പിണറായി പറഞ്ഞതിലെ തെറ്റും ശരിയും

Posted by SiM Media on 1:11 PM with 11 comments
പിണറായി പ്രവാചകന്‍ (സ്വ)യെ മോശമായി ചിത്രീകരിച്ചുവെന്ന് പ്രഥമദ്രിഷ്ട്യാ പറഞ്ഞുകൂടാ. അല്ല, അദ്ദേഹത്തിനു തന്നെയാണ് നൂറു ശതമാനം മാര്‍ക്കും. അത്തരം പ്രസ്താവനകളിലേക്ക് അദ്ദേഹത്തെ നയിച്ച ചിലരെയാണ് വിമര്‍ശിക്കേണ്ടത്. ബൂലോക ത്തിലിപ്പോള്‍ റെഡ്‌സല്യൂട്ടുകള്‍ തകൃതിയായി നടക്കുകയാണ്.

ഒരാള്‍ക്ക്‌ മറ്റൊരാളുടെ മുന്നില്‍ വെച്ച് എങ്ങിനെയും കൈവീശം. അതെസമയം വീശിയ കൈ അയാളുടെ മുഖത്ത് തട്ടിയപ്പോള്‍ വിഷയം മാറി. കണ്ടുനിന്നവരെല്ലാം വീശിയവന് റെഡ്‌സല്യൂട്ട് കൊടുത്തു. ഈയൊരു റെഡ്‌ സല്യൂട്ട് കോമാളിത്തരമാണ് ഇപ്പോള്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അടികിട്ടിയവന്‍റെ ഭാഗം മനസിലാക്കാന്‍ ആരുമില്ല. ഇവിടെ പിണറായിയുടെ പ്രസ്താവന യഥാര്‍ത്ത വിശ്വാസികളുടെ നിഷ്കളങ്ക മനസ്സിനെയാണ് ധ്വംസിച്ചിരിക്കുന്നത്. എവിടെയും ആക്രമിക്കപ്പെടുന്ന സമൂഹം ന്യൂനപക്ഷമാണെന്നത് പ്രകൃതി സത്യമാണ്. അതുകൊണ്ടാണ് അവരുടെ പ്രാര്‍ഥനക്ക് പെട്ടന്ന് ഉത്തരം ലഭിക്കുന്നതും. സ്വശരീരത്തെക്കാള്‍ പ്രവാചകന്‍ (സ്വ)യെ പൂര്‍ണമായും സ്നേഹിക്കാത്തിടത്തോളം ഒരൊറ്റ മുസ്‌ലിന്‍റെയും വിശ്വാസം പൂര്‍ണമാകില്ലെന്നാണ് മതം പഠിപ്പിക്കുന്നത്. ഇത് അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയ പരകോടി ജനങ്ങള്‍ ലോകത്ത് കഴിഞ്ഞുപോയി. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിശിഷ്യാ ഈ കൊച്ചുകേരളത്തിലുമുണ്ട്.

പ്രവാചകരുടെ ജീവിതം അപ്പാടെ ജീവിതത്തില്‍ പകര്‍ത്താന്‍ വെമ്പല്‍കൊണ്ട സ്വഹാബീ പ്രമുഖന്‍ മുത്തബിഉസുന്ന ഇബ്നു ഉമര്‍ (റ), ഇസ്‌ലാമിനെ പുറത്തു നിന്ന് വീക്ഷിക്കുന്ന പലരും അദ്ദേഹത്തെ പഴഞ്ചനായി മുദ്രകുത്തി. കാരണം അദ്ദേഹത്തിന്‍റെ ജീവിത യാത്രക്കിടയില്‍ നബി (സ്വ)യുമായി ബന്ധപ്പെട്ട എന്ത് കണ്ടാലും അതുപോലെ അപ്പോള്‍ത്തന്നെ ആ മഹാന്‍ അനുകരിക്കും. പ്രത്യക്ഷത്തില്‍ നിരൂപക സാമ്രാട്ടുകള്‍ക്കൊക്കെ ഇതൊരു കൊലവെറിയായിരിക്കാം. പക്ഷെ പ്രവാചകന്‍ (സ്വ)യുടെ ജീവിതത്തെ അപ്പാടെ തന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തുന്നത്തെങ്ങിനെയെന്ന വലിയ മറുപടിയാണ് ആ സ്വഹാബി മുസ്‌ലിം ലോകത്തിന് സമ്മാനിച്ചത്.

