത്രാ കാഴ്ച്ച 
മതങ്ങളുടെ സംഗമഭൂമിയിലേക്കാണിപ്പോള്‍ സ്നേഹദൂതുമായി കാന്തപുരം കടന്നു വരുന്നത്. കൈമോശം വന്നുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ടാണ് കാന്തപുരം കടന്നുപോകുന്നത്. അവയുടെ വീണ്ടെടുപ്പിലൂടെ സമൂഹത്തില്‍ മാനവികതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാന്തപുരം ആഹ്വാനം ചെയ്യുന്നു. ഏപ്രില്‍ 12ന് കാസര്‍ക്കോട്‌ നിന്ന് പ്രൌഢമായി തുടക്കം കുറിച്ച് 28ന് തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റ്റേഡിയത്തില്‍ സമാപിക്കുന്ന രൂപത്തില്‍ കേരളയാത്ര മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സാക്ഷിയിലൂടെ കടന്നുപോകുന്നു. 

മനുഷ്യന്‍ ഉയര്‍ന്നാല്‍ മാലാഖയെക്കാളും ഉയരും. മനുഷ്യന്‍ തരംതാണാല്‍ മൃഗത്തെക്കാളും അധപതിക്കും. ഇത് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. മതമേതായാലും മനുഷ്യന്‍ നന്നാവണം. രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നാവണം. മനുഷ്യത്വമുള്ളവര്‍ സമൂഹത്തെ ഭരിക്കട്ടെ. അരാചകവാദികളും മാഫിയകളും പടിക്കുപുറത്തു നില്‍ക്കട്ടെ. സമൂഹത്തിലെവിടെയും മനുഷ്യത്വം ഉയര്‍ന്നു നില്‍ക്കട്ടെ.

വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍, തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങള്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാര്‍മ്മിക വിദ്യാഭ്യാസം, അന്ധകനായി വരുന്ന ഉപഭോഗസംസ്കാരം, വൃത്തികെട്ട വ്യഭിചാര സംരംഭങ്ങള്‍, നീരാളിപ്പിടുത്തത്തിലേക്ക് നയിക്കുന്ന പലിശയും അതുവഴിയുള്ള ആത്മഹത്യകളും, ബുദ്ധി നശിപ്പിക്കുന്ന മദ്യസംസ്കാരം, എല്ലാം നന്മയുടെ ശത്രുക്കളാണ്. തിരിച്ചറിവും തിന്മയോടുള്ള പുറംതിരിഞ്ഞ സമീപനവും നമുക്കാവശ്യമാണ്. ഉന്നതമായ സംസ്കാരത്തിന്‍റെ വീണ്ടെടുപ്പിന്  അത് അനിവാര്യമാണ്. കാന്തപുരവും ഈ യാത്രയിലൂടെ വിളിച്ചു പറയുന്നതും അതാണ്‌.

കേരളയാത്രാ കാഴ്ച്ച 
പട്ടണ ഗ്രാമാന്തരങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മത രാഷ്ട്രീയ സാമൂഹിക മേലാളന്മാരുടെ ആശീര്‍വാദങ്ങളെറ്റുവാങ്ങി കേരളയാത്ര നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഏപ്രില്‍ 23 നു രാവിലെ യാത്ര കൊടുങ്ങല്ലൂരില്‍ എത്തിച്ചേരും. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കാന്തപുരത്തിന് കൊടുങ്ങല്ലൂര്‍ പട്ടണം ആതിഥ്യമരുളാന്‍ പോകുന്നത്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനബാഹുല്യം കൊണ്ട് കൊടുങ്ങല്ലൂര്‍ വീര്‍പ്പുമുട്ടുമെന്നു സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തകന്മാരെല്ലാം ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല. സമസ്തയുടെ കീഴ്ഘടകങ്ങളെല്ലാം ഒത്തൊരുമിച്ചുകൊണ്ടുള്ള, കൃത്യമായ പ്ലാനിങ്ങോടെ, മാസങ്ങള്‍ക്ക്‌ മുമ്പേതന്നെ പ്രഖ്യാപിച്ച്, വൈവിധ്യങ്ങളായ പരിപാടികളിലൂടെ കടന്നു പോന്നാണ് കേരളയാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നു എന്നത് തന്നെ. യാത്രയിലുടനീളം മാനവീകത പറഞ്ഞ് പിരിയാനല്ല കാന്തപുരം തീരുമാനിച്ചിരിക്കുന്നത്. യാത്രയുടെ ആകെത്തുകയായി ലഭിച്ച മാനവീക ഉണര്‍വ്വിനെ  പരിപോഷിപ്പിക്കുംവിധം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടായിരിക്കും തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍ സ്റ്റേഡിയത്തില്‍ യാത്രയ്ക്ക് തിരശീലവീഴുക.