പ്രവാചക സ്നേഹത്തില്‍ ലയിച്ച് തന്‍റെ തോട്ടവും വീടും എന്നല്ല കയ്യിലുള്ളത് മുഴുവന്‍ ദീനീ പ്രബോധനത്തിനായി പ്രവാചക(സ്വ)നു സമ്മാനിച്ചവരെത്രപേര്‍ ! ഉഹ്ദ്‌ യുദ്ധവേളയില്‍ തിരുനബിക്കെതിരെ അമ്പുകള്‍ ശരവര്‍ഷമായപ്പോള്‍ എല്ലാം സ്വശരീരം കൊണ്ട് തടഞ്ഞുവെച്ച ധീരസ്വഹാബി അനസ്‌ ഇബ്ന്‍ നള്ര്‍ (റ)! യുദ്ധ ശേഷം മഹാന്‍റെ ശരീരം തിരിച്ചറിഞ്ഞത് കൈവിരലിലെ മോതിരം നോക്കിയായിരുന്നു. പ്രവാചകന് വേണ്ടി ആരൂപത്തില്‍ ശരീരം വികൃതമായി. പക്ഷെ വിശ്വാസത്തിന്‍റെ കരുത്ത് അവരെ പ്രഭാപൂരിതമാക്കി.

പിറന്ന നാട്ടില്‍ ജീവിക്കാന്‍ പ്രവാചകന് നാട്ടുകാര്‍ അവകാശം നിഷേധിച്ചപ്പോള്‍ വിശുദ്ധ മദീനയിലേക്ക് പലായനം നടത്തി. ഇടക്ക് സൌര്‍ ഗുഹയില്‍ അഭയംതേടി. 53വയസ്സ്‌  പ്രായമുള്ള തിരുനബി (സ്വ)യെ തോളിലേറ്റി മലകയറിയ സിദ്ധീഖ്‌ (റ)ന്‍റെ ധീരമായ സ്നേഹപ്രകടനം ! തിരുനബിയെ അക്കാല സാഹിത്യ സാമ്രാട്ടുകള്‍ ഗദ്യ-പദ്യത്തിലൂടെയെല്ലാം വിമര്‍ശിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടത്തെ കീര്‍ത്തനങ്ങള്‍ പാടിയും പറഞ്ഞും ചില സ്വഹാബികള്‍ മറുപടി നല്‍കി. അന്നേരം പ്രവാചകന്‍റെ വദനം സന്തോഷത്താല്‍ തുടിച്ചു. ഹസാനുബ്നു സാബിത് (റ), കഅബ്നു സുഹൈര്‍ തുടങ്ങിയവര്‍ അക്കൂട്ടരില്‍ പെട്ടവരാണ്. അവരങ്ങിനെ പ്രവാകന്‍റെ മനസ്സില്‍ ഇടംപിടിച്ചു. നാഥാ..ഈ വരികള്‍ നിമിത്തം ഉപര്യുക്ത സ്നേഹിതരില്‍ പെടുത്തി അനുഗ്രഹിക്കണേ.. ഇതെല്ലാം തിരുനബി (സ്വ)യെ സ്വശരീരത്തെക്കാള്‍ സ്നേഹിച്ചവരുടെ നേര്‍ചിത്രങ്ങളാണ്.

പ്രവാചകശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് പോയിട്ട് അവിടത്തേക്ക് അനിഷ്ടമാകുന്നരൂപത്തില്‍ നാവിനെ കയറൂരി വിട്ടവരെ വിശ്വാസികളെങ്ങനെ സഹിക്കും? പ്രേമഭാജനത്തെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ പ്രേമിക്കുന്ന ഏത് മനസ്സിനാണത് താങ്ങാനാവുക? പ്രവാചകകേശം കേരളത്തിലേക്ക് കടന്ന് വന്നപ്പോള്‍ ആദ്യമായി വെടിപൊട്ടിച്ചത് മതമില്ലാത്തവനായിരുന്നില്ല. മതത്തിന്‍റെ പേരുള്ള വിവരദോഷിയായിരുന്നു. "സീറോ" തലക്കെട്ടുള്ള  ആ മഹാമനീഷിയാണ് തിരുശേഷിപ്പുകളെ ബോഡി വേസ്റ്റ് എന്ന് പറഞ്ഞ്  സമീപകാലത്ത് ആദ്യമായി പരിഹസിച്ചത്. ഇരുകണ്ടം ചാടികള്‍ പ്രവാചക കാലത്ത് തന്നെ ഉണ്ട് അത് ഇന്നും തുടരുന്നു. അതില്‍ അത്ഭുതമില്ല. അത്തരക്കാരെ കപടന്മാര്‍ എന്നാണു വിളിക്കുക.

പിണറായിയുടെ പ്രസ്താവന പരിശോധിക്കും മുമ്പ്‌ ചില വസ്തുതകള്‍ നാം മനസിലാക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ്വ)യുടെ ശേഷിപ്പുകള്‍ ശരീരത്തില്‍ നിന്ന് വേര്‍പെട്ടതാകട്ടെ അവിടന്ന് ഉപയോഗിച്ചവയാകട്ടെ അവ ബഹുമാനിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. അതുകൊണ്ട് അനുഗ്രം നേടല്‍ പുണ്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ കുറിക്കാം.