ഒരു മുഖവുര ആവശ്യമില്ലാത്ത വിധം കാന്തപുരം പ്രസിദ്ധമാണ്. കാന്തപുരം ഈ യാത്രയ്ക്ക് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം 'മാനവികതെയെ ഉണര്‍ത്തുന്നു..'എന്നതാണ്. രാഷ്ട്രീയ കേരളം പല കേരളയാത്രകളും കണ്ടവരാണ്. അധികാരങ്ങളും, മോഹനവാഗ്‌ദാനങ്ങളും ചാലകശക്തിയായുള്ള യാത്ര. എന്നാല്‍ തികച്ചും വിത്യസ്തമാണ് കാന്തപുരത്തിന്‍റെ കേരളയാത്ര. കൊലപാതകങ്ങള്‍കൊണ്ട് കേരളം രക്തക്കളമായപ്പോള്‍ മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാനെന്ന മുദ്രാവാക്യത്തില്‍ കാന്തപുരം ഒന്നാം കേരള യാത്ര നടത്തി പത്തു വര്ഷം പിന്നിടുമ്പോഴാണ് ഇപ്പോള്‍ രണ്ടാം കേരളയാത്ര. ഒരു മത മേലാളന്മാരുടെയും മനസ്സില്‍ ഉദിക്കാതെപോയ ആശയം. അല്ലെങ്കില്‍ അവര്‍ക്ക് കഴിയാതെ പോയത്. മതാദ്ധ്യാപനത്തില്‍ ഒതുങ്ങിക്കൂടെണ്ട ഒരു പണ്ഡിതന്‍, പ്രായംകൊണ്ട് വിശ്രമം കൊതിക്കുന്ന ഘട്ടം, ഇവിടെയാണ്‌ കാന്തപുരം എല്ലാവരാലും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത്.

ഒരു യുവാവിന്‍റെ പ്രസരിപ്പോടെ കാന്തപുരം വിളിക്കുന്നു..മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നവ കേരളത്തിനു വേണ്ടി. മനുഷ്യത്വം മരവിചിട്ടില്ലാത്ത ആര്‍ക്കും ഈ യാത്രയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം..സഹകരിക്കാം..ഒന്നുമില്ലെങ്കില്‍ ഒരു പുഞ്ചിരിനല്‍കിയെങ്കിലും സഹായിക്കാം..കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ജനങ്ങളെയും ഞങ്ങള്‍ കേരളയാത്രാ സ്വീകരണ സംഗമത്തിലേക്ക് ക്ഷണിക്കുകയാണ്.. നബി സ്വഹാബികളില്‍ പെട്ട ഹബീബ്‌ ഇബ്നു മാലിക്‌ (റ) ഭാര്യ ഖമരിയ്യ (റ) അന്തിയുറങ്ങുന്ന കൊടുങ്ങല്ലുരിന്‍റെ മണ്ണിലേക്ക് ആദര്‍ശ നായകന് സ്വാഗതം..അല്ലാഹു അങ്ങേക്ക് ആയുസിനെ പ്രധാനം ചെയ്യട്ടെ...എല്ലാ സംരക്ഷണങ്ങളും അങ്ങേക്ക്‌ അല്ലാഹു നല്‍കട്ടെ...ആമീന്‍.
കേരളയാത്ര സിന്ദാബാദ്...!!!