  1. പ്രവാചകന്‍  (സ്വ) വുളു ചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര്‍ തിരക്ക് കൂട്ടിയിരുന്നു.(ബുഖാരി 13. 293, 5859)
  2. പ്രവാചകന്‍  (സ്വ) ഉറങ്ങുന്നേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിയുന്ന വിയര്‍പ്പ് കണങ്ങള്‍ സ്വഹാബീ വനിത ഉമ്മു സുലൈം(റ) കുപ്പിയിലാക്കിയിരുന്നു.(ബുഖാരി 14.108, 6281)
  3. ഉഹ്ദ്‌ യുദ്ധ വേളയില്‍ തിരുമേനി  (സ്വ)യുടെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ രക്തം സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് വായിലാക്കി. അന്നേരം അവിടന്ന് പറഞ്ഞു: നിനക്ക് നരകം ഹറാമാണ്.(അല്‍ -ഇസ്വാബ 3.13, സുബുലുല്‍ ഹുദാ 10.455)
  4. അനസ്‌ (റ)പറയുന്നു: നബി  (സ്വ) മുടി നീക്കുമ്പോള്‍ സ്വഹാബികള്‍ ചുറ്റി നടന്നു. ഒരു മുടി പോലും താഴെ വീഴാനനുവദിക്കാതെ കൈ നീട്ടി വാങ്ങി സൂക്ഷിച്ചിരുന്നു.(മുസ്‌ലിം 4.1812)
  5. യര്‍മൂക്ക് യുദ്ധവേളയില്‍ പ്രവാചക കേശം തുന്നിച്ചേര്‍ത്ത തലപ്പാവ്‌ നഷ്ടപ്പെട്ടപ്പോള്‍ ഖാലിദ്‌ (റ) അതിനായി തിരഞ്ഞ സംഭവം വിശ്വാസികള്‍ക്ക്‌ പറയാനുണ്ട്.(സബീലുല്‍ ഹുദാ 2.16, 10.39)
  6. അവിടുത്തെ വസ്ത്രം കൊണ്ട് സ്വഹാബികള്‍ പുണ്യം നേടിയിരുന്നു.(ബുഖാരി.13.529, 6036)
  7. തിരുനബി (സ്വ)യുടെ ഭക്ഷണാവശിഷ്ടം കൊണ്ട് പുണ്യം നേടിയിരുന്നു.(മുസ്‌ലിം 3, 1623, 2732)
  8. തിരുനബി (സ്വ) നിസ്കരിച്ചിരുന്ന സ്ഥലത്ത് നിസ്കരിച്ചു കൊണ്ട് അനുചരര്‍ പുണ്യം നേടിയിരുന്നു.(ബുഖാരി 12, 264, 425)
ഇനിയും ചരിത്ര സത്യങ്ങള്‍ നിരത്താന്‍ ഏറെയുണ്ട്. ഇത്രയും ചരിത്ര പാരമ്പര്യത്തിലൂടെ പ്രവാചക സ്നേഹം തന്‍റെ അനുയായികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ ഇടിച്ചു തകര്‍ക്കാമെന്ന്  ഇസ്‌ലാമിന്‍റെ പേരുപറഞ്ഞു നടക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാരായാലും മതമില്ലാത്ത സാക്ഷാല്‍ പിണറായിയായാലും കരുതുന്നത് വങ്കത്തരമാണ്. പ്രവാചകന്‍റെ ശരീര മാലിന്യങ്ങള്‍ക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യമെന്ന് പൊട്ട പോയത്തം വിളിച്ചു പറയുമ്പോള്‍ മുകളില്‍ എണ്ണിപ്പറഞ്ഞ ഇസ്‌ലാമില്‍ അനിഷേധ്യമായ വസ്തുതകളെയാണ് ഇദ്ദേഹം പരിഹസിച്ചിരിക്കുന്നത്. അഭിപ്രായം പറയാന്‍ അര്‍ഹതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ളവന്‍ മാത്രമേ അത് പ്രകടിപ്പിക്കാവൂ. തോന്നിയിടത്തു കയറി അഭിപ്രായം പറയാന്‍ പാടില്ലെന്നത് ഏതു അല്പബുദ്ധിക്കാണ് മനസ്സിലാകാത്തത്? ഇതാണ് കാന്തപുരം മറുപടി നല്‍കിയതിന്‍റെ ആകെത്തുക. രാഷ്ട്രീയ വിഷയങ്ങളില്‍ തന്നെ പരസ്പരം വായ്കൊത്തി മണപ്പിച്ചു തീര്‍ന്നിട്ടില്ല..എന്നിട്ടാ മതം കുഴിച്ചുമൂടാന്‍ വന്നവര്‍ മതത്തിന്‍റെ ഉള്ളില്‍ നടക്കുന്ന വിഷയങ്ങളില്‍ തലയിടാന്‍ വന്നത്.!! എന്നോ മരണപ്പെട്ട ലെനിന്‍റെ ഭൌതിക ജഡം മാലിന്യമാണെന്നും എംബാം ചെയ്യാതെ അതെടുത്ത്‌ കുഴിച്ചു മൂടുകയോ അല്ലെങ്കില്‍ അതില്‍ ശ്രദ്ധ കൊടുക്കാതെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്ന്  എതെങ്കിലു മതമേലാളന്മാര്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കത് വിഷമമാകില്ലേ? ഇവിടെ മുസ്‌ലിംകള്‍ ജീവനുതുല്യമല്ല ജീവനേക്കാള്‍ ഉപരി സ്നേഹിക്കുന്ന പുണ്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ശേഷിപ്പുകള്‍ ഇന്നും ലോകത്തിനു ദൃഷ്ടാന്തമായി നിലകൊള്ളുന്നു. അതൊന്നും എംബാം ചെയ്യേണ്ട ദുര്‍ഗതി നമുക്കുണ്ടായിട്ടില്ല. അവയെ പറ്റിയാണ് സഖാവ്  വിവരദോഷം വിളമ്പിയത്. നിലവാരം സ്വയം ഇടിച്ചു താഴ്ത്തരുതേ പ്രിയ സഖാക്കളെ..   

തിരുശേഷിപ്പുകള്‍ അന്നുമുതല്‍ ഇന്നുവരെ ലോകാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സൂക്ഷിച്ച് ആദരിച്ച് വരുന്നു. ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ വെള്ളികൊണ്ട് നിര്‍മ്മിച്ച ഖജനാവില്‍ തിരുകേശം സൂക്ഷിക്കുന്നുണ്ട്. കൈറോവിലെ ഇമാം ഹുസൈന്‍ പള്ളിയില്‍ നിരവധി സൂക്ഷിപ്പുകളുണ്ട്. തുര്‍ക്കിയിലെ ബുസ്ന, നഗരത്തിലെ ഖുസ്റുബേക് പള്ളിയില്‍ കേശവും കുപ്പായത്തിന്‍റെ ഭാഗവും സൂക്ഷിക്കുന്നു. റമളാന്‍ 27 ന് അതെടുത്ത് പ്രദര്‍ശിപ്പിക്കുന്നു. ട്രിപ്പോളിറ്റയനിലെ തുര്‍ഗൌദ് ബാഷാ പള്ളിയില്‍ വിശുദ്ധ രോമങ്ങളില്‍ ചിലത് ഗ്ലാസ്സ് ചെപ്പില്‍ സൂക്ഷിച്ചു വരുന്നു. റബീഉല്‍ അവ്വല്‍ 12, മിഅറാജ്, റമളാന്‍ തുടങ്ങിയ ദിനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.  തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയത്തില്‍ നിരവധി ശേഷിപ്പുകലുണ്ട്. അബൂദാബിയില്‍ അഹ്മദ്‌ ഖസ്റജിയുടെ അടുക്കല്‍ തിരുശേഷിപ്പുകളുണ്ട്. കേരളത്തിലേക്ക് കാന്തപുരത്തിന് ലഭിച്ചത് ഇവിടെ നിന്നാണ്. ഇന്ത്യയില്‍ ബാല്‍ മസ്ജിദില്‍ തിരുകേശമുണ്ട്. വെല്ലൂര്‍ ബാഖിയാത്ത് എന്ന സ്ഥാപനത്തിലുണ്ട്. ഇങ്ങിനെ അറിയപ്പെട്ടതും അല്ലാത്തതുമായി ധാരാളമുണ്ട്. പിണറായി തിരിച്ചറിയേണ്ടത്, ഇതൊക്കെ മാലിന്യമായതു കൊണ്ട് സൂക്ഷിച്ചു വരുന്നതല്ല. മതം നല്‍കുന്ന ചില അനിഷേധ്യമായ സത്യങ്ങളിലേക്കാണ് ഇത് മിഴി തുറക്കുന്നത്.

മുറിച്ചു മാറ്റിയ നഖവും മുടിയും മാലിന്യമെന്നു തട്ടിവിട്ട പിണറായിക്ക് വേണ്ടി ഇസ്‌ലാമിക ചരിത്രത്തില്‍ നടന്ന ഒരൊറ്റ സംഭവം കുറിച്ച് വരികള്‍ക്ക് സമാപ്തി. മുആവിയ:(റ) മരണാസന്നനായി രോഗശയ്യയില്‍ കിടക്കുന്നു. തന്‍റെ മകന്‍ യസീദ് സ്ഥലത്തില്ലാത്ത ദുഃഖം. വിവരമറിഞ്ഞ് യസീദ് എവിടെ നിന്നോ ഓടിയെത്തി. വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അബൂസുഫ്‌യാന്‍റെ പുത്രന്‍ ഉസ്മാനുബിന്‍ മുഹമ്മദ്‌ അവിടെ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ കയ്യും പിടിച്ചു. യസീദ് പിതാവിന്‍റെ ചാരത്തെത്തി. അവസാന നിമിഷങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്ന മുആവിയയുമായി മകന്‍ സംസാരിച്ചു. പക്ഷെ പിതാവ് മിണ്ടുന്നില്ല. മകന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ടപ്പോള്‍ മുആവിയ: (റ) പറഞ്ഞുതുടങ്ങി. മകനെ നിനക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യങ്ങളെ സംബന്ധിച്ച വിചാരണയാണ് അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനേറ്റവും കൂടുതല്‍ ഭയപ്പെടുത്തത്. മകനെ, നബി (സ്വ)യോടൊപ്പം ഒരു യാത്രക്ക് എനിക്കവസരം ലഭിച്ചു. നബി (സ്വ) വുളു ചെയ്യാനൊരുങ്ങിയപ്പോള്‍ ഞാന്‍ വെള്ളം ഒഴിച്ച് കൊടുത്തു. പിന്‍ഭാഗം കീറി പറിഞ്ഞ എന്‍റെ കുപ്പായത്തിലേക്ക് നബി തിരുമേനിയുടെ ശ്രദ്ധ പതിഞ്ഞു. മുആവിയാ ഞാന്‍ നിനക്കൊരു കുപ്പായം ധരിപ്പിക്കട്ടെ, എന്ന് നബി (സ്വ) ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. നബി (സ്വ) അന്നെനിക്കു തന്ന കുപ്പായം ഒരിക്കല്‍ മാത്രം ഞാന്‍ ധരിക്കുകയും എടുത്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം ഒരു നാള്‍ നബി (സ്വ)യുടെ നഖവും മുടിയും മുറിച്ചപ്പോള്‍ അതിന്‍റെ കഷ്ണങ്ങളും എടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മകനെ ഞാന്‍ മരിച്ചാല്‍ നീ എന്നെ കുളിപ്പിക്കുകയും, കുപ്പിയില്‍ നിന്ന് നഖവും മുടിയും എടുത്ത് എന്‍റെ ഇരു കണ്‍തടങ്ങള്‍, വായ, നാസിക ദ്വാരങ്ങള്‍ എന്നിവയില്‍ വെക്കുകയും സൂക്ഷിച്ചിട്ടുള്ള കുപ്പായം എന്‍റെ കഫന്‍പുടവയുടെ ഉള്ളില്‍ അടയാളത്തിനുവേണ്ടി വെക്കുകയും ചെയ്യണം. പരലോകത്ത് വല്ലതും എനിക്കുപകരിക്കുകയാണെങ്കില്‍  ഇത് ഉപകരിക്കുക തന്നെ ചെയ്യും.(സാദുല്‍ മുസ്‌ലിം 4:212, അല്‍ ഇഖ്ദുല്‍ ഫരീദ്‌ 3:166/തിരുശേഷിപ്പും ബറക്കത്തും,പി.എസ്.കെ.മാടവന.)

പ്രവാചകന്‍ നബി (സ്വ)യോടൊപ്പം സഹവസിച്ച ഒരാളുടെ മനോഗതി ഇതാണെങ്കില്‍ !? അതും മരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയത് മുത്തു നബിയുടെ നഖവും മുടിയും കുപ്പായവും അടങ്ങുന്ന വലിയ നിധികുംഭത്തിലായിരുന്നു. ഈ മൂല്യമേറിയവയെ മാലിന്യമെന്നു പരിഹസിച്ച പിണറായിക്ക് മുസ്‌ലിം മനസാക്ഷി മാപ്പ് തരില്ല. ഇസ്ലാമിന്‍റെ പേരില്‍ നടക്കുന്ന കപടന്മാര്‍ ക്കും ; അത് തിരുത്താത്ത കാലത്തോളം... കാലം അതിനു മറുപടി നല്‍കും. ഇന്ഷാ അല്ലാഹ്......